വിവരണം – നിതിൻ കെ.പി.

ഹലോ… വെൽക്കം…ഇറുങ്ങിയ കണ്ണുള്ള കുറെ സ്ത്രീകൾ ചായം തേച്ച ചുണ്ടിൽ പുഞ്ചിരിച്ച്, വലിച്ചു നീട്ടിയ ഭാഷയിൽ നിങ്ങളെ സ്വീകരിച്ചു കൊണ്ടേയിരിക്കും. ആതിഥികളെ സ്വീകരിക്കുന്ന കാര്യത്തിൽ അവർ അങ്ങേ അറ്റത്തേ മര്യാദ പുലർത്തുന്നവരാണ്ചുറ്റുമൊന്നുനോക്കിയാൽ ഒരു തുണ്ട് ചവറ് പോലും കാണാനില്ലാത്ത, മനോഹരമായ, തണൽമരങ്ങൾ നിറഞ്ഞ, അരികിൽ പച്ച പുൽ വിരിച്ച, പൂന്തോട്ടങ്ങൾ നിറച്ച വീഥികളിൽ ഏതു സമയവും ആളുകളുടെ തിരക്ക് കാണാം. അതിൽ മിക്കതും സ്ത്രീകളാണ്.

ഇരുട്ടിയാൽ എങ്ങും തെരുവ് കച്ചവടക്കാരണ്. ഭക്ഷണങ്ങളുടെ ഒരു സർവകലാശാല തന്നെയാണ് ഇവിടം. കച്ചവടക്കാരിൽ ഭൂരിഭാഗവും സത്രീകൾ തന്നെ. ഇവിടെ സമയപരിധികളില്ലാതെ പകലന്തി പുലർച്ച വരെ കച്ചവടമാണ്. എത്ര വലിയ തിരക്കുള്ള റോഡിലും അവർ കാണിക്കുന്ന മര്യാദ ഏവർക്കും മാതൃകാപരമാണ്.

മങ്ങിയവെളിച്ചത്തിൽ മസാജ്… മസാജ്…എന്ന് നീട്ടി വിളിച്ച് ക്ഷണിക്കുന്ന സ്ത്രീകൾ ഇവിടുത്തെ സാധാര കാഴ്ച്ചയാണ്. രാത്രി ഉണരുന്ന വീഥികളിൽ ഉള്ള വൈവിദ്ധ്യമാർന്ന കാഴ്ച്ചകൾ മനോഹരമാണ്. ഒപ്പം ശരീരം വാടകയ്ക്ക് കൊടുക്കുന്നവരേയും വാങ്ങുന്നവരേയും നിരവധി കാണാം. അവർക്കത് മാന്യമായ ജോലിയണ്. ടുക്ക് ടുക്ക് എന്ന് പേരുള്ള ലൈറ്റ് കൊണ്ട് മിനുക്കിയ റിക്ഷകളുടെ പരക്കം പാച്ചിലുകൾ കാണാം. ഒരു പക്ഷെ വിദേശികൾ നാട്ടുകാരെക്കാളും കൂടുതലുണ്ടാവാം… ബാങ്കോക്കിലെ ആദ്യ ദിവസം എന്റെ ഓർമ്മയിൽ ഇതൊക്കെയാണ്.

കൊച്ചിയിൽ നിന്ന് ബാങ്കോക്കിലെത്തിയപ്പോൾ രാവിലെ 6 മണി കഴിഞ്ഞു. വിസ ഫീസ് ഒഴിവാക്കിയ ദിവസമാണ് എത്തിയത്. അതുകൊണ്ട് രണ്ടായിരം ബാത്ത് ആദ്യമെ ലാഭിച്ചു. ലളിതമായ വിസ നടപടിക്ക് ശേഷം പുറത്തിറങ്ങി. ബസ്സ് പിടിച്ച് കോസാൻ റോഡിൽ ബുക്ക് ചെയ്ത ഹോസ്റ്റലിൽ എത്തി. ആദ്യ ദിന പരിപാടി ബാങ്കോക്ക് സിറ്റിയിൽ തന്നെ ഉള്ള സ്ഥലങ്ങളായിരുന്നു. അതിൽ ഒന്ന് ഗ്രാന്റ് പാലസ്, എമാർൾഡ് ബുദ്ധ ,സ്ലീപ്പിംങ്ങ് ബുദ്ധ, വാട്ട് അരുൺ, എന്നിങ്ങനെയുള്ള തായ് ശൈലിയിൽ നിർമ്മിച്ച ബുദ്ധക്ഷേത്രങ്ങളും രാജകൊട്ടാരങ്ങളും ആണ്. കാഴ്ച്ചയിൽ തന്നെ നല്ല ആകർഷണമുണ്ടാക്കുന്ന നിർമിതികളാണ് എല്ലാം, എല്ലാറ്റിലേക്കും ഉള്ള എൻട്രി ചാർച്ച് കുറച്ച് കൂടുതലാണ്.

ഇവിടെ സർവ്വ മേഖലയും പെണ്ണാണ് കൈകാര്യം ചെയ്യുന്നത് എന്ന് തോനുന്നു. ബസ്സ്, ടാക്സി ഡ്രൈവർമർ ഹോട്ടൽ തൊഴിലാളികൾ, തെരുവ് കച്ചവടക്കാർ, മസാജ് പാർലറുകൾ,ബാറുകൾ ടൂർ ഓപ്പറേറ്റർ തുടങ്ങി എല്ലാം പെണ്ണിന്റെ കൈകൾക്ക് സ്വന്തം. ഏത് സമയവും ഏത് കോലത്തിലും ആരേയും പേടിക്കാതെ നടക്കൻ പെണ്ണിന്ന് ഇവിടെ സദാചാര ആങ്ങളമാരുടെ സഹായം ആവശ്യമില്ല.

നമ്മുടെ നാട്ടിലെ സീരിയലുകളുടെ സമയത്ത് ഇവടുത്തെ സ്ത്രീകൾ പലതും വച്ചുണ്ടാക്കി വിറ്റ് ബാത്തുകൾ ( തായ്കറൻസി) ഉണ്ടാക്കുന്നു, ഇവരുടെ അദ്വാനം ആ നാടിന്റെ വളർച്ചയെ സ്വാദീനിക്കുന്നുണ്ട് എന്നതിൽ സംശയമില്ല. എങ്കിലും പ്രബുദ്ധരായ മലയാളിക്ക് തായ്ലാന്റ് എന്ന് കേൾക്കും ബോൾ നെറ്റിയിൽ ചുളിവ് വീഴും. അതിന് കാരണം ഇവിടെ ഉള്ള വിശാലമായ ടൂറിസത്തിലെ ചെറിയൊരു പങ്ക് സെക്സ് ടൂറിസമാണ് എന്നതാണ്. ഭൂരിഭാഗം വരുന്ന മറ്റ് ടൂറിസം മേഖലയെ കാണാത്ത മലയാളി ഒന്ന് മാത്രം കാണുന്നു എന്നത് തന്നെ കാരണം.

രണ്ടാംദിവസം ബാങ്കോക്കിൽ നിന്നും ഏതാണ്ട് 70 km മാറി മെയ്ക്ക്ലോങ്ങ് എന്ന് പേരുള്ള റെയിൽവെ മാർക്കറ്റിലേക്കാണ് പോയത്. ട്രാക്കിന് ഇരുവശത്തും തിങ്ങിനിറഞ്ഞുള്ള പഴം, പച്ചക്കറി, ഇറച്ചി, മീൻ എന്നിവയുടെ മാർക്കറ്റും അതിന് നടുവിലൂടെ ചൂളം വിളിച്ച് മെല്ലെ നീങ്ങുന്ന ട്രെയിനും. വണ്ടി പോകാൻ കടകളുടെ പന്തലുകളും സാധനങ്ങളും മാറ്റിവെയ്ക്കുന്നു. ട്രെയിൻ പോയ ഉടൻ പൂർവ്വസ്ഥതിയിലേക്ക് മറ്റി കച്ചവടം തുടങ്ങുന്നു. നലൊരു കാഴ്ച്ചയാണത്.

കുറച്ച് പരിസരമൊക്കെ കറങ്ങിശേഷം അന്ന് രാത്രി ബസ്സിന് ഫുക്കറ്റിലേക്ക് യാത്ര തിരിച്ചു. പിറ്റേന്ന് ഉച്ചയോടെ ഫുക്കറ്റിൽ എത്തി. ഉച്ചയ്ക്ക് ശേഷം പതോങ്ങ് ബീച്ചും കുറച്ച് നഗരകാഴ്ച്ചകളുമായി നീങ്ങി രാത്രിയായി. ഫുക്കറ്റിൽ ഉള്ള ജേംസ് ബോണ്ട് ,
മായബേ ,ഫീ ഫീ എന്നീ പേരുള്ള ദ്വീപ് കാഴ്ച്ചകളാണ് ലക്ഷ്യം. അതിന് രണ്ട് തരത്തിൽ പാക്കേജുകൾ ബുക്ക് ചെയ്ത് വേണം പോകാൻ. ആയിരം ബാത്ത് വീതം കൊടുത്ത് രണ്ട് ദിവസത്തേക്കുള്ള പാക്കേജുകൾ എടുത്തു.

ഹോട്ടലിൽ വന്ന് പിക്ക് ചെയ്ത് വൈകിട്ട് ഹോട്ടലിൽ തന്നെ കൊണ്ട് വിടും വിധമാണിത്. ആദ്യം പോയത് ഫീഫീ ദ്വീപിലേക്കായിരുന്നു. കരയെ പോലെ തന്നെ അവർ കടലിനെയും സംരക്ഷിക്കുന്നത്. നമുക്ക് മനസിലാക്കാൻ സാധിക്കും. ടൂറിസ്റ്ററ്റുകളുടെ നല്ല ഒഴുക്കുള്ള സ്ഥലമായിട്ട് കൂടി ഒരു തുണ്ട് മാലിന്യം പോലും എവിടയും കാണാൻ കഴിയില്ല.

ഫീഫീ കാഴ്ച്ചകൾ വിവരണങ്ങൾക്ക് അപ്പുറമാണ്. തെളിഞ്ഞ നീല നിറമുള്ള കടലിൽ അങ്ങിങ്ങായി പച്ച പുതച്ചക്കുന്നിൻ പാളികൾ അടുക്കില്ലാതെ വീണു കിടക്കുന്ന പോലെ ഉള്ള കാഴ്ച്ചകൾ. ഒപ്പം കടലിൽ ഇറങ്ങി വർണ്ണ മത്സ്യങ്ങൾക്കൊപ്പം നീന്താം. അവയുടെ കടലിനടിയിലെ ലോകം സ്നോർക്കല്ലീൻ ചെയ്ത് കാണാം. ഇത്തരത്തിലുള്ള കുറെ കാഴ്ച്ചകൾ തന്നെ വൈകിട്ട് വരെ.

നേരത്തെ പറഞ്ഞത് പോലെ ഈ ടൂർ പാക്കേജിന്റെ നിയന്ത്രണവും നതാഷാ എന്ന ഒരു തായ്ലാന്റ് കാരിയാണ്. 45 പേരെയും കൂട്ടി സ്പീഡ് ബോട്ടിൽ അവർ കൂളായിട്ട് ചീറി പാഞ്ഞ് പോകുകയാണ്. അവളാണ് ഈ പാക്കേജിന്റെ എല്ലാം എല്ലാം…
പിറ്റേന്ന് ജേംസ് ബോണ്ട് ഐലൻഡിലേക്കാണ് പോയത്. അതും ഇത്തരത്തിലുള്ള അത്ഭുത കാഴ്ച്ചകൾ തന്നെ. എല്ലാം വിവരണങ്ങൾക്കപ്പുറമാണ് എന്നത് കൊണ്ട് വിവരിച്ച് കൊളമാക്കുന്നില്ല.. ചിത്രങ്ങൾ കഥ പറയട്ടേ…

തായ്ലാൻെറിൽ രാത്രി കാഴ്ച്ചകൾക്ക് പ്രാധാന്യം ഏറെയുണ്ട്. മിക്ക സ്ഥലങ്ങളിലും വാക്കിംങ്ങ് സ്ട്രീറ്റുകൾ സജീവമാണ്.നിശ ക്ലബ്ബുകളും, ബാറുകളും, ഡാൻസ് ബാറുകളും,തെരുവു ഭക്ഷണവും,മസാജ് സെന്ററുകളും എല്ലാം നിറഞ്ഞ സ്ഥലങ്ങളാണിവ. സെക്സ് ഷോകൾ കാണാൻ ക്ഷണിക്കുന്ന നിരവധി പേർ, പല തരം കായിക പ്രകടനങ്ങൾ കാണിച്ച് പണം ഉണ്ടാക്കുന്നവർ അങ്ങനെ പലരും. രാത്രി പത്ത് മണിയോടെ ഉണർന്ന് പുലരും വരെ തുടരുന്ന DJ പാർട്ടികളുടെ കാതടിപ്പിക്കും ചടുല താള ശബ്ദ്ധം രാത്രിയെ പകലാക്കുന്നു .

രണ്ടര ദിവസം ഫുക്കറ്റെന്ന മായസുന്ദരിയെ കണ്ട് മതിവരാതെ ഞങ്ങൾ മൂവരും അവിടുന്ന് നേരെ ചിയാങ് മായി എന്ന തായ് ലന്റിന്റെ വടക്കോട്ട് പറന്നു. 25/11/18 ന് രാവിലെ പതിനോന്നോടെ ചിയാങ്ങ് മയിൽ എത്തി. അധികം തിരക്കൊന്നും ഇല്ലാത്ത നഗരം. അന്നേ ദിവസം അവിടെയൊക്കെ കറങ്ങി തിരിഞ്ഞ് രാത്രിയാക്കി.

ഇവിടേയും കാര്യങ്ങൾക്കൊന്നും മാറ്റാമൊന്നുമില്ല. സ്ത്രീകളാണ് എങ്ങും കടയിലും, റോഡിലും, വഴികളിലും,സർവ്വതിലും.  സത്യത്തിൽ നൂറ് പെണ്ണിനെ കാണുബോൾ ഒരു പത്ത് ആണിനെ കണ്ടാലായി. ഈ നാട്ടിൽ പുരുഷൻമാർ ഇല്ലെ ?ഉണ്ടെങ്കിൽ എവിടെയാണ് അവരുടെ ഇടം ? ഇപ്പോളും ഇതിന്റെ സത്യാവസ്ഥ മനസിലായില്ല എന്നതാണ് സത്യം.

പിറ്റേ ദിവസം രാവിലെ പോയത് ഒരു വെള്ളച്ചാട്ടം കാണാനാണ്. നമ്മുടെ അതിരപ്പിള്ളിയേക്കാളും വരും എന്ന് തോന്നുന്നു. മനോഹരമായ ഒരു സ്ഥലം. ചിയാങ്ങ്മായി നമ്മുടെ വയനാടൊക്കെ പോലുള്ള ഒരു സ്ഥലമാണ്. ചെറിയ തണുപൊക്കെ ഉള്ള സ്ഥലം. പിന്നെ നല്ല പച്ചപ്പും…

നമ്മുടെ മിനി വാൻ ചുരങ്ങളൊക്കെ കടന്ന് മുകളിലോട്ട് കുതിച്ചു. നല്ല കാഴ്ച്ചകളാണ്. നല്ല തണുപ്പും വന്നു. തായ്ലാന്റിന്റെ ഏറ്റവും ഉയർന്ന സ്ഥലത്തേക്കാണ് യാത്ര. മഴക്കാടുകൾ നിറഞ്ഞ സ്ഥലം. അതിന് ഇടയിലൂടെ ഉള്ള തടികൊണ്ടുള്ള പാലത്തിലൂടെയുള്ള യാത്ര. ആസ്വദിച്ചവർ ഒരു നാളും മറക്കാത്ത യാത്ര. അത്രയ്ക്ക് മനോഹരമാണ് ഇവിടെ…

12 ഡിഗ്രി തണുപ്പിൽ തണുത്ത്, മഞ്ഞിനെ തഴുകി കുറെ നടന്നു.. കാഴ്ച്ചകൾ അതി മനോഹരമാണ് ചിത്രങ്ങളിലൂടെ ഇത്തരം കാഴ്ച്ചകൾ പങ്ക് വെയ്ക്കാം. പിന്നെ അവിടെ രണ്ട് പഗോടകളും, ട്രൈബൽ വില്ലേജും അവരുടെ ജീവിതരീതിയും കുറെ കൃഷിയിടങ്ങളും കണ്ട് മടങ്ങി. എല്ലാം നല്ല കാഴ്ച്ചകൾ തന്നെ. ഒട്ടും മതിവരാതെ ചിയാങ്ങ് മായിയോടും യാത്ര പറഞ്ഞ് നേരെ പട്ടായയിലോട്ട് വണ്ടി കയറി.

സത്യത്തിൽ ചിയാങ്ങ് റായി എന്ന് പേരുള്ള, വടക്കു തന്നെ ഉള്ള സ്ഥലമായിരുന്നു നമ്മുടെ അടുത്ത ലക്ഷ്യം. പക്ഷേ നമ്മുടെ പ്ലാനിൽ നേരത്തെ ഇല്ലാത്ത പട്ടായ ഞങ്ങളിൽ എങ്ങനെയോ കയറി വന്നു. തായ്ലാന്റിൽ വന്നിട്ട് പട്ടായയിൽ പോകാതിരിക്കുന്നത് ഈ യാത്രയിലെ ഒരു കുറവായിരിക്കും എന്ന് തോനിയതാകാം ഒരു പക്ഷെ.

ഉച്ചയോടെ പട്ടായയിൽ എത്തി. ഫ്ലോട്ടിംങ്ങ് മാർക്കറ്റൊക്കെ കറങ്ങി തിരിഞ്ഞ്, സനിച്ചൊറി ഓഫ് ട്രൂത്ത് എന്ന സ്ഥലത്ത് എത്താൻ വൈകി. അത് കൊണ്ട് അത് കാണാനും സാധിച്ചില്ല. പട്ടായയും ഉണരുന്നത് രാത്രി പത്തിന് ശേഷം തന്നെ. രാത്രി കാഴ്ച്ചകൾ എല്ലാം പഴയത് പോലെ തന്നെ. വാക്കിംങ്ങ് സ്ട്രീറ്റുകളിൽ എല്ലാതരം കച്ചവടവും പൊടിപൊടിക്കുകയാണ്. വില ഉറപ്പിച്ച് കൂട്ടികൊണ്ട് പോകാൻ കാത്ത് നിൽക്കുന്ന അനേകം സുന്ദരിമാരെ വഴിയരികിൽ കാണാം.

സത്യത്തിൽ പട്ടായ തായ്ലാന്റിലെ ചെറു ഇന്ത്യ ആണെന്ന് തോന്നും. കാരണം കൊച്ചിയിൽ നിന്നുള്ള ഫ്ലൈറ്റിൽ നിന്ന് ഇറങ്ങിയ ശേഷം ഇത്രയധികം നമ്മുടെ നാട്ടുകാരെ കാണുന്നത് പട്ടായയിലാണ്. മിക്ക ഹോട്ടലിന്റെയും ബാറിന്റെയും ബോർഡുകളിൽ ഇന്ത്യൻ പേരുകളാണ്. കഴിഞ്ഞ ദിവസം ചിയാങ്ങ്മയിൽ താമസിച്ച ഹോസ്റ്റൽ ഉടമ ഞങ്ങളോട് പറഞ്ഞത് അഞ്ച് വർഷത്തിനിടെ ആദ്യമായാണ് ഇന്ത്യക്കാരായ നമ്മൾ ഇവിടെ താമസിച്ചത് എന്ന്. ഇതും മുകളിൽ പറഞ്ഞതും കൂട്ടി വായ്ക്കേണ്ടിരിക്കുന്നു. എല്ലാവരും പട്ടായയിൽ ഒതുങ്ങി മടങ്ങുകയാണ്. തായ്ലാൻറ് എന്ന വിശ്വസുന്ദരിയെ കാണാൻ പലരും തയ്യാറല്ല, അല്ലെങ്കിൽ താല്പര്യമില്ല ! തായ്ലാന്റ് എന്നത് സെക്സിൽ മാത്രം ഒതുക്കുന്നോ ? അവരോട് കട്ട പുച്ഛം മാത്രം.

ഇനി നാളെ ഇവിടെയോട് വിട പറഞ്ഞ് നാട്ടിൽ പോകണം. 20ന് എത്തിയതാണിവിടെ. നാളെ 28/11/2018 ന് രാത്രി ഫ്ലൈറ്റ് കയറണം.  മസ്സിൽ ഫുക്കറ്റും ചിയാങ്ങ് മായും ബാങ്കോക്കും എല്ലാം തറച്ചങ്ങ് നിൽക്കയാണ്. ഇവിടുത്തെ ജനങ്ങളെ എനിക്കൊരത്ഭുതമായാണ് തോന്നിയത്. പ്രത്യേകിച്ച് സ്ത്രീകളെ. സംസ്ക്കാര സമ്പന്നരാണിവർ. ഏഴയലത്തുപോലും നമുക്ക് ഇതുവരെ എത്താൻ കഴിഞ്ഞിട്ടില്ല. സ്വന്തം കാലിൽ നിൽക്കുന്ന നല്ല നട്ടെല്ലുള്ള പെണ്ണിന്റെ നാടാണിത്. കാഴ്ച്ചകളുടെ പൂര നഗരികളുടെ നാടാണിത്. ഇനി ഇവിടത്തേക്ക് ഒരിക്കൽ കൂടി വരുമോ???? ചിന്തിച്ച് ചിന്തിച്ച് നേരം വൈകിയപ്പോൾ അങ്ങ് ഉറങ്ങിപ്പോയി.

പിറ്റേന്ന് ഉച്ചയോടെ ബാങ്കോക്കിലേക്ക് മടങ്ങി. രാത്രി എയർപോർട്ടിലേക്ക് എത്തി. ചെക്കിൻ ഒക്കെ കഴിഞ്ഞപ്പോൾ കൊച്ചിക്കുള്ള ഫ്ലൈറ്റിന്റെ ഗേറ്റിൽ നിന്നും പൊതുവെ ആ നാട്ടിൽ കാണാത്ത സ്വഭവ വ്യത്യാസങ്ങൾ കണ്ട് തുടങ്ങി. മലയാളികൾ എയർപോർട്ട് ഉദ്യോഗസ്ഥരോട് ലഗ്ഗേജ് വിഷയത്തിന് തല്ല് കൂടുന്നത് കാണാം. നല്ല ബഹളം തന്നെ…. എന്തായാലും കൊച്ചിക്കുള്ള നമ്മുടെ ഫ്ലൈറ്റ് പുറപ്പെട്ടതോട് കൂടി ബാങ്കോക്ക് എയർപോർട്ട് നിശബ്ദമായി കാണും.

ഇത് പെണ്ണിനെ തേടി എത്തുന്നവരുടെ നാടല്ല… മറിച്ച് സ്വന്തം കാലിൽ നിൽക്കാൻ നട്ടെല്ലുള്ള, അന്തസുള്ള പെണ്ണിന്റെ നാടാണിത്…. കൂടെ ഒരു പറ്റം കാഴ്ച്ചകളുടെ നാടാണ്…. ഈ തായ്നാട്.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.