പ്രൈവറ്റ് ബസ്സുകളുടെ വില്ലത്തരങ്ങൾ വാർത്തകളാകുമ്പോഴും അവയിൽ ഒരു വിഭാഗം ബസ്സുകൾ എന്നും നല്ലപേര് നിലനിർത്തിയിരുന്നു. അത്തരത്തിൽ ഒരു സർവീസാണ് ചാലക്കുടി – വാൽപ്പാറ റൂട്ടിൽ സർവ്വീസ് നടത്തുന്ന ‘തോട്ടത്തിൽ ട്രാൻസ്‌പോർട്ട്’ ബസ്സുകൾ. ഒരു പക്ഷെ എയ്ഞ്ചൽ ഡോൺ എന്നു പറഞ്ഞാലാകും ഈ ബസ്സുകളെ ആളുകൾ എളുപ്പം തിരിച്ചറിയുക. കാരണം മുൻപ് ഇവ ഏഞ്ചൽ ഡോൺ എന്ന പേരിലായിരുന്നു ഓടിക്കൊണ്ടിരുന്നത്. ചാലക്കുടിയിൽ നിന്നും അതിരപ്പിള്ളി, മലക്കപ്പാറ വഴിയാണ് ഇവയുടെ റൂട്ട്. ഈ റൂട്ടിൽ ആകെക്കൂടി രണ്ടേ രണ്ടു ബസ്സുകൾ മാത്രമേ സർവ്വീസ് നടത്തുന്നുള്ളൂ. ഒരെണ്ണം വാൽപ്പാറയ്ക്ക് പോകുമ്പോൾ മറ്റൊന്ന് അവിടുന്ന് തിരികെ ചാലക്കുടിയിലേക്ക് വരുന്ന മുറയ്ക്കായിരുന്നു സർവ്വീസ്. മലക്കപ്പാറ വരെ കെഎസ്ആർടിസിയുടെ സർവ്വീസുകൾ നടത്തുന്നുണ്ട്. പക്ഷേ വാൽപ്പാറയിലേക്ക് പോകണമെങ്കിൽ ഏഞ്ചൽ ഡോൺ തന്നെ ശരണം.

ഇവരുടെ ചരിത്രം അറിയണമെങ്കിൽ കുറച്ചധികം കാലം മുന്നിലേക്ക് നോക്കേണ്ടതായുണ്ട്. കൃത്യമായി പറഞ്ഞാൽ 1964 ലായിരുന്നു ഈ പെര്മിറ്റിന്റെ തുടക്കം. ആദ്യം ജീപ്പിൽ തുടങ്ങിയ സർവ്വീസ് പിന്നീട് ബസ്സുകളാണ് മാറുകയായിരുന്നു. BBT, ഷീജ, അഭിരാമി അങ്ങനെയൊക്കെ ബസ്സുകൾക്ക് പേരുകൾ മാറിമാറി വന്നു. എയ്ഞ്ചൽ ഡോൺ എന്ന പേരിൽ ഓടുമ്പോഴായിരുന്നു ഈ സർവ്വീസുകൾ പ്രശസ്തമായത്. ഡാം ജീവനക്കാർ, KSEB ജീവനക്കാർ, മറ്റു ജോലിയാവശ്യങ്ങൾക്കായി പോകുന്നവർ, ആദിവാസികൾ, സ്ഥലങ്ങൾ കാണുവാൻ വരുന്ന സഞ്ചാരികൾ എന്നിങ്ങനെയായിരുന്നു ഈ ബസുകളിലെ സ്ഥിരയാത്രക്കാർ. മാത്രമല്ല, മലക്കപ്പാറ പോലുള്ള ഗ്രാമങ്ങളിലേക്ക് ദിവസേന പത്രം എത്തുന്നതും ഈ ബസ്സുകളിൽ കയറിയാണത്രെ. ജീവനക്കാരുടെ പെരുമാറ്റവും മുടങ്ങാതെയുള്ള സർവ്വീസും എയ്ഞ്ചൽ ഡോണിനെ യാത്രക്കാരുടെ പ്രിയങ്കരനാക്കി.

ഏകദേശം ആറു വർഷം മുൻപാണ് എയ്ഞ്ചൽ ഡോൺ ‘തോട്ടത്തിൽ ട്രാൻസ്‌പോർട്ട്’ ആയി മാറുന്നത്. എങ്കിലും എയ്ഞ്ചൽ ഡോൺ എന്ന പേരും കൂടി ബസ്സിൽ നില നിർത്തുവാൻ ബസ്സുടമയും ജീവനക്കാരും തീരുമാനിച്ചു. പല മാധ്യമങ്ങൾ വഴിയും, സോഷ്യൽ മീഡിയകൾ വഴിയും ഈ ബസ്സുകളുടെ സേവനം കേരളമൊട്ടാകെ അറിയുവാൻ തുടങ്ങി. കേരളത്തിൻറെ നാനാഭാഗങ്ങളിൽനിന്നും കാഴ്ചകൾ കാണുവാനും ബസ്സിൽ ഒരു ദിവസം യാത്ര ചെയ്യുവാനും ഒരുപാട് ആരാധകർ വന്നു തുടങ്ങി. ജീവനക്കാരുടെ ജനങ്ങളോടുള്ള സൗഹാർദ്ദപരമായ പെരുമാറ്റം ഈ സർവ്വീസുകൾ ഒരുപാടു ഉയർച്ചയിലേക്ക് എത്തിച്ചു. മലയിടിച്ചിലും മരം വീഴ്ചയും അപകടങ്ങളും പതിവായ ദുർഘടം പിടിച്ച കാട്ടു പാതയിൽ ഒരു ദിവസം പോലും മുടങ്ങാതെ റോഡിൽ കിടക്കാതെ ബസ്സിനെ വിശ്വസിച്ചു കൂടെ യാത്രചെയ്ത യാത്രക്കാരെ കൃത്യമായി എത്തിക്കേണ്ട സ്ഥലങ്ങളിൽ സമയത്തിനു എത്തിച്ചു മാതൃകയായി തോട്ടത്തിൽ ട്രാൻസ്‌പോർട്ട്.

എന്നാൽ ഇപ്പോൾ തോട്ടത്തിലിന്റെ ഉടമയിൽ നിന്നും നാം കേൾക്കുന്ന വാർത്ത വളരെ വിഷമകരമാണ്. കെഎസ്ആർടിസിയുടെ സർവ്വീസ് മുന്നിൽ വന്നതോടെ തോട്ടത്തിലിന്റെ ഒരു സർവ്വീസ് എന്നെന്നേക്കുമായി നിർത്തുവാൻ പോകുന്നു എന്നതാണ് ആ വാർത്ത. രാവിലെ വാൽപ്പാറയിൽ നിന്ന് പുറപ്പെട്ടു ചാലക്കുടിയിൽ വന്ന് തിരിച്ചു 1.20ന് വാൽപ്പാറയിൽ പോകുന്ന സർവീസ് ആണ് നിർത്തുവാൻ പോകുന്നത്. ഈ സർവീസിനെ എങ്ങനെയെങ്കിലും തകർക്കുക എന്ന ഒറ്റ ഗൂഢലക്ഷ്യത്തോടെ വർഷങ്ങളായി ഒരുകൂട്ടം ബസ് ഓണേഴ്സു൦ കെഎസ്ആർടിസിയും ശ്രമിക്കുന്നു എന്നാണു ബസ്സുടമയും ജീവനക്കാരും ആരോപിക്കുന്നത്. എൺപതോളം പേർ ജോലി ചെയ്യുന്ന ഒരു പ്രസ്ഥാനമാണ് തോട്ടത്തിൽ ട്രാൻസ്പോർട്ട്. ഈ പ്രസ്ഥാനത്തിൽ വർഷങ്ങളോളം ജോലി ചെയ്തു, കെഎസ്ആർടിസി കയറിയ കുറച്ച് ജീവനക്കാരും,, കൂടാതെ ഉദ്യോഗസ്ഥരും, രാഷ്ട്രീയ കക്ഷിനേതാക്കളും ,ചാലക്കുടിയിലെ കുറച്ച് ബസ് മുതലാളിമാരു൦, അവരുടെ അസോസിയേഷനും ആണ് ഇതിനു പിന്നിൽ എന്നാണു ഇവരുടെ ആരോപണം.

ഈ ആരോപണങ്ങളെക്കുറിച്ച് കൂടുതലായി വിവരങ്ങൾ ഒന്നും അറിയില്ലെങ്കിലും ജനസേവകൻ എന്നു പേരുകേട്ട ഈ സർവ്വീസ് നിർത്തുന്നത് വളരെ സങ്കടകരമായ വാർത്തയാണ്. ജനങ്ങൾക്ക് യാത്രാക്ലേശമുണ്ടെങ്കിൽ കെഎസ്ആർടിസി ഓടിക്കുന്നതിൽ തെറ്റില്ല. പക്ഷേ സ്വകാര്യനായാലും ജനപ്രീതി നേടിയ നല്ലൊരു സർവ്വീസിനെ ഇല്ലാതാക്കുവാനാണ് ഈ പ്രവർത്തിയെങ്കിൽ അത് തെറ്റു തന്നെയാണ്. ഇതിനെ അനുകൂലിച്ചും പ്രതികൂലിച്ചും ഒത്തിരിയാളുകൾ സോഷ്യൽ മീഡിയയിൽ കമന്റുകൾ ഇടുന്നുണ്ട്. നമുക്ക് കേൾക്കേണ്ടത് അവരുടെ വാക്കുകളല്ല, മറിച്ച് ഈ റൂട്ടിലെ സ്ഥിര യാത്രക്കാരുടെ വാക്കുകളാണ്. കെഎസ്ആർടിസി ആയാലും പ്രൈവറ്റ് ആയാലും ജനങ്ങൾക്ക് ഉപകാരപ്രദമാകണം. ജനസേവനം തന്നെയാണ് എല്ലാ ബസ് സർവ്വീസുകളുടെയും ലക്‌ഷ്യം. ചാലക്കുടി – വാൽപ്പാറ – പഴനി റൂട്ടിൽ കെഎസ്ആർടിസിയുടെ പുതിയ സർവ്വീസ് കൂടി വരുന്നുണ്ട് എന്നാണു പുതിയ വിവരം.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.