വീരപ്പൻ്റെ സ്വന്തം കാട്ടിലൂടെ പണ്ടെങ്ങോ പോയ ഒരു ബൊലേറോ യാത്ര…

Total
27
Shares

വിവരണം – ബക്കർ അബു.

കേരളം, തമിഴ്നാട്‌, കര്‍ണ്ണാടക എന്നീ മൂന്നു സംസ്ഥാനങ്ങളിലായി ആറായിരം കിലോമീറ്റര്‍ വനത്തില്‍ നാല്പത് വര്‍ഷത്തോളം വന്യ ജീവിതം നയിച്ച വീരപ്പന്‍ ആര്‍മാദിച്ചട്ടഹസിച്ച സത്യമംഗലം കാട് ഇന്നൊരു ടൈഗര്‍ റിസേര്‍വാണ്. തമിള്‍നാട്ടിലെ ഈറോഡ് ജില്ലയില്‍ 1411 കിലോമീറ്റര്‍ വിസ്തൃതിയില്‍ സത്യമംഗലം വനം നിറഞ്ഞുനില്‍ക്കുന്നെങ്കിലും ടൂറിസ്റ്റുകള്‍ക്ക് എത്തിപ്പെടാന്‍ വളരെ വളരെ ചുരുങ്ങിയ സ്ഥലങ്ങളെയുള്ളൂ.

ഇരുപത് വര്‍ഷക്കാലം പോലീസിനു പിടികൊടുക്കാതെയിരുന്നുകൊണ്ട് ആനയുടെ മസ്തകങ്ങള്‍ വെടിവെച്ചിട്ടും, ചന്ദനമരങ്ങള്‍ വെട്ടിമുറിച്ചും, പുള്ളിപ്പുലികളെ കൊന്നും, സത്യമംഗലം കാടിന്‍റെ നെറുകയില്‍ മീശപിരിച്ച വീരപ്പനെ പിടികൂടാന്‍ ചിലവാക്കിയത് 734 കോടി രൂപ. വീരപ്പന്‍ കൊന്ന 184 പേരില്‍ 97 പേര്‍ പോലീസും വനപാലകരും. വീരപ്പന്‍റെ തോക്കിനിരയായത് 900ത്തോളം ആനകള്‍. ഇരുളിന്‍റെ ഭീതിയേറിയ വന വന്യതയും, ഇരട്ടക്കുഴ തോക്കിന്‍റെ പിന്നില്‍ മദം പൊട്ടി ജ്വലിക്കുന്ന രണ്ടു കണ്ണുകളും ഇന്നും വേട്ടയാടുന്ന ഒരു നിഗൂഡ ചരിത്രമായി സത്യമംഗലത്ത് അവശേഷിക്കുന്നു. ഈ കാരണങ്ങള്‍ കൊണ്ട് തന്നെ ഈ വെക്കേഷനില്‍ കുടുംബവുമൊത്ത് ഒരു യാത്ര വേണമെന്ന് പറഞ്ഞപ്പോള്‍ സത്യമംഗലം തന്നെയാവട്ടെയെന്നു തീരുമാനിച്ചു.

തലശ്ശേരിയില്‍ നിന്നും തിരുപ്പൂര്‍ വരെ ട്രെയിനില്‍ യാത്ര ചെയ്ത് വൈകീട്ട് തിരുപ്പൂര്‍ ടൌണില്‍, ടെക്സ്റ്റൈല്‍ ഷോപ്പിംഗ്‌, അളിയന്‍ സുനീര്‍ ജോലി ചെയ്യുന്ന തുണിമില്‍ സന്ദര്‍ശനം അങ്ങിനെ ഒരു രാത്രി അങ്ങട് കഴിഞ്ഞു. ഒരു ബോലെരോ നിറയെ നാല് സ്ത്രീകളും നാല് കുട്ടികളും അഞ്ച് പുരുഷാരവും കയറി തിരുപ്പൂരില്‍ നിന്നും സത്യമംഗലത്തെക്ക് പിറ്റേ ദിവസം കാലത്തെ യാത്രയായി.

യാത്രയുടെ സൌന്ദര്യം മുഴുവനും റോഡിന്‍റെ വൃത്തിയും ഭംഗിയും സുരക്ഷിതത്വവുമായിരുന്നുവെന്ന് ഇവിടെ പ്രത്യേകം പറയട്ടെ. നീലഗിരിമലകള്‍ കടന്നു വരുന്ന പ്രഭാതത്തിലെ നേര്‍ത്ത ഇളം കാറ്റ്, ചെട്ടി, ജമന്തി,മല്ലികപ്പൂ,മുല്ലപ്പൂ ചൂടി റോഡിലൂടെ കടന്നു പോവുന്ന ബന്നാരി തമിള്‍ പെണ്മണികള്‍, കോവിലുകളിലെ ഉച്ചഭാഷിണിയില്‍ ദൈവത്താറിന്‍റെ പരംപൊരുളിനെ പ്രകീര്‍ത്തിച്ചുയരുന്ന ശീര്‍ക്കാഴി ഗോവിന്ദന്‍റെ ഭക്തി നാദം. തൂക്ക് പാത്രങ്ങളില്‍ ഇഡ്ഡലിയുടെയും ദോശയുടെയും കൂട്ടുകള്‍ സൈക്കിളിലെന്തിപ്പോവുന്ന നാടന്‍ വഴിഭാണികര്‍. പതിയെ തമിഴ് ഗ്രാമം ഉണരുകയാണ്. പെരുന്തെവനാരുടെ ദേവസ്തുതികളില്‍ തമിഴ് കാറ്റ് ഉയരുകയാണ്.

ബോലെരോയില്‍ ഇരുന്നുള്ള യാത്ര നല്ല സുഖം തരുന്നുണ്ട്. ഇത്രയധികം യാത്രികര്‍ ഉണ്ടായിട്ടും വലിയൊരു ബുദ്ധിമുട്ടൊന്നും തോന്നുന്നില്ല. പവര്‍ സ്റ്റീയറിംഗ് ഇല്ലാത്ത ഒരു പഴയ മെഷീന്‍ ആയതിനാല്‍ വട്ടം കറക്കാന്‍ മൂന്നു പൊറോട്ട എക്സ്ട്രാ കഴിക്കണമെന്ന് ഡ്രൈവിംഗ് സീറ്റില്‍ നിന്ന് സുനിയുടെ കമന്റ്. ഇരുപത്തേഴു ഹെയര്‍പിന്‍ ബെന്ടുകള്‍ കയറിയിറങ്ങണം. കാടിന്‍റെ വശ്യസൌന്ദര്യം കണ്ടറിയണം. കുട്ടികളില്‍ നൂഹയും, ലൈബയും, മിഹാദും, സാമിലും ആവേശത്തിമിര്‍പ്പിലായി.

തിരുപ്പൂര്‍ പിന്നിട്ടു വണ്ടി അവിനാശി, പുലിയാംപെട്ടി സത്യമംഗലം പാതയിലേക്ക് ഓടിക്കൊണ്ടിരിക്കുന്നു. മനുഷ്യന്‍ അവനവനു കെട്ടിയുണ്ടാക്കുന്ന അതിര്‍ത്തികളില്‍ ഒതുങ്ങിപ്പോവാതെ യാത്ര ചെയ്യുമ്പോള്‍ വല്ലാത്തൊരു മനസ്സുഖമുണ്ട്. “അടി രാസാത്തീ ഇളം മനസ്സൊന്നു റക്കകെട്ടി പറക്കത് ശരിതാനാ,, അടി അമ്മാടീ, നീ പോകും പാതെ എങ്കെ പൊന്മാനെ…”സിരകളില്‍ ഇളയരാജ കുത്തിക്കയറുകയാണ്. അതെ എന്‍റെ ദിനരാത്രങ്ങളില്‍ സംഗീതം മാസ്മരികമായി പെയ്തിറങ്ങിയ നാളിലേക്ക് ഞാന്‍ തിരിച്ചു പോവുകയാണ്.

അവിനാശി ഗ്രാമം വിട്ട് അല്പം അകലെ റോഡരികില്‍ തമിഴ് ദമ്പതികള്‍ നടത്തുന്ന ഒരു കൊച്ചു കടയില്‍ നിന്നായിരുന്നു ബ്രേക്ക്ഫാസ്റ്റ്. തുമ്പപ്പൂ പോലത്തെ നാല് ഇഡ്ഡലിയും, ഒരു ദോശയും, ഓംലറ്റും, ഫില്‍ട്ടര്‍ കാപ്പിയും കൊണ്ട് ഞാന്‍ തല്ക്കാലത്തേക്ക് മതിയാക്കി. പവ്വര്‍ ഇല്ലാത്ത സ്റ്റീയറിംഗ് കറക്കി കറക്കി വട്ടമിട്ടു പിടിക്കുന്നതിനിടയില്‍ ഗിയര്‍ പൊരിക്കുന്ന പാവം ഒരാളിന്‍റെയടുത്തു പവ്വര്‍ ഉള്ള എന്നെപ്പോലെയൊരാള്‍ വെറുതെയിരിക്കുന്നത് നല്ലതല്ലേ? മലര് പോലെയുള്ള മനസ്സായത് കൊണ്ട് എന്നെക്കൊണ്ട് കഴിയുന്നത് പോലെ ഒരു ചിന്ന ശാപ്പാടുമടിച്ചു ഞാന്‍ വണ്ടിയില്‍ കയറിയിരുന്നു.

എത്ര തിന്നാലും വലിയ കാശാവൂലാന്ന് അറിയുന്നത് കൊണ്ട് എല്ലാരും നന്നായി ശാപ്പിട്ടോന്ന് നമ്മള്‍ക്ക് ധൈര്യത്തില്‍ പറയാം. അത് ഞാന്‍ പറയുകയും ചെയ്തു. കാരണം ദോശയുടെ മാവ് തീര്‍ന്നു പോയത് കൊണ്ട് ഇടയ്ക്ക് കടക്കാരന്‍ സൈക്കിളും എടുത്ത് അപ്രത്യക്ഷനായി. തമിള്‍ മൊഴിയില്‍ എല്ലാം ശാപ്പാട് തന്നെയല്ലേ, എന്നാ സാര്‍ സാപ്പിട്ട്യാ? അത് കേള്‍ക്കതെ റൊമ്പ നിമ്മതിയായിറുക്കും.

ശാപ്പാടും കഴിഞ്ഞു വീരപ്പന്‍റെ വീരഭൂമില്‍ സത്യമംഗലത്തെത്തി. സുനിയുടെ സുഹൃത്ത് സിവകുമാറിന്‍റെ വീട് പോവുന്ന വഴിയേ ആയതിനാല്‍ അവിടെയൊന്ന് കയറി. കൌണ്ടര്‍ കുടുംബത്തിന്‍റെ അതിഹൃദ്യമായ സ്വീകരണം. അതിനടുത്തായി വരുന്ന ഭവാനി സാഗര്‍ ഡാമിനെകുറിച്ചും, വീരപ്പനെക്കുറിച്ചും, സത്യമംഗല ഭൂവിതാനത്തിന്‍റെ മാറ്റങ്ങളെക്കുറിച്ചും പെരിയ കൌണ്ടരുമായി നാന്‍ പേശിട്ടിരുന്നു. ബ്രേക്ക്ഫാസ്റ്റ് കഴിഞ്ഞതാണെന്നു പറഞ്ഞെങ്കിലും തമിഴ് താഴ്മയുടെ താഴ്മൊഴിയുമായി സിവന്‍റെ അമ്മ നാടന്‍ ഫില്‍ട്ടര്‍ കാപ്പിയും, പാല്‍പ്പേടയും കടല മിക്സ്ച്ചറുമായി സല്‍ക്കരിച്ചപ്പോള്‍ മറുത്തൊന്നും പറയാന്‍ കഴിഞ്ഞില്ല. “നീങ്ക സാപ്പിട്ടെ ആകണം..” അതെ, ഇത് മുതല്‍ മര്യാദ തന്നെ.

അവിടിന്നിറങ്ങുമ്പോള്‍ അവരുടെ തോട്ടത്തില്‍ നിന്നെടുത്തു കൊണ്ടുവന്ന ഒരു കദളിവാഴക്കുലയും കൌണ്ടര്‍ വണ്ടിയില്‍ എടുത്തു വെച്ചു. വീരപ്പന്‍ വിരല്‍ത്തുമ്പില്‍ കറക്കിവിട്ട സത്യമംഗലം ടൌണ്‍ പിന്നിട്ട് നാഷണല്‍ ഹൈവേ 209 വഴി ബന്നാരി അമ്മന്‍ കോവിലില്‍ എത്തി. ഈ കൊവിലിനൊരു കഥയുണ്ട്. ഇടയനോ, സ്വന്തം കിടാവിനോ പാല്‍ ചുരത്താത്ത ഒരു പശു ദൂരത്ത് പോയി വേങ്കൈ മരത്തിനടുത്ത് ദിവ്യ സാനിധ്യമുള്ള ഒരു ലിംഗഭൂവില്‍ പാല്‍ ചുരത്തിക്കൊണ്ടേയിരുന്നു. നിബിഡമായ കാട് വഴി മൈസൂരില്‍ കച്ചവടത്തിന് പോവുന്നവരെ രക്ഷിക്കുന്നത് ഈ സാന്നിധ്യമാണെന്ന വിശ്വാസത്തില്‍ പിന്നീട് ഈ ക്ഷേത്രം നിര്‍മ്മിക്കപ്പെട്ടു. കുട്ടികള്‍ ഉണ്ടാകാത്തവര്‍ അമ്മത്തൊട്ടിലില്‍ പൂട്ട്‌ പൂജിച്ചു വെച്ചാല്‍ കുഞ്ഞുങ്ങള്‍ ഉണ്ടാകും എന്ന വിശ്വാസത്തില്‍ കുറെയേറെ പൂട്ടുകള്‍ അവിടെ കാണാം. ഉപ്പും, മഞ്ഞ നൂലും വണങ്ങിയിറങ്ങുന്ന സ്ത്രീകളായിരുന്നു ആകര്‍ഷണം.

ക്ഷേത്രത്തിന്‍റെ പുറം സൌന്ദര്യം ആസ്വദിച്ചിറങ്ങുമ്പോള്‍ ഭക്തര്‍ ഉടച്ച തേങ്ങയില്‍ നിന്ന് രണ്ടു മൂന്ന് തുണ്ടുകളെടുത്തു ദര്‍ശനം പൂര്‍ത്തിയാക്കി ഞാനും സുനിയും തിരികെ വണ്ടിക്കരികിലെത്തി. ബോലെരോ ഇപ്പോള്‍ ഇരുപത്തേഴു ഹെയര്‍പിന്‍ വളവുകളില്‍ ഒന്നാമത്തെതിലാണ്. വഴിയില്‍ എവിടെയും വാഹനം നിറുത്തി കാഴ്ചകള്‍ കാണരുതെന്ന് സിവകുമാര്‍ മുന്നറിയിപ്പ് തന്നിട്ടുണ്ട്. ഈ യാത്രയിലെ ഏറ്റവും വലിയ പ്രശ്നം ഇത് തന്നെയാണ്. ഏതു സമയത്തും കാട്ടുമൃഗങ്ങള്‍ മുന്നില്‍ പ്രത്യക്ഷപ്പെട്ടെക്കാം. സത്യമംഗലം കാടിന്‍റെ ഒരു ഓരത്തു കൂടി മാത്രമേ നമുക്ക് യാത്രചെയ്യാന്‍ പറ്റുള്ളൂ എന്നത് കൊണ്ട് കാടിന്‍റെ നിഗൂഡതയില്‍ ഊര്‍ന്നിറങ്ങിയുള്ള യാത്രാനുഭവത്തില്‍ നിന്ന് വ്യത്യസ്തമായി ആസ്വാദ്യകരമായ ഒരു ഡ്രൈവിംഗ് ആരംഭിക്കുന്നത് ഈ കയറ്റത്തിലൂടെയാണ്. ലെഫ്ടും റൈറ്റും മാറിമാറിയിറങ്ങി വരുന്ന വലിയ ട്രക്കുകളെ ശ്രദ്ധിച്ചു വേണം ഡ്രൈവ് ചെയ്യാന്‍.

ഇരുപത്തേഴാമത്തെ മലമടക്കില്‍ നിന്ന് താഴ്വാരത്തെക്ക് സൂപ്പര്‍ കാഴ്ച. പുലി ഇറങ്ങാന്‍ ചാന്‍സുള്ളതിനാല്‍ വാണിംഗ് ബോര്‍ഡുകള്‍ നമ്മെ നിശബ്ദരായി ഡ്രൈവ് ചെയ്യാന്‍ പ്രേരിപ്പിക്കുന്നുണ്ട്. യാത്രയുടെ ഒന്നാംഘട്ടം കഴിയുന്നത്‌ ദിംബം എന്ന സ്ഥലത്തെത്തുന്നതോടെയാണ്. ദിമ്പത്തു സര്‍ക്കാര്‍ ഗസ്റ്റ്ഹൌസുണ്ട്. വിദേശ ടൂറിസ്റ്റുകളെയും അവിടെ കാണാന്‍ കഴിഞ്ഞു. ദിമ്പത്തു നിന്ന് തലമലയിലേക്കുള്ള വഴിയേയാണ് ഇനി യാത്ര. അവിടെയാണ് സത്യമംഗലം ടൈഗര്‍ റിസേര്‍വ് വനം. കാടിന്‍റെ വഴിയില്‍ ഇത്രയും നല്ല റോഡ്‌ നിര്‍മ്മിച്ചതാരാണെങ്കിലും ഒന്ന് സല്യുട്ട് അടിക്കാതെ വയ്യ. മണ്ണിന്‍റെയോ, ചരളിന്‍റെയോ കുത്തും കോമയും ഇല്ലാത്ത ഒരൊന്നാന്തരം റോഡ്‌.

വന്യമൃഗങ്ങളുടെ വിഹാരഭൂമിയായത് കൊണ്ട് വൈദ്യുതവേലികളാല്‍ റോഡിന്നിരുവശവും കൃഷിയിടം സംരക്ഷിച്ചിരിക്കുന്നു. കോളിഫ്ലവരും, കാബേജും നിറഞ്ഞു കിടക്കുന്ന പാടങ്ങള്‍ക്കിടയില്‍ ജമന്തിപ്പൂക്കള്‍ നിറഞ്ഞു നില്‍ക്കുന്നു. കാട്ടു പന്നിയും, മാനുകളും, പ്രത്യക്ഷപ്പെട്ടപ്പോള്‍ വാഹനം നിറുത്തിയും റിവേര്‍സെടുത്തും നോക്കിയിരുന്നു. ഗ്രാമീണരില്‍ ചിലര്‍ നെല്ലിക്ക കൃഷി ചെയ്ത് റോഡില്‍ വില്‍ക്കുന്നുണ്ടായിരുന്നു. കട്ടയുപ്പും നെല്ലിക്കയും അത് വാങ്ങാതെ വയ്യ. അല്‍പ സമയം അണ്ണാച്ചിയോട് കുശലം പറഞ്ഞു യാത്ര തുടര്‍ന്നു.

മൈസൂര്‍, ബാന്‍ഗ്ലൂര്‍ സിറ്റികളിലേക്ക് ഇത് വഴി ബസ്സുണ്ട്. രാത്രി ബസ്സില്‍ കയറിയിരുന്നാല്‍ ഇരുനൂര്‍ കിലോമീറ്റര്‍ യാത്ര രസകരമായിരിക്കുമെന്നാണ് എനിയ്ക്ക് തോന്നുന്നത്. മുളങ്കാടില്‍ പതിഞ്ഞിറങ്ങുന്ന ഇളംകാറ്റിന്‍റെ നനുപ്പിലൂടെ ക്ഷീണം എന്തെന്നറിയാത്ത യാത്ര. കാടിന്‍റെ മധ്യേ നൈല്‍നദി പോലെ നീണ്ടു നിവര്‍ന്നു പോവുന്ന റോഡ്‌. ചിലയിടങ്ങളില്‍ വനപാലകര്‍ക്ക് താമസിക്കാനുള്ള കളിമണ്ണ് കുഴച്ചു പണിത കൂരകള്‍ക്ക് പ്ലാസ്റ്റിക്കും തകര ഷീറ്റും കൊണ്ടുണ്ടാക്കിയ മേല്‍ക്കൂര. അതിനു മേലെ സോളാര്‍ പാനലും, വാട്ടര്‍ ടാങ്കും ഫിറ്റ് ചെയ്തതോടുകൂടി സംഗതി മോഡേണായി.

തലവാടിക്കടുത്ത് സത്യാമെസ്സില്‍ നിന്ന് എല്ലാവര്ക്കും വേണ്ടി ലഞ്ച് പാര്‍സല്‍ വാങ്ങി. ചെക്ക് പോസ്റ്റില്‍ വണ്ടി ഓരം ചേര്‍ന്നിട്ടു. ഇനി ഗാര്‍ഡുമായി ഒരു ചിന്ന പേശു വേണം. തമിള്‍ തലൈവര്‍ക്ക് ഒരു തങ്കമാന വണക്കം ശൊന്നു സുനിയും ഞാനും ചെക്ക് പോസ്റ്റിലെക്ക് കയറി. ഒരു ‘പുപ്പുലി’യുടെ തീപാറുന്ന കണ്ണിനു താഴെ “Welcome to Sathyamangalam Tiger Reserve” എന്നെഴുതിയിട്ടുണ്ട്. ആഷിറും, അശ്മറും, ആ ബോര്‍ഡിന്‍റെ തണലില്‍ പുലിരാജനെ സാക്ഷ്യം നിര്‍ത്തി സാമ്പാറും ചോറും വിളമ്പി. ഗാര്‍ഡ് കൈകഴുകാനുള്ള വെള്ളം ഏര്‍പ്പെടുത്തിത്തന്നു. ഇവിടെ നിന്ന് ഏത് വണ്ടിയും അവര്‍ ഉള്ളിലേക്ക് വിടും. പക്ഷെ തലമലൈ ചെക്ക് പോസ്റ്റില്‍ നിന്ന് കാട് വഴി ദിമ്പത്തെക്ക് തിരിച്ചു പോവാന്‍ പെര്‍മിഷന്‍ നല്‍കില്ല. ആ പെര്‍മിഷന്‍ കിട്ടിയില്ലെങ്കില്‍ വന്ന വഴിയേ ദിമ്പത്തേക്ക് തിരിച്ചു പോവണം. മാവോയിസ്റ്റ്കളെയാണ് അവര്‍ പേടിക്കുന്നതെന്നു തോന്നുന്നു.

ഇതിനു മുന്‍പ് സുനിയും ഷഹബാസും ഇവിടം വരെ വന്നു തിരിച്ചു പോയതാണ്. അവിടെയാണ് യാത്രയുടെ ക്ലൈമാക്സ് കിടക്കുന്നത്. “സാര്‍, നീങ്ക ട്രൈ പണ്ണുങ്കോ, പെര്‍മിഷന്‍ കിടച്ചാല്‍ പോയിടലാം.” ഗാര്‍ഡ് ശോല്ല്ന്നതിനിടയില്‍ ഒന്നുകൂടി പുലിയുടെ സ്വാഗത ബോര്‍ഡില്‍ നോക്കി ബോലെരോ സ്റ്റാര്‍ട്ടായി. പതിനഞ്ചു മിനിട്ടിനുള്ളില്‍ തലമലൈ ചെക്ക് പോസ്റ്റില്‍ വണ്ടിയെത്തി. പ്രതീക്ഷിച്ചത് പോലെ അവര്‍ വണ്ടി തടഞ്ഞു.

ഇത്രയും ദൂരം താണ്ടി കേരളത്തില്‍ നിന്ന് കുടുംബസമേതം വന്നവരാണെന്നും മറ്റും പറഞ്ഞു ചില നമ്പരിറക്കി അനുവാദം ഒപ്പിച്ചു. വീണ്ടും കര്‍ശന താക്കീത് രാത്രിയാവുന്നതിനു മുന്‍പ് കാട് വഴി ദിമ്പത്തെത്തണം, വഴിയില്‍ എവിടെയും നിറുത്തരുത്, ശബ്ദ കോലാഹലമുണ്ടാക്കിക്കൊണ്ട് യാത്ര ചെയ്യരുത്. അത് ശരിയാണ്, സത്യമംഗലം കാടിനെ ചെറുതായി കാണരുത്. ഇവിടെ പുലി വര്‍ഗ്ഗത്തില്‍പ്പെട്ടവര്‍ തന്നെ അമ്പതോളമുണ്ട്. തൊള്ളായിരത്തോളം ആനകള്‍, എഴുനൂരോളം കാട്ടുപോത്തുകള്‍, മൂവ്വായിരത്തോളം മാനുകള്‍, ആയിരത്തോളം കാട്ടു പന്നികള്‍ തുടങ്ങി ഒട്ടനവധി വന്യ മൃഗങ്ങളുടെ വിഹാര ഭൂമിയാണിത്.

അടുത്ത രണ്ടു മണിക്കൂര്‍ കാടറിഞ്ഞ ഒരു യാത്രയായിരുന്നു. റോഡില്‍ നിന്ന് മാറി കാടിനുള്ളിലേക്ക് വലിഞ്ഞു കയറിപ്പോയാലല്ലാതെ ശരിയായ ഒരനുഭൂതി കിട്ടില്ല. ഭയവും, വഴിയുടെ പരിമിതിയും കൊണ്ട് നടപ്പിലാകാത്ത കാര്യം. രാത്രിയായിരുന്നെങ്കില്‍ യക്ഷികള്‍ തൂങ്ങിയാടുന്ന പാലമരങ്ങള്‍ ഒന്ന് കൂടി പേടിപ്പിച്ചേനെ. ഇവിടെ മഴക്കാലം തുടങ്ങിയിട്ടില്ലാത്തത് കൊണ്ട് നീര്‍ച്ചോലകള്‍ പലതും വരണ്ടു കിടക്കുന്നു. നീര്‍ച്ചോലകള്‍ക്കപ്പുറത്ത് കാട്ടുപൊന്തയിലൂടെ ഉള്‍വനത്തിലേക്കുള്ള വഴികള്‍ ഇരുള്‍ മൂടിക്കിടപ്പുണ്ട്.

മുള്ളന്‍പന്നിയും, കുരങ്ങുകളും, കാട്ടു കോഴികളും, കരടികളും കാടണഞ്ഞിട്ടില്ല. ആനകള്‍ തലങ്ങും വിലങ്ങും വഴിതാണ്ടിപ്പോയതിന്‍റെ അടയാളങ്ങള്‍ റോഡിനിരുവശവും കാണാം. യാത്ര പകലായത് കൊണ്ട് പുലി ഈ വഴി വരില്ലയെന്ന വിശ്വാസമുണ്ട്. ചുമ്മാ സ്ത്രീകളെ സമാധാനിപ്പിക്കാന്‍ ഞങ്ങളും അതങ്ങ് വിശ്വസിച്ചു. പലയിടങ്ങളിലും വണ്ടി നിര്‍ത്തി സ്ഥലം കാണാന്‍ കൊതിച്ചുപോയി. ഉദാത്തമായ പ്രകൃതിഭംഗിയില്‍ കാട് ഞങ്ങളുടെ മനമറിയുകയാണ്. ഭൂമിയില്‍ മനുഷ്യ മനസ്സും, വിരല്‍ത്തുമ്പും കൊണ്ട് നശിക്കാത്ത
ഒരനിര്‍വ്വചീനമായ സൌന്ദര്യമായി ഇതെന്നും നിലനില്‍ക്കണേയെന്ന ഓരോരുത്തരുടെയും പ്രതിജ്ഞയാവണം നമ്മുടെ പ്രാര്‍ത്ഥന.

ഇപ്പോള്‍ ബോലെരോ നേരിയ വേഗത്തിലാണോടുന്നത്. ഹരിത ഭംഗി കണ്ണുകള്‍ക്കൊപ്പിയെടുക്കാന്‍ അതിന്‍റെ ചക്രം ഞങ്ങളുടെ മനമറിഞ്ഞു കറങ്ങിത്തിരിഞ്ഞു. അറിയപ്പെടാത്ത ഒരുള്‍വനത്തില്‍, ആളും തുണയും കിട്ടാത്ത മരപ്പടര്‍പ്പുകള്‍ക്കിടയിലൂടെയുള്ള വഴികളില്‍ ഇപ്പോള്‍ പതിമൂന്നു മനുഷ്യ മനസ്സുകളാണ് യാത്ര ചെയ്യുന്നത്. കയറിയ വാഹനവും ഭൌതീക ശരീരവും രൂപങ്ങളില്‍ നിന്നപ്രത്യക്ഷമായി. കാടിന്‍റെ മനസ്സില്‍ തൂങ്ങിപ്പിടിച്ചു പതിമൂന്നു മനുഷ്യമനസ്സുകള്‍ നിങ്ങളുടെ നിശ്വാസത്തിന്‍റെ നടുക്കങ്ങളിലൂടെയാണിപ്പോള്‍ യാത്രയാവുന്നത്.

ആദിവാസി ദമ്പതികളെ അപ്രതീക്ഷിതമായി കണ്ടമാത്രയില്‍ ഞങ്ങള്‍ വണ്ടി നിര്‍ത്തി. അടുത്തു തന്നെ ഒരു വലിയ കുളം പോലെ ഇലയില്ലാ മരങ്ങളുള്ള ഒരു ജലക്കെട്ട് കാണുന്നുണ്ട്. റോഡില്‍ നിന്നിറങ്ങി അങ്ങോട്ടേക്ക് പോകാനും പേടി. തീര്‍ച്ചയായും വന്യജീവികള്‍ വെള്ളം തേടി വരുന്ന സ്ഥലമാണത്. “ശ്രദ്ധിക്കണം, പക്ഷെ നിങ്ങള്‍ക്ക് പോകാമെന്ന്” അവരുടെ ഭാഷയില്‍ പറഞ്ഞപ്പോള്‍ വണ്ടി പാതിവഴിയില്‍ നിറുത്തി.

രണ്ടു മിനിറ്റ് കാടിനുള്ളിലെക്ക് ഒരു വഴി. അത് കഴിഞ്ഞാല്‍ ചെന്നെത്തുന്നത് നയനമനോഹരമായ ഒരു കാഴ്ചയിലേക്ക്. ആ വഴിയൊഴിച്ച് ചുറ്റും മരങ്ങളും കാട്ടുപടര്‍പ്പുകളുമാണ്. ഒരു വലിയ ജലാശയത്തിനു പിറകെ പച്ചപ്പാര്‍ന്ന കുന്ന്. എത്ര സമയം ചിലവഴിച്ചാലും മതിവരില്ലെന്നൊരു തോന്നല്‍. പക്ഷെ സംഗതി അപകടമാണ്. ഫോട്ടോ സെഷന്‍ കഴിഞ്ഞപ്പോള്‍ മനസ്സില്ലാമനസ്സോടെ തിരികെപ്പോരേണ്ടി വന്നു.

ബോലെരോ മനസ്സ് നിറച്ചു കാഴ്ചകള്‍ തന്നു കൊണ്ട് ദിമ്പം ചെക്ക് പോസ്റ്റിലെക്ക് അടുക്കുകയാണ്. കാഴ്ചകള്‍ അവസാനിക്കാറായി, ഇനി ചെക്ക് പോസ്റ്റ്‌ കഴിഞ്ഞാല്‍ ഇരുപത്തേഴു ചുരമിറങ്ങണം. ചെക്ക് പോസ്റ്റില്‍ വണ്ടി വീണ്ടും തടഞ്ഞു. “എവിടെ നിന്ന് വരുന്നു, എന്തിനു ഈ വഴി വന്നു, പെര്‍മിഷന്‍ എവിടെ” എന്നിങ്ങനെയുള്ള ചോദ്യങ്ങള്‍ക്ക് മുന്‍പില്‍ വീണ്ടും പേശായി. ഗാര്‍ഡ് ഒന്നും കേള്‍ക്കാന്‍ തയ്യാറായിരുന്നില്ല. ഈ റേഞ്ചില്‍ വണ്ടി ഇറങ്ങണമെങ്കില്‍ പെര്‍മിഷന്‍ കാണിക്കണമെന്ന് വാശിയാണയാള്‍ക്ക്.

മലയാളിയുടെ അഭ്യാസങ്ങള്‍ ഓരോന്നായി പുറത്തിറക്കി കാര്യമൊപ്പിച്ചു. “സാര്‍ നീങ്കള്‍ക്ക് സീരിയസ്നസ് തിരിയാത്. ഇന്ത ചെക്ക് പോസ്റ്റില്‍ നിന്ന് ഗാര്‍ഡിനെ പുലി പിടിച്ചു കൊണ്ട്പോയി കൊന്നിട്ടിര്‍ക്ക് സാര്‍, തിറിയുമാ?” അപ്പോള്‍ ഞങ്ങള്‍ വന്ന കാടിനുള്ളിലെ സ്ഥിതി എന്തായിരുന്നു?

ദിമ്പം ജംഗ്ഷനില്‍ ചുരമിറങ്ങുന്നിടത്ത് വണ്ടി നിര്‍ത്തി കാഴ്ചകള്‍ കാണരുതെന്ന് മുന്നറിയിപ്പുണ്ട്. അവിടെത്തന്നെ ഒരു ബൈക്ക് നിര്‍ത്തി ചുള്ളന്മാര്‍ ഫോട്ടോയെടുക്കുന്നു. ഒരു ചായ കുടിച്ചേ മതിയാവൂ എന്നുള്ളത് കൊണ്ട് ബോലെരോ സൈഡായി. സത്യമങ്ങലത്തിന്‍റെ മറുഭാഗം ഒരു മറക്കാകാഴ്ചയായി ക്യാമറകളില്‍ പതിഞ്ഞു. വണ്ടി പതിയെ ചുരമിറങ്ങിത്തുടങ്ങി. ബ്രെയ്ക്ക് ചവിട്ടുമ്പോള്‍ ശബ്ദം വരുന്നുണ്ട്. അത് തുടരെ തുടരെ മറ്റൊരു ശബ്ദമായി അലോസരമായി. എട്ടാം ചുരമിറങ്ങിയപ്പോള്‍ എന്തോ കരിഞ്ഞു കത്തുന്ന മണമടിക്കാന്‍ തുടങ്ങി. ഞങ്ങള്‍ ആണുങ്ങള്‍ പുറത്തു കാണിക്കാത്ത ടെന്‍ഷനില്‍ എന്തായിരുക്കുമെന്നു ചിന്തിച്ചു.

മുന്നിലത്തെ ഇടത്തെ ടയറിന്‍റെ മുകളില്‍ നിന്ന് പുക പുറത്തു വരുന്നുണ്ട്. സ്ത്രീകള്‍ നിശബ്ദരായി, കുട്ടികള്‍ അല്പം ഭയത്തോടെ പുറത്തേക്ക് കണ്ണും നട്ടിരിക്കുകയാണ്. വണ്ടി ഇനി മുന്നോട്ട് പോകേണ്ട, ചുരത്തില്‍ തന്നെ ഒരു സൈഡില്‍ നിര്‍ത്തി. ബ്രയ്ക് പ്ലേറ്റിന്‍റെ പഴക്കം കൊണ്ടാണ് ഇതുണ്ടായതെന്നു വണ്ടി സ്റ്റാര്‍ട്ടാക്കാതെ പതിയെ ഇറക്കി നോക്കിയപ്പോള്‍ മനസ്സിലായി. പത്ത് മിനിട്ട് പിന്നിട്ടു വീണ്ടും ചുരമിറങ്ങിത്തുടങ്ങി. ഇപ്പോള്‍ പുകയില്ല, ബ്രയ്കിന്‍റെ സീല്‍ക്കാര ശബ്ദം മാത്രമേയുള്ളൂ. ഇപ്പോള്‍ ബെലെരോ മനസ്സറിഞ്ഞു ചുരമിറങ്ങുകയാണ്. സുരക്ഷിതമായി തിരികെ ഞങ്ങളെ വീട്ടിലെത്തിക്കാനുള്ള ചുമതലയുണ്ട് മൂപ്പര്‍ക്ക്. ചില വാഹനങ്ങള്‍ ഇങ്ങനെയാണ്, ഇഷ്ടപ്പെട്ടാല്‍ വിശ്വാസം കൊണ്ട് നമ്മുടെ ഹൃദയത്തില്‍ കയറിപ്പറ്റുന്ന പ്രണയ വാഹനങ്ങളായിമാറുമത്.

വീണ്ടും ബന്നാരിയമ്മന്‍ കോവിലില്‍ ഒരു സ്റ്റോപ്പ്‌. ഇത്തവണ സ്ത്രീകളാണ് ക്ഷേത്രനടയില്‍ കയറി ഫ്രെഷായി തിരിച്ചു വന്നത്. യാത്രികര്‍ക്ക് ഒരു വലിയ ആശ്വാസം. പെട്രോളിന്‍റെ സിരകളില്‍ മനുഷ്യ ഹൃദയമുള്ള ബോലെരോ തിരുപ്പൂരിലേക്ക് കുതിച്ചു പായുകയാണ്. മനുഷ്യര്‍ അവനവനു കെട്ടിയുണ്ടാക്കുന്ന അതിര്‍ത്തികളില്‍ ഒതുങ്ങിപ്പോവാതെ യാത്ര ചെയ്യുമ്പോള്‍ വല്ലാത്തൊരു മനസ്സുഖമുണ്ട്. “അടി രാസാത്തീ ഇളം മനസ്സൊന്നു റക്കകെട്ടി പറക്കത് ശരിതാനാ,, അടി അമ്മാടീ, നീ പോകും പാതെ എങ്കെ പൊന്മാനെ…” സിരകളില്‍ ഇളയരാജ കുത്തിക്കയറുകയാണ്. അതെ എന്‍റെ ദിനരാത്രങ്ങളില്‍ സംഗീതം മാസ്മരികമായി പെയ്തിറങ്ങിയ നാളിലേക്ക് ഞാന്‍ തിരിച്ചു പോവുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

You May Also Like

അച്ഛനോടൊപ്പം ഞാൻ കണ്ട ഊട്ടി; ഇനിയൊരിക്കലും നടക്കാത്ത ആ യാത്ര

വിവരണം – ശുഭ ചെറിയത്ത്. യാത്രയെക്കുറിച്ച് ചിന്തിക്കുമ്പോൾ മനസ്സിൽ ആദ്യം ഓടിയെത്തുക നാം നടത്തിയ ആദ്യ യാത്ര ആയിരിക്കും. ഓർമയിലെ ആദ്യയാത്ര … ചിലർക്കത് കുടുംബത്തോടൊപ്പമാകാം , ചിലർക്ക് സുഹൃത്തുക്കളോടൊപ്പമാകാം അതുമല്ലെങ്കിൽ സ്ക്കൂൾ വിനോദയാത്രയാകാം … ആ യാത്രയുടെ ബഹിർസ്ഫുരണം പിന്നീടുള്ള…
View Post

തണുപ്പ് ആസ്വദിക്കാൻ ഒരു യാത്ര പോകാം… ഇതാ ടോപ് 10 സ്ഥലങ്ങൾ

അൽപ്പം തണുപ്പ് ആസ്വദിക്കുവാനായി ഒരു ട്രിപ്പ് പോകുന്നവർ ധാരാളമാണ്. ഇത്തരത്തിൽ തണുപ്പ് ആസ്വദിക്കുവാനായി തിരഞ്ഞെടുക്കാവുന്ന മികച്ച പത്ത് സ്ഥലങ്ങളാണ് ചുവടെ കൊടുത്തിരിക്കുന്നത്. 1. മൂന്നാർ – കേരളത്തിൽ തണുപ്പ് ആസ്വദിക്കുവാൻ ഏറ്റവും അനുയോജ്യമായ സ്ഥലം മൂന്നാർ തന്നെയാണെന്നതിൽ ആർക്കും സംശയമൊന്നും ഉണ്ടാകില്ല.…
View Post

കേരളത്തിലെ പത്രങ്ങളുടെ ചരിത്രം – ഒരു മലയാളി അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ..

കേരളീയരുടെ ജീവിതത്തിന്‍്റെ ഭാഗമാണ് പത്രങ്ങള്‍. കേരളീയ സംസ്കാരത്തിന്‍്റെ ഭാഗമാണ് പത്രവായന. ഒരു ശരാശരി മലയാളിയുടെ ദിവസം ആരംഭിക്കുന്നത് ഒരു കൈയില്‍ കാപ്പിയും മറ്റേ കൈയില്‍ പത്രവുമായിട്ടാണ്. കേരളത്തിലെ സാംസ്കാരിക ചരിത്രം പരിശോധിച്ചാല്‍ ഏറ്റവും മികച്ച സംഭാവന നല്‍കിയത് പത്രങ്ങളും പ്രസിദ്ധീകരണങ്ങളുമാണെന്നു കാണാം.…
View Post

ഓൺലൈൻ തട്ടിപ്പ് നടത്താനൊരുങ്ങിയ മദാമ്മയ്ക്ക് തിരിച്ചു പണികൊടുത്ത് മലയാളി

തട്ടിപ്പുകാർ പലവിധത്തിലുണ്ടെങ്കിലും, ഇപ്പോൾ കൂടുതലും തട്ടിപ്പുകൾ നടക്കുന്നത് ഓൺലൈനിലൂടെയാണ്. ആർക്കും ഒരു സംശയവും തോന്നാതെ പറ്റിക്കാൻ മിടുക്കരായ ഇവരുടെ വലയിൽ പലരും വീണിട്ടുമുണ്ട്. ഇത്തരത്തിലൊരു ഉഗ്രൻ തട്ടിപ്പുകാരിയെ മനസ്സിലാക്കി തിരിച്ചു പണികൊടുത്ത കഥയാണ് കോഴിക്കോട് കുന്നമംഗലം സ്വദേശിയും, സാമൂഹിക പ്രവർത്തകനും, ശില്പിയുമായ…
View Post

കടുവ വേലായുധൻ – ആനപ്പണിക്കാരിലെ എക്കാലത്തെയും വലിയ അതികായൻ !!

എഴുത്ത് – വിനു പൂക്കാട്ടിയൂർ. ആനപ്പണിയിലെ എക്കാലത്തെയും വലിയ അതികായൻ ‘കടുവ വേലായുധേട്ടൻ’ ആനയില്ലാത്ത ലോകത്തേക്ക് യാത്രയായിട്ട് എട്ട് വർഷങ്ങൾ. അദ്ദേഹത്തിന്റെ ഓർമ്മകൾക്ക് മുൻപിൽ അനന്തകോടിപ്രണാമം. ഒരുപാട് പേരുടെ അഭ്യർത്ഥനയായിരുന്നു സാക്ഷാൽ കടുവയുടെ കഥകൾ കേൾക്കണമെന്ന്. എന്നാൽ എന്നെപോലെയുള്ള ഒരാൾക്ക് വലിയ…
View Post

മുഗൾ സാമ്രാജ്യം – ചക്രവർത്തിമാരും അവരുടെ അന്ത്യവും

ഇന്ത്യയിൽ ഏറ്റവും അധികം കാലം ഭരിച്ച മുസ്ലീം രാജാക്കന്മാരുടെ സാമ്രാജ്യമാണ് മുഗൾ സാമ്രാജ്യം. പിതൃത്വം വഴി മദ്ധ്യേഷ്യൻ ഭരണാധികാരി തിമൂറിന്റെ പിൻ‌ഗാമികളും, മാതൃത്വം വഴി മംഗോൾ നേതാവായ ജെംഗിസ് ഖാന്റെ പാരമ്പര്യം ഉള്ളവരുമാണ്‌ മുഗളർ. മംഗോൾ എന്നതിന്റെ പേർഷ്യൻ/ചഗതായ് രൂപഭേദമായ മുഗൾ…
View Post

കരിയെ മെരുക്കിയ കടുവ വേലായുധൻ; ആനപ്പണിക്കാരിലെ ധീരൻ – പാർട്ട് 3

ആനപ്പണിയിലെ എക്കാലത്തെയും വലിയ അതികായനായ ‘കടുവ വേലാധൻ’ എന്ന അപൂർവ്വ മനുഷ്യനെക്കുറിച്ചുള്ള കഥ. അവസാന ഭാഗം. ആദ്യഭാഗം വായിക്കുവാൻ : https://bit.ly/33rRcbo. എഴുത്ത് – വിനു പൂക്കാട്ടിയൂർ. തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ അപ്രതീക്ഷിത ഇടിയേറ്റ് പുതുനഗരം പാടത്തു വീണ്ടുകിടക്കുന്ന കർണ്ണൻ. കർണ്ണന്റെ നെഞ്ചുപിളർക്കാൻ കുതിച്ചുവരുന്ന…
View Post

1000 രൂപയ്ക്ക് താമസമടക്കം ‘മൂന്നാർ’ ടൂർ പാക്കേജുമായി കെഎസ്ആർടിസി

കേരളത്തിൽ ഏറ്റവും കൂടുതൽ വിനോദസഞ്ചാരികൾ വരുന്ന സ്ഥലങ്ങളിലൊന്നാണ് ഇടുക്കി ജില്ലയിലെ മൂന്നാർ. വിശാലമായ തേയിലത്തോട്ടങ്ങള്‍, മനോഹരമായ ചെറു പട്ടണങ്ങള്‍, വളഞ്ഞുയര്‍ന്നും താഴ്ന്നും പോവുന്ന പാതകള്‍, അവധി ആഘോഷത്തിന് യോജിച്ച സൗകര്യങ്ങള്‍, തണുത്ത കാലാവസ്ഥ, പുൽമേടുകൾ, ഷോലക്കാടുകൾ തുടങ്ങിയ ഘടകങ്ങളാണ് മൂന്നാറിന്റെ പ്രകൃതഭംഗിയ്ക്ക്…
View Post

KSRTC SWIFT വോൾവോ സ്ലീപ്പർ ബസ്സിലെ യാത്ര; ഒരു പാസഞ്ചർ റിവ്യൂ

വിവരണം – ലിജോ ചീരൻ ജോസ്. ഇരുപത്തിരണ്ടു വർഷമേ ആയിട്ടുള്ളു ഞാൻ നമ്മുടെ ആനവണ്ടിയിലെ ദീർഘദൂര യാത്രകൾ ആരംഭിച്ചിട്ട്. ഗുരുവായൂർ – കോയമ്പത്തൂർ ഫാസ്റ്റിലാണ് തുടക്കം. കുറച്ചു വര്ഷം മുൻപ് വരെ കര്ണാടക ആർ ടി സി വോൾവോ ബസുകൾ കേരളത്തിലേക്ക്…
View Post