ഈ ലേഖനം എഴുതി തയ്യാറാക്കിയത് – സിനിമാപ്രേമി (തൂലികാ നാമം), (ചരിത്രാന്വേഷികൾ).

പൂമ, പ്യൂമ എന്നൊക്കെ നിങ്ങൾ കേട്ടിട്ടുണ്ടാകും. കാരണം പ്രശസ്തമായൊരു ബ്രാൻഡ് ആണത്. ഷൂസുകളും ചെരിപ്പുകളും ഒക്കെ ഈ ബ്രാൻഡിന്റെ പേരിൽ ഇറങ്ങുന്നുമുണ്ട് നമ്മളിൽ ചിലർ അത് ഉപയോഗിക്കുന്നുമുണ്ട്. എന്നാൽ ശരിക്കും എന്താണ് ഈ പൂമ? ഇതൊരു ജീവിയാണ്. രൂപത്തിൽ പുലിയോട് സാദൃശ്യമുണ്ടെങ്കിലും പൂമ ഒരു പ്രത്യേക വിഭാഗം തന്നെയാണ്.

യോഗ്യതകൾ ഏറെ ഉണ്ടായിട്ടും ബിഗ് ക്യാറ്റ്സിൽ ഇടം കിട്ടാതെ പോയ ഒരു ക്യാറ്റ് ആണ് പൂമ. ശാസ്ത്രജ്ഞർ പറയുന്ന പ്രധാന കാരണം പൂമക്ക് റോർ(ഗർജ്ജനം) ചെയ്യാനുള്ള കഴിവ് ഇല്ല എന്നതാണ്. കൂടാതെ പൂമക്ക് ചെറിയ സ്പീഷീസ് ക്യാറ്റ്സുമായാണ് സാമ്യതകൾ എന്നും പറയുന്നു.അതുകൊണ്ട് പൂമയെ മറ്റു ചെറിയ ഇനം ക്യാറ്റ്‌സ് അടങ്ങിയ felinae family ഇൽ ആണ് ഉൾപ്പെടുത്തിയിരിക്കുന്നത്. എന്തൊക്കെ ആയാലും ക്യാട് ഫാമിലിയിൽ വലുപ്പത്തിൽ കടുവ, സിംഹം,ജാഗ്വർ എന്നിവ കഴിഞ് നാലാമതുതന്നെ പൂമ ഉണ്ട്.പുലി പോലും അതിനുശേഷം മാത്രമാണുള്ളത്.ഒരു അഡൽട് മെയിൽ പൂമക്ക് 60-100kg വരെയും ഫീമെയിലിന് 35-70kg വരെയും ഭാരം കാണും.

നോർത്ത് സൗത്ത് അമേരിക്കൻ മേഖലകളിൽ കണ്ടുവരുന്ന ഇവ ലോകത്ത് ഏറ്റവും വൈവിധ്യമാർന്ന ഭൂപ്രദേശങ്ങളിൽ വസിക്കുന്ന ക്യാറ്റ് കൂടി ആണ്. മരുഭൂമികൾ, പർവതങ്ങൾ,കാടുകൾ, ഓപ്പൺ ഫോറസ്റ്റുകൾ എന്നിവിടങ്ങളിൽ എല്ലാം ഇവയെ കാണാം.ഈ പ്രത്യേകത പൂമക്ക് ഒരു ഗിന്നസ് റെക്കോർഡ് തന്നെ നേടികൊടുത്തിട്ടുണ്ട്. ലോകത്ത് ഏറ്റവും കൂടുതൽ പേരുകൾ ഉള്ള ക്യാറ്റ് എന്ന റെക്കോർഡ്.

മൗണ്ടൻ ലയൺ, അമേരിക്കൻ ലയൺ, കൗഗർ, പാന്തർ, കാറ്റാ ലയൺ അങ്ങനെ ഒരുപാട് പേരുകളുണ്ട് ഇവക്ക്. സിംഹത്തോട് സാദൃശ്യമുള്ള ബ്രൗൺ നിറത്തിലുള്ള തോലാണ് പൂമകൾക്കുള്ളത്, മുഖത്തു മാത്രമാണ് ചെറിയ കറുത്ത പാടുകൾ കാണപ്പെടുന്നത്.വസിക്കുന്ന ഭൂപ്രദേശമനുസരിച്ച് നിറത്തിലും ഭാരത്തിലും ഒക്കെ ചെറിയ വ്യത്യാസങ്ങൾ കാണാം.മറ്റു ഭൂരിഭാഗം ക്യാറ്റ്സിനെയും പോലെതന്നെ ഒറ്റക്ക് ജീവിക്കാൻ ആഗ്രഹിക്കുന്നവരാണ് പൂമകളും.അമ്മയായതിന് ശേഷമോ ഇണചേരുന്ന സമയത്തോ മാത്രമേ കൂട്ടുകൂടി കാണപ്പെടുകയുള്ളൂ.

പൂമകൾ ഹൈലി ടെറിട്ടോറിയൽ ആണ്. മെയിൽ പൂമകൾക്ക് 75-1500 സ്‌ക്യുയർ കിലോമീറ്റർ വരെയും ഫീമെയിലിന് 50-500 സ്‌ക്യുയർ കിലോമീറ്റർ വരെയും വലുപ്പമുള്ള ടെറിട്ടോറികൾ ഉണ്ടാകും. ആഹാര ലഭ്യതയനുസരിചാരിയിക്കും ടെറിട്ടോറികളുടെ വലുപ്പം വ്യത്യാസപ്പെടുന്നത്. പ്രദേശത്ത് ഇരയുടെ സാന്നിധ്യം ഒരുപാടുണ്ടെങ്കിൽ അതിനനുസരിച്ച് ടെറിട്ടോറിയും ചെറുതായിരിക്കും,എന്നാൽ ഇരയുടെ സാന്നിധ്യം കുറവാണെന്നുണ്ടെങ്കിൽ ആ പ്രദേശത്തെ പൂമകൾക്ക് കൂടുതൽ വലിയ ടെറിറ്റോറി വേണ്ടി വരും.

ഒരു മെയിൽ പൂമയുടെ ടെറിട്ടോറിക്കുള്ളിൽ 3,4 പെണ്ണുങ്ങൾ കാണും.ഈ ടെറിട്ടോറികൾ മൂത്രമൊഴിച്ചും നഖങ്ങൾ ഉപയോഗിച്ച് സ്‌ക്രാച്ചുകൾ ഉണ്ടാക്കിയും ശരീരം മരങ്ങളിൽ ഒക്കെ ഉരസിയും എല്ലാം ഈ അതിർത്തികൾ സംരക്ഷിക്കപ്പെട്ടിരിക്കും. അതിൽ മറ്റു പൂമകൾ അങ്ങനെ കൈകടത്താറില്ല കടത്തിയാൽ ഒരു യുദ്ധം ഉറപ്പാണ്.ഒറ്റക്കു ജീവിക്കുന്നതിനാൽ അടിയിടാനൊന്നും അങ്ങനെ തുനിയാറില്ല,ആവശ്യമെന്നു വന്നാൽ മാത്രം.

സ്ഥലത്തെ ആൺ പൂമക്ക് തന്റെ ടെറിട്ടോറിയിൽ ഉള്ള എല്ലാ പെണ്ണുങ്ങളുമായും മേറ്റ് ചെയ്യാനുള്ള അവകാശം ഉണ്ട്.ഈസ്ട്രസ് ആയി കഴിഞ്ഞാൽ പെൺ പൂമകൾ തന്റെ സെന്റ് മാർക്കിങ്ങിലൂടെയും പ്രേത്യേക ശബ്ദങ്ങളിലൂടെയും ആണിനെ വിവരമറിയിക്കും.ആൺ പൂമ എത്തി കുറച്ചു സമയം തൊട്ടുരുമ്മി ഒക്കെ നിക്കും.പിന്നെ മേറ്റിങ് തുടങ്ങും.ഒരു ദിവസം 50 തവണ വരെ ഒക്കെ മേറ്റ്‌ ചെയ്യും ഓരോന്നും 1 മിനിറ്റിനു മുകളിൽ നീണ്ടു നിൽക്കില്ല.കുറച്ചു ദിവസം ആണും പെണ്ണും ഒന്നിച്ചു തുടരും പിന്നെ ആൺ പൂമ സ്ഥലം വിടും.ഏകദേശം മൂന്നു മാസം കഴിഞ്ഞാൽ പെൺ പൂമ പ്രസവിക്കും.അതിനായി ഒഴിഞ്ഞുകിടക്കുന്ന സുരക്ഷിതമായ ഗുഹകൾ ഒക്കെ ആണ് തിരഞ്ഞെടുക്കുക.1മുതൽ 6 വരെ കുഞ്ഞുങ്ങൾ ഉണ്ടാകും ഒരു പ്രസവത്തിൽ. ജനിച്ചു വീഴുമ്പോൾ കുട്ടികൾക്ക് പുലിയുടേതുപോലെ പുള്ളികൾ ഉണ്ടാകും ക്രമേണ ഇത് ഇല്ലാതാകുകയും ചെയ്യും. ശത്രുക്കളുടെ കണ്ണില്പെടാതിരിക്കാനാണിത്.

3-4 ആഴ്ചകളോളം കുഞ്ഞുങ്ങൾ ഗുഹക്കുള്ളിൽ തന്നെ കഴിയും പിന്നെ കണ്ണൊക്കെ വിരിഞ്ഞു പുറത്തു വന്നാൽ എപ്പോഴും കളിയാണ്.ഈ സമയമാണ് അമ്മക്ക് ഏറ്റവും ബുദ്ധിമുട്ടുള്ള സമയം.എങ്ങോട്ടെങ്കിലും ഇരതേടി പോയാൽ അപ്പോൾ പിള്ളേര് പുറത്തിറങ്ങി കളി തുടങ്ങും.മറ്റ്‌ ആൺപൂമകളോ ചെന്നായ്ക്കളോ കരടിയോ മറ്റോ കണ്ടാൽ കുഞ്ഞുങ്ങളെ ഒന്നിനെയും വെച്ചേക്കില്ല. കുഞ്ഞുങ്ങൾ ഉള്ളതിനാൽ ഇര പിടിക്കാതിരിക്കാനും പറ്റില്ല.അതിക്രമിച്ചു കടക്കുന്ന ആൺപൂമകളുടെ ഒക്കെ സാന്നിധ്യം ഉണ്ടെന്നറിഞ്ഞാൽ കുഞ്ഞുങ്ങളെ അമ്മ മറ്റു സുരക്ഷിത സ്ഥാനത്തേക്ക് മാറ്റും.ഒരു സമയം ഒരു കുഞ്ഞിനെയെ മാറ്റാനും പറ്റു.അങ്ങനെ ഒരുപാട് കഷ്ടപ്പാടുകൾ സഹിച്ചു വേണം കുട്ടികളെ വളർത്താൻ.എന്തൊക്കെ ആയാലും കുഞ്ഞിന്റെ സുരക്ഷക്കായി എന്തിനും തയാറാണ് അമ്മമാർ, കരടികളെവരെ തുരത്താറുണ്ട്.2 വർഷത്തോളം അമ്മയുടെ തണലിൽ കുട്ടികൾ വളരും.പിന്നെ സ്വന്തം സാമ്രജ്യം സൃഷ്ടിക്കാൻ ഇറങ്ങി പുറപ്പെടും.

ഇൻസെക്ട്സ് മുതൽ 500kg വരെ വരുന്ന ഇരകളെ കൈക്കലാക്കാൻ വിരുതന്മാരാണ് ഇവർ. റോഡന്റസ്,പക്ഷികൾ, കുറുക്കന്മാർ,മുയലുകൾ ഇവയൊക്കെ പൂമകളുടെ ചെറിയ ഇരകളാണ്. വ്യത്യസ്‌തയിനം മാനുകൾ,ക്യാപിബേറ, കഴുതകൾ,കുതിരകൾ, എൽകുകൾ,ആടുകൾ തുടങ്ങിയ വലിയ ഇരകളെയും പിടിക്കാറുണ്ട്.ചിലപ്പോൾ പൂമയേക്കാൾ രണ്ടിട്ടിയോളം വരുന്ന മൂസുകളെയും ആക്രമിക്കാറുണ്ട്. പൊതുവെ സ്റ്റാക് ആൻഡ് ആംബുഷ്‌ അറ്റാക്കിങ് രീതി ആണെങ്കിലും ചെറിയ ദൂരം ഇരയെ ചെയ്‌സ് ചെയ്ത് പിടികൂടാനും ഇവക്കാകും.മറ്റു ക്യാട്സിൽ നിന്ന് വ്യത്യസ്തമായി പൂമകയുടെ കൈകൾക്ക് ശരീരവുമായി താരതമ്യം ചെയ്യുമ്പോൾ വീതി കൂടുതലാണ്. കൂടാതെ പിൻകാലുകൾക്ക് മുൻകാലുകളെ അപേക്ഷിച്ച് നീളവും കൂടുതലാണ്.ഈ സവിശേഷിത ഇവയെ നല്ല സ്പ്രിന്റേഴ്‌സ് ആക്കുന്നു.

70-80km/hr സ്പീഡിൽ വരെ ചെറിയ ദൂരം ഇവക്ക് സ്പ്രിന്റ് ചെയ്യാൻ കഴിയും,മറ്റു ക്യാറ്റ്‌സുമായി താരതമ്യം ചെയ്യുമ്പോൾ ഇവയുടെ വാലിന് കനം കൂടുതലും കൂടുതൽ മസ്കുലറും ആണ്.ഇത് അവയെ ഓട്ടത്തിനിടയിൽ ബാലൻസ് ചെയ്യാൻ സഹായിക്കുന്നു.ഒറ്റ കുതിപ്പിൽ 5.5 മീറ്റർ ഉയരത്തിലും 13 മീറ്റർ വരെ നീളത്തിലും ചാടാൻ കഴിയും.ഇതിന്റെ കൂടെ മികച്ച കാഴ്ചശക്തി കൂടി ആകുമ്പോൾ പറയേണ്ടതില്ല ഇരകൾക്ക് രക്ഷപെടാൻ നല്ല ബുദ്ധിമുട്ടുതന്നെ.തലയുടെ നേരെ മുൻപിൽ തന്നെ അടുത്തടുത്ത് സ്ഥിതി ചെയ്യുന്ന കണ്ണുകൾക്ക് പുല്ലുകൾക്കിടയിലെ ചെറിയ അനക്കങ്ങൾ പോലും പിടിചെടുക്കാനും ഇരയുമായുള്ള അകലം വ്യക്തമായി കണക്കാനും കഴിയും.ഇരയുമായി നിശ്ചിത ആകലമെത്തികഴിഞ്ഞാൽ ആക്രമണമാണ് അടുത്ത സ്റ്റെപ്.അടുത്തുള്ള കുറ്റിച്ചെടികളും പാറക്കൂട്ടങ്ങളും ഒക്കെ പ്രയോജനപ്പെടുത്തിയായിരിക്കും ഇത്.മികച്ച ഓട്ടക്കാർ കൂടിആയതിനാൽ കുറചുദൂരം കുതിക്കാനും സാധിക്കും.

ഇരയെ കൈക്കലാക്കികഴിഞ്ഞാൽ കഴുത്തിൽ കടിച്ച് ശ്വാസം മുട്ടിച്ചു കൊല്ലും. ആവശ്യത്തിന് തിന്നതിനുശേഷം പുല്ലും മറ്റും കൊണ്ട് തന്റെ ഇരയെ ഭദ്രമായി മൂടി ഇടും.എന്നിട്ട് പിന്നീട് ആവശ്യമുള്ളപ്പോൾ കുഞ്ഞുങ്ങളുമൊക്കെ ആയി വന്നു തിന്നും. പൂമയുടെ ഈ അധ്വാനത്തിന്റെ പങ്കുപറ്റാൻ കുറുക്കനും കഴുകനും പരുന്തുകളും ഒക്കെ തക്കം പാർത്തിരിക്കുന്നുണ്ടാകും. ഇവരെക്കാൾ ഒക്കെ പ്രശ്നക്കാർ ആയ രണ്ടു കൂട്ടരുണ്ട് ചെന്നായ്ക്കളും കരടികളും.മനുഷ്യൻ കഴിഞ്ഞാൽ പൂമകളുടെ പ്രധാന ശത്രുക്കളും ഈ രണ്ടു കൂട്ടർ തന്നെ,ഇവർ രണ്ടും നല്ല സ്‌കാവഞ്ചേഴ്സും ആണ്. മറ്റുള്ളവർ സമ്പാദിച്ചതാണെങ്കിലും ഒരു പ്രശ്നവുമില്ല അകത്താക്കാൻ. കരടികളുടെ മാംസാഹരത്തിന്റെ വലിയൊരു ശതമാനവും ഇങ്ങനെ തന്നെ.

കരടികൾ വലുപ്പത്തിലും ആരോഗ്യത്തിലും തങ്ങളെക്കാൾ മുന്നിലായതുകൊണ്ടും ചെന്നായ്ക്കൾ കൂട്ടമായി നടക്കുന്നതിനാലും അവരിൽനിന്ന് തന്റെ സമ്പാദ്യം തിരിച്ചുപിടിക്കാൻ വലിയ ശ്രമമൊന്നും പൂമകൾ നടത്താറില്ല.പൊതുവെ മറ്റുള്ളവന്റെ സമ്പാദ്യം കൈക്കലാക്കാൻ ഇഷ്ടമില്ലാത്തവർ ആണ് പൂമകൾ സ്വാന്തമായി ഇര പിടിക്കുക തന്നെ വേണം, അതിനാൽ ചെറിയ പരിക്കുപോലും മരണത്തിലേക്ക് നയിക്കാം.എന്നാലും ചില സമയങ്ങളിൽ ആവശ്യമെന്നുവെന്നാൽ കരടികളോട് പോലും പൊരുതി ജയിക്കാറുമുണ്ട്.ചെറിയ കൂട്ടം ചെന്നായ്ക്കളെയും തുരത്തും.ഒറ്റക്കൊന്നും ചെന്നായ്ക്കൾ പൂമയെ നേരിടാൻ തുനിയാറില്ല മുൻകാലുകൊണ്ടുള്ള ഒരു സ്വൈപ് മാത്രം മതി തലയോട്ടി പൊളിയാൻ. കാലുകളുടെ പ്രത്യേകത ഇവരെ നന്നായി നീന്താനും മരം കയറാനും ഒക്കെ സഹായിക്കുന്നു.അപകടം മുന്നിൽ കണ്ടാൽ മരത്തിൽ കയറി രക്ഷപെടാറുണ്ടിവർ.
അങ്ങനെ സംഭവ ബഹുലം തന്നെ ആണ് പൂമകളുടെ ജീവിതം.

എല്ലാജീവികളുടെയും പോലെ തന്നെ പൂമയുടെയും പ്രഥമശത്രു മനുഷ്യൻ തന്നെ. അമേരിക്കായിലാണെങ്കിൽ കണ്ണിൽ കണ്ട സകലമാന പൊട്ടന്മാരും തോക്കുമായി നടക്കുന്നതും വേട്ട നിരോധിച്ചിട്ടില്ലാത്തതും ഒക്കെ പൂമകൾക്ക് വിന തന്നെ. വേട്ടപ്പട്ടികളും ഒക്കെയായി വന്ന് പൂമയെ വേട്ടയാടാറുണ്ടവർ.ഇത്രയും വൈവിധ്യമാർന്ന പ്രദേശങ്ങളിൽ കാണപ്പെടുന്നതു കൊണ്ടായിരിക്കും മറ്റു ക്യാറ്റ്സിന്റെ അത്രയും വെല്ലുവിളി പൂമകൾ നേരിടുന്നില്ല എന്നാൽ ഈ നിലയിൽ പോയാൽ താമസിയാതെ തന്നെ എല്ലാം മാറാം….

LEAVE A REPLY

Please enter your comment!
Please enter your name here