എഴുത്ത് – ജിതിൻ ജോഷി.

കഴിഞ്ഞ ദിവസം ഒരു കാഴ്ച കണ്ടു. വീതി കുറഞ്ഞ ചുരം റോഡിലൂടെ വളരെ ബുദ്ധിമുട്ടി ഓരോ വളവും കയറിപ്പോകുന്ന ഒരു ചരക്കുലോറി. അതിനു പിറകെ തുടരെ തുടരെ ഹോൺ മുഴക്കി വിടാതെ പിന്തുടർന്ന് ഓവർടേക്ക് ചെയ്യാൻ ശ്രമിക്കുന്ന ബൈക്ക് യാത്രക്കാർ. ഒരു ഹെയർപിൻ വളവിൽ വച്ചു അവർ തെറ്റായ സൈഡിലൂടെ ലോറിയെ മറികടന്നു മുന്നിൽ കയറി സഡൻ ബ്രേക്ക് ഇട്ട് ഇത്രയും നേരം സൈഡ് തരാത്തതിന് ലോറി ഡ്രൈവറെ ചീത്ത പറയുന്നു..

ജാക്കറ്റും മറ്റു റൈഡിങ് ഗിയറുകളും ധരിച്ച ഒരു ‘സൂപ്പർ ബൈക്ക് – ന്യൂ ജെനെറേഷൻ’ റൈഡർ ആണ് ബൈക്ക് യാത്രികൻ. ശരിക്കും കഷ്ടം തോന്നി.. എപ്പോളെങ്കിലും നിറയെ സാധനവുമായി പോകുന്ന ലോറി ഓടിച്ചിട്ടുണ്ടോ..?? നല്ല രസമാണ്. അത് ഓടിച്ചു നോക്കുമ്പോളേ മനസ്സിലാവൂ ചുരങ്ങളിൽ ഓരോ വളവും എങ്ങനെയാണ് കയറിപ്പോകുന്നതെന്ന്..

ശരിയാണ് നാം ബൈക്ക് അല്ലെങ്കിൽ കാർ എടുത്തു ആസ്വദിച്ചു ഡ്രൈവ് ചെയ്യുമ്പോൾ മുന്നിൽ പുക തുപ്പി, ടയർ കരിച്ചു പതുക്കെപോകുന്ന ലോറികൾ തികച്ചും അരോചകമാണ്. പക്ഷേ ഓർക്കുക, നാളുകളായി ഉറക്കമിളച്ചു അന്യ സംസ്ഥാനങ്ങളിൽ നിന്നും വരുന്ന ആ ലോറികളിൽ നമുക്കുള്ള ഭക്ഷണം തന്നെയാവും. ഒന്നോ രണ്ടോ ആഴ്ച ഈ ലോറികളുടെ വരവ് നിലച്ചാൽ അറിയാം എന്തൊക്കെയാണ് ഇങ്ങനെ നമുക്ക് മുന്നിലൂടെ കടന്നു പോകുന്നതെന്ന്.

അതുപോലെ തന്നെ മരം കയറ്റിപോകുന്ന ലോറികൾ. അവയും റോഡിന്റെ ചരിവും മറ്റു കാര്യങ്ങളും കണക്കുകൂട്ടിയാണ് വണ്ടി ഓടിക്കുക. അങ്ങോട്ടോ ഇങ്ങോട്ടോ ഒന്ന് മാറിയാൽ എളുപ്പം മറിയുന്നവയാണ് തടി കയറ്റിയ ലോറികൾ. ഇവരുടെ തൊട്ട് പിന്നിൽ പോയി ഹോൺ അടിച്ചു തെറി പറയുമ്പോൾ ഓർക്കുക, സുരക്ഷിതമായ ഒരു സ്ഥലം കാണാതെ ഇവർ വാഹനം ഒതുക്കില്ല. അഹങ്കാരം മൂലമോ ധാർഷ്ട്യം മൂലമോ അല്ല. മറിച്ചു അവരുടെയും നമ്മുടെയും സുരക്ഷയെ മുൻനിർത്തി ആണ്. കാരണം റോഡിനു ചരിവ് കൂടിയ വശങ്ങളിൽ വണ്ടി ഒതുക്കിയാൽ അത് അപകടമാണ്.

തീർച്ചയായും പൊതുവെ നിരത്തിൽ അത്യാവശ്യം മാന്യതയോടെ വാഹനം ഓടിക്കുന്നവരാണ് നാഷണൽ പെർമിറ്റ്‌ ലോറി ഡ്രൈവർമാർ. പല ദേശങ്ങളിലെ റോഡുകളിലൂടെ ജീവിതം ഓടിതീർക്കുന്ന ഇവർ നമുക്ക് ഓരോരുത്തർക്കും വേണ്ടിയാണ് കഷ്ടപ്പെടുന്നത്. നാം ബെഡ്‌റൂമിൽ എസിയുടെ കുളിരിൽ ഉറങ്ങുമ്പോൾ ഇവർ മിക്കപ്പോഴും ഉറങ്ങുക ലോറിക്കുള്ളിലോ അടിയിലോ കിടന്നിട്ടാവും.

അതുകൊണ്ട് പ്രിയ സഞ്ചാരികളെ, ഇനിയെങ്കിലും ഫുൾ ലോഡ് കയറ്റുപോകുന്ന വാഹനങ്ങളുടെ പിന്നിൽ പോയി ഹോൺ അടിച്ചു വെറുപ്പിക്കരുത്. അത് ചുരമായായാലും സാധാരണ റോഡ് ആയാലും. മാന്യമായി ഒരു വട്ടം ഹോൺ അടിച്ചാലും നിങ്ങൾ പിന്നിലുണ്ട് എന്ന് അവർക്ക് മനസിലാവും. വളരെ പെട്ടെന്ന് തന്നെ അവർ വണ്ടി നമുക്കുവേണ്ടി ഒതുക്കിത്തരും.

ചിലർക്കു ഒരു വിചാരം ഉണ്ട്.അന്യസംസ്ഥാനത്ത് രജിസ്റ്റർ ചെയ്ത വാഹനങ്ങൾ കാണുമ്പോൾ നമുക്ക് എന്തും അവരോടാകാം കാരണം ഇത് നമ്മുടെ നാടാണല്ലോ എന്ന്. എന്നാൽ ഓർക്കുക, നാളെ നമ്മളും അവരുടെ നാട്ടിൽ പെട്ടുപോകാം. അപ്പോൾ നമ്മൾ കൊടുത്ത അനുഭവങ്ങൾ തന്നെയാവും നമുക്കും തിരിച്ചുകിട്ടുക. റോഡ് ശരിക്കും ഒരു കൊടുക്കൽ വാങ്ങൽ സ്ഥലമാണ്. ബഹുമാനവും സ്നേഹവും കൈമാറ്റം ചെയ്യപ്പെടുന്നയിടം. ഒരു നിമിഷം കാത്തിരിക്കൂ.. പുഞ്ചിരിയോടെ മറികടക്കൂ..അപ്പൊ എല്ലാവർക്കും ശുഭയാത്ര.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.