DAY 1 : ലങ്കാവി യാത്രയ്ക്കു ശേഷം ഞങ്ങൾ ഒരിക്കൽക്കൂടി മൂന്നാറിലേക്ക് പോവുകയുണ്ടായി. ഇത്തവണ മൂന്നാറിൽ ഞങ്ങൾ ടീ കൺട്രി റിസോർട്ടിൽ ആയിരുന്നു ഞങ്ങൾ താമസിച്ചത്. ആനച്ചാൽ ഭാഗത്തുള്ള ഒരു നല്ല റിസോർട്ട് ആണിത്. ഫാമിലിയായിട്ടും കപ്പിൾസ് മാത്രമായിട്ടും വരുന്നവർക്ക് സുഖകരമായി താമസിക്കുവാനും ആസ്വദിക്കുവാനും പറ്റിയ ഒരു ഇടം കൂടിയാണിത്. മനോഹരമായ കോട്ടേജുകളിലാണ് ഇവിടെ താമസം. കോട്ടേജുകളുടെ ബാൽക്കണിയിൽ നിന്നുള്ള കാഴ്ചകൾ അതിമനോഹരം എന്നേ പറയാനാകൂ.

ഞങ്ങൾക്കായി റിസോർട്ടുകാർ മികച്ച സൗകര്യങ്ങളായിരുന്നു ഒരുക്കിയിരുന്നത്. ഹണിമൂൺ ആഘോഷിക്കുവാനാണ് വരുന്നെതെങ്കിൽ നിങ്ങൾക്ക് നല്ലൊരു ചോയ്‌സ് കൂടിയാണ് ഈ റിസോർട്ട്. ഞങ്ങൾ ചെന്നപാടെ കുറച്ചു നേരം വിശ്രമിച്ചതിനുശേഷം അവിടെയാകെ ഒന്നു ചുറ്റിക്കാണുവാനായി പുറത്തിറങ്ങി. അവിടത്തെ മനോഹരമായ ആ ദൃശ്യഭംഗി കണ്ടപ്പോൾ ശ്വേത പാട്ടുകൾ പാടാൻ തുടങ്ങി. അത്രയ്ക്ക് റൊമാന്റിക് ആയ ഒരു സ്പോട്ട് ആയതിനാലാണ്. പോരാത്തതിനു നല്ല തണുപ്പും.

4000 – 4500 രൂപ നിരക്കിലായിരിക്കും ഇവിടത്തെ കോട്ടേജുകളുടെ നിരക്കുകൾ തുടങ്ങുന്നത്. കോട്ടേജുകളുടെ വ്യത്യാസങ്ങൾ അനുസരിച്ച് നിരക്കിലും വ്യത്യാസങ്ങൾ കാണും. ഓൺലൈൻ ആയി ബുക്ക് ചെയ്യുകയാണെങ്കിൽ നിങ്ങൾക്ക് ഓഫറുകൾ ലഭിക്കുവാൻ സാധ്യതയുണ്ട്. ബുക്കിംഗ് സൈറ്റുകളിൽ നല്ല റേറ്റിങ് ഉള്ള ഒരു റിസോർട്ട് ആണ് മൂന്നാർ ടീ കൺട്രി.

പകൽ മുഴുവനും ഞങ്ങൾ ചുറ്റിനുമുള്ള കാഴ്ചകൾ കണ്ടുകൊണ്ട് നടന്നു. ഇരുട്ട് വീണു തുടങ്ങിയപ്പോൾ ഞങ്ങൾ അകത്തേക്ക് കയറി. ഇരുട്ടിയപ്പോൾ റിസോർട്ടിന്റെ മുഖമാകെ മാറിയിരുന്നു. ചുറ്റിനും ലൈറ്റുകളൊക്കെ ഇട്ടുകൊണ്ട് അതിമനോഹരമായിരുന്നു. കുറച്ചു കഴിഞ്ഞപ്പോൾ ചെറിയ മഴയും തുടങ്ങി. ആഹാ..!! നല്ല അടിപൊളി കാലാവസ്ഥ. റിസോർട്ടിൽ ഒരു സ്പാ ഉണ്ടായിരുന്നു. ഞങ്ങൾ അവിടേക്ക് മസാജിംഗിനായി പോയി. നല്ലൊരു റിലാക്സിംഗ് മസാജ് ആയിരുന്നു അവിടെ എനിക്ക് അനുഭവപ്പെട്ടത്. ഒപ്പം പശ്ചാത്തലത്തിൽ നല്ലൊരു സംഗീതവും. ഇവിടെ താമസിക്കുന്നവർ തീർച്ചയായും ഒരു മസ്സാജ് ട്രൈ ചെയ്തിരിക്കണം. അത് നിങ്ങൾക്ക് നല്ല പോസിറ്റിവ് എനര്ജി നൽകും എന്നുറപ്പാണ്.

മസ്സാജ് ഒക്കെ കഴിഞ്ഞു ഞങ്ങൾ വിശപ്പ് മാറ്റുവാനായി റെസ്റ്റോറന്റിലേക്ക് പോയി. ഞങ്ങൾ അന്ന് ഫുൾ വെജിറ്റേറിയൻ ഭക്ഷണം ആയിരുന്നു കഴിച്ചത്. നല്ല രുചിയുള്ള ഭക്ഷണം ആയിരുന്നു അവിടത്തെ റെസ്റ്റോറന്റിൽ. ഭക്ഷണത്തിനു ശേഷം ഞങ്ങൾ ഉറങ്ങുവാനായി റൂമിലേക്ക് മടങ്ങി. ഇനി ഞങ്ങൾക്ക് പുറം കാഴ്ചകൾ കാണുവാനായി പോകേണ്ടതാണ്. എന്തായാലും നല്ല അടിപൊളി റിസോർട്ട് തന്നെയായിരുന്നു ഞങ്ങൾ തിരഞ്ഞെടുത്ത മൂന്നാർ ടീ കൺട്രി റിസോർട്ട്. നിങ്ങൾക്കും ഇവിടെ താമസിക്കണമെന്നുണ്ടെങ്കിൽ വിശദവിവരങ്ങൾക്ക് വിളിക്കാം: 9497717353.

DAY 2 : റിസോർട്ടിലെ മനോഹരമായ കോട്ടേജിലെ അടിപൊളി താമസത്തിനു ശേഷം പിറ്റേന്ന് ഞങ്ങൾ പുറം കാഴ്ചകൾ കാണുവാൻ വേണ്ടി കാറുമായി പുറത്തിറങ്ങി. മൂന്നാറിലുള്ള ഡ്രീം ലാൻഡ് ലാൻഡ് എന്ന പാർക്കിനു മുന്നിലുള്ള മന്ന ചോക്കലേറ്റ് ഫാക്ടറിയിലേക്കാണ് ഞങ്ങൾ അന്ന് ആദ്യമായി പോയത്. മുൻപ് ഞാൻ ഇവിടെ വന്ന് ഒരു വീഡിയോ ചെയ്തിരുന്നു. അതു കണ്ടതുമുതൽ ശ്വേതയ്ക്ക് ഈ ഫാക്ടറി കാണണമെന്ന് ഒരു മോഹം. ആ മോഹം സഫലമായത് ഇപ്പോഴാണ്. വിവിധയിനം ചോക്കലേറ്റുകൾ ഉണ്ടാക്കുന്ന രീതിയും മറ്റും ഞങ്ങൾ അവിടെ കണ്ടു. ശ്വേത ആദ്യമായിട്ടായിരുന്നു ഇത്തരം കാഴ്ചകളൊക്കെ കാണുന്നത്.

കുറച്ചു ചോക്കലേറ്റുകളും വാങ്ങിച്ചുകൊണ്ട് ഞങ്ങൾ മന്ന ചോക്കലേറ്റ് ഫാക്ടറിയിൽ നിന്നും പുറത്തേക്ക് ഇറങ്ങി. പിന്നീട് ഞങ്ങൾ പോയത് ചെങ്കുളം ഡാമിലേക്ക് ആയിരുന്നു. ഡാമിലെ റിസർവ്വോയറിൽ ബോട്ടിംഗ് നടത്തണം എന്നതായിരുന്നു ഞങ്ങളുടെ ഉദ്ദേശ്യം. അവിടെ ചെന്നപാടെ ഞങ്ങൾ ചുറ്റിനുമൊക്കെ നടന്നു കാഴ്ചകൾ കണ്ടു. പിന്നീട് ബോട്ടിംഗിന്റെ നിരക്കുകൾ അന്വേഷിച്ചു. സ്പീഡ് ബോട്ടിനു നിരക്ക് കുറവായിരുന്നതിനാൽ ഞങ്ങൾ അതുതന്നെ തിരഞ്ഞെടുത്തു.

ഒരു തകർപ്പൻ ബോട്ട് റൈഡ് ആയിരുന്നു പിന്നീട് ഞങ്ങൾക്ക് ലഭിച്ചത്. ബോട്ട് ഡ്രൈവറായ ചേട്ടൻ ഞങ്ങളെ പരമാവധി രസിപ്പിക്കുവാൻ ശ്രമിക്കുന്നുണ്ടായിരുന്നു. ആനയിറങ്ങൾ ഡാമിലെ ബോട്ടിംഗിനെക്കാൾ കുറച്ചു കൂടി വ്യത്യസ്തമായിരുന്നു ഇവിടെ ഞങ്ങൾക്ക് അനുഭവപ്പെട്ടത്. ബോട്ടിംഗിനു ശേഷം വീണ്ടും ഞങ്ങൾ അവിടെയൊക്കെ കാഴ്ചകൾ കണ്ടുകൊണ്ട് നടന്നു. പ്രളയത്തിൽ നിന്നും കരകയറിയെന്നു ആരും മനസ്സിലാക്കാത്തതു കൊണ്ടാണോ എന്തോ, അവിടെ സഞ്ചാരികളുടെ തിരക്ക് ഒട്ടുംതന്നെ ഉണ്ടായിരുന്നില്ല.

ചെങ്കുളം ഡാമിലെ കാഴ്ചകൾ കണ്ടശേഷം ഞങ്ങൾ അവിടെ അടുത്തുള്ള പൊന്മുടി ഡാമിലേക്ക് ആയിരുന്നു പോയത്. പൊന്മുടി എന്നു കേട്ടപ്പോൾ തിരുവനന്തപുരത്തെ പൊന്മുടി ആണെന്ന് കരുതിയോ? എങ്കിൽ നിങ്ങൾക്ക് തെറ്റി, ഇടുക്കിയിലും ഒരു പൊന്മുടിയുണ്ട്. അധികമാരും അറിയാത്തൊരു മനോഹരമായ സ്ഥലമാണിത്. അവിടെ ഒരു തൂക്കുപാലം ഉണ്ടായിരുന്നു. ആ പാലത്തിനു താഴെ അനോഹരമായ ഒരു അരുവി കുത്തിയൊഴുകുന്ന കാഴ്ച വളരെ രസകരമായിരുന്നു. ഹിമാചലിലോ മേഘാലയയിലോ ഒക്കെ പോയാമത്തിരി ഒരു ഫീൽ ആയിരുന്നു ആ പാലത്തിൽ നിൽക്കുമ്പോൾ ഞങ്ങൾക്ക് അനുഭവപ്പെട്ടത്. അതിനുശേഷം ഞങ്ങൾ പൊന്മുടി ഡാമും സന്ദർശിച്ചു. കിടിലൻ കാഴ്ചകൾ ആയിരുന്നു അവിടെയൊക്കെ ഞങ്ങളെ കാത്തിരുന്നത്. ഡാമിനു മുകളിലൂടെ ഞങ്ങൾ കാർ ഓടിച്ചുകൊണ്ട് പോകുകയും ചെയ്തു. ഡാമിൽ നല്ല വെള്ളമുണ്ടായിരുന്നുവെങ്കിലും അവിടെയെങ്ങും മറ്റൊരു സഞ്ചാരിയെ കാണുവാൻ സാധിച്ചിരുന്നില്ല.

പൊന്മുടി ഡാമിലെ കാഴ്ചകൾ കണ്ട് അവസാനിപ്പിക്കുന്നതിനിടയിൽ നല്ലൊരു മഴ “ശീ..” എന്ന ഹുങ്കാരത്തോടെ വന്നു. അതോടെ ഞങ്ങൾ എല്ലാം മതിയാക്കി കാറിൽക്കയറി തിരികെ ടീ കൺട്രി റിസോർട്ടിലേക്ക് യാത്രയായി. സ്യൂട്ടിൽ ആയിരുന്നെങ്കിൽ അതിമനോഹരമായ വാലി വ്യൂ റൂമിൽ ആയിരുന്നു പിറ്റേ ദിവസത്തെ ഞങ്ങളുടെ താമസം. എന്തായാലും ഞങ്ങൾക്ക് ഹണിമൂൺ വില്ലയെക്കാളും ഇഷ്ടപ്പെട്ടത് ഈ കോട്ടേജ് ആയിരുന്നു. അപ്പോഴേക്കും റിസോർട്ട് പരിസരമാകെ കോടമഞ്ഞുകൊണ്ട് മൂടപ്പെട്ടിരുന്നു. അങ്ങനെ ഞങ്ങളുടെ മനോഹരമായ ഒരു ദിവസം കൂടി കടന്നുപോയി…

LEAVE A REPLY

Please enter your comment!
Please enter your name here