മൈസൂരിൻ്റെ ഹൃദയത്തിലൂടെ ഒരു ഫാമിലി ട്രിപ്പ്…

Total
0
Shares

വിവരണം – ശുഭ ചെറിയത്ത്, ചിത്രങ്ങൾ – കടപ്പാട് ഗൂഗിൾ..

മൈസൂർ…പഠന കാലത്തെ വിനോദയാത്രകളിൽ ആദ്യം ഇടം പിടിക്കുന്ന സ്ഥലം .ഒരു വെടിക്ക് രണ്ട് പക്ഷിയെന്നപോലെ ഒരൊറ്റ യാത്രയിൽ തന്നെ വേണ്ട കാഴ്ചകളെല്ലാം പകരാൻ മൈസൂരിന് കഴിയുന്നതിനാലാവാം അത്. രാജകൊട്ടാരങ്ങളും ,കോട്ടകളും,അണക്കെട്ടും മൃഗശാലയും, പ്രകൃതിദത്ത തടാകങ്ങളും, പക്ഷിസങ്കേതവും അങ്ങനെ ചരിത്രവും പ്രകൃതിയും സംസ്കാരവുമൊക്കെ ഇവിടെ കൈക്കോർക്കുന്നു.

കുഞ്ഞുങ്ങളുടെ ഏറെ നാളത്തെ ആഗ്രഹമായിരുന്നു മൈസൂർ യാത്ര. അതുകൊണ്ടുതന്നെ ഇത്തവണത്തെ ഓണാവധി യാത്ര അവിടേക്കാക്കി. അതി രാവിലെ തന്നെ കെ.എസ്.ആർ.ടി.സി ബസിൽ കല്പറ്റയിൽ നിന്നും മൈസൂരിലേക്ക് … യാത്രകളിൽ ഏറെ ഇഷ്ടം ബസ് യാത്രയാണ്. മൂടിക്കെട്ടിയ എ .സി കാറിലുള്ള യാത്ര യേക്കാൾ നാടിന്റെ ജനതയേയും സംസ്കാരത്തെയും അടുത്തറിയാൻ ഇത്തരം യാത്രകൾ ഏറെ സഹായകരമാണ്. മുൻകൂട്ടി സീറ്റ് ബുക്ക് ചെയ്തതിനാൽ തന്നെ സീറ്റിനായി ബസ്സിനകത്ത് അലയേണ്ടിവന്നില്ല..

മയക്കത്തിൽ നിന്ന് ഉണർന്നു തുടങ്ങിയതേ ഉള്ളു കല്പറ്റ നഗരം.. യാത്രകളിൽ പുറം കാഴ്ചകൾ എനിക്കു ഹരമാണ് .അതുകൊണ്ട് തന്നെ തണുപ്പിലും ബസിന്റെ ഷട്ടർ താഴ്ത്താതെ കാഴ്ചയിലേക്ക് കണ്ണും തുറന്നു ഞാനിരുന്നു…. കുളിരണിഞ്ഞ പാടങ്ങളും ,മഞ്ഞു പുതഞ്ഞ മലനിരകളും… ! പ്രഭാതത്തിൽ മഞ്ഞിൽ കുളിച്ചു നിൽക്കുന്ന വയനാടൻ സുന്ദരിക്ക് ഉദയ സൂര്യൻ പൊൻപട്ടു ചാർത്തി തുടങ്ങി .. ഹാ എത്ര സുന്ദരിയാണവൾ …! അതെ വയനാടൻ പ്രഭാതങ്ങൾക്ക് പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരു സൗന്ദര്യമുണ്ട് !

ബത്തേരി കടന്ന് പിന്നെ മുത്തങ്ങ – ബന്ദിപ്പൂർ വനമേഖലയിലൂടെയുള്ള യാത്ര ..
മടിച്ച് മടിച്ച് സൂര്യ കിരണങ്ങൾ കാടിനകത്ത് കയറുന്നതേയുള്ളൂ… മാൻ കൂട്ടങ്ങളും മയിലും കാട്ടു പോത്തുമൊക്കെ കണ്ണിനു വിരുന്നേകി… ഗുണ്ടൽപേട്ടിലേക്ക് ആനവണ്ടി നീങ്ങി തുടങ്ങി. ഓണം കഴിഞ്ഞതിനാൽ തന്നെ വിളവെടുപ്പു കഴിഞ്ഞു ഉണങ്ങി നിൽക്കുന്നു ഗുണ്ടേൽ പേട്ടിലെ പൂപ്പാടങ്ങൾ .. കുറച്ചു ദിവസങ്ങൾ മുമ്പ് ഇവിടെ പൂക്കളുടെ വസന്തമായിരുന്നു .. പാടങ്ങളിൽ വിരിഞ്ഞിറങ്ങിയിരുന്നു ചെണ്ടുമല്ലിയും ജമന്തിയും, അവയ്ക്കിടയിൽ മത്സരിച്ചു ഫോട്ടോ എടുക്കുന്നവർ..! കൂടുതലും മലയാളികൾ തന്നെ …

ഇന്ന് ആളനക്കമില്ലാതെ ആരവങ്ങളില്ലാതെ ,വരണ്ടുണങ്ങിയിരിക്കുന്ന പാടങ്ങൾ… ദൂരെ പച്ച പുതച്ച മലനിരകൾ അവയെ നോക്കി കൊഞ്ഞനം കുത്തുന്നുണ്ടാവാം … ചിലയിടങ്ങളിൽ കർഷകൻ നിലമൊരുക്കി തുടങ്ങി.. വീണ്ടും കൃഷിയിറക്കാൻ .. ദൂരെ മഞ്ഞിൻ പുതപ്പണിഞ്ഞ ഗോപാൽ ബെട്ട മലനിരകളും കാണാം.. ഇങ്ങനെ കാഴ്ചകൾ കണ്ട് മൈസൂരിൽ..

പഴയ രാജ നഗരമായ മൈസൂരിലെ കെട്ടിടങ്ങൾക്കും രാജകീയ പൗഢിയുണ്ട് . രാജഭരണ കാലത്തെ കെട്ടിടങ്ങളിലാണ് സർക്കാർ ഓഫീസുകൾ പലതും പ്രവർത്തിക്കുന്നത് ..വിനോദ സഞ്ചാര കേന്ദ്രമായമാതിനാൽ തിരക്കാർന്ന നഗരമാണ് മൈസൂർ . ബസിറങ്ങി സ്റ്റാൻഡിന് അധികം ദൂരെയല്ലാത്ത ഒരു ഹോട്ടലിൽ മുറി എടുത്തു, യാത്രാക്ഷീണം കാരണം കുട്ടികൾ ചെറുമയക്കത്തിൽ. ഉച്ചഭക്ഷണം റൂമിൽ വരുത്തി കഴിച്ചു കാഴ്ചകൾ കാണാനിറങ്ങി….

“ആദ്യം മൃഗലശാലയിൽ പോകണം” കുഞ്ഞുങ്ങൾ വാശി പിടിച്ചു. ചിത്രങ്ങളിലൂടെയും ടി.വി യിലൂടെയും കണ്ട് പരിചയമുള്ള മൃഗങ്ങളെ നേരിൽ കാണാനുള്ള കൗതുകമാവാം .. വയനാടുകാരായതിനാൽ ആനയേയും , മാനിനേയും കാട്ടു പോത്തിനേയും കടുവയെയുമൊക്കെ കണ്ടിട്ടുണ്ടെങ്കിലും സിംഹവും ജിറാഫും കണ്ടാമൃഗവും ,സീബ്ര യുമൊക്കെ അവർക്ക് വിസ്മയമാണ് ..

മൈസൂർ മൃഗശാല :  റൂമിൽ നിന്ന് പുറത്തിറങ്ങി ഓട്ടോയിൽ കയറി മൃഗശാലയിൽ എത്തുമ്പോൾ സമയം 2.15. പ്രധാന കവാടവും കടന്ന് ടിക്കറ്റ് കൗണ്ടറിന്റെ തിരക്കുള്ള വരിയിൽ നിന്ന് ടിക്കറ്റുമെടുത്ത് വിശാലമായ മൃഗശാലയുടെ കാഴ്ചകളിലേക്ക്… പക്ഷികളുടെ സങ്കേത്തിലേക്കാണ് ആദ്യം പ്രവേശിക്കുന്നത്, വിവധ തരം പക്ഷികൾ പല രാജ്യങ്ങളിലേയും … ആകാശത്ത് മഴ മേഘങ്ങൾ കണ്ട് മയിലുകൾ നൃത്തമാടി തുടങ്ങി .. പീലി വിടർത്തിയാടുന്ന മയിൽ നൃത്തം എത്ര സുന്ദരം.! ഇരുമ്പുകൂടിനകത്തുനിന്നുള്ള മയിൽ നൃത്തം ഇത്ര ഭംഗിയെങ്കിൽ കാടിന്റെ പാശ്ചാത്തലത്തിൽ എത്ര സുന്ദരമായിരിക്കും ഞാനോർത്തൂ….

വെളുത്ത മയിലും കൊക്കുകളും, വേഴാമ്പലും ഒട്ടകപക്ഷിയും ഇങ്ങനെ ഇന്ത്യയിലേയും വിദേശ രാജ്യങ്ങളിലേതടക്കം ഒട്ടുമിക്ക പക്ഷികളേയും കാണാനായി. സിംഹം, കടുവ, പുലി ജിറാഫ് ,കണ്ടാമൃഗം ഹിപ്പോ,സീബ്ര, ഒട്ടകം ആഫ്രിക്കൻ ആനകൾ ചിമ്പാൻസി ഗോറില്ല ,ഉൾപ്പെടെയുള്ള കുരങ്ങു വർഗ്ഗങ്ങൾ, അനാക്കോണ്ട ഉൾപ്പെടെയുളള ഉരഗവർഗങ്ങൾ , ഇങ്ങനെ 1450 ഓളം വിഭാഗത്തിലുള്ള ജന്തുവർഗ്ഗങ്ങളും, 25 ഓളം രാജ്യങ്ങളിൽ നിന്നായി 168 ഓളം സ്പീഷീസിലുള്ള പക്ഷി വർഗ്ഗങ്ങളും ഇവിടെ ഉണ്ട് …

“ശ്രീ ചാമരാജേന്ദ്ര സൂവോളജിക്കൽ ഗാർഡൻ ” എന്നറിയപ്പെടുന്ന ഈ മൃഗശാല ഇന്ത്യയിലെതന്നെ ഏറ്റവും പഴക്കമേറിയതും പ്രസിദ്ധവുമായ മൃഗശാലകളിൽ ഒന്നാണ്. 1892 ചാമരാജ വഡയാർ സ്ഥാപിച്ചതാണിത് .പിന്നീട് അത് വിപുലീകരിച്ചാണ് ഇന്നു കാണുന്ന രീതിൽ രൂപം കൊണ്ടത് .157 എക്കറിൽ ഇന്നത് വ്യാപിച്ചു കിടക്കുന്നു. പ്ലാസ്റ്റിക് വിമുക്തമായി നല്ല രീതിയിൽ ഇവിടം പരിപാലിക്കപ്പെടുന്നു.. 77 എക്കറോളം വിസ്തൃതിയിലുള്ള കറഞ്ചെ ലൈക്ക് ഇവിടത്തെ പ്രധാന ആകർഷണമാണ്…

നിശ്ചിത ഫീസ് അടച്ചാൽ ഇലക്ട്രിക് വാഹനങ്ങളിൽ സഞ്ചാരികളെ കാഴ്ചകൾ കാണിച്ചുതരും.. പക്ഷെ നടന്നു തന്നെ കാഴ്ചകൾ കാണാൻ ഞങ്ങൾ തീരുമാനിച്ചു .. ഉച്ച സമയമായതിനാൽ മൃഗങ്ങൾ ഭക്ഷണം കഴിച്ച് ചെറുമയക്കത്തിലാണ്.. അക്കാര്യത്തിൽ നമ്മൾ മനുഷ്യരെപ്പോലെത്തന്നെ മൃഗങ്ങളും ..! ജീവനക്കാരൻ പേരു വിളിക്കുമ്പോൾ അടുത്തു വരുന്ന നീർനായ കൗതുകമുണർത്തി … പിന്നാലെ വന്ന ഒരു പറ്റം ചെറുപ്പക്കാർ ശബ്ദമുണ്ടാക്കിയും മറ്റും മൃഗങ്ങളെ ഉണർത്താനുള്ള സകല അടവുകളും പയറ്റുന്നുണ്ട് .ചിലതൊക്കെ ഫലം കണ്ടു . നടന്നു കാഴ്ചകൾ കാണുന്ന സഞ്ചാരികൾക്കായി പലയിടങ്ങളിലും ശുദ്ധജല വിതരണ കേന്ദ്രങ്ങൾ ഉണ്ട്.

മഴ പെയ്തുതുടങ്ങി …. പിന്നെ അതൊരു സ്ഥിരം കലാപരിപാടി ആയതുകൊണ്ട് മഴയെ വകവയ്ക്കാതെ ഞങ്ങൾ നടന്നു ,അതുകൊണ്ടാവാം പിണക്കത്തോടെ മഴ തിരികെ പോകുകയും ചെയ്തു… ഇതികത്ത് തന്നെ ഒരു ഭക്ഷണ വിപണന കേന്ദ്രവുമുണ്ട് .അവിടെ നിന്നും ലഘുഭക്ഷണവും കഴിച്ച് പൂർവ്വാദികം ഉന്മേഷത്തോടെ മൃഗശാലയുടെ കാഴ്ചകളിലേക്ക്……

“സെൽഫിമാനിയ ” ഉള്ളതുകൊണ്ട് പല മൃഗങ്ങൾക്കൊപ്പവും സെൽഫി എടുക്കാൻ ഞാൻ പരാമാവധി ശ്രമിച്ചെങ്കിലും , അതു നേരത്തെ മനസ്സിലാക്കിയാവണം മൃഗങ്ങൾ പലതും ഒഴിഞ്ഞുമാറി .എന്തോ ഒരു ജിറാഫു മാത്രം എനിയ്ക്കൊപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്തു . പക്ഷെ ആ പാവത്തിന്റെ മുഖം ഫോട്ടോയിൽ പെട്ടതുമില്ല … ഈ അസുഖം മൂർദ്ധന്യതയിൽ ഉള്ള പലരേയും കണ്ടപ്പോൾ ചെറിയ ആശ്വസവും ….

പുറത്തിറങ്ങുമ്പോൾ കുഞ്ഞുങ്ങൾ എറെ സന്തോഷത്തിലായിരുന്നു . മൃഗശാലകൾ സന്ദർശിക്കുന്നതിന് രാവിലെയും വൈകുന്നേരങ്ങളുമാണ് അനുയോജ്യമെന്ന തിരിച്ചറിവോടെ ഞാനും ..

ചാമുഡേശ്വരി ക്ഷേത്രം : ഇനി അടുത്തത് ചാമുഡേശ്വരക്ഷേത്രത്തിലേക്ക്. മൃഗശാലയ്ക്ക് അടുത്തുള്ള സ്റ്റോപ്പിൽ ബസിനായി കാത്തു നിന്നെങ്കിലും, ബസുകളിൽ നല്ല തിരക്കായതിനാൽ ഓട്ടോയിൽ സ്റ്റാൻഡിൽപോയി ചാമുഢി ഹിൽസിലേക്ക് ബസ് കയറി. മൈസൂരിൽ നിന്ന് പതിമൂന്ന് കിലോമീറ്റർ ദൂരമുണ്ട് ഇവിടേക്ക് .. ബസ് ചുരംകയറുമ്പോൾ തന്നെ മൈസൂർ നഗരത്തിന്റെ ദൂരക്കാഴ്ച കാണാം … മൈസൂർകൊട്ടാരം , സോപ്പുപെട്ടി അടുക്കി വച്ചതു പോലെ ഭവനങ്ങൾ , കെട്ടിടങ്ങൾ , തടാകങ്ങൾ …അല്പം മുമ്പ് ഞങ്ങളും അവിടെയാണെന്നത് ആശ്ചര്യവും…

ക്ഷേത്ര നഗരിയിലേക്ക് കടക്കുമ്പോൾ തന്നെ മഹിഷാസുരന്റെ വലിയ പ്രതിമ കാണാം.. ക്ഷേത്രത്തിലെത്തുമ്പോൾ ഗണേശോത്സവത്തിന്റെ ഭാഗമായി രഥയാത്ര .. ഭക്തിഗാനങ്ങൾക്കൊപ്പം ചുവടു വച്ച് യുവാക്കൾ … കാണികൾക്കൊപ്പം ഞങ്ങളും കൂടി …. സന്ധ്യയടുത്തതിനാൽ ഗോപുരത്തിൽ പ്രാവുകൾ ചേക്കേറി തുടങ്ങി.. എഴുനിലകളുള്ള പ്രധാന ഗോപുരവും കടന്ന് ക്ഷേത്രത്തിനകത്ത് കയറി ചാമുഡേശ്വരിയെ തൊഴുതു.

ഹൈന്ദവ പുരണങ്ങളിലെ മഹിഷാസുരന്റെ സാമ്രാജ്യമായിരുന്ന മഹിഷകം ആണ് മൈസൂർ എന്ന് പറയപ്പെടുന്നു .ബ്രഹ്മാവിൽ നിന്ന് വരം നേടി മൂന്നു ലോകങ്ങളും സംഹാര താണ്ഡവം നടത്തുന്ന മഹിഷാസുര നിഗ്രഹത്തിനായി ത്രിമൂർത്തികൾ ദേവൻമാരും അവരുടെ ശക്തിയിൽ ദേവിയെ സൃഷ്ടിച്ചു … പത്തു ദിവസം നീണ്ടു നിന്ന ആഘോര യുദ്ധത്തിൽ ഈ മലമുകളിൽ വച്ചാണ് മഹിഷാസുരനെ ദേവി നിഗ്രഹിച്ചത് എന്ന് പറയുന്നു ..

മഹിഷാസുരമർദ്ദിനിയായ ചാമുഡേശ്വരിയെയാണ് ഇവിടെ ആരാധിക്കുന്നത് പൂർണ്ണമായും കരിങ്കല്ലിൽ ആണ് ക്ഷേത്ര നിർമ്മിതി.12 ആം നൂറ്റാണ്ടിൽ ഹൊയ്സാല രാജക്കൻമാരും 17 ആം നൂറ്റാണ്ടിൽ വിജയനഗര രാജക്കൻമാരും ക്ഷേത്ര നിർമ്മിതിയിൽ പങ്കു ചേർന്നു.മലയുടെ താഴ്വാരത്തിൽ നിന്ന് ആയിരം പടികൾ കയറിയും ക്ഷേത്രത്തിലെത്താം. ഇവിടെ തന്നെ ശിവക്ഷേത്രവും അതിനു മുന്നിലായി നന്ദികേശന്റെ വലിയ പ്രതിമയും ഉണ്ട് ..

ഏറെ പ്രിസിദ്ധമായ മൈസൂർ ദസഹ ആലോഷത്തിന്റെ ഭാഗമായുള്ള ഘോഷയാത്രയിൽ ചാമുഢേശ്വരിയുടെ സ്വർണ്ണ തിടമ്പ് മൈസൂർ നഗരത്തിലൂടെ അലങ്കരിച്ച ആനപ്പുറത്ത് എഴുന്നള്ളിക്കുന്നു.ദസറ ആഘോഷങ്ങളിലെ പ്രധാന ചടങ്ങാണിത് .. വഡയാർ രാജവംശത്തിന്റെ കുലദേവത കൂടിയാണ് ചാമുഢേശ്വരി..

ക്ഷേത്രത്തിൽ നിന്ന് പുറത്തിക്കി തൊട്ടടുത്തുള്ള ബൃഹദ്വീശ്വര ക്ഷേത്രത്തിലും തൊഴുതു മടങ്ങുമ്പോൾ ക്ഷേത്രഗോപുരത്തിൽ വിളക്കുകൾ തെളിഞ്ഞു തുടങ്ങി …
അപ്പോഴേക്കും ഗണേശരഥയാത്ര ക്ഷേത്രത്തിനു മുന്നിൽ എത്തിയിരുന്നു. ക്ഷേത്രത്തിനു മുന്നിലുള്ള നിന്നും മണ്ഡപത്തിൽ നിന്ന് ഞങ്ങളും ആ കാഴ്ചകൾ വീക്ഷിച്ചു… തിരികെ മടങ്ങുമ്പോൾ ചെറുകച്ചവടശാലകൾ അടച്ചു തുടങ്ങിയിരുന്നു. പിന്നെ മൈസൂർ നഗരത്തിലേക്ക് ബസ് കയറി…

ഇരുട്ടിന്റെ കരിമ്പടം പുതച്ചു നിൽക്കുന്ന മലമുകളിലൂടെ ചുരമിറങ്ങുമ്പോൾ ദീപമാലകളണിഞ്ഞ് വശ്യമനോഹരിയായ മൈസൂർ നഗരത്തിന്റെ ആകാശ കാഴ്ച വിസ്മയാജനകമായിരുന്നു.. ഒരല്പ സമയം ആ കാഴ്ചകൾ കാണാനായി ബസ് നിർത്തി . ചുരമിറങ്ങുന്നതു വരെ ഞാനാ ആ കാഴ്ചകൾ കണ്ണിമ ചിമ്മാതെ നോക്കിയിരുന്നു..

ബസ് നഗരത്തിലെത്തുമ്പോൾ രാത്രിയുടെ തിരക്കിലായിരുന്നു മൈസൂർ.ഒരു ഹോട്ടലിൽ കയറി ഭക്ഷണം കഴിഞ്ഞ് റൂമിലെത്തുമ്പോൾ യാത്രാ ക്ഷീണം കാരണം അവശരായിരുന്നു . മറക്കാനാകാത്ത ഓർമകൾ തന്ന ആ ദിനത്തോട് വിട പറഞ്ഞ് ഉറക്കത്തിലേക്ക് വഴുതി….

നേരത്തെ സെറ്റ് ചെയ്തു വെച്ച മൊബൈൽ അലാറത്തിന്റെ ശബ്ദം പതിവുപോലെ അരോചകമായിരുന്നു. പക്ഷെ യാത്രക്കിടയിലെ താമസ സ്ഥലത്താണല്ലോ എന്നുള്ള ബോധം വന്നപ്പോൾ ആശ്വാസവും , അടുക്കളയിലെ പതിവുകാലാപരിപാടികൾ
വേണ്ടല്ലോ. പിന്നെ ഫ്രഷ് ആയി കുഞ്ഞുങ്ങളെയും ഒരുക്കി ആകെ കൂടിയുള്ള പണിയായ മേക്കപ്പുമിട്ട് പുറത്തിറങ്ങി …

സമയം 7 .45 മൈസൂരിന്റെ നഗരവീഥികൾ ആ ദിനത്തിന്റെ തിരക്കിലാണ്… കടകമ്പോളങ്ങൾ തുറന്നു തുടങ്ങി .. തട്ടുകടകളിൽ നിന്ന് ഭക്ഷണത്തിന്റെ ത്രസിപ്പിക്കുന്ന ഗന്ധം പുറത്തേക്ക് വമിഞ്ഞ് ഒഴുകുന്നു ….. ഉന്തുവണ്ടിയിൽ ഫലവർഗങ്ങളും പച്ചക്കറികളും ഒക്കെ വിൽപന നടത്തുന്നവർ… വഴിയരികിൽ കൊട്ടകളിൽ മുല്ലപ്പൂക്കളുമായി വഴിയാത്രക്കാരെ പൂക്കൾ വാങ്ങാനായി മാടി വിളിക്കുന്നവർ … ഒട്ടും കുറയ്ക്കണ്ട ഒരു കന്നടലുക്ക് ഇരിക്കട്ടെ എന്ന് കരുതി മുല്ല മാല വാങ്ങി ഞാനും മുടിയിൽ ചൂടി …

അടുത്തുള്ള ഹോട്ടലിൽ നിന്ന് പ്രഭാതഭക്ഷണവും കഴിച്ച് നഗരവീഥിയിലൂടെ നടക്കുമ്പോൾ രാജ കൊട്ടാരത്തിനു മുന്നിലുള്ള റോഡിലൂടെ നിരനിരയായി നീങ്ങുന്ന ഗജരാജൻമാർ..ഒരു രാജകീയ കാഴ്ച തന്നെ അത്.. ദസറ ആഘോഷങ്ങളുടെ ഭാഗമായി ആനകളെ വഴി പരിശീലിപ്പിക്കുന്നതാ ണെന്ന് സമീപത്തു നിന്നയാൾ പറഞ്ഞു …

ബസ്റ്റാൻഡിൽ എത്തുമ്പോൾ സ്കൂൾ കോളേജ് വിദ്യാർഥികളുടെ തിരക്ക് . ശ്രീരംഗപട്ടണത്തേക്ക് കർണാടക ട്രാൻസ്പോർട്ട് കോർപ്പറേഷന്റെ ബസിൽ കയറി യാത്ര തുടർന്നു. നഗരത്തിരക്കിലൂടെ ഇഴഞ്ഞ്, പ്രധാന ഹൈവേയിലൂടെ കരിമ്പു പാടങ്ങളും കൃഷിയിടങ്ങളും താണ്ടി ശ്രീരംഗപട്ടണത്തേക്ക് ……

മൈസൂരിൽ നിന്നും 13 കി.ലോമീറ്റർ ദൂരെയുള്ള ശ്രീരംഗപട്ടണം മാഢ്യ ജില്ലയുടെ ഭാഗമാണ് . കന്നട നാടിന്റെ ഹൃദയം കീഴടക്കി ഒഴുകുന്ന കാവേരി നദിയിലെ നദീ ദ്വീപാണ് ശ്രീരംഗപട്ടണം. മൈസൂർ കടുവ എന്നറിയപ്പെടുന്ന ടിപ്പു സുൽത്താന്റെ ആസ്ഥാന നഗരിയായിരുന്നു കോട്ടയ്ക്കുള്ളിലെ ഈ നഗരം .

മൈസൂർ – ബാഗ്ലൂർ ഹൈവേയിൽ നിന്നും കാവേരി നദിക്കു കുറുകെ ഉള്ള പാലം കടക്കുമ്പോൾ തന്നെ കോട്ട കാഴ്ചകൾ കാണാം. അന്നെത്രയേറെ ഈ നഗരം സംരക്ഷിക്കപ്പെട്ടിരുന്നു എന്നതിന്റെ തെളിവാണ് ഇന്നും പൗഢിയോടെ ഉയർന്ന് നിൽക്കുന്ന കോട്ട മതിലുകൾ …

ശ്രീരംഗപട്ടണത്തെ തെരുവുകൾ പിന്നിട്ട് രംഗനാഥസ്വാമി ക്ഷേത്രത്തിന് മുന്നിൽ ബസിറങ്ങി. അരയാൽ വൃക്ഷങ്ങൾ തണൽ വിരിച്ചു നിൽക്കുന്ന പാതയിലൂടെ ക്ഷേത്രത്തിലേക്ക് നടക്കുമ്പോൾ ആലിലകളെ തഴുകി എത്തുന്ന കാറ്റിന് പോലും പഴമയുടെ ഗന്ധം .. ഒൻപതാം നൂറ്റാണ്ടിൽ ഗംഗ രാജാക്കന്മാരുടെ കാലത്ത് പണികഴിപ്പിച്ചതാണീ ക്ഷേത്രം.. ശ്രീ രംഗനാഥസ്വാമിയിൽ നിന്നാണ് ശ്രീരംഗപട്ടണം എന്ന സ്ഥലനാമം ഉരു തിരിഞ്ഞത്..

കാവേരി നദിയിൽ മൂന്ന് രംഗ ദ്വീപുകൾ ഉണ്ട് ( ശ്രീരംഗപട്ടണം ,ശിവസമുദ്രം , ശ്രീരംഗം ) ,നദീ തീരങ്ങളിലായി അഞ്ച് രംഗനാഥ ക്ഷേത്രങ്ങളും … പഞ്ചരംഗക്ഷേത്രം എന്നാണ് ഇത് അറിയപ്പെടുന്നത് .ഇതിൽ ആദിരംഗ (ആദ്യ ) വിഭാഗത്തിൽ പെടുന്നതാണ് ശ്രീരംഗപട്ടണത്തെ ശ്രീ രംഗനാഥസ്വാമി ക്ഷേത്രം . ദക്ഷിണേന്ത്യയിലെ തന്നെ പ്രസിദ്ധ വൈഷ്ണവ തീർത്ഥാടന കേന്ദ്രങ്ങളിലൊന്നാണ് ഈ മഹാക്ഷേത്രം.

ക്ഷേത്രത്തിൽ എത്തുമ്പോൾ രാവിലെയായതിനാലാകാം നല്ല തിരക്ക് .അഞ്ച് നിലയുള്ള മഹാവിഷ്ണുവിന്റെ രൂപങ്ങൾ കൊത്തുപണികൾ ചെയ്തിട്ടുള്ള ക്ഷേത്രഗോപുരത്തിലൂടെ അകത്തുകയറുമ്പോൾ അകത്തെ ഗോപുര കവാടത്തിൽ കാവൽ എന്ന പോലെ കരിങ്കല്ലിൽ തീർത്ത രണ്ടു ഗജവീരന്മാരെ കാണാം.. ക്ഷേത്ര മുറ്റത്ത് നിന്നും ,ചിത്രവേലകൾ ചെയ്ത കൂറ്റൻ കരിങ്കൽ തൂണുകൾ താങ്ങി നിർത്തുന്ന കരിങ്കൽ മണ്ഡപത്തിലേക്കാണ് നമ്മൾ പ്രവേശിക്കുന്നത്. മഹാവിഷ്ണുവിന്റെ ദശാവതാരങ്ങൾ മണ്ഡപത്തിൽ കൊത്തിവച്ചിട്ടുണ്ട്….

വീണ്ടും .. പ്രവേശിക്കുന്നത് മറ്റൊരു മണ്ഡപത്തിലേക്ക് ….അവിടെയും മനോഹരമായ കൊത്തു പണികളുള്ള ധാരാളം കരിങ്കൽ തൂണുകൾ.. ഓരോ മണ്ഡപത്തിലേക്ക് കടക്കുമ്പോഴും പഴമയിലേക്ക് പടവുകൾ ഇറങ്ങി ചെല്ലുന്ന പോലയുള്ള അനുഭൂതി.. ഇങ്ങനെ ഒന്നിനൊന്നു മികച്ചു നിൽക്കുന്ന വ്യത്യസ്തമായ നാലിലേറെ മണ്ഡപം കഴിഞ്ഞാണ് ഭഗവൽ ദർശനം ….

ഓരോ മണ്ഡപവും അതിലെ കരിങ്കൽ തൂണിന്റെ വൈവിധ്യമാർന്ന ശില്പചാരുതയും ആരേയും ഹഢാദാകർഷിക്കുന്ന ഒന്നാണ് … ഹൊയ്സാല – വിജയനഗര വാസ്തുവിദ്യയുടെ സമന്വയമാണ് ഈ ക്ഷേത്രം. പ്രധാന ഗോപുരം വിജയനഗര രാജാക്കന്മാർ പണി കഴിപ്പിച്ചതാണ് . അനന്തശായിയായ വിഷ്ണുവിന്റെ വലിയ കരിങ്കൽ പ്രതിഷ്ഠയാണിവിടെ .

ഉപദേവതമാരായി ബാലാജി, നരസിംഹം, ഗരുഡൻ തുടങ്ങിയവരും. ദർശനം കഴിഞ്ഞ് പുറത്തേക്കു വരുമ്പോഴും വീണ്ടും വീണ്ടും മണ്ഡപത്തിലേക്ക് കൗതുകത്തോടെ തിരിഞ്ഞു നോക്കി കൊണ്ടേയിരുന്നു . ക്ഷേത്ര മുറ്റത്തായി ചെറിയൊരു തീർത്ഥക്കുളവും അടുത്തു തന്നെ ഒരു ചെറു മണ്ഡപവും ഉണ്ട്. അല്പസമയം അവിടെ ചെലവഴിച്ചശേഷം പുറത്തിറങ്ങി , നിശ്ചിത തുകയ്ക്ക് ഒരു ഓട്ടോയിൽ ശ്രീരംഗപട്ടണത്തെ മറ്റു കാഴ്ചകൾ കാണാനായി പുറപ്പെട്ടു ….

ക്ഷേത്രത്തിനു മുന്നിലുള്ള പാതയോരത്താണ് ടിപ്പു സുൽത്താന്റെ കൊട്ടാരം (ലാൽ മഹൽ പാലസ്) നിലനിന്നിരുന്നത്. നാലാം മൈസൂർ യുദ്ധത്തിൽ ടിപ്പു കൊല്ലപ്പെട്ടപ്പോൾ ബ്രിട്ടീഷുകാർ പൂർണ്ണമായും തകർത്ത ഈ കൊട്ടാരത്തിന്റെ അവശിഷ്ടങ്ങൾ മാത്രമേ ഇന്നിവിടെയുള്ളൂ …. ക്ഷേത്രത്തിനു സമീപത്തുള്ള ചെറു വഴികളിലൂടെ ഓട്ടോ ആദ്യമെത്തിയത് കേണൽ ബെയിലീസ് ജയിലറയിലേക്കാണ്.

ടിപ്പു സുൽത്താന്റെ ഭരണകാലത്ത് തടവുപുള്ളികളെ പാർപ്പിച്ചിരുന്ന ഇടമാണ് ഇത്. ഈ ജയിലറയിൽ വച്ച് 1780 ൽ കൊല്ലപ്പെട്ട ബ്രിട്ടീഷ്കാരനായ കേണൽ ബെയ്ലിയുടെ പേരിലാണ് ജയിലറ അറിയപ്പെടുന്നത് … കാവേരി നദീ തീരത്താണ് ഈ ഭൂഗർഭ ജയിൽ.. ഓട്ടോ ഇറങ്ങി പച്ച പുൽമേട് ഉള്ള പൂന്തോട്ടത്തിന് സമീപത്തുകൂടി പടികളിറങ്ങി ജയിലറയിലേക്ക് … ആർച്ച് ആകൃതിയിലുള്ള ധാരാളം തുറന്ന കവാടങ്ങൾ ….! അതിൽ ഒന്നിലൂടെ അകത്തുകയറി… വിശാലമായ ഒരു ഹാളാണിത്.

മൂന്നു വശത്തെ ഭിത്തികളിലായി കൈത്തോൾ ഉയരത്തിൽ തടവുപുള്ളികളെ വിലങ്ങിടാൻ സ്ഥാപിച്ച ദ്വാരമുള്ള കരിങ്കൽ കല്ലുകൾ കാണാം. മധ്യത്തിലായി 750 കിലോഗ്രാമിലേറെ ഭാരം വരുന്ന ഉരുക്കു നിർമിത പീരങ്കി … പീരങ്കിക്കു മുകളിൽ , ഇരുന്നും ചെരിഞ്ഞുമൊക്കെ ഫോട്ടോയെടുക്കുന്ന തിരക്കിലാണ് പലരും .. തോറ്റു പിന്മാറി ശീലമില്ലാത്തതിനാൽ ( പരീക്ഷകളിൽ ഒഴികെ ) അവർക്കൊപ്പം മത്സരിച്ചു ഞാനുമെടുത്തു “പീരങ്കി സെൽഫികൾ…‌ ”

നദിയിൽ നിന്ന് ജയിലറയിലേക്ക് സുഗമമായ ജലപ്രവാഹത്തിനായി തീർത്ത ദ്വാരങ്ങൾ കാണാം … കാഴ്ചകൾ കണ്ട് പുറത്തിറങ്ങുമ്പോഴും ഒരു കല്ലിനെയും വെറുതെ വിടാതെ അവയ്ക്കൊപ്പം ഫോട്ടോ പിടിക്കാൻ മത്സരിക്കുന്നവരെ കാണാം .. പടികൾ കയറി മുകളിലെത്തി അവിടെ നിന്നും ഇരുമ്പുവേലിക്കിടയിലൂടെ പുറം കാഴ്ചകളിലേക്ക് കണ്ണോടിച്ചു … നദിക്കു കുറുകെ തീർത്ത പാലം, താഴെ ശ്രീരംഗപട്ടണത്തിനു കവചം തീർത്തു ചരിത്രത്തിനും പോരോട്ടങ്ങൾക്കും സാക്ഷിയായി ഇന്നും കൂസലന്യേ ഒഴുകുന്ന കാവേരി നദി ..

തിരികെ അതേ ഓട്ടോയിൽ തുടർന്ന യാത്ര എത്തിയത് ബ്രിട്ടീഷ് പട്ടാളവുമായുള്ള നാലാം മൈസൂർ യുദ്ധത്തിൽ കൊല്ലപ്പെട്ട ടിപ്പുസുൽത്താന്റെ മൃതശരീരം കണ്ടെത്തിയ ഇടത്താണ്.. മതിലുകൾക്കുള്ളിൽ ഒരു തുറന്ന സ്ഥലം . അവിടെയുള്ള ശിലാഫലകത്തിൽ വിവരങ്ങൾ ആലേഖനം ചെയ്തിട്ടുണ്ട്. അധികം അകത്തേക്ക് ആരേയും കടത്തിവിടില്ല .കാവൽക്കാരിയായി ഒരു സ്ത്രീയുണ്ട് ..

രണ്ടാം മൈസൂർ യുദ്ധത്തിൽ വിജയിച്ച ടിപ്പുവിന് മൂന്നാം മൈസൂർ യുദ്ധത്തിൽ വൻതോതിൽ സേനാ നാശം നേരിട്ടു. ശ്രീരംഗപട്ടണത്തും സമീപ പ്രദേശങ്ങളിലുമായി നടന്ന നാലാം മൈസൂർ യുദ്ധത്തിൽ ബ്രിട്ടീഷു സേനയുടേയും ഹൈദരാബാദ് നൈസാമിന്റയും സംയുക്ത ആക്രമണത്തിൽ 1799 മെയ് നാലിനാണ് അദ്ദേഹം കൊല്ലപ്പെടുന്നത്. ചരിത്രത്തിൽ വെടിയൊച്ചകൾക്കും യുദ്ധത്തിനും സാക്ഷ്യം വഹിച്ച ആ മണ്ണിൽ നിൽക്കുമ്പോൾ മനസ്സിൽ യുദ്ധചിത്രം വീണ്ടും തെളിഞ്ഞു കണ്ടു …

അവിടെനിന്നും ശ്രീരംഗപട്ടണത്തെ പ്രധാന ആരാധനാലയങ്ങളിൽ ഒന്നായ മസ്ജിദ് – ഈ – ആല – (ജുമാ മസ്ജിദ് ) യിലേക്ക് . 1786 കാലഘട്ടത്തിൽ ടിപ്പു സുൽത്താൻ പണികഴിപ്പിച്ചതാണിത്. പ്രാർത്ഥനയ്ക്കായി അദ്ദേഹം ഉപയോഗിച്ചതും ഈ മസ്ജിദ് തന്നെ. ഉയർന്നു നിൽക്കുന്ന രണ്ടു വലിയ മീനാരങ്ങൾ മസ്ജിദിന്റെ പ്രൗഢി വിളിച്ചോതുന്നു.. അകത്ത് ഒരു മദ്രസയും പ്രവർത്തിക്കുന്നുണ്ട്. പടവുകളിൽ കയറി മിനാരത്തിനു മുകളിൽ കയറിയാൽ പുറംകാഴ്ചകൾ കാണാം ..

അവിടെ നിന്നും തിരക്കാർന്ന നഗരത്തിലൂടെ ടിപ്പു സുൽത്താന്റെ വേനൽക്കാല വസതിയായ ദരിയ ദൌലത് പാലസിലെത്തി.. മുന്നിൽ മനോഹരമായ കവാടം .അതിലൂടെ അകത്ത് പ്രവേശിക്കുമ്പോൾ കണ്ണിന് കുളിരേകി വലിയ ഉദ്യാനം . ‘ദരിയ ദൌലത് ബാഗ്’ എന്നാണ് ഇത് അറിയപ്പെടുന്നത് .. വലിയ വൃക്ഷങ്ങൾ നിറഞ്ഞ മനോഹരമായ പൂക്കൾ വിരിഞ്ഞു നിൽക്കുന്ന, പച്ച പരവതാനി വിരിച്ച പുൽമേടുകൾ നിറഞ്ഞ ആ ഉദ്യാനം ഏറെ ആകർഷണീയമാണ് .

ഉദ്യാനത്തിലെ പച്ചപ്പുൽമേടുകളിൽ കളിച്ചു തിമിർക്കുന്നു കുഞ്ഞുങ്ങൾ, മരച്ചുവട്ടിൽ വിശ്രമിക്കുന്നു ചിലർ… നീളൻ നടപ്പാതയിലൂടെ ആദ്യം കൊട്ടാരക്കാഴ്ചകൾ കാണാനായി നടന്നു. ടിപ്പുവിന്റെ വേനൽക്കാല വസതി ആയ ഈ കൊട്ടാരം ഇന്ന് അദ്ദേഹത്തിന്റെ ചരിത്ര ശേഷിപ്പുകൾ സൂക്ഷിക്കുന്ന ഒരു മ്യൂസിയമായ് വർത്തിക്കുന്നു …. പൂർണ്ണമായും തേക്ക് തടിയിൽ നിർമ്മിച്ചതാണിത് .വെയിലേറ്റ് മങ്ങലേൽക്കാതിരിക്കാൻ മറത്തീർത്തിട്ടുണ്ട്. കൊട്ടാരത്തിന് മുന്നിൽ തന്നെ വലിയ പിരങ്കികളും കാണാം …

കാലത്തിന്റെ രഥചക്രം ഉരുളുമ്പോഴും ഇന്നും കേടുപാടില്ലാതെ ഇവയൊക്കെ നിലനിൽക്കുന്നത് പോയകാലത്തെ ശില്പനൈപുണ്യം തന്നെ .ഇൻഡോ- ഇസ്ലാമിക് വാസ്തുവിദ്യയിലാണ് ഇതിന്റെ നിർമ്മിതി .. പടികൾ കയറി കൊട്ടാരക്കെട്ടിലേക്ക് കടക്കുമ്പോൾ തന്നെ കാണാം കൂറ്റൻ മരത്തൂണുകൾ…. ഓരോ ഭിത്തിയിലും മനോഹരമായ ചിത്രവേലകൾ ഇടതടവില്ലാതെ വരച്ചു ചേർത്തിരിക്കുന്നു . ടിപ്പുവിന്റെ യുദ്ധ വിജയഗാഥകളും,നായാട്ടിന്റെയും ദർബാറിന്റെയുമൊക്കെ ചിത്രങ്ങൾ വരച്ചു ചേർത്തിട്ടുണ്ട് ..

ആ കാലഘട്ടത്തെ കലാകാരൻമാരുടെ അത്ഭുതപ്പെടുത്തുന്ന കലാ വൈദഗ്ദ്യം ചുമരിൽ തെളിഞ്ഞു കാണാം.അകത്തു കയറിയാൽ മരത്തടിയിലുള്ള മട്ടുപ്പാവ്, മുറികളിൽ ആക്കാലത്തെ നാണയങ്ങൾ ,ആയുധങ്ങൾ ,ഫർണിച്ചറുകൾ ,കലാകാരൻമാർ വരച്ച ചിത്രങ്ങൾ ഇവയൊക്കെ പ്രദർശനത്തിനു വച്ചിട്ടുണ്ട്. കൂടാതെ ടിപ്പുവിന്റെ വസ്ത്രങ്ങൾ, ആയുധങ്ങൾ , ടിപ്പുവിന്റെ ഛായാചിത്രങ്ങൾ അങ്ങനെ കാഴ്ചകൾ നീളുന്നു ….

പുറത്ത് ഉച്ചവെയിൽ ചൂടിൽ പൊള്ളുമ്പോഴും ഇതിനകത്തെ തണുപ്പ് വേനൽകാലവസതി എന്ന പേര് അന്വർത്ഥമാക്കുന്നു….. പുറത്തിറങ്ങി ഉദ്യാനത്തിൽ കുറച്ചു സമയം ഞങ്ങളും ചെലവഴിച്ചു പുൽമേടുകളിൽ കളികളിൽ മുഴുകി തിരികെ വരാൻ മടി കാട്ടിയ കുഞ്ഞുങ്ങളെ ഒരുവിധം പുറത്തെത്തിച്ചു ഐസ്ക്രീം വാങ്ങി സുഖിപ്പിച്ച് ഗുമ്പസിലേക്ക് യാത്ര തുടർന്നു….

ഗുമ്പസിലെത്തുമ്പോൾ വെയിൽ ചൂട് അസഹ്യമായി തുടങ്ങി .. പടവുകൾ കയറി അകത്തേക്ക് പ്രവേശിച്ചു. പിതാവായ ഹൈദരലിയുടെ മരണത്തിനുശേഷം ടിപ്പു തന്നെ പണികഴിപ്പിച്ചതാണ് ഇത്.1782 -ൽ തുടങ്ങിയ ഈ ശവകുടീരത്തിന്റെ നിർമ്മാണം 1784-ൽ ആണ് പൂർത്തിയായത് . ടിപ്പുവിന്റെ പിതാവ് ഹൈദരലിയുടെയും അദ്ദേഹത്തിന്റെ മാതാവ് ഫക്രുന്നീസയുടെയും ഖബറിടം കൂടാതെ ടിപ്പുവിന്റെ ഖബറിടവും അകത്ത് അടുത്തടുത്തായി കാണാം …

വിശാലമായ വരാന്തയിലേക്കിറങ്ങി അല്പസമയം ഇരുന്നു .. നീളൻ വരാന്തയിൽ കറുത്ത ഗ്രാനൈറ്റിൽ തീർത്ത 36 ഓളം വലിയ തൂണുകളുണ്ട്. പേർഷ്യൻ രീതിയിലാണ് ശവകുടീരത്തിന്റെ നിർമ്മാണം… ഭംഗിയേറിയ വാതിലുകൾ ….
വാതിൽ പടിയിലെ ചിത്ര ഭംഗി കൗതുക പൂർവ്വം വീക്ഷിക്കുന്ന ബ്രിട്ടീഷ് സഞ്ചാരിയെ നോക്കി ” യഥാർത്ഥ വാതിൽ ലണ്ടനിലാ “ണെന്ന് (വിക്ടോറിയ മ്യൂസിയം ) കളിയും കാര്യവും ഇടകലർത്തി ഗൈഡ് പറഞ്ഞപ്പോൾ ശവകൂടിരത്തിന്റെ വാതിലുകൾ പോലും അടിച്ചുമാറ്റി ലണ്ടനിലെത്തിച്ച തന്റെ മുൻഗാമികളെ ഓർത്ത് ചിരിച്ച സായിപ്പ് ഒരു വേറിട്ട കഥാപാത്രമായി ..

ധാരാളം വൃക്ഷങ്ങൾ നിറഞ്ഞ ഇവിടത്തെ ഉദ്യാനത്തിൽ ടിപ്പുവിന്റെ കുടുംബാഗങ്ങളുടേയും സൈന്യാ ധിപൻമാരുടേയുമൊക്കെ ഖബറിടം കാണാം … ഇതിനടുത്തായി ഒരു മസ്ജിദും ഉണ്ട് .. മസ്ജിദ് – ഇ – അക്സ . ടിപ്പു സുൽത്താൻ തന്നെയാണ് ഇതും നിർമ്മിച്ചത്.. പടികൾ ഇറങ്ങുമ്പോൾ കടന്നു വരുന്നവരെ സാകൂതം വീക്ഷിക്കുന്ന കാവൽ ഭടനെന്ന പോലെ … കരിങ്കൽ തൂണിൽ തീർത്ത ഒരു മണ്ഡപവും കാണാം…

അവിടെ നിന്നും യാത്ര തുടരുമ്പോൾ ഓട്ടോക്കാരൻ ഡ്രൈവിങ്ങിനിടയിൽ കന്നടത്തിൽ എന്തൊക്കെയൊ പറയുന്നുണ്ട് …. ഭാഷ വലിയ പിടിപാടില്ലെങ്കിലും തലയാട്ടിയും മൂളിയും മനസ്സിലായെന്ന് ഞാൻ വരുത്തിച്ചു …. ( ചുണ്ടിൽ പുഞ്ചിരി സൂക്ഷിക്കാൻ കഴിയുന്നു എങ്കിൽ അവിടെ ഭാഷയ്ക്കു വലിയ സ്ഥാനമില്ലെന്ന് പല യാത്രകളിലും ഞാൻ തിരിച്ചറിഞ്ഞിട്ടുണ്ട് ..)

ത്രിവേണി സംഗമത്തിൽ എത്തുമ്പോൾ പാർക്കിങ് കേന്ദ്രത്തിൽ വാഹനങ്ങളുടെ നല്ല തിരക്ക് . പടവുകളിറങ്ങി നദിക്കരയിലേക്ക് നടക്കുമ്പോൾ ഇരുവശവും കരകൗശല വസ്തുക്കളും കളിപ്പാട്ടങ്ങമൊക്കെ വില്പന നടത്തുന്ന ചെറു കടകൾ …. നദിക്കരയിലെ വലിയ വൃക്ഷത്തലപ്പുകളിൽ നിന്ന് വാനരന്മാർ കലപില ശബ്ദം കൂട്ടുകയും ,ആളുകൾക്കിടയിലൂടെ ഭയമേതുമില്ലാതെ വിഹരിക്കുകയും ചെയ്യുന്നു …

കല്പറ്റയിലെ ഞങ്ങളുടെ താമസ സ്ഥലത്തെ സ്ഥിരം സന്ദർശകരായതിനാലാവാം വാനരപ്പടയെ കണ്ടപ്പോൾ വലിയ അദ്ഭുതമൊന്നും എനിക്കു തോന്നിയില്ല ,പക്ഷെ അവിടെ വന്ന പലരും അവരുടെ ലീലകൾ കൗതുകത്തോടെ നോക്കിയിരിക്കുന്നുണ്ട്.

ലോകമാപനി ,ഹേമാവതി,കാവേരി നദികളുടെ സംഗമസ്ഥാനമാണ് ഇവിടം. പ്രിതൃകർമ്മങ്ങൾക്കു ഏറെ പ്രസിദ്ധം .. ബലിതർപ്പണം ചെയ്യുന്നവരും ചിതാഭസ്മ നിമജ്ജനം ചെയ്യാൻ എത്തിയവരുമാണ് കൂടുതലും… കർമ്മികൾ അവർക്ക് വേണ്ട മാർഗ്ഗ നിർദ്ദേശങ്ങൾ നൽകുന്നു.. നദിക്കരയിലും മരച്ചുവട്ടിലുമായി ദേവീദേവന്മാരുടെ കരിങ്കൽ പ്രതിഷ്ഠകളും കാണാം..

ഓളപ്പരപ്പിലൂടെ വട്ടമിട്ടു കറങ്ങുന്ന കൊട്ടതോണിയിൽ നിന്നും സന്തോഷാരവങ്ങൾ ഉയരുന്നു. ഗ്രാമീണ കുട്ടികൾ ഇത്തരം തോണി കളിലിരുന്നു തനതു ശൈലിയിൽ മീൻ പിടിക്കുന്നുമുണ്ട് . നിശ്ചിത തുക കൊടുത്താൽ കൊട്ടതോണിയിൽ നമുക്കും നദിയിലൂടെ കറങ്ങാം എന്നറിഞ്ഞപ്പോൾ എന്റെ മനവും തുടിച്ചു… പക്ഷെ അദ്ദേഹം സമ്മതിച്ചില്ല . നീന്തൽ വശമില്ലാത്ത അദ്ദേഹത്തിന് നന്നായി നീന്താൻ അറിയുന്ന എന്നോടുള്ള അസൂയ ഇത്തരം സ്ഥലങ്ങളിൽ എത്തിയാൽ പൂർണ ഭാവത്തിൽ പുറത്തേക്ക് വരും.. ( വല്ല അപകടവും പറ്റുമോ എന്ന ഭയമാണെന്ന് സമർത്ഥിച്ച് അദ്ദേഹം അതിനെ ഒതുക്കും ).

പടവുകളിലിരുന്ന് നദിയിലൂടെ ചാഞ്ഞും ചരിഞ്ഞും നീങ്ങുന്ന കൊട്ട തോണിയുടെ കാഴ്ചകൾ ഞാൻ ചെറിയ കുശുമ്പോടെ നോക്കി കണ്ടു : പിന്നെ നദിക്കരയിൽ നിന്നുള്ള ഒരു കടയിൽ നിന്നു കരിമ്പ് ജ്യൂസ് കുടിച്ചു . ”നല്ല രുചികരമായ ജൂസ് !” അഭിനന്ദിക്കാൻ ഞാൻ മറന്നില്ല .. സമീപ പ്രദേശങ്ങളിൽ കൃഷി ചെയ്യുന്ന കരിമ്പാണെന്ന് പുഞ്ചിരി തൂകിക്കൊണ്ട് അദ്ദേഹം മറുപടി പറഞ്ഞു .. പടികൾ കയറി ഓട്ടോയിൽ സ്റ്റാൻഡിലേക്ക് തിരിച്ചു. ഇത്രയും സമയം നമുക്കൊപ്പം പരിഭവമേതുമില്ലാതെ ചെലവഴിച്ച ഓട്ടോക്കാരനോട് നന്ദി പറഞ്ഞു പിരിഞ്ഞു ….

ശ്രീരംഗപട്ടണത്തു നിന്ന് മൂന്ന് നാല് കിലോമീറ്റർ ദുരത്തായാണ് ‘ കർണാടകയിലെ തന്നെ ഏറ്റവും വലിയ പക്ഷി സങ്കേതമായ #രംഗനതിട്ട പക്ഷിസങ്കേതം.കാവേരി നദിക്ക് കുറുകെ തടയണ നിർമിച്ചപ്പോൾ ഉണ്ടായ ചെറുദ്വീപുകൾ ചേർന്നതാണ് ഇത്. ഇന്നിത് പക്ഷികളുടെ പ്രജനന കേന്ദ്രവും ദേശാടന പക്ഷികളുടെ താവളവുമാണ് . നദിയിലൂടെ ഉള്ള ബോട്ട് സവാരി ഇവിടത്തെ പ്രധാന ആകർഷണമാണ് .

പലപ്പോഴായി ഇവിടം സന്ദർശിച്ചിട്ടുള്ളതിനാലും സമയം പരിമിതി നിമിത്തവും ഇവിടെയും ശ്രീരംഗപട്ടണത്തെ മറ്റു ക്ഷേത്രങ്ങളിലും പോകാതെ വേഗം മൈസൂരിലേക്ക് തിരിച്ചു… ശ്രീരംഗപട്ടണവും പിന്നിട്ട് , ഹൈവേയിലൂടെ ബസ് മൈസൂരിലേക്ക് നീങ്ങുമ്പോഴും എന്റെ മനസ് കോട്ടയ്ക്കുള്ളിലെ ആ നഗരത്തിൽ കുരുങ്ങിക്കിടയ്ക്കുകയായിരുന്നു…..

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

You May Also Like

അച്ഛനോടൊപ്പം ഞാൻ കണ്ട ഊട്ടി; ഇനിയൊരിക്കലും നടക്കാത്ത ആ യാത്ര

വിവരണം – ശുഭ ചെറിയത്ത്. യാത്രയെക്കുറിച്ച് ചിന്തിക്കുമ്പോൾ മനസ്സിൽ ആദ്യം ഓടിയെത്തുക നാം നടത്തിയ ആദ്യ യാത്ര ആയിരിക്കും. ഓർമയിലെ ആദ്യയാത്ര … ചിലർക്കത് കുടുംബത്തോടൊപ്പമാകാം , ചിലർക്ക് സുഹൃത്തുക്കളോടൊപ്പമാകാം അതുമല്ലെങ്കിൽ സ്ക്കൂൾ വിനോദയാത്രയാകാം … ആ യാത്രയുടെ ബഹിർസ്ഫുരണം പിന്നീടുള്ള…
View Post

തണുപ്പ് ആസ്വദിക്കാൻ ഒരു യാത്ര പോകാം… ഇതാ ടോപ് 10 സ്ഥലങ്ങൾ

അൽപ്പം തണുപ്പ് ആസ്വദിക്കുവാനായി ഒരു ട്രിപ്പ് പോകുന്നവർ ധാരാളമാണ്. ഇത്തരത്തിൽ തണുപ്പ് ആസ്വദിക്കുവാനായി തിരഞ്ഞെടുക്കാവുന്ന മികച്ച പത്ത് സ്ഥലങ്ങളാണ് ചുവടെ കൊടുത്തിരിക്കുന്നത്. 1. മൂന്നാർ – കേരളത്തിൽ തണുപ്പ് ആസ്വദിക്കുവാൻ ഏറ്റവും അനുയോജ്യമായ സ്ഥലം മൂന്നാർ തന്നെയാണെന്നതിൽ ആർക്കും സംശയമൊന്നും ഉണ്ടാകില്ല.…
View Post

കേരളത്തിലെ പത്രങ്ങളുടെ ചരിത്രം – ഒരു മലയാളി അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ..

കേരളീയരുടെ ജീവിതത്തിന്‍്റെ ഭാഗമാണ് പത്രങ്ങള്‍. കേരളീയ സംസ്കാരത്തിന്‍്റെ ഭാഗമാണ് പത്രവായന. ഒരു ശരാശരി മലയാളിയുടെ ദിവസം ആരംഭിക്കുന്നത് ഒരു കൈയില്‍ കാപ്പിയും മറ്റേ കൈയില്‍ പത്രവുമായിട്ടാണ്. കേരളത്തിലെ സാംസ്കാരിക ചരിത്രം പരിശോധിച്ചാല്‍ ഏറ്റവും മികച്ച സംഭാവന നല്‍കിയത് പത്രങ്ങളും പ്രസിദ്ധീകരണങ്ങളുമാണെന്നു കാണാം.…
View Post

ഓൺലൈൻ തട്ടിപ്പ് നടത്താനൊരുങ്ങിയ മദാമ്മയ്ക്ക് തിരിച്ചു പണികൊടുത്ത് മലയാളി

തട്ടിപ്പുകാർ പലവിധത്തിലുണ്ടെങ്കിലും, ഇപ്പോൾ കൂടുതലും തട്ടിപ്പുകൾ നടക്കുന്നത് ഓൺലൈനിലൂടെയാണ്. ആർക്കും ഒരു സംശയവും തോന്നാതെ പറ്റിക്കാൻ മിടുക്കരായ ഇവരുടെ വലയിൽ പലരും വീണിട്ടുമുണ്ട്. ഇത്തരത്തിലൊരു ഉഗ്രൻ തട്ടിപ്പുകാരിയെ മനസ്സിലാക്കി തിരിച്ചു പണികൊടുത്ത കഥയാണ് കോഴിക്കോട് കുന്നമംഗലം സ്വദേശിയും, സാമൂഹിക പ്രവർത്തകനും, ശില്പിയുമായ…
View Post

കടുവ വേലായുധൻ – ആനപ്പണിക്കാരിലെ എക്കാലത്തെയും വലിയ അതികായൻ !!

എഴുത്ത് – വിനു പൂക്കാട്ടിയൂർ. ആനപ്പണിയിലെ എക്കാലത്തെയും വലിയ അതികായൻ ‘കടുവ വേലായുധേട്ടൻ’ ആനയില്ലാത്ത ലോകത്തേക്ക് യാത്രയായിട്ട് എട്ട് വർഷങ്ങൾ. അദ്ദേഹത്തിന്റെ ഓർമ്മകൾക്ക് മുൻപിൽ അനന്തകോടിപ്രണാമം. ഒരുപാട് പേരുടെ അഭ്യർത്ഥനയായിരുന്നു സാക്ഷാൽ കടുവയുടെ കഥകൾ കേൾക്കണമെന്ന്. എന്നാൽ എന്നെപോലെയുള്ള ഒരാൾക്ക് വലിയ…
View Post

മുഗൾ സാമ്രാജ്യം – ചക്രവർത്തിമാരും അവരുടെ അന്ത്യവും

ഇന്ത്യയിൽ ഏറ്റവും അധികം കാലം ഭരിച്ച മുസ്ലീം രാജാക്കന്മാരുടെ സാമ്രാജ്യമാണ് മുഗൾ സാമ്രാജ്യം. പിതൃത്വം വഴി മദ്ധ്യേഷ്യൻ ഭരണാധികാരി തിമൂറിന്റെ പിൻ‌ഗാമികളും, മാതൃത്വം വഴി മംഗോൾ നേതാവായ ജെംഗിസ് ഖാന്റെ പാരമ്പര്യം ഉള്ളവരുമാണ്‌ മുഗളർ. മംഗോൾ എന്നതിന്റെ പേർഷ്യൻ/ചഗതായ് രൂപഭേദമായ മുഗൾ…
View Post

കരിയെ മെരുക്കിയ കടുവ വേലായുധൻ; ആനപ്പണിക്കാരിലെ ധീരൻ – പാർട്ട് 3

ആനപ്പണിയിലെ എക്കാലത്തെയും വലിയ അതികായനായ ‘കടുവ വേലാധൻ’ എന്ന അപൂർവ്വ മനുഷ്യനെക്കുറിച്ചുള്ള കഥ. അവസാന ഭാഗം. ആദ്യഭാഗം വായിക്കുവാൻ : https://bit.ly/33rRcbo. എഴുത്ത് – വിനു പൂക്കാട്ടിയൂർ. തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ അപ്രതീക്ഷിത ഇടിയേറ്റ് പുതുനഗരം പാടത്തു വീണ്ടുകിടക്കുന്ന കർണ്ണൻ. കർണ്ണന്റെ നെഞ്ചുപിളർക്കാൻ കുതിച്ചുവരുന്ന…
View Post

1000 രൂപയ്ക്ക് താമസമടക്കം ‘മൂന്നാർ’ ടൂർ പാക്കേജുമായി കെഎസ്ആർടിസി

കേരളത്തിൽ ഏറ്റവും കൂടുതൽ വിനോദസഞ്ചാരികൾ വരുന്ന സ്ഥലങ്ങളിലൊന്നാണ് ഇടുക്കി ജില്ലയിലെ മൂന്നാർ. വിശാലമായ തേയിലത്തോട്ടങ്ങള്‍, മനോഹരമായ ചെറു പട്ടണങ്ങള്‍, വളഞ്ഞുയര്‍ന്നും താഴ്ന്നും പോവുന്ന പാതകള്‍, അവധി ആഘോഷത്തിന് യോജിച്ച സൗകര്യങ്ങള്‍, തണുത്ത കാലാവസ്ഥ, പുൽമേടുകൾ, ഷോലക്കാടുകൾ തുടങ്ങിയ ഘടകങ്ങളാണ് മൂന്നാറിന്റെ പ്രകൃതഭംഗിയ്ക്ക്…
View Post

KSRTC SWIFT വോൾവോ സ്ലീപ്പർ ബസ്സിലെ യാത്ര; ഒരു പാസഞ്ചർ റിവ്യൂ

വിവരണം – ലിജോ ചീരൻ ജോസ്. ഇരുപത്തിരണ്ടു വർഷമേ ആയിട്ടുള്ളു ഞാൻ നമ്മുടെ ആനവണ്ടിയിലെ ദീർഘദൂര യാത്രകൾ ആരംഭിച്ചിട്ട്. ഗുരുവായൂർ – കോയമ്പത്തൂർ ഫാസ്റ്റിലാണ് തുടക്കം. കുറച്ചു വര്ഷം മുൻപ് വരെ കര്ണാടക ആർ ടി സി വോൾവോ ബസുകൾ കേരളത്തിലേക്ക്…
View Post