മീശപ്പുലിമലയിലേക്കുള്ള യാത്രയിലാണ് ഞങ്ങൾ. റോഡോ മാൻഷനിലെ ഉറക്കം അതിമനോഹരമായിരുന്നു. രാവിലെ നേരത്തെ തന്നെ എഴുന്നേറ്റ് കുളിച്ചു റെഡിയായ ശേഷം ബ്രേക്ക്ഫാസ്റ്റ് കഴിക്കുവാനായി ഞങ്ങൾ ഡൈനിങ് റൂമിലേക്ക് ചെന്നു.നല്ല ആവി പറക്കുന്ന ചായയും പൂരി ബാജിയും ആയിരുന്നു പ്രഭാത ഭക്ഷണം. നല്ല ടേസ്റ്റ് ആയിരുന്നു. പ്രഭാത ഭക്ഷണത്തിനു ശേഷം ഞങ്ങൾ മീശപ്പുലിമലയിലേക്ക് യാത്രയാരംഭിച്ചു.രാജൻ ചേട്ടനായിരുന്നു ഞങ്ങളുടെ ഗൈഡ്. താഴെ നിന്നും ട്രെക്ക് ചെയ്ത് വരികയാണെങ്കിൽ ഒരു വശത്തേക്ക് മാത്രം എട്ടര കിലോമീറ്റർ നടക്കേണ്ടി വരുമെന്ന് രാജൻ ചേട്ടൻ പറഞ്ഞു. ട്രെക്കിംഗ് ബുദ്ധിമുട്ടായി തോന്നുന്നവർക്ക് താഴെ നിന്നും ജീപ്പ് പിടിച്ച് റോഡോ മാൻഷനിൽ താമസിക്കാവുന്നതാണ്. മുൻകൂട്ടി ചെയ്തിട്ടു വേണം ഇവിടേക്ക് വരാൻ എന്ന കാര്യം മറക്കരുത്. റോഡോ മാൻഷനിൽ നിന്നും മീശപ്പുലിമലയിലേക്ക് കുറച്ചു ദൂരമേയുള്ളൂ.

അങ്ങനെ ഞങ്ങളുടെ മലകയറ്റം ആരംഭിച്ചു. പോകുന്ന വഴിയിൽ കണ്ട പൂക്കളെയും ചെടികളെയും ഒക്കെ രാജൻ ചേട്ടൻ ഞങ്ങൾക്ക് പരിചയപ്പെടുത്തി തന്നു. അദ്ദേഹത്തിൻറെ ആ അറിവുകൾക്ക് മുന്നിൽ ഞങ്ങൾ സല്യൂട്ട് അടിച്ചു നിന്നു. പോകുന്ന വഴിയിൽ ദൂരെ വരയാടുകൾ മേയുന്ന കാഴ്ച കാണുവാൻ ഇടയായി. അങ്ങ് ദൂരെ മീശപ്പുലിമല കോടമഞ്ഞു മൂടി ഞങ്ങളെയും കാത്ത് തലയുയർത്തി നിൽക്കുന്നു. നല്ല ഗ്രിപ്പ് ഉള്ള ഷൂസ് ഒക്കെയിട്ടു വേണം മല കയറുവാൻ.മലകയറ്റത്തിന് സഹായമായി മലനിരകള്‍ നിറയെ പുല്ലുകളുണ്ട്. മണ്ണൊലിപ്പ് തടയുന്നതിനും കാല്‍ വഴുതുന്നത് ഒഴിവാക്കാനും ഇത് ഉപകരിക്കുന്നു.

രണ്ടു കുന്നുകൾ കയറിയിറങ്ങി വേണം മീശപ്പുലിമലയിലെത്താൻ. രാജൻ ചേട്ടൻ നല്ല സ്പീഡിൽ ആയിരുന്നു കയറിക്കൊണ്ടിരുന്നത്. പുള്ളിയോടൊപ്പം എത്താൻ ഞങ്ങൾ കഷ്ടപ്പെട്ടു. ഇടയ്ക്ക് ഞങ്ങൾ കിതപ്പ് മാറ്റുവാനായി വിശ്രമിച്ചു. ആ സമയത്ത് വീശിയ കാറ്റ് കൊണ്ടപ്പോൾ ലഭിച്ച ഒരു സുഖം ഉണ്ടല്ലോ…ഹോ… സൂപ്പർ.. മീശപ്പുലിമലയിലേക്കുള്ള ട്രക്കിങ്ങിന്റെ അനന്ത സാധ്യത ഇനിയും അധികൃതര്‍ ഉപയോഗപ്പെടുത്തിയിട്ടില്ല. പ്രകൃതിയ്ക്ക് കോട്ടം തട്ടാതെയുള്ള നിരവധി ടൂറിസം പ്ലാനുകൾ ഇവിടെ യാഥാർഥ്യമാക്കാവുന്നതാണ്. ഇതൊക്കെ സംസാരിച്ചു കൊണ്ടായിരുന്നു ഞങ്ങളുടെ നടത്തം. കയറുന്നതിനിടെ ഒരു നല്ല മഴ പെയ്താൽ അത് നിന്നു കൊള്ളുകയല്ലാതെ വേറെ വഴിയില്ല. ഇത് മുന്നിൽക്കണ്ട് ക്യാമറ പൊതിയുവാനായി ഒരു കവർ കയ്യിൽ എടുത്തിരുന്നു. ഇങ്ങനെ കവറുമായി വരുന്നവർ ആ കവറുകൾ ഒന്നും ഇവിടെ ഇട്ടുകൊണ്ട് പോകാതിരിക്കുവാൻ ശ്രദ്ധിക്കണേ.

നവംബർ, ഡിസംബർ ,ജനുവരി മാസങ്ങളിൽ ഇവിടെ വരുന്നതാണ് വളരെ ഉത്തമം എന്ന് രാജൻ ചേട്ടൻ പറഞ്ഞു. ഈ ഏരിയയിൽ പുലിയും കടുവയും ഒക്കെ ഉണ്ടെന്നും മുൻപ് അവയെ കണ്ടിട്ടുണ്ടെന്നും രാജൻ ചേട്ടൻ പറയുകയുണ്ടായി. ഒരു പുലിയുടെ മുഖമുള്ള ഒരു പാറ മുകളിൽ ഉണ്ടെന്നും അതുകൊണ്ടാണ് ഇതിനു മീശപ്പുലിമല എന്ന പേര് വന്നതത്രേ. എന്നാൽ ഇത് കാണുവാൻ നമുക്കൊന്നും സാധ്യമല്ല. അത്രയ്ക്ക് അപകടം പിടിച്ച കൊക്കയ്‌ക്ക് അരികിലൂടെയുള്ള വഴിയാണ് അത്. മലകയറ്റത്തിന് പരിശീലനം ലഭിച്ച വിദേശികൾ എടുത്ത ചിതങ്ങളിൽ നിന്നുമാണ് നമ്മുടെയാളുകൾ ആ സംഭവം കണ്ടത്.

ഇനിയൊരു മാള കൂടി കയറിയാൽ മീശപ്പുലിമലയായി. മുകളിൽ മേഘങ്ങൾ പഞ്ഞിക്കെട്ടു പോലെ വിരിഞ്ഞു നിൽക്കുന്നു. മുകളിൽ ചെന്നാൽ നല്ല വ്യൂ ആയിരിക്കും. പെട്ടന്ന് അത് കയറുവാനുള്ള ഒരു ഊർജ്ജം എനിക്ക് കൈവന്നു. ചടപടാന്നു മലകയറി ഞാൻ മീശപ്പുലിമലയുടെ ഉച്ചിയിൽ എത്തിച്ചേർന്നു. വല്ലാത്തൊരു അനുഭവം തന്നെയായിരുന്നു അത്. വിദൂരമെങ്കിലും മഞ്ഞുമൂടിയ മലനിരകള്‍ കൈയെത്തും ദൂരത്ത് എന്നതുപോലെ അനുഭവപ്പെടുന്നു. താഴെ മേഘങ്ങളുടെ വശ്യതയും പൈൻ കാടുകളും പുൽമേടുകളും ഒക്കെ മാറി മാറി കാണാം. കോടമഞ്ഞു മാറുമ്പോൾ ഇവിടെ നിന്ന് ആനമുടി, കുണ്ടള ഡാം, കൊളുക്കുമല, ആനയിറങ്ങൽ ഡാം, ഒച്ചാൽ മുടി, പാണ്ടവൻ ഹിൽസ്, മൂന്നാർ ടൗൺ, ഏലപ്പെട്ടി ടോപ്പ് സ്റ്റേഷൻ, കൊരങ്ങിണി, കൂടാതെ തമിഴ്നാട് എന്നീ സ്‌ഥലങ്ങളുടെ ആകാശ ദൃശ്യവും കണ്ട് ആസ്വദിക്കാം. സത്യമായിട്ടും ഇവിടെ നിന്നും തിരിച്ചിറങ്ങുവാൻ തോന്നുന്നേയില്ല.

കുറെ സമയം അവിടെ ആസ്വദിച്ചു നിന്നശേഷം ഞങ്ങൾ മീശപ്പുലിമലയോട് യാത്ര പറഞ്ഞുകൊണ്ട് തിരികെയിറങ്ങുവാൻ ആരംഭിച്ചു. ഞങ്ങൾ ഇറങ്ങുമ്പോൾ താഴെ നിന്നും ചിലർ മീശപ്പുലിമലയിലേക്ക് കയറി വരുന്നുണ്ടായിരുന്നു. എല്ലാവരുടെയും മുഖത്ത് സന്തോഷവും അതുപോലെതന്നെ മലകയറുന്നതിന്റെ വിഷമവും കാണാമായിരുന്നു. അങ്ങനെ ഇറങ്ങിയിറങ്ങി ഞങ്ങൾ റോഡോ മാൻഷനിൽ എത്തിച്ചേർന്നു. അപ്പോൾ സമയം ഉച്ചയ്ക്ക് 12.20 ആയിരുന്നു. നല്ല വിശപ്പുണ്ടായിരുന്നതിനാൽ വന്നപാടെ ഒരു കട്ടൻ ചായ കുടിച്ചു. പിന്നീട് ഭക്ഷണവും കഴിച്ച ശേഷം രാജൻ ചേട്ടനോടും ചേച്ചിയോടുമെല്ലാം യാത്ര പറഞ്ഞുകൊണ്ട് ഒത്തിരി ഓർമ്മകൾ മനസ്സിൽ നിറച്ചുകൊണ്ട് ഞങ്ങൾ അവിടെ നിന്നും യാത്രയായി.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.