കെഎസ്ആർടിസി പ്രേമികളുടെ ഏറ്റവും വലിയ കൂട്ടായ്മയാണ് ആനവണ്ടി ബ്ലോഗ്. ഏറെ വിജയകരമായി പൂർത്തിയാക്കിയ 2018 കുമളി മീറ്റിനു ശേഷം ആനവണ്ടി ബ്ലോഗിന്റെ 2019 ലെ ഗ്രൂപ്പ് മീറ്റ് വെച്ചത് കണ്ണൂരിൽ ആയിരുന്നു. മീറ്റ് ദിവസമായ മാർച്ച് മൂന്നാം തീയതി രാവിലെ കണ്ണൂർ കെഎസ്ആർടിസി ഡിപ്പോയിൽ എല്ലാവരും ഒത്തു കൂടുകയും എന്നിട്ട് കണ്ണൂരിലെ അതിർത്തി പ്രദേശവും ഹിൽ സ്റ്റേഷനുമായ പൈതൽമല(വൈതൽ മല) യിലേക്ക് എല്ലാവരും ചേർന്ന് ബസ്സിൽ ഒരു യാത്രയുമായിരുന്നു മീറ്റിന്റെ പ്രധാന പരിപാടികൾ.

മീറ്റിന്റെ തലേദിവസം, അതായത് മാർച്ച് രണ്ടിന് വൈകീട്ട് പുനലൂരിൽ നിന്നും കണ്ണൂരിലേക്ക് കെഎസ്ആർടിസിയുടെ സ്പെഷ്യൽ ഡീലക്സ് സർവ്വീസ് ഉണ്ടായിരുന്നു. അതിൽക്കയറിയാണ് ഞാൻ കണ്ണൂരിലേക്ക് എത്തിയത്. എന്റെ കൂടെ കൊട്ടാരക്കര സ്വദേശിയും ആനവണ്ടി ബ്ലോഗിന്റെ മേൽനോട്ടക്കാരിൽ ഒരാളുമായ അബിൻ ശശാങ്കനും അതേ ബസ്സിൽ ഉണ്ടായിരുന്നു. അങ്ങനെ ഞങ്ങൾ മൂന്നാം തീയതി വെളുപ്പിന് കണ്ണൂരിൽ എത്തിച്ചേർന്നു. ഒരു റൂമെടുത്ത് അൽപ്പസമയം വിശ്രമിച്ചതിനും ഫ്രഷായതിനും ശേഷം നേരെ കണ്ണൂർ കെഎസ്ആർടിസി ഡിപ്പോയിലേക്ക് നീങ്ങി.

അവിടെ ചെന്നപ്പോഴല്ലേ രസം, കണ്ണൂർ ഡിപ്പോ ചിലപ്പോൾ ഇതുവരെ കണ്ടിട്ടില്ലാത്ത തരത്തിലുള്ള തിരക്ക്. മുഴുവനും ആനവണ്ടി മീറ്റിനു വന്നിട്ടുള്ള ആളുകളായിരുന്നു. കേരളത്തിന്റെ വിവിധ ജില്ലകളിൽ നിന്നും, കൂടാതെ ബെംഗളൂരു പോലുള്ള കേരളത്തിനു പുറത്തുള്ള സ്ഥലങ്ങളിൽ നിന്നും ആളുകൾ മീറ്റിൽ പങ്കെടുക്കുവാനായി എത്തിയിരുന്നു. എല്ലാവരും നല്ല ആവേശത്തിലായിരുന്നു. പരിചയമുള്ളവർ പരിചയം പുതുക്കുന്നു, ഇതുവരെ നേരിൽക്കാണാത്തവർ പരിചയപ്പെടുന്നു, വിശേഷങ്ങൾ പങ്കു വെയ്ക്കുന്നു, ഫോട്ടോകളും സെൽഫികളും ഫേസ്‌ബുക്ക് LIVE വീഡിയോകളും ഒക്കെയായി ഒരു പൂരപ്പറമ്പ് തന്നെയായി മാറുകയായിരുന്നു കണ്ണൂർ ഡിപ്പോ പരിസരം. ഒന്നര വയസ്സുകാരൻ ‘സഹ്യൻ’ മുതലുള്ള കെഎസ്ആർടിസി പ്രേമികൾ കണ്ണൂർ ഡിപ്പോയിൽ പൂണ്ടു വിളയാടുകയായിരുന്നു.

ഡിപ്പോ അധികൃതർ എല്ലാവരും ഞങ്ങളോട് വളരെയധികം സഹകരണത്തോടെയായിരുന്നു പെരുമാറിയത്. സത്യത്തിൽ അവരിൽ പലർക്കും ഞങ്ങളോടൊപ്പം യാത്രയിൽ പങ്കെടുക്കണം എന്നുണ്ടായിരുന്നു. ഡ്യൂട്ടി കാരണമാണ് അവർക്ക് പങ്കുചേരാൻ സാധിക്കാതിരുന്നത്. എങ്കിലും ഡിപ്പോയിൽ അവരെല്ലാം ഞങ്ങളുടെ കൂടെ എന്താവശ്യത്തിനും സഹായങ്ങൾ വാഗ്ദാനം ചെയ്തുകൊണ്ട് ഉണ്ടായിരുന്നു. നൂറോളം ആളുകളാണ് മീറ്റിൽ പങ്കെടുക്കാനും പൈതൽമല യാത്രയ്ക്കായും കണ്ണൂരിൽ എത്തിച്ചേർന്നത്. ഇത്രയധികം ആളുകൾ ഉണ്ടായിരുന്നതിനാൽ യാത്രയ്ക്കായി രണ്ടു ബസ്സുകൾ വിട്ടു തരുവാൻ ഡിപ്പോയിൽ അഭ്യർത്ഥിച്ചെങ്കിലും നിർഭാഗ്യവശാൽ ഒരു വണ്ടി മാത്രമേ ലഭിച്ചുള്ളൂ. അങ്ങനെ ഞങ്ങൾക്ക് ലഭിച്ച ബസ്സാണ് RSK 401 എന്ന അശോക് ലൈലാൻഡ് ബസ്.

ബസ് യാത്രയ്ക്ക് തയ്യാറായി ട്രാക്കിൽ വന്നതോടെ ഗ്രൂപ്പ് അംഗങ്ങളെല്ലാം വണ്ടി അലങ്കരിക്കുന്ന തിരക്കിലായി. അങ്ങനെ മിതമായ അലങ്കാരത്തോടെ ബസ് ഞങ്ങളെയും കൊണ്ട് കണ്ണൂരിൽ നിന്നും ഏകദേശം 60 കിലോമീറ്റർ ദൂരത്തായി കർണാടക അതിർത്തിയിൽ സ്ഥിതി ചെയ്യുന്ന മലയോരപ്രദേശമായ പൈതൽമലയിലേക്ക് യാത്രയായി. കണ്ണൂർ സ്വദേശിയായ വിജയൻ ചേട്ടനായിരുന്നു ഞങ്ങളുടെ ബസ്സിന്റെ സാരഥി. കൂടെയുണ്ടായിരുന്ന കണ്ടക്ടർ ചേട്ടനും എല്ലാവരുമായി നല്ല കമ്പനിയായിരുന്നു. എല്ലാവരും ടിക്കറ്റെടുത്തു കഴിഞ്ഞപ്പോൾ മൊത്തം 100 പേർ ടിക്കറ്റെടുത്തിട്ടുണ്ട് എന്ന വിവരം കണ്ടക്ടർ ഞങ്ങളോട് പറഞ്ഞു. യാത്രാ പാസ്സുള്ള (ടിക്കറ്റ് വേണ്ടാത്ത) കെഎസ്ആർടിസി ജീവനക്കാരനായ സന്തോഷ് കുട്ടനെയും ചേർത്ത് മൊത്തം 101 യാത്രക്കാർ ഉണ്ടായിരുന്നു ബസ്സിൽ. മെമ്പേഴ്‌സിൽ കുറച്ചാളുകൾ കാറിലും മറ്റുമായി ഞങ്ങളെ പിന്തുടരുന്നുണ്ടായിരുന്നു. അവരെയും ചേർത്താൽ മൊത്തം 105 ആളുകളാകും. 2018 ലെ കുമളി മീറ്റിൽ പങ്കെടുത്തത് 75 ൽപ്പരം ആളുകളായിരുന്നു.

ബസ്സിൽ പാട്ടും ആർപ്പുവിളിയും ബഹളവുമൊക്കെയായി ഞങ്ങൾ പൈതൽ മല ലക്ഷ്യമാക്കി യാത്ര തുടർന്നു. ബസ്സിന്റെ പുറമെ നിന്നുള്ള ദൃശ്യങ്ങൾ പകർത്തുന്നതിനായി ഇടയ്ക്കുവച്ച് ഞാൻ ഒരു സുഹൃത്തിന്റെ കാറിൽ കയറുകയുണ്ടായി. ബസ്സിന്റെ കിടിലൻ ചിത്രങ്ങളും വീഡിയോകളും ഒക്കെ പകർത്തിയതിന് ശേഷം ഞാൻ വീണ്ടും ബസ്സിനകത്തേക്ക് കയറി. തുടക്കം മുതലുള്ള ആവേശം അപ്പോഴും മെമ്പേഴ്‌സിൽ കാണാമായിരുന്നു. ഇതിനിടയിലാണ് കൗതുകകരമായ മറ്റൊരു കാര്യം ഞാൻ ശ്രദ്ധിച്ചത്. കർണാടക സ്വദേശിയായ നിർമൽ കുമാർ എന്നൊരു ബസ് പ്രേമിയും ഞങ്ങളോടൊപ്പം മീറ്റിൽ പങ്കെടുക്കുവാനായി എത്തിയിരുന്നു. കർണാടക, ബെംഗളൂരു സ്വദേശിയാണെങ്കിലും നിർമ്മലിനു കൂടുതലിഷ്ടം നമ്മുടെ കെഎസ്ആർടിസി ബസ്സുകളോടാണത്രെ. സംഭവം പൊളിച്ചു.

അങ്ങനെ ഞങ്ങൾ ടൗണുകളും നിരപ്പായ പ്രദേശങ്ങളും പിന്നിട്ടു
ഹൈറേഞ്ച് ഏരിയ എത്തിച്ചേർന്നു. ഇത്രയധികം ആളുകൾ ഉണ്ടായിരുന്നതിനാൽ കുത്തനെയുള്ള കയറ്റങ്ങൾ വളരെ കഷ്ടപ്പെട്ടായിരുന്നു ബസ് കയറിയിരുന്നത്. ഡ്രൈവർ ചേട്ടനാണെങ്കിൽ ഫസ്റ്റ് ഗിയറും സെക്കൻഡ് ഗിയറും മാറിമാറി ഇട്ടുകൊണ്ടായിരുന്നു ഡ്രൈവിംഗ്. കടുത്ത ചൂടിനിടയിലും കയറ്റം കയറുവാൻ സ്റ്റീയറിംഗിനും ഗിയർ ലിവറിനുമിടയിൽ കഷ്ടപ്പെടുന്ന ഡ്രൈവർ ചേട്ടന് അൽപ്പം ആശ്വാസം ലഭിക്കുവാൻ ചിലർ പേപ്പർ മടക്കി വീശിക്കൊടുക്കുന്നുണ്ടായിരുന്നു. ഇത്തരം വ്യത്യസ്തമായ കാഴ്ചകളൊക്കെ വേറെ എവിടെ കാണും സുഹൃത്തുക്കളേ?

ചില കുത്തനെയുള്ള കയറ്റങ്ങളിൽ ബസ് വലിക്കാതെ വന്നപ്പോൾ മെമ്പേഴ്‌സിൽ ചിലരെല്ലാം ബസ്സിന്‌ പുറത്തിറങ്ങുകയും തള്ളിക്കൊടുത്ത് സഹായിക്കുകയുമൊക്കയുണ്ടായി. അങ്ങനെ കയറിക്കയറി ബസ് പൈതൽമലയിൽ എത്തിച്ചേർന്നു. അവിടെ വാഹനങ്ങൾ പാർക്ക് ചെയ്തതിനു ശേഷം പൈതൽമലയുടെ മുകളിലേക്കും വ്യൂ പോയിന്റിലേക്കും ഒക്കെ ഏകദേശം രണ്ടു കിലോമീറ്ററുകളോളം നടക്കണം. സമയക്കുറവു മൂലം ഞങ്ങൾ അവിടേക്ക് പോയില്ല. താഴെയുള്ള ഒരു റിസോർട്ടിൽ ഞങ്ങൾക്കായുള്ള ഉച്ചഭക്ഷണം ഏർപ്പാടാക്കിയിരുന്നു. മെമ്പേഴ്‌സിൽ ഒരാളും പൈതൽമല സ്വദേശിയുമായ അരുൺ പി. കുമാർ ആയിരുന്നു ഭക്ഷണത്തിന്റെ കാര്യങ്ങൾ ഏർപ്പാടാക്കുവാൻ സഹായിച്ചത്.

ഭക്ഷണത്തിനു ശേഷം കുറച്ചു സമയം കൂടി അവിടെ ചെലവഴിച്ചിട്ട് ഞങ്ങൾ വന്ന ബസ്സിൽ തന്നെ കണ്ണൂരിലേക്ക് തിരികെ മടങ്ങുവാൻ തീരുമാനിച്ചു. മടങ്ങുന്നതിനു മുൻപ് എല്ലാവരും ചേർന്നുകൊണ്ട് ഒരു ഗ്രൂപ്പ് ഫോട്ടോ എടുക്കുകയും ചെയ്തു. കൂടാതെ ഗ്രൂപ്പ് അഡ്മിനുകളായ ശബരി, ജോമോൻ, വൈശാഖ്, ആന്റണി എന്നിവർ മീറ്റിനു വന്ന അംഗങ്ങളോട് നന്ദി അറിയിച്ചുകൊണ്ട് രണ്ടു വാക്ക് പറയുകയുണ്ടായി. അങ്ങനെ ഞങ്ങൾ കണ്ണൂരിലേക്ക് മടക്കയാത്ര ആരംഭിച്ചു. അപ്പോഴും തുടക്കം മുതലേയുള്ള ആവേശം എല്ലാവരിലും ഉണ്ടായിരുന്നു എന്നതാണ് അത്ഭുതപ്പെടുത്തിയ മറ്റൊരു കാര്യം.

കണ്ണൂരിൽ തിരിച്ചെത്തിയപ്പോൾ “കെഎസ്ആർടിസി കീ ജയ്, ആനവണ്ടി കീ ജയ്..” വിളികളോടെയായിരുന്നു എല്ലാവരും പുറത്തേക്ക് ഇറങ്ങിയത്. ഡ്യൂട്ടിയാണെങ്കിലും യാത്രയിൽ ഞങ്ങളോടൊപ്പം പങ്കുചേർന്ന ജീവനക്കാരോട് എല്ലാവരും നന്ദി പറയുകയും ചെയ്തു. ഒപ്പം ഞങ്ങൾക്ക് യാത്രയ്ക്കായി ബസ് വിട്ടു തന്ന കണ്ണൂർ കെഎസ്ആർടിസി ഡിപ്പോ അധികൃതർക്കും നന്ദി അറിയിക്കുകയുണ്ടായി. അങ്ങനെ കുറച്ചു സമയത്തിനു ശേഷം എല്ലാവരും അടുത്ത മീറ്റിനു കാണാം എന്ന ഉറപ്പോടെ കണ്ണൂരിൽ നിന്നും അവരവരുടെ സ്ഥലങ്ങളിലേക്ക് യാത്രയായി. മംഗലാപുരം – പത്തനംതിട്ട സൂപ്പർ ഡീലക്സ് ബസ്സിൽ ഞങ്ങളും തിരികെ യാത്രയായി. ഈ മീറ്റിനു വന്നവർ ഉറപ്പായും അടുത്ത തവണയും വരുമെന്ന് ഉറപ്പാണ്. മീറ്റിനു വരാൻ പറ്റാതിരുന്ന സുഹൃത്തുക്കൾക്ക് ഇതൊരു നഷ്ടം തന്നെയായിരിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here