വിവരണം – Vysakh Kizheppattu.

കുളത്തിനു നടുവിൽ ഒരു ക്ഷേത്രം അതിനു കാവലായി ഒരു മുതല..ഒരുപാട് തവണ ഇതിനെപറ്റി കേട്ടതിനാൽ അതൊന്നു കാണാൻ വേണ്ടിയാണു രാത്രിയോടെ വീട്ടിൽ നിന്ന് ഇറങ്ങിയത്. 9 മണിയുടെ കാസർഗോഡ് ആനവണ്ടി ആണ് യാത്രാ രഥം. ഒറ്റക്കായതിനാൽ രണ്ടാമതൊന്ന് ആലോചിക്കാതെ കാസർഗോഡ് ടിക്കറ്റ് എടുത്തു. കയറുമ്പോൾ സീറ്റ് ഉണ്ടായില്ല പക്ഷെ കുറച്ചു കഴിഞ്ഞപ്പോൾ കിട്ടി. രാത്രി യാത്ര ആയതിനാൽ ഉറങ്ങാൻ തീരുമാനിച്ചു. പുറത്തു മഴ ഉള്ളതിനാൽ ഉറക്കം നന്നായി.

പുലർച്ചെ 3 മണിയോടടുത്താണ് വണ്ടി കാസർഗോഡ് എത്തിയത്. നായ്ക്കളുടെ ശബ്ദം അല്ലാതെ മറ്റൊന്നും കേൾക്കാനില്ല. കാലത്തു മാത്രമേ ഇനി വണ്ടി ഉണ്ടാകൂ എന്നറിഞ്ഞതിനാൽ ഒരു മുറി എടുക്കാനുള്ള അന്വേഷണമായി. പല സ്ഥലത്തും കയറി ഇറങ്ങി ഏകദേശം ടൌൺ മൊത്തത്തിൽ കറങ്ങിയ പോലെയായി. അവസാനം ഒരു സ്ഥലത്തു കിട്ടി.

7 മണിക്ക് മുൻപ് തന്നെ ഇറങ്ങും എന്ന് പറഞ്ഞതിനാൽ വലിയ പണം വേണ്ടി വന്നില്ല. ഫോണിൽ അലാറം വെച്ച് ഒന്നുടെ മയങ്ങി. പ്രഭാത കർമ്മങ്ങൾ പൂർത്തിയാക്കി വീണ്ടും ആനവണ്ടി സ്റ്റാൻഡിലേക്ക്. മംഗലാപുരം വണ്ടിയിലാണ് ഇനിയുള്ള യാത്ര. കുമ്പള ആണ് ഇറങ്ങേണ്ട സ്ഥലം. അവിടെ നിന്ന് വീണ്ടും 5 KM മാറിയാണ് അനന്തപുര തടാകക്ഷേത്രം. അതിനാൽ കുമ്പള ഇറങ്ങി അവിടെ ഉള്ള ബസ് ജീവനക്കാരോട് അന്വേഷിച്ചു. അപ്പോഴാണ് ക്ഷേത്രത്തിലേക്കു പൂജിക്കാൻ വേണ്ടി ഒരു ബസ് പോകും എന്ന് പറഞ്ഞത്. ഏകദേശ അടയാളവും നിർത്തുന്ന സഥലവും പറഞ്ഞു തന്നു.

മലയാളം അവിടെ സംസാരിക്കുന്നവർ കുറവാണു. സപ്ത ഭാഷ നഗരി ആണ് കാസർഗോഡ്. ലോകത്തിലെ തന്നെ ഏറ്റവും കൂടുതൽ ഭാഷകൾ സംസാരിക്കുന്ന ഒരു ജില്ലാ കൂടിയാണ് കാസറഗോഡ്. പക്ഷെ പറഞ്ഞത് ഒരു തരത്തിൽ മനസിലായി ആ ബസിനു വേണ്ടി കാത്തുനിന്നു. അധികം വൈകാതെ ബസ് വന്നു അതിൽ കയറി. ജീവനക്കാരല്ലാതെ ഞാൻ മാത്രമേ ആ ബസിൽ ഒള്ളു. പ്രധാന റോഡിൽ നിന്നും ഉൾ വഴിയിലൂടെ സഞ്ചരിച്ചു ഒടുവിൽ ക്ഷേത്രത്തിനു മുന്നിൽ. പെട്ടന്ന് വന്നാൽ ഈ ബസിൽ തന്നെ തിരിച്ചുപോകാം എന്നും അവർ ഓർമിപ്പിച്ചു.

അനന്തപുര തടാകക്ഷേത്രം കേരളത്തിലെ ഏക തടാക ക്ഷേത്രമാണിത്. തിരുവനന്തപുരത്തെ അനന്തപത്മനാഭ സ്വാമിയുടെ മൂലസ്ഥാനമായി ഈ ക്ഷേത്രം കരുതപ്പെടുന്നു. അനന്തപദ്മനാഭൻ ഇവിടെയായിരുന്നു കുടികൊണ്ടിരുന്നത് എന്നാണ് സ്ഥലവാസികളുടെ വിശ്വാസം. കടുശർക്കരയോഗമെന്ന പുരാതന വിഗ്രഹ ശൈലിയിലാണ് ഇവിടുത്തെ വിഗ്രഹം നിർമിച്ചിരിക്കുന്നത്.

മനോഹരമായ ഒരു തടാകത്തിന്റെ മദ്ധ്യത്തിൽ സവിശേഷമായ വാസ്തുവിദ്യയിൽ നിർമ്മിച്ച ക്ഷേത്രത്തിലെ മറ്റൊരു പ്രത്യേകത ഇതിനു കാവാലയുള്ള മുതലായാണ്. ക്ഷേത്രത്തിലേക്കു കടന്നപ്പോൾ തന്നെ അവിടെ ഉള്ള ജീവനക്കാരന് പുറം നാട്ടുകാരൻ ആണെന്ന് തോന്നിയതിനാൽ നല്ല രീതിയിൽ ഉള്ള സ്വീകരണം തന്നെ ലഭിച്ചു.

ബാഗ് അവിടെ കൗണ്ടറിൽ ഏൽപ്പിച്ചു ദർശനം നടത്തി. തടാകത്തിനു വശത്തായുള്ള ഗുഹയിൽ ആണ് മുതല ഉണ്ടാകുക. രാത്രി സമയങ്ങളിൽ ക്ഷേത്ര പടിയിൽ വന്നു വിശ്രമിക്കുന്ന മുതല ഭക്തർ വരുമ്പോൾ ഗുഹയിലേക്ക് മാറും. ദർശനത്തിനിടയിൽ ക്ഷേത്രത്തിലെ നേദ്യം കൊടുക്കാൻ പൂജാരി ഗുഹയിലേക്കു ഇറങ്ങുന്നതും കാണാൻ സാധിച്ചു. പണ്ട് മുതൽകെ ഈ തടാകത്തിൽ കണ്ടു വന്ന മുതലയെ ബ്രിട്ടിഷുകാർ വെടിവച്ചു കൊന്നെങ്കിലും പിന്നീട് തനിയെ പ്രത്യക്ഷപെട്ട “ബബിയ” നിരുപദ്രവകാരിയാണ്‌.

ക്ഷേത്രം എല്ലാം ചുറ്റി കണ്ടെങ്കിലും “ബബിയ” നേരിട് കാണാൻ പറ്റാത്ത വിഷമം നല്ലപോലെ ഉണ്ടായിരുന്നു. കുറച്ചു നേരം അവിടെ വിശ്രമിച്ചാണ് പുറത്തേക്കിറങ്ങിയത്. ക്ഷേത്രത്തിനു മുന്നിൽ പരന്നു കിടക്കുന്ന പാറകൾ ആണ്.സിനിമ പ്രവർത്തകരുടെ ഇഷ്ട സ്ഥലം കൂടിയാണ് ഈ പ്രദേശം.

മുതലയെ കാണാത്ത വിഷമത്തിൽ റോഡ് ലക്ഷ്യമാക്കി നടന്നു. അന്നേരം ആണ് യജു എന്ന് പേരുള്ള ഒരു നാട്ടുകാരനെ പരിചയപ്പെടുന്നത്. ക്ഷേത്രത്തിനു സമീപം തന്നെയാണ് അയാളുടെ വീടും. സംസാരിച്ച കൂട്ടത്തിൽ മുതലയെ കാണാൻ പറ്റാത്ത വിഷമം പങ്കുവെച്ചു. ഇത്ര ദൂരം വന്നിട്ട് കാണാതെ പോകുന്നത് ശരിയല്ല എന്ന് പറഞ്ഞു എന്നെ കൂട്ടി വീണ്ടും ക്ഷേത്രത്തിലേക്ക് നടന്നു.

കുളത്തിന്റെ വശത്തുള്ള പാറയിൽ കൂടി ഇറങ്ങിയാൽ മുതലയെ കാണാം എന്ന് പറഞ്ഞതനുസരിച്ചു ഞങ്ങൾ ഇറങ്ങി. ചെരിഞ്ഞ പാറയിൽ കൂടി ഉള്ള ഇറക്കം കുറച്ചു കഷ്ടമായിരുന്നു. പക്ഷെ അദ്ദേഹത്തിന്റെ സഹായം മികച്ച രീതിയിൽ ആയിരുന്നു. ഒടുവിൽ ഗുഹയുടെ ഇരുവശത്തായി കുളത്തിലേക്കു കാല് ഇറക്കി കൈ എത്തും ദൂരത്ത് ബബിയ.

മൊബൈലിൽ പറ്റുന്ന പോലെ ഒരു ചിത്രവും എടുത്താണ് അവിടെ നിന്ന് കയറിയത്. നടക്കില്ല എന്ന് വിശ്വസിച്ച ആഗ്രഹം സഫലമായ നിമിഷം. തുടർന്ന് അദ്ദേഹം വീട്ടിലേക്ക് ക്ഷണിച്ചു. ഒന്നും കഴിച്ചില്ല എന്ന് മനസിലാക്കിയ അദ്ദേഹം പ്രഭാത ഭക്ഷണവും നൽകി. കുമ്പള വരെ എന്റെ കൂടെ വരാനും അദ്ദേഹം മടിച്ചില്ല. അപ്രതീക്ഷിതമായി വന്ന അദ്ദേഹത്തിന് ഒരു ചെറിയ സമ്മാനം നൽകാൻ ഞാനും മറന്നില്ല.

കാസർഗോഡ് ബസ് കയറ്റി വിടുന്ന വരെ യജു കൂടെ തന്നെ ഉണ്ടായി.കൃത്യ സമയത്തു യജുവിനെ കാണാൻ കഴിഞ്ഞതിനാൽ യാത്ര ഉദ്ദേശ്യം പൂർണമായി.ആ സന്തോഷത്തോടെയാണ് വീണ്ടും വരും എന്ന് മനസ്സിൽ എഴുതിയിട്ട് കാസർഗോഡ് നിന്ന് നാട്ടിലേക്കു ട്രെയിൻ കയറിയത്..

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.