“അധോലോകങ്ങൾ വാഴുന്ന മുംബൈ നഗരം.” സിനിമകളിൽ നാം കേട്ടിട്ടുള്ളതു വെച്ച് എല്ലാവർക്കും മുംബൈ അല്ലെങ്കിൽ ബോംബെ എന്നു കേൾക്കുമ്പോൾ മനസ്സിൽ വരുന്നൊരു ധാരണയാണിത്. സംഭവം ഒരുതരത്തിൽ ശരിയാണെങ്കിലും സാധാരണക്കാർക്ക് മുംബൈ ഒരു പ്രശ്നക്കാരനായ സ്ഥലമല്ല. എങ്ങനെയാണെങ്കിൽ ഇത്രയധികം മലയാളികൾ അവിടെ ജീവിക്കുമോ? പക്ഷേ മുംബൈയിൽ ചെല്ലുന്ന പുറമെ നിന്നുള്ളവർ ചെയ്യാതെ നോക്കുവാൻ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട് അവിടെ. അവ എന്തൊക്കെയാന്നെന്നു ഒന്നു നോക്കാം.

1 കാർ വാടകയ്ക്ക് എടുക്കാതിരിക്കുക : പൊതുവെ മുംബൈ നഗരം ഇന്ത്യയിലെത്തന്നെ ഏറ്റവും ട്രാഫിക് ബ്ലോക്കിന് പേരുകേട്ടയിടമാണ്. അതിനിടയിലേക്ക് കാറും റെന്റിനു എടുത്തുകൊണ്ട് ചെന്നാലുള്ള അവസ്ഥ പറയേണ്ടല്ലോ അല്ലേ. തിരക്കുകളിൽപ്പെട്ട് കാറിനു വല്ല തട്ടലോ പോറലോ ഉണ്ടായാൽ കയ്യിൽ നിന്നും അതിനു വേറെ കാശ് കൊടുക്കുകയും വേണം. എന്തിനാണ് വെറുതേ വേണ്ടാത്ത വയ്യാവേലി തലയിൽ വലിച്ചു കയറ്റുന്നത്?

2. ലോക്കൽ ട്രെയിനുകളിലെ ലേഡീസ് കമ്പാർട്ട്മെന്റിൽ കയറാതിരിക്കുക : ഇത് മുംബൈയിൽ മാത്രമല്ല എല്ലായിടത്തും പാലിക്കേണ്ട ഒരു നിയമമാണ്. പക്ഷേ മുംബൈയിൽ ആണെങ്കിൽ സ്ത്രീകളടക്കമുള്ള യാത്രക്കാരുടെ അടി വാങ്ങേണ്ടി വരികയും ഒപ്പം പോലീസ് പിടിക്കുകയും ചെയ്യും. അറിയാതെയാണെങ്കിൽ പോലും ഇത്തരത്തിൽ കോച്ച് മാറിക്കയറാതെ സൂക്ഷിക്കുക.

3. കച്ചവടക്കാരുമായി അനാവശ്യ വിലപേശൽ : ഷോപ്പിംഗിനു പേരുകേട്ട സ്ഥലങ്ങളിൽ ഒന്നാണ് മുംബൈ. ഇവിടെ നിന്നും സാധനങ്ങൾ വാങ്ങുന്നവർ വില പേശി തന്നെയാണ് വാങ്ങാറുള്ളതും. എന്നാൽ കച്ചവടക്കാരെ കളിയാക്കുന്ന രീതിയിലുള്ള വിലപേശലുകൾ ഒഴിവാക്കേണ്ടതു തന്നെയാണ്. പ്രത്യേകിച്ച് എടുത്തു പറയുകയാണെങ്കിൽ അവിടത്തെ മീൻവില്പന ക്കാരികളുടെ അടുത്ത് അധികം വർത്തമാനത്തിനു നിൽക്കരുത്. ആവശ്യമുള്ളത് താങ്ങാവുന്ന വിലയ്ക്ക് ആണെങ്കിൽ വാങ്ങിയിട്ട് പോകുക. ഇല്ലെങ്കിൽ ആദ്യമേ തന്നെ മാറുക. നമ്മുടെ നാട്ടിലെ ചേച്ചിമാരോട് വിലപേശുന്നതു പോലെ അവിടെ നടക്കില്ല.

4. ട്രാൻസ്ജെൻഡറുകളോടുള്ള പെരുമാറ്റം : മുംബൈ നഗരത്തിലും ട്രെയിനിലുമെല്ലാം ധാരാളം ട്രാൻസ്ജെൻഡറുകളെ കണ്ടുമുട്ടിയേക്കാം. അവരെ കളിയാക്കുകയോ തമാശകൾ പറയുകയോ തുടങ്ങി അനാവശ്യമായി ഇടപെടാതിരിക്കുവാൻ ശ്രദ്ധിക്കുക. ഇവർ കൂട്ടമായിട്ടാകും ചിലപ്പോൾ വരിക. അതുകൊണ്ട് കഴിവതും അവർക്കിടയിൽ പെട്ടുപോകാതിരിക്കുവാൻ ശ്രദ്ധിക്കുക.

5. മറാത്തികളോടുള്ള പെരുമാറ്റം : മറാത്തികൾ പൊതുവെ അൽപ്പം തീവ്രമായ വർഗ്ഗസ്നേഹമുള്ളവരാണ്. അതുകൊണ്ടുതന്നെ അവർക്ക് പൊതുവെ സൗത്ത് ഇന്ത്യക്കാരോട് അൽപ്പം വിവേചനം ഉണ്ടെന്നു പറയാതെ വയ്യ. നമ്മൾ അവിടെ ചെന്നിട്ട് മറാത്തികളോട് കയർക്കാനോ വംശീയമായി അധിക്ഷേപിക്കാനോ പാടില്ല. അതുപോലെ തന്നെ പൊതുവെ ഹിന്ദിക്കാരെ “ഭയ്യാ..” എന്നാണല്ലോ വിളിക്കാറുള്ളത്. ഈ വിളി ചില മറാത്തികൾക്ക് ഇഷ്ടപ്പെടുകയില്ല. കാരണം ഈ വിളി കൂടുതലും യുപി, ബീഹാർ തുടങ്ങിയ സ്ഥലങ്ങളിലുള്ളവരാണ് ഉപയോഗിക്കുന്നത്.

6. പോക്കറ്റടി : എല്ലാ തിരക്കേറിയ നഗരങ്ങളിലെയും പോലെ മുംബൈയിലും പോക്കറ്റടിയും മോഷണവും ഒക്കെയുണ്ട്. അതുകൊണ്ട് പഴ്‌സ് കഴിവതും പാന്റിന്റെ പിൻവശത്തുള്ള പോക്കറ്റുകളിൽ വെക്കാതിരിക്കുക. തിരക്കിൽപ്പെട്ടു നടക്കാതെ കഴിവതും ശ്രദ്ധിക്കണം.

7. ചില്ലറ കരുതൽ : മുംബൈയിലെ ബസ്സുകളിൽ യാത്ര ചെയ്യുകയാണെങ്കിൽ കഴിവതും ചില്ലറ കൊടുത്ത് ടിക്കറ്റെടുക്കുവാൻ ശ്രമിക്കുക. 10 രൂപ ടിക്കറ്റിനു 100 രൂപ കൊടുക്കുകയാണെങ്കിൽ ചിലപ്പോൾ കണ്ടക്ടർമാരുടെ ചീത്തവിളി കേൾക്കേണ്ടി വരും. നമ്മുടെ നാട്ടിലാണെങ്കിൽ നമുക്കും തിരിച്ചു പറയാം. പക്ഷെ അവിടെ ചെന്നിട്ട് തിരിച്ചു പ്രതികരിക്കുന്നവരെ ബസ് ജീവനക്കാർ കൂട്ടമായി ഉപദ്രവിക്കും. യൂട്യൂബിൽ തപ്പിയാൽ ഇത്തരത്തിലുള്ള സംഭവങ്ങളുടെ വീഡിയോസ് കാണാൻ സാധിക്കും.

8. അറിയാത്ത സ്ഥലങ്ങളിലേക്കുള്ള യാത്ര : മുംബൈയിൽ പുറമെ നിന്നുള്ളവർക്ക് സുരക്ഷിതത്വം കുറവായ സ്ഥലങ്ങളുണ്ട്. അവ ഏതൊക്കെയെന്നു ആദ്യമേ തന്നെ മനസ്സിലാക്കിയിരിക്കുക. ഇത്തരം സ്ഥലങ്ങളിൽ പെട്ടുപോയാൽ നിങ്ങളുടെ കയ്യിലുള്ള വിലപിടിപ്പുള്ളവ നഷ്ടപ്പെടുകയും ചിലപ്പോൾ ജീവനു തന്നെ ഭീഷണിയാകുകയും ചെയ്യും. പോലീസുകാർക്ക് പോലും പ്രത്യേകിച്ച് ഇതിൽ ഒന്നും ചെയ്യുവാൻ കഴിയില്ലെന്നു കൂടി ഓർക്കുക.

9. ബോംബെ മുംബൈ ആയി : ബോംബെ എന്ന പേര് മുംബൈ എന്നാക്കി മാറ്റിയത് അവിടത്തെ ആളുകളുടെ നിർബന്ധ പ്രകാരമാണ്. അവർക്ക് ബോംബെ എന്ന പേര് ഇഷ്ടമല്ലാത്തതു കൊണ്ടായിരുന്നു ഈ പേരുമാറ്റം. അതുകൊണ്ട് അവിടെ ചെന്നിട്ട് ഒരിക്കലും ബോംബെ എന്ന പേര് ഉച്ചരിക്കാതിരിക്കുവാൻ ശ്രദ്ധിക്കുക.

10. അപരിചിതരുടെ കാര്യത്തിൽ ഇടപെടൽ : നമ്മുടെ നാട്ടിൽ കാണുന്നതുപോലെ പേഴ്‌സ് പോയി, മരുന്ന് വാങ്ങണം തുടങ്ങിയ കദന കഥകളുമായി മുംബൈയിലും ചിലർ നിങ്ങളെ സമീപിച്ചേക്കാം. ചിലപ്പോൾ ശരിക്കും കഷ്ടതയനുഭവിക്കുന്നവർ ഉണ്ടെങ്കിലും കൂടുതലും പറ്റിക്കൽ പ്രസ്ഥാനവുമായി നടക്കുന്നവരാണ്. ഇത്തരക്കാരെ ആദ്യമേ തന്നെ ഒഴിവാക്കുക. അപരിചിതരുടെ കാര്യങ്ങളിൽ അനാവശ്യമായി ഇടപെടാതിരിക്കുക.

അപ്പോൾ ഇനി മുംബൈയിൽ പോകുമ്പോൾ ഈ കാര്യങ്ങൾ ഒന്ന് ഓർത്തിരിക്കുക. ഇതുപോലുള്ള കാര്യങ്ങൾ ശ്രദ്ധിക്കുകയാണെങ്കിൽ മുംബൈ നിങ്ങൾക്ക് വേറിട്ടൊരു അനുഭവമായിരിക്കും തരിക.

LEAVE A REPLY

Please enter your comment!
Please enter your name here