തിരുവിതാംകൂർ മഹാരാജാവിനെ പ്രണയിച്ച നർത്തകി; തിരുവനന്തപുരത്തിൻ്റെ വേദനകളിലൊന്ന്….

Total
30
Shares

എഴുത്ത് – നിജുകുമാർ വെഞ്ഞാറമൂട്.

മഹാരാജാവിനെ പ്രണയിച്ച നർത്തകിയെത്തേടിയുള്ള യാത്ര ഒടുവിൽ ചെന്നവസാനിച്ചത് പത്മനാഭന്റെ വടക്കേനടയിലെ ഈ നടപ്പാതയിലാണ്.. ഇവിടെ വെച്ചാണ് അവളുടെ അവസാനശ്വാസം എന്നെന്നേക്കുമായി നിലച്ചത്.

ഇതൊരു യാത്രാവിവരണമല്ല.. നിങ്ങളിൽ പലരും ഈ കഥ ഇതിനു മുമ്പും കേട്ടിട്ടുണ്ടാകാം.. പക്ഷേ കേട്ട കാര്യങ്ങളിൽ കൂടുതൽ വ്യക്തത വരുത്തുവാനും, അതോടൊപ്പം ആരും കേൾക്കാതെയും അറിയാതെയും മൺമറഞ്ഞു പോയ പല സത്യങ്ങളും കണ്ടെത്തുവാനായി കുറേയേറെ യാത്രകൾ നടത്തിയും, പല വ്യക്തികളുമായി കൂടിക്കാഴ്ചകൾ നടത്തിയും ലഭിച്ച വിവരങ്ങളായതു കൊണ്ട് സുന്ദരിച്ചെല്ലമ്മ എന്ന നർത്തകിയുടെ ജീവിതകഥ ഞാനിവിടെ ഷെയർ ചെയ്യുന്നു…!

“അവൾ ചെല്ലമ്മ.. യഥാർത്ഥ നാമം അതു തന്നെയായിരുന്നോ എന്നറിയില്ല, പക്ഷേ കാണാനവൾ അതിസുന്ദരിയായിരുന്നു അതിനാൽ എല്ലാവരും അവളെ ‘സുന്ദരിച്ചെല്ലമ്മ’ എന്നായിരുന്നു വിളിച്ചിരുന്നത്. ആരായിരുന്നു സുന്ദരിച്ചെല്ലമ്മ..? തിരുവനന്തപുരത്തിന്റെ ഹൃദയഭാഗത്ത് ജീവിച്ചിരിക്കുന്ന പഴമക്കാരായ ആരുംതന്നെ മറക്കാനിടയില്ലാത്ത ഒരു വ്യക്തിത്വമായിരുന്നു സുന്ദരിച്ചെല്ലമ്മ എന്ന സ്ത്രീ. കുപ്പിവളയും, പൊട്ടും, കല്ലുമാലയും, കസവുമുണ്ടുമണിഞ്ഞ് കൈയ്യിലൊരു വലിയ ഭാണ്ഡക്കെട്ടുമായി പത്മനാഭസ്വാമി ക്ഷേത്രത്തിനു സമീപത്തുള്ള ഇടവഴികളിലൊക്കെ പതിറ്റാണ്ടുകളോളം അലഞ്ഞു നടന്നിരുന്ന അവരെ പഴയ തലമുറയിലെ ചിലരെങ്കിലും ഇപ്പോഴും ഓർക്കുന്നുണ്ടാവും. അവസാനം സ്വന്തം ജീവിതത്തിൽ നിന്ന് എന്നെന്നേക്കുമായി യാത്രയായതും പത്മനാഭന്റെ ഈ നടയിൽ വെച്ചുതന്നെ..

ക്ഷേത്രമതിലകവും കൽപ്പടികളും പത്മതീർത്ഥക്കുളവും അനന്തശായിയായ ശ്രീപത്മനാഭനും മൂകസാക്ഷിയായി നോക്കിനിന്ന അധികമൊന്നും പഴക്കമില്ലാത്ത ഒരു ദുരന്തകഥയിലെ നായികയാണവൾ. ഭ്രാന്ത് വരുത്തിയ ചില വൈരൂപ്യങ്ങളൊഴിച്ചാൽ അവൾ എന്നും സുന്ദരി തന്നെയായിരുന്നു. നെറ്റിയിലും സീമന്തരേഖയിലും സിന്ദൂരംചാർത്തി കൈനിറയെ പല നിറത്തിലുള്ള കുപ്പിവളകളും, കീറിയതെങ്കിലും കസവ് തുന്നിയ മുലക്കച്ചയും, കസവുമുണ്ടുമണിഞ്ഞ് ഒരു തമ്പുരാട്ടിയെപ്പോലെ അണിഞ്ഞൊരുങ്ങി പത്മനാഭസ്വാമി ക്ഷേത്രത്തിനു മുന്നിലെ റോഡരികിലെ തറയിൽ കാലുനീട്ടിയിരിക്കുന്ന സുന്ദരിച്ചെല്ലമ്മയെ ഞാൻ നേരിൽ കണ്ടിട്ടില്ലെങ്കിലും അവരെ അടുത്തറിയാവുന്ന തിരുവനന്തപുരത്തെ പഴമക്കാരായ ചില സുഹൃത്തുക്കൾ പറഞ്ഞു തന്ന രൂപം ഇപ്പോഴും എന്റെ മനസ്സിലുണ്ട്.

അന്നുമുതൽ ചെല്ലമ്മയെക്കുറിച്ച് കൂടുതലറിയാൻ എനിക്ക് വളരെയേറെ ആകാംക്ഷയേറി. അതിനുവേണ്ടി കുറേ ശ്രമങ്ങളും നടത്തി. കുറേയേറെ യാത്രകൾ ചെയ്തു. ചെല്ലമ്മയെ നേരിട്ടറിയാമായിരുന്ന പലരേയും പലയിടങ്ങളിൽ വെച്ച് കാണാൻ കഴിഞ്ഞു. അവരിൽ നിന്നൊക്കെ കേൾക്കാൻ കഴിഞ്ഞത് ഒരു അനശ്വരപ്രണയത്തിന്റെ അവിശ്വസനീയമായ കഥകളായിരുന്നു. ചെല്ലമ്മ ജനിച്ചതും വളർന്നതുമൊക്കെ പാറശ്ശാലയിലെ പ്രശസ്തമായ ഒരു നായർ തറവാട്ടിലായിരുന്നു. ചെല്ലമ്മയുടെ മറ്റു കുടുംബാംഗങ്ങളെക്കുറിച്ചോ പുതുതലമുറയെക്കുറിച്ചോ അറിയാവുന്നവരാരും ഇപ്പോൾ അവിടെയെങ്ങുമില്ല. ചെല്ലമ്മയുടെ ഒരു ഫോട്ടോ പോലും ഇന്ന് എവിടെയെങ്കിലും ഉണ്ടാകുമെന്നും തോന്നുന്നില്ല. അതുകൊണ്ടുതന്നെ തിരുവനന്തപുരത്തുള്ള പുതിയ തലമുറയിലുള്ളവർക്കൊന്നും ചെല്ലമ്മയുടെ കഥ അറിയാൻ വഴിയില്ല. അവളുടെ പ്രണയത്തെ ഇന്നുവരെ ആരും വാഴ്ത്തിപ്പാടിയിട്ടുമില്ല. ആയിരക്കണക്കിന് പ്രണയകഥകളും തേപ്പ് കഥകളും കേട്ടും അനുഭവിച്ചുമറിഞ്ഞ ഈ ലോകത്ത് പ്രണയത്തിന്റെ ഉന്മാദാവസ്ഥയിൽ സ്വയംമറന്ന് എരിഞ്ഞൊടുങ്ങിയ ചെല്ലമ്മയെക്കുറിച്ച് ഇനിയും കേട്ടിട്ടില്ലാത്തവർക്കു വേണ്ടി ഞാനിവിടെ പോസ്റ്റ് ചെയ്യുന്നു.

ഇത് വെറുമൊരു കഥയല്ല.. ഒരിക്കലും നടക്കാത്ത സ്വപ്നങ്ങളുമായി ജീവിതം ഹോമിക്കുന്നവർ എന്നും എക്കാലത്തും എവിടേയും ഉണ്ടാകുമല്ലോ അതുപോലൊരു കഥാപാത്രമായിരുന്നു നർത്തകിയും ഗായികയുമായിരുന്ന ചെല്ലമ്മ എന്ന ഇരുപത് വയസ്സുകാരി പെൺകുട്ടി. ദേവാംഗനമാർ തോൽക്കും വിധം നൃത്തം ചെയ്യുകയും മനോഹരമായി പാടുകയും ചെയ്യുമായിരുന്നു അവൾ. പത്മനാഭസ്വാമി ക്ഷേത്രത്തിന്റെ വടക്കേനടയ്ക്ക് സമീപത്തുള്ള പെൺകുട്ടികൾക്കായുള്ള സ്കൂളിലെ നൃത്തവും സംഗീതവും പഠിപ്പിക്കുന്ന അധ്യാപികയുയിരുന്നു സുന്ദരിയും വിദ്യാസമ്പന്നയുമായിരുന്ന ചെല്ലമ്മ.

ഒരിക്കൽ തന്റെ വിദ്യാർത്ഥികളോടൊപ്പം സ്കൂൾ ഗേറ്റിനു സമീപത്തു നിന്ന അവൾ ശംഖുമുദ്രയുള്ള കാറിന്റെയുള്ളിലിരുന്നു പോകുന്ന ശ്രീ ചിത്തിരതിരുനാൾ ബാലരാമവർമ്മ മഹാരാജാവിനെ ആദ്യമായി കണ്ടു. ആദ്യകാഴ്ചയിൽ തോന്നിയ കൗതുകം അവളുടെ മനസ്സിൽ പ്രണയമായി മാറാൻ അധിക സമയം വേണ്ടി വന്നില്ല. അതിനു ശേഷവും നിരവധി തവണ പത്മനാഭന്റെ നടയിൽ വെച്ചും, ചീഫ്ഗസ്റ്റായി സ്കൂളിൽ എത്തിയപ്പോഴും, ശംഖുമുദ്രയുള്ള കാറിൽ സ്കൂളിനു മുന്നിലൂടെ പോകുമ്പോഴും മഹാരാജാവിനെ അവൾ പലവട്ടം കണ്ടു. അങ്ങനെ അവൾ പോലുമറിയാതെ അവളുടെ ഹൃദയത്തിൽ സുന്ദരനായ ചിത്തിരതിരുനാൾ മഹാരാജാവ് കയറിക്കൂടി.

അതിനുശേഷം എപ്പോഴെല്ലാം അദ്ദേഹം സ്കൂളിൽ എത്തുന്നുവോ അന്നെല്ലാം അവൾ തന്റെ മനോഹരമായ മുടികളിൽ തുളസിക്കതിരും മുല്ലപ്പൂവും ചൂടിയും, നെറ്റിയിൽ ചന്ദനക്കുറി ചാർത്തിയും, കൈകളിലും കഴുത്തിലും ആഭരണങ്ങളണിഞ്ഞും, കണ്ണെഴുതിയും, പതിവിലുമേറെ സുന്ദരിയായി അവൾ അണിഞ്ഞൊരുങ്ങുമായിരുന്നു. അദ്ദേഹത്തെ കാണുമ്പോഴെല്ലാം അവൾ പരിസരം പോലും മറന്ന് നോക്കി നിൽക്കുമായിരുന്നു. ഏതൊരാൾക്കും നൽകുന്നതുപോലെ ഒരു സാധാരണ നോട്ടമോ ചിരിയോ തമ്പുരാനിൽ നിന്നു ലഭിച്ചാൽ കോരിത്തരിച്ചതു പോലെയായിരുന്നു അവളുടെ നിൽപ്പ്. അതിനുശേഷമെപ്പോഴും അദ്ദേഹത്തിനായി മാത്രം അവൾ അണിഞ്ഞൊരുങ്ങി. ചുറ്റുമുള്ളതെല്ലാം മറന്നവൾ സ്വപ്നങ്ങൾ കണ്ടു. പക്ഷേ ഒരിക്കൽപ്പോലും മഹാരാജാവ് ആ പ്രണയം അറിഞ്ഞിരുന്നില്ല.

ദിവസങ്ങളും ആഴ്ചകളും മാസങ്ങളും കടന്നുപോയി. ഓരോ ദിനങ്ങൾ കഴിയുന്തോറും ചെല്ലമ്മയുടെ മനസ്സിൽ മഹാരാജാവിനോടുള്ള പ്രണയം വളർന്നു കൊണ്ടേയിരുന്നു. അങ്ങനെ ചെല്ലമ്മക്ക് 21 വയസ്സ് തികയുന്ന ദിവസമായിരുന്നു ആ സുദിനം. തന്റെ സുഹൃത്തും സഹപ്രവർത്തകയുമായ ഭാനുമതി ടീച്ചർ ഒരു നാടകത്തിൽ അഭിനയിക്കാനായി ചെല്ലമ്മയെ ക്ഷണിക്കുകയുണ്ടായി. പെൺകുട്ടികൾ നാടകം അഭിനയിക്കാൻ വേദികളിൽ പ്രത്യക്ഷപ്പെടാൻ മടിച്ചിരുന്ന കാലമായതിനാൽ അന്നവൾ അതിനു സമ്മതം മൂളിയില്ല. പക്ഷേ ആ പരിപാടിയിലെ വിശിഷ്ഠാതിഥി ചിത്തിര തിരുനാൾ മഹാരാജാവാണെന്നറിഞ്ഞ ചെല്ലമ്മ സന്തോഷം കൊണ്ടു തുള്ളിച്ചാടി. കാരണം ആ നാടകത്തിൽ അഭിനയിച്ചാൽ അദ്ദേഹം തന്നെ ഒരു നോക്കെങ്കിലും കാണുമല്ലോ എന്ന ചിന്ത മാത്രമായിരുന്നു അവളുടെ മനസ്സിൽ. അതിനു വേണ്ടി മാത്രമായി രാവും പകലും ഉറക്കമിളച്ചിരുന്ന് നാടകം പഠിച്ചെടുത്തു.

ഒടുവിൽ ആ ദിനം വന്നെത്തി. മഹാരാജാവിനും കുടുംബത്തിനും മുന്നിൽ അന്നവതരിപ്പിക്കപ്പെട്ട ആ നാടകത്തിൽ പാട്ടുപാടിയും നൃത്തം ചെയ്തും അവൾ മനോഹരമായി അഭിനയിച്ചു. അവളുടെ അഭിനയം എല്ലാവരാലും പ്രകീർത്തിക്കപ്പെട്ടു. അഭിനേതാക്കൾക്കൊക്കെ മഹാരാജാവ് സമ്മാനം നൽകി. ഓരോ കസവുമുണ്ടായിരുന്നു സമ്മാനം. അക്കൂട്ടത്തിൽ മഹാരാജാവിന്റെ കൈകൾ കൊണ്ട് ചെല്ലമ്മക്കും കിട്ടി നല്ലൊരു കസവുമുണ്ട്. പക്ഷേ ചെല്ലമ്മയുടെ മനസ്സിൽ അത് വെറുമൊരു സമ്മാനം മാത്രമായിരുന്നില്ല, തന്റെ ‘പുടവകൊട’ ആയിരുന്നു (നായർ വിവാഹങ്ങളിലെ സുപ്രധാനമായ പുടവ കൊടുക്കുക എന്ന ചടങ്ങിന്റെ സ്വപ്നങ്ങളായിരുന്നു അവളുടെ മനസ്സ് നിറയെ).

മഹാരാജാവ് മറ്റൊരു ചിന്തയുമില്ലാതെ നൽകിയ കസവുമുണ്ട് സ്വീകരിച്ച അവൾ അത് തന്റെ വിവാഹസമ്മാനമാണെന്ന് സ്വയം ഉൾക്കൊണ്ടുപോയി.. ആ നിമിഷം മുതൽ മനസ്സുകൊണ്ട് അവൾ മഹാറാണിയായി മാറി. മഹാരാജാവ് തനിക്ക് പുടവ തന്ന കാര്യം അവൾ ലോകത്തോടു വിളിച്ചു പറഞ്ഞു. മനസ്സു കൊണ്ടവൾ ആഘോഷിച്ചു. അവിടുന്നങ്ങോട്ട് അവളുടെ ഹൃദയം തിരുമനസ്സിനായി തുടിച്ചു. അദ്ദേഹത്തിനായി മാത്രം ചെല്ലമ്മ ചിരിച്ചു. അദ്ദേഹത്തിനായി മാത്രം ചെല്ലമ്മ ശ്വസിച്ചു. അദ്ദേഹത്തെ മാത്രമവൾ സ്വപ്നങ്ങൾ കണ്ടു. അദ്ദേഹത്തിനായി മാത്രമവൾ ആടി പാടി.എല്ലാം തിരുമനസ്സിനായി മാത്രം..!

പക്ഷേ അന്ധമായ പ്രണയം പതിയെപ്പതിയെ അവളുടെ മനസ്സിന്റെ സമനില തെറ്റിച്ചു. ആ പ്രണയം ഒരുതരം ഭ്രാന്തായി മാറി. കുട്ടികളെ സംഗീതവും നൃത്തവും പഠിപ്പിക്കുന്നതിൽ ശ്രദ്ധയില്ലാതെയായി. പരിസരബോധം മറന്ന ചെല്ലമ്മയുടെ ക്ലാസ്സിലിരിക്കാൻ കുട്ടികൾ ഭയപ്പെട്ടു. ഒടുവിൽ ആ സ്കൂളിലെ ജോലി ചെല്ലമ്മക്ക് നഷ്ടമായി. തുടർന്ന് മുഴുഭ്രാന്തിന്റെ വക്കിലേക്കാണ് ആ പ്രണയം അവളെ കൊണ്ടുചെന്നെത്തിച്ചത്. മഹാരാജാവിനെയല്ലാതെ മറ്റാരേയും വിവാഹം കഴിക്കില്ലെന്ന് ഭ്രാന്തമായി ശാഠ്യം പിടിച്ചിരുന്ന അവളെ കർക്കശക്കാരനായ അച്ഛൻ തല്ലുകയും വീട്ടുതടങ്കലിലാക്കുകയും, ഭീഷണിപ്പെടുത്തി മറ്റൊരാളെക്കൊണ്ട് വിവാഹം കഴിപ്പിക്കുകയും ചെയ്തു.

പക്ഷേ അതുകൊണ്ടൊന്നും മഹാരാജാവിനോടുള്ള അവളുടെ പ്രണയത്തിന് യാതൊരു കുറവും സംഭവിച്ചില്ലെന്നു മാത്രമല്ല അവൾ പിന്നേയും പ്രണയിച്ചു കൊണ്ടേയിരുന്നു. ശരീരം കൊണ്ടു മാത്രം മറ്റൊരാളിന്റെ ഭാര്യയായും മനസ്സുകൊണ്ടവൾ മഹാറാണിയായും ജീവിച്ചു. ഇതിനിടയിൽ എപ്പോഴോ അവൾ ഗർഭിണിയാവുകയും ഒരു പെൺകുഞ്ഞിന് ജന്മം കൊടുക്കുകയും ചെയ്തു. എങ്കിലും ആ ദാമ്പത്യ ജീവിതം അധികനാൾ നീണ്ടു നിന്നില്ല. മഹാരാജാവിന്റെ ഓർമ്മകളുമായി ഒരു സ്വപ്നലോകത്തെന്ന പോലെ ഏതു നേരവും മുഴുകിയിരുന്ന അവളെ ഒടുവിൽ ഭർത്താവ് തന്നെ വീട്ടിൽ നിന്നും ആട്ടിപ്പുറത്താക്കി. ദുരഭിമാനികളായ സ്വന്തം കുടുംബക്കാരും പിന്നെയവളെ തിരിഞ്ഞു നോക്കിയില്ല. ചെല്ലമ്മയുടെ ഭർത്താവും മകളും ഇപ്പോ എവിടെയാണെന്നോ, ജീവിച്ചിരിപ്പുണ്ടോയെന്നോ കുറേ അന്വേഷിച്ചുവെങ്കിലും കൂടുതൽ വിവരങ്ങളൊന്നും അറിയാൻ കഴിഞ്ഞില്ല.

തെരുവിലാക്കപ്പെട്ട അവൾ അന്നു മുതൽ മഹാറാണിയെപ്പോലെ വേഷം ധരിച്ച് ഊട്ടുപുരയിലെ ഭക്ഷണവും കഴിച്ച് പത്മനാഭസ്വാമി ക്ഷേത്രത്തിന്റെ റോഡരികിലായി ജീവിതം തുടർന്നു. രാവിലേയും വൈകിട്ടും ക്ഷേത്രദർശനത്തിനു വരുന്ന രാജാവിനെ ഒരു നോക്ക് കാണുവാനായി മാത്രം ആ വഴിയരികിൽ അവൾ കാത്തിരുന്നു. അന്നു മുതൽ എല്ലാ ദിവസങ്ങളിലും ചെല്ലമ്മ അണിഞ്ഞൊരുങ്ങി മുല്ലപ്പൂവ് ചൂടി ക്ഷേത്രത്തിനു മുന്നിലും ആ ഇടവഴികളിലും തന്റെ പൊന്നുതമ്പുരാനെ കാണാനായി കാത്തു നിൽക്കുമായിരുന്നു മഹാരാജാവ് തന്നെ കാണുമ്പോൾ ഒരു കുറവും വിചാരിക്കരുതല്ലോ അതുകൊണ്ട് പുതുതായി വാങ്ങിയ കസവുനേര്യതും ധരിച്ച് അവൾ കാത്തുനിന്നു. പക്ഷേ രാജാവ് ചെല്ലമ്മയെ ശ്രദ്ധിച്ചതേയില്ല..

പിന്നീടെന്നും പത്മതീർത്ഥക്കുളത്തിൽ മുങ്ങിക്കുളിച്ച് പുതുവസ്ത്രങ്ങളണിഞ്ഞ് രാജാവ് വരുന്നതും കാത്ത് നിൽക്കുന്നത് ചെല്ലമ്മയുടെ ദിനചര്യയായി മാറി. നിത്യവും ധരിക്കുന്ന പുതുവസ്ത്രങ്ങൾ രാജഭക്തരായ കച്ചവടക്കാർ നൽകുന്ന സൗജന്യമായിരുന്നോ അതോ സമ്പന്ന കുടുംബക്കാരായ അവളുടെ വീട്ടുകാർ ആരെങ്കിലും തെരുവിലായ അവൾക്ക് ഏതെങ്കിലും വിധത്തിൽ ഏൽപ്പിച്ചിരുന്നതായിരുന്നോ എന്ന് അറിയില്ല. പക്ഷേ എന്നും പുത്തൻ കസവുനേര്യത് ധരിച്ച് അവൾ മഹാരാജാവിനെ കാണാൻ ആ പാതയോരങ്ങളിൽ കാത്തുനിൽക്കും.

ദിവസങ്ങൾ, ആഴ്ചകൾ, മാസങ്ങൾ, വർഷങ്ങൾ, സംവത്സരങ്ങൾ ചെല്ലമ്മ കാത്തിരുന്നു. വില്ലുകെട്ടിയ കുതിരവണ്ടിയുടേയോ ശംഖുമുദ്രയുള്ള കാറിന്റേയോ ഒച്ച കേൾക്കാൻ അവൾ ഓരോ നിമിഷവുമെണ്ണിയെണ്ണി കാതോർത്തിരുന്നു. എന്നും രാവിലെ കുളിച്ചൊരുങ്ങി ചെല്ലമ്മ ശ്രീകോവിലിൽ എത്തുന്നത് ഭഗവാനെ തൊഴാനല്ലായിരുന്നു തന്റെ പൊന്നുതമ്പുരാനെ ഒരു നോക്കു കാണാൻ വേണ്ടി മാത്രം. ഇതു മനസ്സിലാക്കിയ ഭടന്മാർ ഒരിക്കൽ അവരെ ക്ഷേത്രത്തിൽ നിന്നും പിടിച്ചു പുറത്താക്കി. ആ സംഭവം അവരിൽ വലിയ ആഘാതമുണ്ടാക്കി. അതിനു ശേഷം അവൾ ഒരിക്കൽപ്പോലും ആ ക്ഷേത്രത്തിനുള്ളിൽ പ്രവേശിച്ചിട്ടില്ല. എന്നാൽ ക്ഷേത്രത്തിനു പുറത്തും നടവഴികളിലുമായി അവൾ ജീവിതം തുടർന്നു.

തെരുവിലാക്കപ്പെട്ട അവളെ ചൂഷണം ചെയ്യാൻ പലരും എത്തിത്തുടങ്ങി. അവളുടെ കൈയ്യിലും കഴുത്തിലും കാതിലുമുണ്ടായിരുന്ന സ്വർണ്ണാഭരണങ്ങൾ പരിചയക്കാർ പലരും സൗഹൃദം നടിച്ച് ഊരി മേടിച്ചു. പകരം ഗോൾഡ് കവറിംഗ് തിരികെ കൊടുത്തു. ചോദിച്ചവർക്കെല്ലാം അവൾ എല്ലാം ഊരി നൽകി. ഒടുവിൽ ചെല്ലമ്മയുടെ ശരീരത്തിൽ ഗോൾഡ് കവറിംഗ് ആഭരണങ്ങൾ മാത്രമായി മാറി. പക്ഷേ അവൾക്ക് ആരോടും പരിഭവമോ പരാതിയോ ഇല്ലായിരുന്നു.

അങ്ങനെ നീണ്ട 51 വർഷങ്ങൾ തെരുവിലും റോഡിലുമായിരുന്നു ചെല്ലമ്മയുടെ ജീവിതം. തന്റെ പ്രാണനായ പൊന്നുതമ്പുരാന്റെ മിഴിമുനകൾ എന്നെങ്കിലുമൊരിക്കൽ തന്റെ നേർക്ക് നീളുന്നതും നോക്കി അര നൂറ്റാണ്ടിലധികം അവൾ കാത്തിരുന്നു. പക്ഷേ ഒരിക്കൽപ്പോലും തമ്പുരാൻ ചെല്ലമ്മയെ ശ്രദ്ധിച്ചില്ല.. എന്തിനേറെ പറയുന്നു എല്ലാമറിയുന്നവനെന്നു പറയുന്ന ശ്രീപത്മനാഭൻ പോലും അവളെ ശ്രദ്ധിച്ചില്ല, അവരോട് അൽപ്പം പോലും കരുണ കാട്ടിയതുമില്ല.

ദിവസങ്ങളും മാസങ്ങളും വീണ്ടും കടന്നു പൊയ്ക്കൊണ്ടിരുന്നു. കാലം സുന്ദരിച്ചെല്ലമ്മയുടെ ശരീരത്തിൽ ചുളിവുകൾ വീഴ്ത്തി. ജരാനരകൾ ബാധിച്ചു.. മഴയും, മഞ്ഞും, വെയിലും, കൊണ്ട് അസുഖങ്ങൾ പിടിപെട്ടു. പക്ഷേ എത്ര അസുഖകരമായ അവസ്ഥയിലും മഹാരാജാവിന്റെ കാർ അതു വഴി കടന്നു പോയാൽ അവർ സാഷ്ടാംഗം നമസ്കരിച്ചു കിടക്കും. “എന്റെ പ്രിയതമനേ… എന്റെ പ്രിയതമനേ…” എന്നു ജപിക്കുന്ന കാഴ്ച പലപ്പോഴും നേരിൽ കണ്ടിട്ടുള്ളവർ തിരുവനന്തപുത്ത് ഇപ്പോഴുമുണ്ട്..

പിന്നെപ്പിന്നെ അവർക്ക് രാജാവിനെ കാണണമെന്നുതന്നെ നിർബന്ധമില്ല, ആ വാഹനമെങ്കിലും കണ്ടാൽ മതിയെന്നായി. അങ്ങു ദൂരെയായി ആ കാർ പ്രത്യക്ഷപ്പെടുമ്പോൾത്തന്നെ അവർ റോഡിൽ കമിഴ്ന്നു വീഴും എന്നിട്ട് “എന്റെ പ്രിയതമനേ…” യെന്ന് പതിയെ മന്ത്രിക്കും. അതിവേഗം പാഞ്ഞു പോകുന്ന വാഹനം അപ്രത്യക്ഷമായി എത്രയോ നേരം കഴിഞ്ഞിട്ടാവും അവർ മണ്ണിൽ നിന്നും തലപൊക്കുന്നത്.

ഒരിക്കൽ പത്മനാഭസ്വാമി ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ചുള്ള ആറാട്ട് ഘോഷയാത്രയ്ക്കിടയിൽ വാളുമേന്തി വന്ന മഹാരാജാവിനു സമീപത്തേക്ക് അവൾ ഓടിച്ചെന്നു. ഇതുകണ്ട പരിചാരകർ ചെല്ലമ്മയെ ആട്ടിപ്പായിക്കാനൊരുങ്ങിയപ്പോൾ “ആരും അവരെ ഉപദ്രവിക്കരുത്” എന്ന് മഹാരാജാവ് ശാസിച്ചു. ഈ കഥകളൊക്കെ അറിഞ്ഞ് പിൽക്കാലത്തെങ്കിലും മഹാരാജാവ് ചെല്ലമ്മയെ കണ്ട ഭാവം നടിച്ചിരുന്നോ എന്നറിയില്ല. പക്ഷേ അന്നത്തെ ആ സംഭവത്തിനു ശേഷം സുന്ദരിച്ചെല്ലമ്മക്ക് മറ്റൊരു വിളിപ്പേര് കൂടി വീണു “ഭ്രാന്തിച്ചെല്ലമ്മ.” അവൾ എല്ലാവരാലും പരിഹസിക്കപ്പെട്ടു. കുട്ടികൾ അവരെ കണ്ടാൽ കളിയാക്കാനും കല്ലെറിയാനും തുടങ്ങി. അപ്പോളവർ വടിയെടുത്ത് അവരെ അടിക്കാൻ ഭാവിക്കും. കാൽവയ്യാത്തതിനാൽ അവർക്ക് അധികദൂരം പുറകേ ഓടാൻ കഴിയില്ല.

വർഷത്തിൽ രണ്ട് പ്രാവശ്യം പത്മനാഭസ്വാമി ക്ഷേത്രത്തിൽ ഉത്സവമുണ്ട്. മഹാരാജാവ് തെരുവീഥികളിൽക്കൂടി എഴുന്നള്ളുന്ന ദിവസങ്ങളാണത്. മരതകമാലയണിഞ്ഞ് വാളുമേന്തി വരുന്ന രാജാവിനെ കാണാൻ പൊതുജനങ്ങൾ മുഴുവൻ റോഡിൽ തടിച്ചുകൂടും. ആ സമയത്ത് സുന്ദരിച്ചെല്ലമ്മയെ പതിവ് സ്ഥലങ്ങളിലൊന്നും കാണാൻ കഴിയില്ല. കാരണം ഉത്സവദിവസങ്ങളിൽ സുരക്ഷാഭടന്മാർ ചെല്ലമ്മയെ ആ പരിസരത്തു നിന്നുതന്നെ ആട്ടിപ്പായിക്കും. ആ സമയങ്ങളിൽ ആഹാരത്തിനു വേണ്ടി സമീപത്തുള്ള ഭക്ഷണശാലയിലെ ആൾക്കാരോട് വഴക്കടിച്ച് ശകാരിക്കുന്ന ചെല്ലമ്മയെ പലരും കണ്ടിട്ടുണ്ട്. നാട്ടുകാരുടെ ഭ്രാന്തി എന്നുള്ള വിളിയോ കുട്ടികളുടെ കല്ലേറോ ഒന്നുംതന്നെ ചെല്ലമ്മയെ തളർത്തിയില്ല എന്നു പറയുന്നതാവും ശരി. ചെല്ലമ്മ പിന്നേയും പ്രണയിച്ചു കൊണ്ടേയിരുന്നു മരണം വരെ…

ഒടുവിൽ ഒരു ദിവസം ഈ തെരുവിൽ അവരങ്ങ് ഉറങ്ങിപ്പോയി. ഒരിക്കലും ഉണരാത്ത വിധം എന്നെന്നേക്കുമായി ചെല്ലമ്മ ഉറങ്ങി. അന്നൊരു മഴയുള്ള പ്രഭാതമായിരുന്നു. അനന്തപുരിയുടെ പാതവക്കത്ത് ശ്രീപത്മനാഭന്റെ വടക്കേനടയിലെ നടപ്പാതയ്ക്കു സമീപത്തായി പത്മനാഭനെ നമസ്കരിച്ചതു പോലെ മഴ നനഞ്ഞ് തണുത്ത് വിറങ്ങലിച്ച് ഉറുമ്പരിച്ചു കിടന്നു സുന്ദരിച്ചെല്ലമ്മയുടെ ശവശരീരം. ജീവനറ്റ ആ ശരീരത്തിനു സമീപത്തുണ്ടായിരുന്ന ഭാണ്ഡക്കെട്ടിനുള്ളിൽ അപ്പോൾ അവശേഷിച്ചിരുന്നത് മഹാരാജാവിന്റെ ഒരു ചിത്രവും കുറേ മുഷിഞ്ഞ തുണികളും മാത്രമായിരുന്നു.
ഒടുവിൽ തണുത്തുറഞ്ഞ ആ ശരീരം തിരുവനന്തപുരം നഗരസഭയുടെ വണ്ടിയിൽ കോരിയെടുത്ത് തൈക്കാട് ശാന്തികവാടത്തിലേക്ക് കൊണ്ടുപോയി. അങ്ങനെ രാമച്ചമോ ചന്ദനത്തൈലമോ ഒന്നുമില്ലാതെ തന്നെ അനാഥശവം പോലെ ആ തമ്പുരാട്ടി എന്നെന്നേക്കുമായി എരിഞ്ഞൊടുങ്ങി. പ്രണയമെന്ന ഉമിത്തീയിൽ സ്വയം എരിഞ്ഞൊടുങ്ങിയ സുന്ദരിച്ചെല്ലമ്മ അങ്ങനെ തിരുവന്തപുരത്തുകാർക്ക് വേദനിപ്പിക്കുന്ന ഒരോർമ്മയായി ഇന്നും തുടരുന്നു…

ഈ സംഭവങ്ങൾക്കൊക്കെ മൂകസാക്ഷിയായിരുന്ന ചിത്തിരതിരുനാൾ മഹാരാജാവിന്റെ മനസ്സിൽ അവരോടുള്ള വികാരം എന്തായിരുന്നുവെന്ന് ഇന്നും ആർക്കും വ്യക്തമല്ല. തിരുവിതാംകൂറിലെ ഏറ്റവും ശക്തനും ജനങ്ങൾക്ക് ഏറെ പ്രിയപ്പെട്ടവനുമായിരുന്നു ശ്രീ ചിത്തിരതിരുനാൾ ബാലരാമവർമ്മ മഹാരാജാവ്. വേണാട്ടിലെ രാജാക്കന്മാരുടെ മരുമക്കത്തായസമ്പ്രദായ രീതി പാരമ്പര്യമായി തുടരുന്നവരായിരുന്നു തിരുവിതാംകൂറിലെ രാജാക്കന്മാരും. അതുകൊണ്ടു തന്നെ രാജാവായി അധികാരമേറ്റാൽ അവരെന്നും അവിവാഹിതരായിരിക്കും. നിലവിലുള്ള രാജാവിന്റെ സഹോദരിയുടെ മകനാവും അടുത്ത കിരീടാവകാശി. ആ വ്യവസ്ഥകൾ അവരെന്നും കർശനമായി പാലിച്ചിരുന്നു.

രാജ്യത്തിനും ജനങ്ങൾക്കായും ജീവിച്ച തിരുവിതാംകൂർ കണ്ട അതിശ്രേഷ്ഠനായ ഭരണാധികാരിയും തിരുവിതാംകൂർ ഭരിച്ച അവസാനത്തെ മഹാരാജാവും, അവിവാഹിതനായി നാടുനീങ്ങിയ തിരുവനന്തപുരത്തുകാരുടെ പൊന്നു തമ്പുരാനുമായിരുന്നു ശ്രീ ചിത്തിരതിരുനാൾ ബാലരാമവർമ്മ മഹാരാജാവ്. പ്രണയത്തിന്റെ ഭ്രാന്തിൽ സ്വയംമറന്ന് എരിഞ്ഞൊടുങ്ങിപ്പോയ സുന്ദരിച്ചെല്ലമ്മയ്ക്ക് തന്നോടുണ്ടായിരുന്ന പ്രണയമറിഞ്ഞ് നിസ്സംഗനായി നടന്ന അദ്ദേഹം ഇനിയൊരുവേള രാജാവായതു കൊണ്ടുമാത്രം പുറത്തു കാട്ടാനാവാതെ നിസ്സഹായത്തോടെ രണ്ടുതുള്ളി കണ്ണുനീരെങ്കിലും നൽകിയിട്ടുണ്ടാവില്ലേ ആ പ്രണയത്തെയോർത്ത്.

ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിന്റെ വടക്കേനട.. ഇവിടുത്തെ ഓരോ വീഥികൾക്കും പറയാനുണ്ടാകും തിരിച്ചു കിട്ടാത്ത സ്നേഹത്തിനു വേണ്ടി ഒരു ജീവിതകാലം മുഴുവൻ കാത്തിരുന്ന ചെല്ലമ്മയുടെ ഓർമ്മകൾ. ഇവിടെ വെച്ചാണ് സുന്ദരിച്ചെല്ലമ്മയുടെ അവസാനശ്വാസം എന്നെന്നേക്കുമായി നിലച്ചത്. ചെല്ലമ്മയുടെ ഓർമ്മകൾ അലയടിക്കുന്ന ഈ നടപ്പാതകളിൽ നിൽക്കുമ്പോൾ മനസ്സിൽ ഒരുതരം മരവിപ്പ് മാത്രമാണ്. ഒരുപക്ഷേ മരണത്തോടടുത്ത നിമിഷത്തിലും, അവസാനതുള്ളി ദാഹജലത്തിനായി തൊണ്ട വരണ്ടപ്പോഴും, അന്ത്യശ്വാസമെടുത്തപ്പോൾ പോലും ആ ചുണ്ടിൽ അവസാനമായി മുഴങ്ങിയത് മഹാരാജാവിന്റെ നാമം മാത്രമായിരിക്കണം..

NB : ഇതോടൊപ്പമുള്ള കവർ ചിത്രത്തിൽ കൊടുത്തിരിക്കുന്നത് സുന്ദരിച്ചെല്ലമ്മയുടെ ഒരു പ്രതീകാത്മക ചിത്രം മാത്രമാണ്. അവരുടെ യഥാർത്ഥ ചിത്രം ലഭ്യമല്ല.

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

You May Also Like

അച്ഛനോടൊപ്പം ഞാൻ കണ്ട ഊട്ടി; ഇനിയൊരിക്കലും നടക്കാത്ത ആ യാത്ര

വിവരണം – ശുഭ ചെറിയത്ത്. യാത്രയെക്കുറിച്ച് ചിന്തിക്കുമ്പോൾ മനസ്സിൽ ആദ്യം ഓടിയെത്തുക നാം നടത്തിയ ആദ്യ യാത്ര ആയിരിക്കും. ഓർമയിലെ ആദ്യയാത്ര … ചിലർക്കത് കുടുംബത്തോടൊപ്പമാകാം , ചിലർക്ക് സുഹൃത്തുക്കളോടൊപ്പമാകാം അതുമല്ലെങ്കിൽ സ്ക്കൂൾ വിനോദയാത്രയാകാം … ആ യാത്രയുടെ ബഹിർസ്ഫുരണം പിന്നീടുള്ള…
View Post

തണുപ്പ് ആസ്വദിക്കാൻ ഒരു യാത്ര പോകാം… ഇതാ ടോപ് 10 സ്ഥലങ്ങൾ

അൽപ്പം തണുപ്പ് ആസ്വദിക്കുവാനായി ഒരു ട്രിപ്പ് പോകുന്നവർ ധാരാളമാണ്. ഇത്തരത്തിൽ തണുപ്പ് ആസ്വദിക്കുവാനായി തിരഞ്ഞെടുക്കാവുന്ന മികച്ച പത്ത് സ്ഥലങ്ങളാണ് ചുവടെ കൊടുത്തിരിക്കുന്നത്. 1. മൂന്നാർ – കേരളത്തിൽ തണുപ്പ് ആസ്വദിക്കുവാൻ ഏറ്റവും അനുയോജ്യമായ സ്ഥലം മൂന്നാർ തന്നെയാണെന്നതിൽ ആർക്കും സംശയമൊന്നും ഉണ്ടാകില്ല.…
View Post

കേരളത്തിലെ പത്രങ്ങളുടെ ചരിത്രം – ഒരു മലയാളി അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ..

കേരളീയരുടെ ജീവിതത്തിന്‍്റെ ഭാഗമാണ് പത്രങ്ങള്‍. കേരളീയ സംസ്കാരത്തിന്‍്റെ ഭാഗമാണ് പത്രവായന. ഒരു ശരാശരി മലയാളിയുടെ ദിവസം ആരംഭിക്കുന്നത് ഒരു കൈയില്‍ കാപ്പിയും മറ്റേ കൈയില്‍ പത്രവുമായിട്ടാണ്. കേരളത്തിലെ സാംസ്കാരിക ചരിത്രം പരിശോധിച്ചാല്‍ ഏറ്റവും മികച്ച സംഭാവന നല്‍കിയത് പത്രങ്ങളും പ്രസിദ്ധീകരണങ്ങളുമാണെന്നു കാണാം.…
View Post

ഓൺലൈൻ തട്ടിപ്പ് നടത്താനൊരുങ്ങിയ മദാമ്മയ്ക്ക് തിരിച്ചു പണികൊടുത്ത് മലയാളി

തട്ടിപ്പുകാർ പലവിധത്തിലുണ്ടെങ്കിലും, ഇപ്പോൾ കൂടുതലും തട്ടിപ്പുകൾ നടക്കുന്നത് ഓൺലൈനിലൂടെയാണ്. ആർക്കും ഒരു സംശയവും തോന്നാതെ പറ്റിക്കാൻ മിടുക്കരായ ഇവരുടെ വലയിൽ പലരും വീണിട്ടുമുണ്ട്. ഇത്തരത്തിലൊരു ഉഗ്രൻ തട്ടിപ്പുകാരിയെ മനസ്സിലാക്കി തിരിച്ചു പണികൊടുത്ത കഥയാണ് കോഴിക്കോട് കുന്നമംഗലം സ്വദേശിയും, സാമൂഹിക പ്രവർത്തകനും, ശില്പിയുമായ…
View Post

കടുവ വേലായുധൻ – ആനപ്പണിക്കാരിലെ എക്കാലത്തെയും വലിയ അതികായൻ !!

എഴുത്ത് – വിനു പൂക്കാട്ടിയൂർ. ആനപ്പണിയിലെ എക്കാലത്തെയും വലിയ അതികായൻ ‘കടുവ വേലായുധേട്ടൻ’ ആനയില്ലാത്ത ലോകത്തേക്ക് യാത്രയായിട്ട് എട്ട് വർഷങ്ങൾ. അദ്ദേഹത്തിന്റെ ഓർമ്മകൾക്ക് മുൻപിൽ അനന്തകോടിപ്രണാമം. ഒരുപാട് പേരുടെ അഭ്യർത്ഥനയായിരുന്നു സാക്ഷാൽ കടുവയുടെ കഥകൾ കേൾക്കണമെന്ന്. എന്നാൽ എന്നെപോലെയുള്ള ഒരാൾക്ക് വലിയ…
View Post

മുഗൾ സാമ്രാജ്യം – ചക്രവർത്തിമാരും അവരുടെ അന്ത്യവും

ഇന്ത്യയിൽ ഏറ്റവും അധികം കാലം ഭരിച്ച മുസ്ലീം രാജാക്കന്മാരുടെ സാമ്രാജ്യമാണ് മുഗൾ സാമ്രാജ്യം. പിതൃത്വം വഴി മദ്ധ്യേഷ്യൻ ഭരണാധികാരി തിമൂറിന്റെ പിൻ‌ഗാമികളും, മാതൃത്വം വഴി മംഗോൾ നേതാവായ ജെംഗിസ് ഖാന്റെ പാരമ്പര്യം ഉള്ളവരുമാണ്‌ മുഗളർ. മംഗോൾ എന്നതിന്റെ പേർഷ്യൻ/ചഗതായ് രൂപഭേദമായ മുഗൾ…
View Post

കരിയെ മെരുക്കിയ കടുവ വേലായുധൻ; ആനപ്പണിക്കാരിലെ ധീരൻ – പാർട്ട് 3

ആനപ്പണിയിലെ എക്കാലത്തെയും വലിയ അതികായനായ ‘കടുവ വേലാധൻ’ എന്ന അപൂർവ്വ മനുഷ്യനെക്കുറിച്ചുള്ള കഥ. അവസാന ഭാഗം. ആദ്യഭാഗം വായിക്കുവാൻ : https://bit.ly/33rRcbo. എഴുത്ത് – വിനു പൂക്കാട്ടിയൂർ. തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ അപ്രതീക്ഷിത ഇടിയേറ്റ് പുതുനഗരം പാടത്തു വീണ്ടുകിടക്കുന്ന കർണ്ണൻ. കർണ്ണന്റെ നെഞ്ചുപിളർക്കാൻ കുതിച്ചുവരുന്ന…
View Post

1000 രൂപയ്ക്ക് താമസമടക്കം ‘മൂന്നാർ’ ടൂർ പാക്കേജുമായി കെഎസ്ആർടിസി

കേരളത്തിൽ ഏറ്റവും കൂടുതൽ വിനോദസഞ്ചാരികൾ വരുന്ന സ്ഥലങ്ങളിലൊന്നാണ് ഇടുക്കി ജില്ലയിലെ മൂന്നാർ. വിശാലമായ തേയിലത്തോട്ടങ്ങള്‍, മനോഹരമായ ചെറു പട്ടണങ്ങള്‍, വളഞ്ഞുയര്‍ന്നും താഴ്ന്നും പോവുന്ന പാതകള്‍, അവധി ആഘോഷത്തിന് യോജിച്ച സൗകര്യങ്ങള്‍, തണുത്ത കാലാവസ്ഥ, പുൽമേടുകൾ, ഷോലക്കാടുകൾ തുടങ്ങിയ ഘടകങ്ങളാണ് മൂന്നാറിന്റെ പ്രകൃതഭംഗിയ്ക്ക്…
View Post

KSRTC SWIFT വോൾവോ സ്ലീപ്പർ ബസ്സിലെ യാത്ര; ഒരു പാസഞ്ചർ റിവ്യൂ

വിവരണം – ലിജോ ചീരൻ ജോസ്. ഇരുപത്തിരണ്ടു വർഷമേ ആയിട്ടുള്ളു ഞാൻ നമ്മുടെ ആനവണ്ടിയിലെ ദീർഘദൂര യാത്രകൾ ആരംഭിച്ചിട്ട്. ഗുരുവായൂർ – കോയമ്പത്തൂർ ഫാസ്റ്റിലാണ് തുടക്കം. കുറച്ചു വര്ഷം മുൻപ് വരെ കര്ണാടക ആർ ടി സി വോൾവോ ബസുകൾ കേരളത്തിലേക്ക്…
View Post