ഭൂട്ടാനിലെ പാറോയിലെ ഞങ്ങളുടെ ആദ്യ പകൽ പുലർന്നു.. പുരാതനവും പ്രസിദ്ധവുമായ പാരോ ടക്ത്സങ്ങ് അഥവാ ടൈഗര്‍ നെസ്റ്റിലേക്ക് ആയിരുന്നു ഞങ്ങളുടെ അന്നത്തെ യാത്ര. ഞങ്ങൾ താമസിച്ചിരുന്ന ബംഗ്ലാവിൽത്തന്നെ കാർ ഇട്ടിട്ടു ഞങ്ങൾ ട്രെക്കിംഗ് ആരംഭിക്കുന്ന സ്ഥലത്തേക്ക് നടക്കുവാൻ തീരുമാനിച്ചു.

അങ്ങനെ നടന്നു ഞങ്ങൾ ട്രെക്കിംഗ് പോയിന്റിൽ എത്തിച്ചേർന്നു. 500 രൂപയാണ് അവിടത്തെ എൻട്രി ഫീസ്. അഞ്ചു വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് ഫീസുകൾ ഇല്ല. ഞങ്ങൾ 1500 രൂപ കൊടുത്ത് മൂന്നു ടിക്കറ്റുകൾ എടുത്തു പുറത്തേക്ക് ഇറങ്ങിയപ്പോഴേക്കും മഴ ചെറുതായി പൊടിഞ്ഞു തുടങ്ങിയിരുന്നു. ടൈഗർ നെസ്റ്റിലേക്ക് പോകുന്നവർ ശരീരം ഭൂരിഭാഗവും മറയ്ക്കുന്ന തരത്തിലുള്ള വസ്ത്രങ്ങളായിരിക്കണം ധരിക്കേണ്ടത്. ഈ കാര്യത്തിൽ അവർ ഞങ്ങൾക്ക് വിശദമായ ക്‌ളാസ് എടുത്തു തന്നു.

ട്രെക്കിംഗിനായി ധാരാളം ഇന്ത്യക്കാർ ഉണ്ടായിരുന്നു. നടക്കുവാൻ ബുദ്ധിമുട്ടുള്ളവർക്ക് കുതിരപ്പുറത്തു കയറി വേണമെങ്കിൽ മുകളിലെത്താം. അതിനായി 500 രൂപയാണ് കുതിരയുടെ ചാർജ്ജ്. സ്ത്രീകളും കുട്ടികളുമെല്ലാം കുതിരപ്പുറത്തു കയറി പോകുന്ന കാഴ്ചകൾ ഞങ്ങൾ കണ്ടു. ഈ ഒരു ട്രെക്കിംഗ് നമ്മുടെ ജീവിതത്തിലെ ഒരു കിടിലൻ അനുഭവം തന്നെയായിരിക്കും. മനോഹരമായ കാഴ്ചകൾ കണ്ടുകൊണ്ട് ഞങ്ങൾ കയറ്റം കയറൽ തുടർന്നു.

അതിനിടെ കുതിരപ്പുറത്തു വരുന്നവർ കോൺവോയ് അടിസ്ഥാനത്തിൽ കയറി വരുന്നുണ്ടായിരുന്നു. ഞങ്ങൾ അവരെ കടത്തിവിട്ടുകൊണ്ട് പതിയെ കാഴ്ചകളെല്ലാം കണ്ടും പകർത്തിയും എല്ലാം യാത്ര തുടർന്നു. നമ്മുടെ നാട്ടിലെ ടൂറിസ്റ്റ് കേന്ദ്രങ്ങളിലും മറ്റുമൊക്കെ മാലിന്യങ്ങളെല്ലാം ഭക്ഷണാവശിഷ്ടങ്ങളുമൊക്കെ കാണാം. എന്നാൽ അവിടെ ഞങ്ങൾക്ക് അത്തരത്തിൽ ഒന്നുംതന്നെ കാണുവാൻ സാധിച്ചില്ല. മാലിന്യങ്ങളെല്ലാം അവിടങ്ങളിലായി സ്ഥാപിച്ചിട്ടുള്ള വേസ്റ്റ് ബിന്നുകളിലായിരുന്നു എല്ലാവരും നിക്ഷേപിച്ചിരുന്നത്.

കയറുന്നതിനിടെ ചിലരൊക്കെ അവിടിവിടെയായി വിശ്രമിക്കുന്നതു കണ്ടു. അവരോടെല്ലാം ഞങ്ങൾ വിശേഷങ്ങൾ പങ്കുവെച്ചുകൊണ്ടായിരുന്നു യാത്ര തുടർന്നത്. കുറേ കയറിയപ്പോൾ ഞങ്ങളെല്ലാം നന്നായി കിതച്ചുതുടങ്ങി. ട്രെക്കിംഗ് പാതയ്ക്കരികിൽ കണ്ട ഒരു കുടിവെള്ള ശ്രോതസിൽ നിന്നും ഞങ്ങൾ വെള്ളം കുടിച്ചും മുഖം കഴുകിയുമെല്ലാം ക്ഷീണമകറ്റി. അങ്ങനെ ഞങ്ങൾ ഇടയ്ക്കിടയ്ക്ക് ഇന്നും ഇരുന്നുമൊക്കെ ക്ഷീണമകറ്റി കയറിക്കൊണ്ടിരുന്നു. നല്ല കിടിലൻ കാഴ്ചകളും വ്യൂ പോയിന്റുകളുമൊക്കെ ഞങ്ങൾക്ക് കാണുവാൻ സാധിച്ചിരുന്നു.

ഒടുവിൽ ഞങ്ങൾ മുകളിലെ ഒരു എൻട്രൻസിൽ എത്തിച്ചേർന്നു. അവിടെയൊരു കഫറ്റേരിയ ഉണ്ടായിരുന്നു. ആ പരിസരത്തു നിന്നും മലമുകളിലായി ഞങ്ങൾക്ക് പോകേണ്ടിയിരുന്ന ടൈഗർ നെസ്റ്റ് കാണുന്നുണ്ടായിരുന്നു. മലമുകളിൽ സ്ഥിതി ചെയ്യുന്നതായിരുന്നതിനാൽ കഫറ്റേരിയയിലെ ഭക്ഷണ പദാർത്ഥങ്ങൾക്ക് നല്ല വിലയായിരുന്നു. അവരെ കുറ്റം പറയാനും പറ്റില്ല. സാധനങ്ങളൊക്കെ കഴുതപ്പുറത്തും കുതിരപ്പുറത്തുമൊക്കെയായി കൊണ്ടുവരണ്ടേ…

കഫറ്റേരിയ കഴിഞ്ഞു പിന്നീട് അങ്ങോട്ട് അത്യാവശ്യം നല്ല വലിയ കയറ്റമായിരുന്നു. വഴിയരികിൽ ലഭ്യമായിരുന്ന മലമുകളിൽ നിന്നും വരുന്ന തണുത്ത വെള്ളമായിരുന്നു ഞങ്ങളുടെ എനർജ്ജി. കയറ്റം കയറി വയ്യാതായെങ്കിലും സലീഷേട്ടൻ എനിക്ക് ധൈര്യവും ആത്മവിശ്വാസവുമൊക്കെ പകർന്നു. അങ്ങനെ ഞങ്ങൾ ഒരു കിടിലൻ വ്യൂ പോയിന്റിൽ എത്തിച്ചേർന്നു. ഇവിടെ നിന്നുള്ള ചിത്രങ്ങളാണ് നമ്മൾ കൂടുതലായും ടൈഗർ നെസ്റ്റിന്റേതായി കണ്ടിട്ടുള്ളത്. ഒരു വലിയ മലയുടെ ചെങ്കുത്തായ ചെരിവിൽ ആയിരുന്നു ടൈഗർ നെസ്റ്റ് സ്ഥിതി ചെയ്യുന്നത്.

ഞങ്ങളുടെ ട്രെക്കിംഗിനിടെ എമിൽ ഏതോ ഷോർട്ട് കട്ടൊക്കെ കയറി ഞങ്ങളെക്കാളും വളരെ മുൻപേ തന്നെ അവിടെ എത്തിയിരുന്നു. അവിടെ കുറച്ചു നേരം വിശ്രമിച്ചതിനു ശേഷം ഞങ്ങൾ അവിടെ നിന്നും കുത്തനെയുള്ള പടികൾ ഇറങ്ങി ടൈഗർ നെസ്റ്റിലേക്ക് നീങ്ങി. ധാരാളം ടൂറിസ്റ്റുകൾ വരുന്ന സ്ഥലമാണെങ്കിലും ഒട്ടും വാണിജ്യവൽക്കരിക്കാത്ത ഇടം കൂടിയായിരുന്നു ടൈഗർ നെസ്റ്റ്. അതിന്റെ ഗുണങ്ങൾ അവിടെ കാണാനുമുണ്ടായിരുന്നു. ആരുടേയും ശല്യമോ ഒച്ചപ്പാടോ ഇല്ലാതെ ശാന്തസുന്ദരമായ അന്തരീക്ഷം…

ഞങ്ങൾ മൊണാസ്ട്രിയ്ക്ക് അകത്തേക്ക് കയറി കാഴ്ചകളെല്ലാം കണ്ടു. നമ്മുടെ നാട്ടിലെ ക്ഷേത്രങ്ങളിൽ കയറിയ പോലുള്ള പ്രതീതി തന്നെയായിരുന്നെങ്കിലും അൽപ്പം വ്യത്യസ്തത കൂടിയുണ്ടായിരുന്നു അവിടെ. അവിടെ ഫോട്ടോഗ്രാഫി അനുവദനീയമല്ലാത്തതിനാൽ ഒന്നും തന്നെ പകർത്തുവാൻ സാധിച്ചില്ല. അകത്തുണ്ടായിരുന്ന ഗൈഡ് ഞങ്ങൾക്ക് ടൈഗർ നെസ്റ്റിനെക്കുറിച്ചുള്ള വിവരങ്ങളെല്ലാം പറഞ്ഞു മനസിലാക്കി തന്നു. അങ്ങനെ ഞങ്ങൾ കുറെ സമയം അവിടെ ചെലവഴിച്ചതിനു ശേഷം വന്ന വഴിയേ തന്നെ താഴേക്ക് ഇറങ്ങുവാൻ ആരംഭിച്ചു.

ഭൂട്ടാനിൽ വരുന്നവർ തീർച്ചയായും കണ്ടിരിക്കേണ്ട ഒരു സ്ഥലമാണ് ടൈഗർ നെസ്റ്റ് അഥവാ പാരോ ടക്ത്സങ്ങ്. ഇവിടേക്ക് വരുന്നവർ ഒരു ദിവസം മുഴുവനായും ഇതിനായി മാറ്റിവെയ്‌ക്കേണ്ടതായുണ്ട്. എന്നാലേ ശരിക്കു കണ്ടാസ്വദിക്കുവാൻ സാധിക്കുകയുള്ളൂ. ഒരു ദിവസം മുഴുവൻ നീണ്ടുനിൽക്കുന്ന ഈ ട്രെക്കിംഗ് നമുക്ക് നൽകുന്ന അനുഭവങ്ങൾ പറഞ്ഞറിയിക്കാൻ മുകളിൽ കൊടുത്തിട്ടുള്ള വീഡിയോ മതിയാവില്ല എന്നോർക്കുക.

Our Sponsors: 1) Dream Catcher Resort, Munnar: 9745637111. 2) SR Jungle Resort, Anaikatty: 9659850555, 8973950555. (Follow to get discounts: https://www.instagram.com/sr_jungle_resort_coimbatore/). 3) Goosebery Mens Apparel: http://goosebery.co.in(TECHTRAVELEAT എന്ന കൂപ്പൺ കോഡ് ഉപയോഗിച്ചാൽ 25% ഡിസ്‌കൗണ്ട് ലഭിക്കും). 4) Rotary Club Kochi United. 5) DBS Automotive: 97452 22566. 6) Kairali Ford: 81380 14455. Special Thanks to 1) Le Meridien, Kochi. 2) Redband Racing, Thrissur. 3) Nexus Communication, Penta Menaka, Kochi.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.