കൊല്ലൂരിലെ മൂകാംബികാ ക്ഷേത്രത്തില്‍ ടിപ്പുസുല്‍ത്താന്റെ ഓര്‍മയ്ക്കായി ഒരു ‘സലാം മംഗളാരതി’ ഉണ്ടെന്ന് കേട്ടാല്‍ വിശ്വസിക്കാമോ? ‘സലാം മംഗളരതി’, ‘പ്രദോഷ പൂജ’ എന്നീ പേരുകളില്‍ മൂകാംബിക ക്ഷേത്രത്തില്‍ നിത്യവും വൈകുന്നേരം 7.30 ഓടെ നടത്തുന്ന പൂജ ടിപ്പു ക്ഷേത്രം സന്ദര്‍ശിച്ചതിനെ അനുസ്മരിച്ചു കൊണ്ടാണെന്നാണ് വിശ്വസിക്കുന്നത്. സലാം മംഗളാരതി സംബന്ധിച്ച് പഴയ ബ്രിട്ടീഷ് സര്‍ക്കാര്‍ രേഖകളിലും പരാമര്‍ശമുണ്ട്.

രണ്ടു നൂറ്റാണ്ടുകള്‍ക്കുമുമ്പുള്ള ഒരു അസ്തമയനേരം. ശ്രീകോവിലില്‍ പ്രദോഷപൂജ പുരോഗമിക്കുകയാണ്. മണിനാദത്തിന്റെ ഇമ്പത്തില്‍ മതിമറന്ന് നില്‍ക്കുകയാണ് ദേവീഭക്തര്‍. പക്ഷേ, ശ്രീകോവിലിലെ ചടങ്ങുകള്‍ പൂര്‍ണമാകുംമുമ്പ് സായുധരായ ഒരുപറ്റം കുതിരപ്പടയാളികള്‍ കിഴക്കേ വാതില്‍ക്കല്‍ പ്രത്യക്ഷരായി. അകത്ത് പ്രദോഷപൂജ പാരമ്യത്തിലെത്തുന്നു. പലനിലകളുള്ള ദീപങ്ങള്‍ കൈയേന്തിയ മഹാമംഗളാരതി. നിരന്നുകത്തുന്ന നെയ്ത്തിരികള്‍ ചൂഴ്ന്ന് ദേവീവിഗ്രഹം വെട്ടിത്തിളങ്ങുകയാണ്. ആ നിറചൈതന്യത്തിന്റെ മുന്നില്‍ അവിടെയെത്തിയ പടത്തലവന്‍ ഒരു നിമിഷം വിസ്മയിച്ചുനിന്നു.

കര്‍പ്പൂരത്തട്ടുമായി ശ്രീകോവിലില്‍നിന്ന് പുറത്തേക്കിറങ്ങിയ പൂജാരി, മുമ്പില്‍ നില്‍ക്കുന്നയാളെക്കണ്ട്് അന്ധാളിച്ചു. പിന്നെ വിശ്വാസംവരാതെ സ്വയം പറഞ്ഞു: ‘സുല്‍ത്താന്‍! ടിപ്പു സുല്‍ത്താന്‍!’ ദേവിയുടെ ഭൗതികസമ്പത്തില്‍ കണ്ണുവെച്ചാണോ അതോ ആത്മീയസമ്പത്തിന്റെ പങ്കുപറ്റാനാണോ സുല്‍ത്താന്‍ വന്നതെന്ന് പൂജാരി തിരക്കിയില്ല. ടിപ്പുവാകട്ടെ അതേക്കുറിച്ചൊന്നും ഉരിയാടിയുമില്ല. യാത്രപറഞ്ഞ് പിരിയും മുമ്പ് അതിഥി ഭവ്യതയോടെ ഒരാഗ്രഹം ഉണര്‍ത്തിച്ചു. “മിന്നല്‍പോലുള്ള ഈ വരവിന്റെ ഓര്‍മയ്ക്കായി എന്തെങ്കിലും…” ആഗ്രഹത്തിന്റെ ആഴം തൊട്ടറിഞ്ഞ പൂജാരി ഉടന്‍ പ്രതിവചിച്ചു: “ഇനിമുതല്‍ ദേവിയുടെ പ്രദോഷപൂജാനേരത്തെ മംഗളാരതി, താങ്കളുടെ ഓര്‍മയ്ക്കായി ‘സലാം മംഗളാരതി’ എന്ന് അറിയപ്പെടും!”

1750ല്‍ ബാംഗ്ലൂരിനടുത്ത ദേവനഹള്ളിയില്‍ തുടങ്ങി 1799ല്‍ മൈസൂരിനടുത്ത ശ്രീരംഗപട്ടണത്ത് ഒടുങ്ങിയ ടിപ്പുവിന്റെ പടയോട്ടത്തിലെ ആരും വായിക്കാത്ത ചില
അധ്യായങ്ങള്‍. മുന്‍നിശ്ചയം ഇല്ലാത്ത യാത്രയാകയാല്‍ വെറുംകൈയോടെയാണ് ടിപ്പു അന്ന് ദേവീസവിധത്തിലെത്തിയത്. കാണിക്കയൊന്നും വെക്കാതെ ക്ഷേത്രസന്നിധിയില്‍നിന്ന് മടങ്ങാന്‍ ടിപ്പുവിന് ഒട്ടും സമ്മതമായിരുന്നില്ലത്രെ. തന്റെ സാമന്തന്മാരായ കെളദിയിലെയും നഗരയിലെയും നാടുവാഴികള്‍ക്ക് ചില ഉത്തരവുകള്‍ അന്ന് ടിപ്പു നല്‍കി. സാധ്യമാകുന്നത്രയും ഭൂമി ക്ഷേത്രത്തിന് ദാനമായി പതിച്ച് നല്‍കാനായിരുന്നു, നാടുവാഴികള്‍ക്കുള്ള ടിപ്പുവിന്റെ ഉത്തരവ്. ക്ഷേത്രംവക ഭൂസ്വത്തില്‍ നല്ലൊരുപങ്കും ഈ വിധം അധീനതയില്‍ വന്നതാണെന്ന് കൈവശരേഖകളില്‍നിന്ന് തെളിയുന്നുണ്ട്.

ജഗദ്ഗുരുവായ ശങ്കരനോടും അദ്ദേഹം പീഠപ്രതിഷ്ഠ നടത്തിയ ശൃംഗേരി മഠത്തോടും തനിക്കുള്ള മമത ടിപ്പു ഒരിക്കലും മറച്ചുവെച്ചിരുന്നില്ല. 1791ല്‍ മറാത്ത സൈന്യം ശൃംഗേരിമഠം കൊള്ളയടിച്ചപ്പോള്‍ പൊന്നും പണവുമായി ആദ്യം സഹായഹസ്തം നീട്ടിയത് ടിപ്പു ആയിരുന്നു. ശൃംഗേരിമഠത്തില്‍ നരനായാട്ട് നടത്തിയ മറാത്ത സൈന്യത്തിന്റെ ചെയ്തികളെ നിശിതമായി വിമര്‍ശിച്ച് മഠാധിപതിക്ക് അന്നെഴുതിയ കത്തില്‍, സുഭാഷിത രത്‌നാവലിയില്‍നിന്നുള്ള ഒരു വരികൂടി കുറിച്ചിട്ടിട്ടുണ്ട് ടിപ്പു. ‘ഹസദ്ഭിഃ ക്രിയതേ കര്‍മ, രുദദ്ഭിര്‍ അനുഭൂയതേ’ (ചിരിച്ചുകൊണ്ട് ചെയ്യുന്ന കര്‍മങ്ങളുടെ ഫലം കരഞ്ഞുകൊണ്ട് അനുഭവിക്കേണ്ടിവരും!).

കൊല്ലൂരില്‍ വരുമ്പോഴെല്ലാം ടിപ്പു സുല്‍ത്താന്‍ മൂകാംബിക ക്ഷേത്രത്തില്‍ വരുമായിരുന്നു. പ്രധാന ഗോപുരത്തിന്റെ മുന്നിലെത്തുന്ന ടിപ്പു തന്റെ തലപ്പാവ് ഊരി ഇടത് കൈയില്‍ പിടിച്ച് വലത് കൈകൊണ്ട് മൂകാംബിക ദേവിക്ക് സല്യൂട്ട് അടിക്കുന്നത് പതിവായിരുന്നത്രേ.

കടപ്പാട് – ടി.പി. രാജീവൻ, വിവിധ ഓൺലൈൻ മാധ്യമങ്ങൾ.

LEAVE A REPLY

Please enter your comment!
Please enter your name here