ഒരു കിടിലൻ ട്രെക്കിംഗും ടെന്റ് താമസവും നടത്തണമെന്ന് ആഗ്രഹിച്ചിരിക്കുകയായിരുന്നു ഞാൻ. വയനാട്ടിലെ പ്രമുഖ അഡ്വഞ്ചർ ആക്ടിവിറ്റികളും ട്രിപ്പ് പാക്കേജുകളും ചെയ്യുന്ന ഡിസ്‌കവർ വയനാടിനൊപ്പം ഞാൻ ആ ആഗ്രഹം സഫലീകരിക്കുകയുണ്ടായി. ഡിസ്കവർ വയനാടിന്റെ സാരഥിയും എൻ്റെ സുഹൃത്തുമായ ഹൈനാസ്‌ ഇക്കയാണ് ഇതിനു എനിക്കുവേണ്ട സഹായങ്ങൾ ചെയ്തു തന്നത്. വയനാട്ടിൽത്തന്നെയുള്ള എളിമ്പിലേരി എസ്റ്റേറ്റിൽ ടെന്റ് അടിച്ചുള്ള താമസവും ട്രെക്കിംഗും ഒക്കെയാണ് ഹൈനാസ്‌ ഇക്ക തയ്യാറാക്കിയത്. അങ്ങനെ പ്ലാൻ ചെയ്തപോലെ ഞങ്ങൾ വൈകുന്നേരം അവിടേക്ക് യാത്രയായി.

തേയിലത്തോട്ടങ്ങൾക്കിടയിലൂടെ ആരംഭിച്ച ഞങ്ങളുടെ യാത്ര പിന്നീട് പതിയെ കാട്ടിലേക്ക് കയറി. അപ്പോഴേക്കും മൊത്തത്തിൽ ഇരുട്ട് പരന്നു തുടങ്ങിയിരുന്നു. കുറച്ചുദൂരം ചെന്നപ്പോൾ ഒരു ഗേറ്റ് കാണുകയുണ്ടായി. കാട്ടിനുള്ളിൽ ഇതാരപ്പാ ഗേറ്റോക്കെ വെച്ചിരിക്കുന്നത് എന്ന എൻ്റെ സംശയം മുഖത്തു കണ്ടതുകൊണ്ടായിരിക്കണം അതിൻ്റെ വിവരം ഹൈനാസ്‌ ഇക്ക പറഞ്ഞു തന്നു. ഞങ്ങൾ സഞ്ചരിച്ചിരുന്ന ആ കാടും പരിസരവുമെല്ലാം പ്രൈവറ്റ് പ്രോപ്പർട്ടിയായിരുന്നു. പുറത്തു നിന്നുള്ളവർക്ക് അനുവാദംകൂടാതെ അവിടേക്ക് പ്രവേശനം നിഷേധിച്ചിട്ടുണ്ട്. ആരെങ്കിലും അതിക്രമിച്ചു കയറുന്നത് തടയുന്നതിനായിരുന്നു ആ ഗേറ്റ്.

ഗേറ്റും കടന്നു വീണ്ടും അത് അടച്ചിട്ടിട്ടു ഞങ്ങൾ യാത്ര തുടർന്നു. ചുറ്റിനും ഒറ്റ മനുഷ്യൻ പോലുമില്ല. ഞങ്ങൾ സഞ്ചരിച്ചിരുന്ന ജീപ്പിന്റെ ശബ്ദം ഒഴിച്ചാൽ പിന്നെ ചീവീടുകളുടെ ശബ്ദം മാത്രമായിരുന്നു അവിടെ കേട്ടിരുന്നത്. വഴിയുടെ അവസ്ഥയാണെങ്കിൽ പറയുകയേ വേണ്ട. പക്കാ ഓഫ്‌റോഡ് തന്നെയായിരുന്നു. ഫോർവീൽ വാഹനങ്ങൾക്ക് മാത്രമേ അതുവഴി സഞ്ചരിക്കുവാൻ സാധിക്കുകയുള്ളൂ. ടെന്റ് ഏരിയ എത്തുന്നതിനു തൊട്ടു മുൻപായി ഞങ്ങളുടെ ജീപ്പ് ഒരു ചെറിയ അരുവി മുറിച്ചു കടന്നു. വെള്ളം കുറവായിരുന്നതിനാൽ ജീപ്പിനു അനായാസമായി അതുവഴി പോകുവാൻ സാധിച്ചിരുന്നു. അങ്ങനെ ഞങ്ങൾ എളിമ്പിലേരി എസ്റ്റേറ്റിലെ ക്യാമ്പിൽ എത്തിച്ചേർന്നു.

നല്ല തണുപ്പും കാറ്റും ഉണ്ടായിരുന്നു അവിടെ ആ സമയത്ത്. ഏകദേശം നൂറോളം ആളുകൾക്ക് ഒരേസമയം അവിടെ ടെന്റ് ക്യാമ്പിങ് നടത്തുവാൻ സാധിക്കും. ടെന്റിനു പുറമെ പ്രത്യേകം സജ്ജീകരിച്ച കോട്ടേജുകളും റെസ്റ്റോറന്റും ഒക്കെ അവിടെയുണ്ടായിരുന്നു. ഞങ്ങൾ സാധനങ്ങളൊക്കെ റൂമിൽ വെച്ചിട്ടു പുറത്തേക്ക് ഇറങ്ങി. അവിടെ അപ്പോൾ ക്യാമ്പ് ഫയർ കത്തിക്കൊണ്ടിരിക്കുകയായിരുന്നു. പരിസരം മുഴുവനും ഇരുട്ട് ആയതിനാൽ ഞങ്ങൾക്ക് കാഴ്ച പരിമിതമായിരുന്നു. എങ്കിലും മൊബൈൽ വെളിച്ചത്തിൽ ഞങ്ങൾ അങ്ങിങ്ങായി ടെന്റുകൾ അടിച്ചിരിക്കുന്നത് കണ്ടു.

കാടായതിനാൽ മൃഗങ്ങളൊക്കെ ഇറങ്ങുമോ എന്നായിരുന്നു എൻ്റെ പേടി. പക്ഷെ അവിടെ മൃഗങ്ങളുടെ ശല്യമൊന്നും ഇല്ലെന്നു പിന്നീട് അറിയുവാൻ സാധിച്ചു. കുറച്ചു സമയം ക്യാമ്പ് ഫയർ ആസ്വദിച്ച ശേഷം ഞങ്ങൾ ഡിന്നർ കഴിക്കുവാനായി റെസ്റ്റോറന്റിലേക്ക് പോയി. നെയ്‌ച്ചോറ്, ചപ്പാത്തി, ബീഫ്, ഗോബി മഞ്ചൂരിയൻ, ദാൽ കറി, സലാഡ് എന്നിവയായിരുന്നു ഞങ്ങളുടെ ഡിന്നർ വിഭവങ്ങൾ. വലിയ ഗ്രൂപ്പുകൾ ആണെങ്കിൽ ബുഫെ ഡിന്നർ ആയിരിക്കും. ഡിന്നറിനു ശേഷം ഞങ്ങൾ ഒരു ടെന്റ് തിരഞ്ഞെടുത്തശേഷം ഉറങ്ങുവാനായി അതിലേക്ക് പോയി.

ടെന്റിനുള്ളിലെ ഉറക്കമൊക്കെ കഴിഞ്ഞു ഞങ്ങൾ അതിരാവിലെ ഉണർന്നു. എഴുന്നേറ്റു ടെന്റിനു വെളിയിലേക്ക് ഇറങ്ങിയപ്പോഴാണ് ആ സ്ഥലത്തിൻ്റെ മനോഹാരിത നേരിട്ടു ദർശിക്കുവാനായത്. ഒരു കട്ടൻ ചായയൊക്കെ കുടിച്ച് ഞാൻ അവിടമൊക്കെ ഒന്ന് ചുറ്റിക്കണ്ടു. വളരെയധികം ഫോട്ടോജെനിക് ആയിട്ടുള്ള ഒരു സ്ഥലമായിരുന്നു അത്. അരികിലൂടെ ഒഴുകുന്ന അരുവിയുടെ ശബ്ദം കാതുകൾക്ക് കുളിരു പകരുന്നുണ്ടായിരുന്നു. അരുവിയ്ക്ക് മുകളിലൂടെ ഒരു തൂക്കുപാലം തയ്യാറാക്കിയിട്ടുണ്ടായിരുന്നു.

അങ്ങനെ ഞങ്ങൾ രാവിലെ തന്നെ ഒരു ചെറിയ ട്രെക്കിംഗിന് തയ്യാറായി. അട്ടയുടെ ശല്യത്തിൽ നിന്നും മോചനം നേടുവാൻ ഡെറ്റോളും ഓയിലും കൂടി മിക്സ് ചെയ്തു പുരട്ടിയായിരുന്നു ഞങ്ങൾ നടത്തമാരംഭിച്ചത്. വയനാട്ടിലെ പ്രശസ്തമായ ചെമ്പ്ര മലയുടെ ഒരു ഭാഗത്തുകൂടിയായിരുന്നു ഞങ്ങളുടെ നടത്തം. അരുവികൾ കടന്നും പാറക്കെട്ടുകൾക്കിടയിലൂടെ നടന്നും ഞങ്ങൾ പ്രകൃതിയെ അടുത്തറിഞ്ഞുകൊണ്ടായിരുന്നു നീങ്ങിയിരുന്നത്. ചില പാറക്കെട്ടുകൾ കയറിയിറങ്ങുവാൻഞാൻ അൽപ്പം പ്രയാസപ്പെട്ടു. ആ സമയത്ത് ഹൈനാസ്‌ ഇക്ക എനിക്ക് .വേണ്ട മാർഗ്ഗനിർദ്ദേശങ്ങൾ നൽകി. കുറച്ചുകഴിഞ്ഞപ്പോൾ എനിക്ക് എല്ലാം അനായാസമായി മറികടക്കുവാൻ സാധിച്ചു.

അങ്ങനെ കറങ്ങിയടിച്ചശേഷം ഞങ്ങൾ തിരികെ ക്യാമ്പിൽ എത്തിച്ചേർന്നു. അപ്പോഴേക്കും ഞങ്ങൾക്കായുള്ള ബ്രേക്ക്ഫാസ്റ്റ് തയ്യാറായിരുന്നു. വളരെ രാജകീയമായി വെള്ളച്ചാട്ടം കണ്ടുകൊണ്ട് പ്രകൃതിയുടെ മടിത്തട്ടിലായിരുന്നു ഞങ്ങൾക്ക് ഭക്ഷണം കഴിക്കുവാനായി മേശയും കസേരയുമൊക്കെ സജ്ജീകരിച്ചിരുന്നത്. പുട്ടും പയർ കറിയും ഏത്തയ്ക്കാ റോസ്റ്റും ആയിരുന്നു ഞങ്ങളുടെ പ്രഭാത ഭക്ഷണം. ആദ്യമായിട്ടായിരുന്നു ഇത്തരത്തിൽ പ്രകൃതിയെ അടുത്തറിഞ്ഞുള്ള ഒരു ഭക്ഷണം. ഭക്ഷണത്തിനു ശേഷം ഞങ്ങൾ എസ്റേറ്റിനോട് വിടപറഞ്ഞുകൊണ്ട് അവിടെ നിന്നും തിരികെ യാത്രയായി.

സാഹസികതയും നേച്ചർ സ്റ്റേയും ഇഷ്ടപ്പെടുന്നവർക്ക് കാട്ടിനുള്ളിൽ എന്നത് പോലെ താമസിക്കുവാൻ പറ്റിയ ഒരിടമാണ് വയനാട് എളിമ്പിലേരി ക്യമ്പിങ്. താമസവും ഭക്ഷണവും ഓഫ്‌റോഡ് സഫാരിയും ട്രെക്കിംഗും അടക്കം ഒരാൾക്ക് 2500 രൂപ മുതലാണ് ഇവിടെ റേറ്റ്. കൂടുതൽ വിവരങ്ങൾക്ക് ഡിസ്കവർ വയനാടിനെ വിളിക്കാം: 9526100222.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.