ശബരിമലയിലെ സ്ത്രീപ്രവേശനത്തെക്കുറിച്ചുള്ള ചർച്ചകളും സംഭവങ്ങളുമൊക്കെ നടക്കുന്ന സമയമാണല്ലോ ഇത്.  എന്നാൽ ഇന്ത്യയിൽ പുരുഷന്മാർക്ക് പ്രവേശനം നിഷേധിക്കപ്പെട്ട ചില ക്ഷേത്രങ്ങളുമുണ്ട്. പുരുഷന്മാർ ഒരിക്കലും പ്രവേശിക്കാൻ പാടില്ലാത്തതും, ചില പ്രത്യേക സമയങ്ങളിൽ മാത്രം പ്രവേശനം നിഷേധിക്കുന്നതുമായ ചില ക്ഷേത്രങ്ങളെ നമുക്കൊന്ന് അറിഞ്ഞിരിക്കാം.

പുഷ്‌കറിലെ ബ്രഹ്മ ക്ഷേത്രം – രാജസ്ഥാൻ : രാജസ്ഥാനിൽ പുഷ്കര്‍ തടാകത്തിന്റെ കരയിലാണ് ബ്രഹ്മ ക്ഷേത്രം നില കൊള്ളുന്നത്‌. ഇന്ത്യയില്‍ത്തന്നെ ഹിന്ദു ദൈവമായ ബ്രഹ്മാവിന് സമര്‍പ്പിച്ചിരിക്കുന്ന അപൂര്‍വ്വം ക്ഷേത്രങ്ങളില്‍ ഒന്നാണ് ഇത്. ഇത് പതിനാലാം നൂറ്റാണ്ടിലാണ് പണിയിക്കപ്പെട്ടിരിക്കുന്നത്. ക്ഷേത്രത്തില്‍ നാല് ശിരസ്സുള്ള ബ്രഹ്മാവിന്റെ ഗാംഭീര്യമുള്ള ഒരു ശില്‍പ്പമുണ്ട്. ബ്രഹ്മാവ് പുഷ്‌കർ നദിയിൽ നടത്തിയ യഗ്നത്തിൽ പത്‌നിയായ സരസ്വതി എത്തിച്ചേരാൻ വൈകിയതിനെ തുടർന്ന് അദ്ദേഹം മറ്റൊരു ദേവതയായ ഗായത്രിയെ വിവാഹം ചെയ്തു. യാഗത്തിൽ ഗായത്രി ബ്രഹ്മാവിനൊപ്പമിരിക്കുന്നത് കണ്ട സരസ്വതി ഈ ക്ഷേത്രത്തെ ശപിച്ചു. ഈ ശാപം ഭയന്ന് വിവാഹിതതരായ പുരുഷന്മാർ ഈ ക്ഷേത്രത്തിൽ പ്രവേശിക്കാറില്ല. അങ്ങനെ സംഭവിച്ചാൽ അവരുടെ വിവാഹ ജീവിതത്തിൽ വിള്ളൽ വീഴും എന്നാണ് വിശ്വാസം.

ആറ്റുകാൽ ക്ഷേത്രം – തിരുവനന്തപുരം : കേരളത്തിന്റെ തലസ്ഥാനമായ തിരുവനന്തപുരം നഗരത്തിൽ സ്ഥിതിചെയ്യുന്ന അതിപ്രശസ്തമായ ഒരു ക്ഷേത്രമാണ് ആറ്റുകാൽ ശ്രീഭഗവതി ക്ഷേത്രം. ഈ ക്ഷേത്രത്തിലെ ഏറ്റവും പ്രസിദ്ധമായ ആഘോഷമാണ് ആറ്റുകാൽ പൊങ്കാല. 30 ലക്ഷത്തിലേറ സ്ത്രീകളാണ് ഓരോ വർഷവും പൊങ്കാല മഹോത്സവത്തിനായി ഇവിടെ എത്താറുള്ളത്. ആറ്റുകാൽ പൊങ്കാല ദിവസം സ്ത്രീകൾക്ക് മാത്രമാണ് ഈ ക്ഷേത്രത്തിൽ പ്രവേശനം അനുവദിച്ചിരിക്കുന്നത്. ലോകത്തിൽ ഏറ്റവും കൂടുതൽ സ്ത്രീകൾ പങ്കെടുക്കുന്ന ഈ ചടങ്ങ് ഗിന്നസ് ബുക്കിലും ഇടം നേടി.

കന്യാകുമാരി- തമിഴ്‌നാട് : കന്യാകുമാരി ക്ഷേത്രത്തിന് കുമാരി അമ്മന്‍ ക്ഷേത്രം എന്നൊരു പേരുകൂടിയുണ്ട്. പാര്‍വ്വതീദേവിയുടെ അവതാരമായ കന്യാകുമാരി ദേവിയാണ് ഇവിടെ പ്രതിഷ്ഠ. ശിവനെ വിവാഹം ചെയ്യാന്‍ കാത്തിരുന്ന കന്യകയായ ദേവിയുടെ നാട് എന്നാണ് കന്യാകുമാരി എന്ന സ്ഥലപ്പേരിന് ആധാരം. ശിവനെ വിവാഹം ചെയ്യാന്‍ സാധിക്കാത്തതിനെ തുടര്‍ന്ന് കന്യകയായി ജീവിക്കാന്‍ തീരുമാനിക്കുകയായിരുന്നു ദേവി എന്നാണ് ഐതിഹ്യം. സന്യാസിമാരായ പുരുഷന്മാർക്ക് മാത്രമാണ് കന്യാകുമാരി ദേവീ ക്ഷേത്രത്തിൽ പ്രവേശനം. വിവാഹിതരായ പുരുഷന്മാർക്ക് ക്ഷേത്രത്തിന്റെ ഗേറ്റിനിപ്പുറം പ്രവേശനമില്ല.

മാതാ ക്ഷേത്രം – മുസാഫർപൂർ : ദുർഗാ ദേവിയെ ആരാധിക്കുന്ന ഈ ക്ഷേത്രത്തിൽ ചില പ്രത്യേക ദിവസങ്ങളിൽ പൂജാരിയടക്കമുള്ള പുരുഷന്മാർക്ക് പ്രവേശനമില്ല. എന്നാൽ മറ്റ് ദിവസങ്ങളിൽ എല്ലാവർക്കും പ്രവേശിക്കാം.

കാമരൂപ് കാമാക്യ ദേവി ക്ഷേത്രം – ആസ്സാം : ആസ്സാമിലെ ഗുവാഹത്തിയിലെ കാമാക്യ ക്ഷേത്രത്തിൽ കാളി പ്രതിഷ്ടയാണ്. പ്രത്യേക ദിവസങ്ങളിൽ ഈ ക്ഷേത്രത്തിൽ സ്ത്രീകൾക്ക് മാത്രമാണ് പ്രവേശനം. ആ സമയത്ത് സ്ത്രീകൾ തന്നെയാണ് ഇവിടെ പൂജ ചെയ്യുന്നത്. ആദിശക്തിയുടെ പ്രതാപരുദ്രയായ ഭഗവതീ സങ്കല്പമാണ് “കാമാഖ്യാദേവി”. ഒമ്പത് യോനീരൂപങ്ങളുടെ മദ്ധ്യത്തിലായി ഒരു യോനീരൂപത്തിലാണ് ശ്രീചക്രം നിരൂപിക്കുന്നത്.

ചക്കുളത്ത് കാവ് ക്ഷേത്രം – ആലപ്പുഴ : ആലപ്പുഴ ജില്ലയിലെ തലവടി പഞ്ചായത്തിൽ നീരേറ്റുപുറത്ത് സ്ഥിതി ചെയ്യുന്ന ക്ഷേത്രമാണ് ചക്കുളത്തുകാവ് ശ്രീ ഭഗവതി ക്ഷേത്രം. മുഖ്യ പ്രതിഷ്ഠ ആദിപരാശക്തി. വനദുർഗ്ഗാസങ്കൽപ്പത്തിൽ കിഴക്കോട്ട് ദർശനം. ചക്കുളത്തമ്മ എന്ന പേരിൽ ഈ മഹാമായ കേരളത്തിൽ അറിയപ്പെടുന്നു. വൃശ്ചികമാസത്തിലെ തൃക്കാർത്തിക ദിവസം പ്രസിദ്ധമായ കാർത്തിക പൊങ്കാല ഇവിടെ നടക്കുന്നു. അന്നപൂർണേശ്വരിയായ ദേവിക്ക് മുൻപിൽ സ്ത്രീകൾ ഇഷ്ടകാര്യസിദ്ധിക്കായി നടത്തപ്പെടുന്ന ദ്രാവിഡ ആചാരപ്രകാരമുള്ള ഒരു ആരാധനയാണ് പൊങ്കാല.

അന്നേ ദിവസം തന്നെയുള്ള കാർത്തികസ്തംഭം, ലക്ഷദീപം, ധനുമാസത്തിലെ മുപ്പെട്ട് വെള്ളിയാഴ്ചയുള്ള നാരീപൂജ, വിളിച്ചു ചൊല്ലിയുള്ള പ്രാർഥന, ലഹരിവിമോചന പ്രതിജ്ഞ തുടങ്ങിയ ചടങ്ങുകളും ഇവിടെയുണ്ട്. മദ്ധ്യ തിരുവതാംകൂറിലെ “സ്ത്രീകളുടെ ശബരിമല” എന്നാണു ഈ ക്ഷേത്രത്തെ വിശേഷിപ്പിക്കുന്നത് . ക്ഷേത്രത്തിലെ പ്രധാന ഉത്സവമായ പൊങ്കലിൽ നടത്തിവരാറുള്ള ഒരാഴ്ച നീണ്ടുനിൽക്കുന്ന നാരീപൂജ വളരെ പ്രസിദ്ധമാണ്. ഈ ദിവസങ്ങളിൽ സ്ത്രീകൾക്ക് മാത്രമാണ് ഇവിടെ പ്രവേശനം.

LEAVE A REPLY

Please enter your comment!
Please enter your name here