പുരാതനമായ വേണാട് നാട്ടുരാജ്യത്തിന്റെ തലസ്ഥാനമായിരുന്നു നൂറ്റാണ്ടുകളുടെ പഴക്കമുള്ള കൊല്ലം നഗരം. അതെ കശുവണ്ടിയുടെ മണമുള്ള നമ്മുടെ സ്വന്തം കൊല്ലം. കൊല്ലം കണ്ടവന് ഇല്ലം വേണ്ട എന്നാണു ചൊല്ല്. മനോഹരമായ സ്ഥലങ്ങൾ കൊല്ലത്തും ഉണ്ടെന്നു പുറംലോകത്തെ അറിയിക്കുകയാണ് ഈ ചൊല്ല്. കൊല്ലം ജില്ലയിൽ ഒരു സഞ്ചാരിയ്ക്ക് എന്തൊക്കെ കാണാം? പ്രധാനപ്പെട്ട സ്ഥലങ്ങളുടെ ലിസ്റ്റ് ഇതാ..

1. മൺറോ തുരുത്ത് : ബാക്ക് വാട്ടർ ടൂറിസത്തിനു ഒട്ടേറെ പ്രാധാന്യമുള്ള നാടാണ് കൊല്ലം. ഏറെക്കാലം സഞ്ചാരികൾ അറിയാതെ കൊല്ലം ജില്ലയിൽ ഒളിഞ്ഞു കിടന്നിരുന്ന മുത്താണ് മൺറോ തുരുത്ത്. അഷ്ടമുടിക്കായലിനും കല്ലടയാറിനും നടുക്കു സ്ഥിതിചെയ്യുന്ന ഈ തുരുത്തിലൂടെ നിശബ്ദത ആസ്വദിച്ചുകൊണ്ട് വള്ളത്തിൽ യാത്ര ചെയ്യാം എന്നതാണ് പ്രത്യേകതയായി എടുത്തു പറയേണ്ട ഒരു കാര്യം. തിരുവിതാംകൂർ ദിവാനായിരുന്ന കേണൽ മൺറോയുടെ സ്മരണാർഥമാണ് ദ്വീപിന് ഈ പേര് ലഭിച്ചത്. എട്ട്‌ ചെറുദ്വീപുകളുടെ കൂട്ടമാണ്‌ മണ്‍റോ തുരുത്ത്‌. കൊല്ലത്തു നിന്ന്‌ 27 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന ഇവിടെ റോഡ്‌ മാര്‍ഗ്ഗവും കായല്‍ മാര്‍ഗ്ഗവും എത്താവുന്നതാണ്‌. സ്വദേശികളും വിദേശികളുമടക്കം സഞ്ചാരികൾ ഇവിടെ ചിലവഴിക്കുവാനായി വരാറുണ്ട്.

2. തെന്മല : കൊല്ലം ജില്ലയുടെ കിഴക്കു ഭാഗത്തായി തമിഴ്‌നാടിനോട് കുറച്ച് അടുത്തു കിടക്കുന്ന മനോഹരമായ ഒരു സ്ഥലമാണ് തെന്മല. ഇന്ത്യയിലെ ആദ്യത്തെ ഇക്കോ ടൂറിസം പദ്ധതിയാണ് ഇത്. പ്രകൃതിയിലധിഷ്ഠിതമായിരിക്കുക, വിദ്യാഭ്യാസമൂല്യമുള്ളതായിരിക്കുക, പരിസ്ഥിതിക്ക് കോട്ടം തട്ടാത്തതായിരിക്കുക, തദ്ദേശവാസികൾക്ക് സാമ്പത്തിക നേട്ടമുണ്ടാക്കുന്നതായിരിക്കുക എന്നീ ലക്ഷ്യങ്ങളോടെ നടപ്പിലാക്കിയ ഈ ഇക്കോടൂറിസം പദ്ധതി തെന്മലയിലേക്ക് നിരവധി സഞ്ചാരികളെ ആകർഷിച്ചുവരുന്നു. ഇക്കോ ടൂറിസം പദ്ധതി വന്നതില്‍പ്പിന്നെ കേരളത്തിലെ ടൂറിസം ഭൂപടത്തിൽ തെന്മലയും അതിന്റേതായ ഒരു സ്ഥാനം പിടിച്ചു കഴിഞ്ഞു. നിറയെ കാട്ടുതേൻ ലഭിച്ചു കൊണ്ടിരുന്ന സ്ഥലമായിരുന്നത്രെ ഇത്. അങ്ങനെ തേൻമല എന്നായിരുന്നു ആദ്യം ആളുകൾ ഈ സ്ഥലത്തെ വിളിച്ചിരുന്നത്. പിന്നീട് അത് ലോപിച്ച് തെന്മല എന്നായി മാറുകയായിരുന്നു. കല്ലട നദിയ്ക്ക് കുറുകെയായി പണിത ഡാമാണ് തെന്മലയിലെ ഒരു പ്രധാന ആകർഷണം. ഏകദേശം 31.5 കി.മീ. ദൈർഘ്യത്തിൽ കല്ലടയാറ് തെന്മലയിലൂടെ കടന്നുപോകുന്നു. കേരളത്തിലെ ഏറ്റവും വലിയ ജലസേചന പദ്ധതിയായ കല്ലട പദ്ധതി ഇവിടെയാണ്. തെന്മലയിൽനിന്ന് ജലസംഭരണിയിലൂടെ ബോട്ടിൽ യാത്ര ചെയ്താൽ ചെന്തുരുണി വന്യമൃഗസങ്കേതത്തിന്റെ ഹരിതകാന്തിയും ജൈവവൈവിധ്യവും ആസ്വദിക്കാനാകും. അന്തർസംസ്ഥാന റോഡുകളായ കൊല്ലം-ചെങ്കോട്ട, തിരുവനന്തപുരം-ചെങ്കോട്ട റോഡുകൾക്കു പുറമേ തിരുവിതാംകൂറിലെ പ്രഥമ റെയിൽപ്പാതയായ കൊല്ലം-തിരുനെൽവേലി മീറ്റർഗേജ് പാതയും തെന്മലയിലൂടെ കടന്നുപോകുന്നു. പ്രസിദ്ധമായ പതിമൂന്നു കണ്ണറ പാലം സ്ഥിതി ചെയ്യുന്നതും ഇവിടെയാണ്. തെന്മല ഇക്കോ ടൂറിസത്തിന്റെ ഭാഗമായി ഇവിടെ ധാരാളം സാഹസിക ആക്ടിവിറ്റികൾ നടത്തുന്നുണ്ട്. സഞ്ചാരികൾക്ക് ഒരു ദിവസം മുഴുവൻ ചെലവഴിക്കാവുന്ന തരത്തിലുള്ള കാഴ്ചകളാണ് തെന്മല ഒരുക്കിയിരിക്കുന്നത്.

3. പാലരുവി വെള്ളച്ചാട്ടം : കൊല്ലം ജില്ലയില്‍ തെന്മലയിൽ നിന്നും കുറച്ചു മാറി ആര്യങ്കാവിനടുത്ത് സ്ഥിതി ചെയ്യുന്ന ഒരു വെള്ളച്ചാട്ടമാണ് പാലരുവി വെള്ളച്ചാട്ടം. ഏതാണ്ട് 91 മീറ്റര്‍ ഉയരമുള്ള ഈ വെള്ളച്ചാട്ടം കേരളത്തിലെ പ്രശസ്തമായ വെള്ളച്ചാട്ടങ്ങളിൽ ഒന്നാണ്. നിബിഡവനത്തിലൂടെ ഇവിടേക്കുള്ള യാത്ര തന്നെ ഏറെ ആവേശകരമാണ്. മഞ്ഞുതേരി, കരിനാല്ലത്തിയേഴ്, രാജക്കൂപ്പ് അരുവികള്‍ സംഗമിച്ചാണ് പാലരുവി വെള്ളച്ചാട്ടം രൂപ്പപ്പെടുന്നത്. കല്ലടയാറിന്റെ തുടക്കവും ഇതുതന്നെയാണ്. തെന്മല സന്ദർശിക്കുവാൻ വരുന്ന സഞ്ചാരികൾ നിർബന്ധമായും കണ്ടിരിക്കേണ്ട ഒരു സ്ഥലമാണ് പാലരുവി വെള്ളച്ചാട്ടം. സഞ്ചാരികൾക്ക് വേണമെങ്കിൽ ഒരു ദിവസം ഇവിടെ PWD ഇൻസ്‌പെക്ഷൻ ബംഗ്ളാവിലും KTDC ഹോട്ടലിലും താമസിക്കുവാനുള്ള സൗകര്യം ലഭിക്കുന്നതാണ്.

4. ചടയമംഗലത്തെ ജടായു അഡ്വഞ്ചർ പാര്‍ക്ക് : ടെക്കീസിനും സാഹസിക പ്രേമികൾക്കും പുതിയൊരു ലോകം ഒരുക്കിയിരിക്കുകയാണ് കൊല്ലം ജില്ലയിലെ ചടയമംഗലത്തെ ജടായു അഡ്വഞ്ചർ പാര്‍ക്ക്. ജടായുപ്പാറയിൽ ഒരുങ്ങിയിരിക്കുന്ന ജടായു എർത്ത് സെൻർ എന്ന ടൂറിസം പ്രോജക്ടിന്റെ ഒരുഭാഗമാണ് ജടായു അഡ്വഞ്ചർ പാർക്ക്. ടൂറിസത്തിന്റെ ഭാഗമായിട്ടുള്ള ഈ അഡ്വഞ്ചർ പാർക്കിൽ സാഹസികതയുടെ പുതിയ അവസരങ്ങളെ ആസ്വദിക്കാൻ നിരവധി ടെക്കീസാണ് എത്തുന്നത്.

സൗത്ത് ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ റോക്ക് ക്ലൈബിംഗ്, സ്വാഭാവിക പ്രകൃതി തന്നെ സൃഷ്ടിച്ചിരിക്കുന്ന ചിമ്മിനി കൈബ്ലിംഗ് അനുഭവം, റാപ്പല്ലിംഗ്, ബോൾഡറിംഗ് എന്നിങ്ങനെ പ്രകൃതിയുടെ നടുവിൽ ഒരുക്കിയിരിക്കുന്ന പെയിന്റ് ബോൾ ഗെയിം വരെ ചേർന്നതാണ് ഈ പാർക്ക്. ഇതുപോലെ ഇരുപതോളം ഗെയിമുകൾ അഡ്വഞ്ചർ പാർക്കിലുണ്ട്. രാവിലെ തുടങ്ങുന്ന ഗെയിമുകൾ പൂര്‍ത്തീകരിച്ചാൽ ജടായുപ്പാറയിലെ പ്രകൃതി ഭംഗിയിലൂടെ സാഹസികമായ ട്രെക്കിംഗും ഒരുക്കിയിട്ടുണ്ട്.

ഒരാള്‍ക്ക് 2500 രൂപയാണ് ഇവിടെ ഒരാള്‍ക്ക് ചാര്‍ജ് ഈടാക്കുന്നത്. പത്തോ അതിലധികമോ ഉള്ള ഗ്രൂപ്പായി വരികയാണെങ്കില്‍ ടിക്കറ്റ് ചാര്‍ജില്‍ ഇളവുകള്‍ ലഭിക്കുന്നതാണ്. മൊബൈല്‍ഫോണ്‍, ക്യാമറ മുതലായവ സ്വന്തമായി ഉപയോഗിക്കുവാന്‍ ഇവിടെ സാധ്യമല്ല. ഫോട്ടോകള്‍, വീഡിയോകള്‍ എന്നിവ എടുക്കണം എന്നുണ്ടെങ്കില്‍ ഇവിടെ പാര്‍ക്കിലെ ആളുകള്‍ അവ എടുത്ത ശേഷം നമുക്ക് ഇമെയില്‍ അയച്ചു തരും.

Rock Climbing ആണ് ഇവിടെ ഏറ്റവും രസകരമായി തോന്നുന്നത്. ഒരു പാറയുടെ മേല്‍ കയറില്‍ പിടിച്ചു കയറിയശേഷം മുകളില്‍നിന്നും കയറിലൂടെ തന്നെ പയ്യെ മറുവശത്തേക്ക് ഇറങ്ങുന്നതാണ് Rock Climbing എന്ന ടാസ്ക്. ഇതുപോലെതന്നെ തകര്‍പ്പനാണ് മറ്റു ടാസ്ക്കുകളും.

ഇതിനെല്ലാം ഇടയില്‍ തകര്‍പ്പനായൊരു ട്രെക്കിംഗും ഇവിടെയുണ്ട്. ട്രെക്ക് ചെയ്ത് മുകളില്‍ എത്തിയാല്‍ കാണുന്ന കാഴ്ച പറഞ്ഞറിയിക്കാന്‍ പറ്റാത്തതാണ്. അത് നിങ്ങള്‍ നേരിട്ട് പോയി അനുഭവിച്ചറിയണം. ശരിക്കും ഗ്രൂപ്പായി വന്നു നന്നായി എന്‍ജോയ് ചെയ്യാന്‍ പറ്റിയ ഒരു സ്ഥലമാണ് ജടായു അഡ്വഞ്ചർ പാര്‍ക്ക്. ബുക്കിംഗിനായി വിളിക്കാം – 0474 2477077, 9072588713. കൂടുതല്‍ വിവരങ്ങള്‍ക്ക് http://jatayuadventurecenter.com എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക.

5. തിരുമുല്ലവാരം ബീച്ച് : കൊല്ലത്തു വന്നിട്ട് ബീച്ച് കണ്ടില്ലെന്ന പരാതി ആർക്കും വേണ്ട. മഹാത്മാഗാന്ധി ബീച്ച് എന്നറിയപ്പെടുന്ന കൊല്ലം ബീച്ച് നഗരത്തിനു തൊട്ടടുത്താണ്. ഇവിടെ ബീച്ചിനോപ്പം തന്നെ ഉദ്യാനവും ഉണ്ട്. കേരളത്തിലെ ഏറ്റവും വലിയ വിളക്കുമാടമായ തങ്കശ്ശേരി ഇതിനു സമീപത്തായാണ് സ്ഥിതി ചെയ്യുന്നത്. അതല്ലെങ്കിൽ കൊല്ലത്തു നിന്നും ആറു കിലോമീറ്റർ ദൂരെയായി സ്ഥിതി ചെയ്യുന്ന തിരുമുല്ലവാരം ബീച്ചിലേക്ക് പോകാം. ലോകത്തിലെ ഏറ്റവും മനോഹരമായ പത്തു കടപ്പുറങ്ങളിൽ ഒന്നായി ഡിസ്കവറി ചാനൽ തിരുമുല്ലാവാരത്തിനെ തിരഞ്ഞെടുത്തിട്ടുണ്ട് എന്നത് നമുക്കെല്ലാം അഭിമാനിക്കാവുന്ന കാര്യമാണ്.

6. റോസ് മല : കൊല്ലത്തു നിന്നും തമിഴ്‌നാട്ടിലെ ചെങ്കോട്ടയിലേക്കുള്ള പാതയിൽ ആര്യങ്കാവിൽ നിന്നും വലത്തേക്ക് തിരിഞ്ഞു പത്തു പന്ത്രണ്ടോളം കിലോമീറ്റർ സഞ്ചരിച്ചാൽ റോസ്മല എന്ന ഉൾഗ്രാമത്തിലെത്താം. കാടിനുള്ളിലൂടെയുള്ള കുണ്ടും കുഴിയും നിറഞ്ഞ വഴികളിലൂടെയാണ് ഇവിടേക്കുള്ള യാത്ര. ചെങ്കുത്തായ കയറ്റം, പാറക്കല്ലുകൾ, ചപ്പാത്തുകൾ തുടങ്ങി വഴിനീളെ ദുര്ഘടങ്ങൾ ഏറെയാണ്. എന്നിരുന്നാലും കെഎസ്ആർടിസി ഇവിടേക്ക് മുടങ്ങാതെ സർവ്വീസ് നടത്തുന്നുണ്ട്. ചില സമയങ്ങളിൽ കുത്തനെയുള്ള കയറ്റങ്ങൾ കയറാൻ ബസ് വരെ പാടുപെടുന്നതായി കാണാം. ഇനി നടന്നു പോകുവാനാണ് ഉദ്ദേശമെങ്കിൽ നിങ്ങൾക്ക് അതൊരു കിടിലൻ ട്രെക്കിംഗും ആകാം. അല്ലെങ്കിൽ പിന്നെ ജീപ്പ് വിളിച്ചു വരണം. ഇവിടെ നിന്നും ചെങ്കോട്ടയ്ക്ക് ഒരു ജീപ്പ് റോഡുണ്ട്. പത്തിൽ താഴെ കിലോമീറ്ററുകൾ നടന്നാല്‍ ചെങ്കോട്ടയിലെത്താം എന്നാണു പറയുന്നത്. അതുവഴി തമിഴ്‌നാട്ടുകാര്‍ ഇങ്ങോട്ടു വരാറുണ്ടത്രേ. എന്തായാലും റോസ് മല ഒരനുഭവം തന്നെയായിരിക്കും എന്നുറപ്പാണ്. ഇവിടേക്കുള്ള കെഎസ്ആർടിസി ബസ് സമയങ്ങൾ അറിയുവാനായി www.aanavandi.com സന്ദർശിക്കുക.

ഇതൊക്കെ കൂടാതെ വേറെയും ധാരാളം സ്ഥലങ്ങൾ കൊല്ലം ജില്ലയിലുണ്ട്. അവ ഇനി വേറൊരിക്കൽ പരിചയപ്പെടാം. ഇനി കൊല്ലം ജില്ലാ സന്ദർശിക്കുമ്പോൾ മുകളിൽ പറഞ്ഞ ഈ സ്ഥലങ്ങളിൽ ഒന്ന് പോകുവാൻ മറക്കരുതേ.

കവർ ചിത്രം – രാജ് മോഹൻ.

LEAVE A REPLY

Please enter your comment!
Please enter your name here