ഭൂട്ടാനിലെ ട്രോംഗ്സ നഗരത്തിലായിരുന്നു ഞങ്ങളുടെ താമസം. രാവിലെ ഉറക്കമുണർന്നപ്പോൾ അതിമനോഹരമായ ദൃശ്യമായിരുന്നു ഞങ്ങളെ സ്വാഗതം ചെയ്തത്. ശരിക്കും സ്വർഗ്ഗത്തിലാണോ നമ്മൾ എന്നു തോന്നിപ്പിക്കും വിധമായിരുന്നു ആ കാഴ്ചകൾ. നോക്കി നിൽക്കെ അവിടമാകെ കോടമഞ്ഞു പരക്കുവാൻ തുടങ്ങി. അങ്ങനെ ഞങ്ങൾ റെഡിയായി ഹോട്ടൽ റൂം വെക്കേറ്റ് ചെയ്തു പുറത്തിറങ്ങി. ഹോട്ടൽ ചാർജ്ജ് എല്ലാം കൂടി ഏകദേശം 4000 രൂപയായി.

കാറിൽ ഇന്ധനം കുറവായിരുന്നതിനാൽ ഞങ്ങൾ അടുത്തുകണ്ട ഒരു പമ്പിൽ ഡീസൽ അടിക്കുവാനായി കയറി. ഇന്നത്തെ പോലത്തെ ഡിജിറ്റൽ പമ്പ് ആയിരുന്നില്ല അത്. മോട്ടോർ ഓൺ ചെയ്തു ഇന്ധനം അടിക്കുന്ന രീതിയായിരുന്നു അവിടെ. സാധാരണ മീറ്ററിൽ അടിക്കുന്ന ഇന്ധനത്തിന്റെ അളവ് മാത്രം പ്രത്യക്ഷമാകും. അവസാനം എത്ര ലിറ്റർ അടിച്ചു എന്നതു കണക്കാക്കി കാൽക്കുലേറ്ററിൽ കൂട്ടിയാണ് ചാർജ്ജ് പറയുന്നത്. മിക്കവാറും നമ്മുടെ പുതിയ തലമുറയൊന്നും കണ്ടിട്ടുണ്ടാകില്ല ഇത്തരം മോട്ടോർ ഉപയോഗിച്ച് ഇന്ധനമടിക്കുന്ന പമ്പുകൾ.

ഡീസലടിച്ചതിനു ശേഷം ഞങ്ങൾ കാറിന്റെ എയർ പ്രഷർ ചെക്ക് ചെയ്യുവാനായി വണ്ടി സൈഡൊതുക്കി. എയർ പ്രഷർ ചെക്ക് ചെയ്യുന്നതിനും എയർ അടിക്കുന്നതിനുമൊക്കെയായി ഞങ്ങളുടെ കൈവശം ഒരു മെഷീൻ ഉണ്ടായിരുന്നു. ആമസോണിൽ നിന്നും ഓൺലൈനായി വാങ്ങിയ ഉപകരണമായിരുന്നു അത്. മിഷെലിൻ കമ്പനിയുടെ മാനുവൽ എയർ പമ്പ് ആയിരുന്നു അത്. ഞങ്ങളെപ്പോലെ ദീർഘദൂര യാത്രകൾ പോകുന്നവർക്ക് വാങ്ങി വണ്ടിയിൽ സൂക്ഷിക്കാവുന്ന ഒരു ഐറ്റമാണ് ഈ എയർ പമ്പ്. എയർ അടിച്ചതിനു ശേഷം ഞങ്ങൾ ഒരു ഹോട്ടൽ നോക്കി നീങ്ങി.

അങ്ങനെ ഞങ്ങൾ ഒരു നല്ല ഹോട്ടൽ കണ്ടെത്തി. അവിടെ നിന്നും ബ്രേക്ക് ഫാസ്റ്റ് കഴിക്കുക എന്നതായിരുന്നു ഞങ്ങളുടെ ലക്‌ഷ്യം. രാവിലെ ആയതുകൊണ്ടാണോ എന്തോ ഹോട്ടലിൽ തിരക്ക് വളരെ കുറവായിരുന്നു. എമിലും സലീഷേട്ടനും പച്ചരി ചോറും കറികളും, ഞാൻ ന്യൂഡിൽസും ആയിരുന്നു കഴിച്ചത്. ബ്രേക്ക്ഫാസ്റ്റിനു ശേഷം ഞങ്ങൾ അവിടെ നിന്നും യാത്രയായി.

പോകുന്ന വഴിയിൽ ചുരത്തിൽ മണ്ണിടിച്ചിലുകളൊക്കെ ഉണ്ടായിരുന്ന അവശിഷ്ടങ്ങളൊക്കെ അൽപ്പം കണ്ടിരുന്നുവെങ്കിലും റോഡ് കണ്ടീഷൻ നല്ലതായിരുന്നു. റോഡിൽ തിരക്കുകൾ ഇല്ലായിരുന്നുവെങ്കിലും കോടമഞ്ഞു പരന്നു കാഴ്ച മങ്ങിയതിനാൽ ഞങ്ങൾക്ക് വളരെ പതുക്കെ മാത്രമേ സഞ്ചരിക്കുവാൻ സാധിക്കുമായിരുന്നുള്ളൂ. മഞ്ഞുണ്ടായിരുന്നെങ്കിലും തണുപ്പിന് അൽപ്പം ശമനമുണ്ടായിരുന്നു. ഈസ്റ്റ് ഭൂട്ടാനിലെ ങ് വാലിയിലേക്കാണ് ഞങ്ങളുടെ ഈ യാത്ര.

അങ്ങനെ പോയിപ്പോയി ഞങ്ങൾ ഭുംതാങ്ങിൽ എത്തിച്ചേർന്നു. ഭുംതാംഗിലേക്ക് കടക്കുന്ന ഭാഗത്ത് ഒരു കവാടവും ഉണ്ടായിരുന്നു. അവിടെ ഞങ്ങൾ വണ്ടി നിർത്തി കുറച്ചു സമയം കാഴ്ചകൾ ആസ്വദിക്കുവാൻ ചെലവഴിയ്ക്കുകയുണ്ടായി. അവിടെയെത്തിയപ്പോൾ നല്ല തണുപ്പായിരുന്നു അനുഭവപ്പെട്ടത്. കുറച്ചു സമയം അവിടെ ചെലവഴിച്ചശേഷം ഞങ്ങൾ ഭുംതാംഗ് വാലി ലക്ഷ്യമാക്കി നീങ്ങി.

പിന്നീടങ്ങോട്ട് ചുരം റോഡുകളിൽ നിന്നും വ്യത്യസ്തമായി കൃഷിയിടങ്ങൾക്കിടയിലൂടെയായിരുന്നു ഞങ്ങളുടെ യാത്ര. ആ ഗ്രാമത്തിന്റെ പേരൊന്നും ഞങ്ങൾക്ക് അറിയില്ല, സ്ഥലപ്പേര് ചോദിക്കുവാൻ അവിടെയാരും ഉണ്ടായിരുന്നുമില്ല. പക്ഷേ അവിടത്തെ റോഡ് കിടിലനായിരുന്നു. എയർപോർട്ടുകളുടെ റൺവേ പോലെയായിരുന്നു ആ വഴിയുടെ കണ്ടീഷൻ. എ പ്രദേശത്തെ കാഴ്ചകൾ അതിമനോഹരം തന്നെയായിരുന്നു. ഫോട്ടോഗ്രാഫർമാർക്ക് ഇവിടെ വന്നാൽ നല്ല ചാകരയായിരിക്കും. ഞങ്ങളുടെ ലക്ഷ്യത്തിലേക്ക് ഇനിയും കുറച്ചുകൂടി ദൂരമുണ്ടായിരുന്നതിനാൽ ഞങ്ങൾ അവിടേക്ക് ലക്ഷ്യമാക്കി നീങ്ങി.

ഗ്രാമക്കാഴ്ചകൾ കണ്ടുകൊണ്ട് ഞങ്ങൾ ഭുംതാംഗ് വാലിയിലേക്ക് സഞ്ചരിക്കുകയായിരുന്നു. പോകുന്ന വഴിയിൽ ഒരു ചെറിയ നദി ഞങ്ങൾ കണ്ടു. ആ നദിയ്ക്ക് കുറുകെ തൂക്കുപാലങ്ങളും അവിടവിടങ്ങളിലായി ഉണ്ടായിരുന്നു. ഒരിടത്ത് വണ്ടി നിർത്തി ഞങ്ങൾ അതിലൊരു തൂക്കുപാലത്തിലൂടെ നടന്നു അപ്പുറമെത്തി. അപ്പോഴാണ് പെട്ടെന്ന് മഴ പെയ്യുവാൻ തുടങ്ങിയത്. അങ്ങനെ ഞങ്ങൾ അവിടെ നിന്നും കാറിൽക്കയറി യാത്രയായി.

പോകുന്ന വഴിയിൽ കൊട്ടാരം പോലത്തെ ഒരു ബിൽഡിംഗ് ഞങ്ങൾ കാറിലിരുന്നു കാണുകയുണ്ടായി. അടുത്തെത്തിയപ്പോഴാണ് അത് ഒരു ഹോട്ടലാണെന്നു മനസിലായത്. അങ്ങനെ ഞങ്ങൾ ഉച്ചഭക്ഷണം കഴിക്കുവാനായി അവിടെക്കയറി. ഹോട്ടലിൽ കയറിയപ്പോൾ അകത്ത് തണുപ്പിന് നല്ല ശമനം അനുഭവപ്പെട്ടു. ഫ്രൈഡ് റൈസ്, ചോറ്, മുളക് ചമ്മന്തി, ഓംലറ്റ്, പരിപ്പുകറി എന്നിവയൊക്കെ ഞങ്ങൾ കഴിച്ചു. ഭക്ഷണമെല്ലാം കഴിഞ്ഞു ഞങ്ങൾ പുറത്തേക്ക് ഇറങ്ങിയപ്പോൾ വീണ്ടും ഗംഭീര തണുപ്പ് ഞങ്ങളെ സ്വാഗതം ചെയ്തു.

ഞങ്ങൾ വീണ്ടും യാത്ര തുടർന്നു. അങ്ങനെ ഞങ്ങൾ അവസാനം ഭുംതാംഗ് നഗരത്തിൽ എത്തിച്ചേർന്നു. നഗരം എന്നൊക്കെ പറയുമെങ്കിലും വളരെ തിരക്കു കുറഞ്ഞ ഒരു ടൗൺ തന്നെയായിരുന്നു അത്. നഗരത്തിനടുത്തുള്ള ഒരു വിജനമായ ഏരിയയിൽ സ്ഥിതി ചെയ്യുന്ന ‘യൊസർലിംഗ്’ എന്നുപേരുള്ള റിസോർട്ടിനു മുന്നിൽ എത്തിച്ചേർന്നു. മനോഹരമായ കൃഷിയിടങ്ങൾക്കു സമീപത്തായി സ്ഥിതി ചെയ്യുന്ന ആ റിസോർട്ടിന്റെ ഗേറ്റ് ലോക്ക് ചെയ്തിട്ടിരിക്കുകയായിരുന്നു. അവിടെ ബോർഡിൽ കണ്ട നമ്പറിലേക്ക് വിളിച്ചു ചോദിച്ചപ്പോൾ ഞങ്ങൾക്ക് 2000 രൂപയ്ക്ക് ഒരു ദിവസത്തേക്ക് അവിടെ റൂം തരപ്പെട്ടു. ഞങ്ങൾ 2500 രൂപയൊക്കെയായിരുന്നു ബഡ്‌ജറ്റ് ഇട്ടിരുന്നത്. എന്നാൽ 2000 രൂപയ്ക്ക് കിട്ടിയത് ഞങ്ങൾക്ക് ലോട്ടറിയായി മാറി.

കുറച്ചു സമയത്തിനകം റിസോർട്ടിന്റെ ആൾ വന്നു ഗേറ്റ് തുറന്നു ഞങ്ങളെ അകത്തേക്ക് ആനയിച്ചു. ഞങ്ങളല്ലാതെ ആ റിസോർട്ടിൽ വേറെയാരും ഉണ്ടായിരുന്നില്ല. സത്യം പറഞ്ഞാൽ പൂട്ടിക്കിടന്നിരുന്ന റിസോർട്ട് വിളിച്ചു തുറപ്പിച്ചായിരുന്നു ഞങ്ങൾ അവിടേക്ക് കയറിയത്. റൂമൊക്കെ വളരെ മികച്ചതായിരുന്നു. റൂമിൽ നിന്നുള്ള ദൃശ്യങ്ങളെല്ലാം വളരെ മനോഹരമായിരുന്നു. കുറച്ചു സമയം വിശ്രമിച്ചതിനു ശേഷം പുറത്തേക്കൊക്കെ ഇറങ്ങാമെന്നു ഞങ്ങൾ വിചാരിച്ചു. ബാക്കി വിശേഷങ്ങൾ അടുത്ത എപ്പിസോഡിൽ കാണാം.

Our Sponsors: 1) Dream Catcher Resort, Munnar: 9745637111. 2) SR Jungle Resort, Anaikatty: 9659850555, 8973950555. (Follow to get discounts: https://www.instagram.com/sr_jungle_resort_coimbatore/). 3) Goosebery Mens Apparel: http://goosebery.co.in(TECHTRAVELEAT എന്ന കൂപ്പൺ കോഡ് ഉപയോഗിച്ചാൽ 25% ഡിസ്‌കൗണ്ട് ലഭിക്കും). 4) Rotary Club Kochi United. 5) DBS Automotive: 97452 22566. 6) Kairali Ford: 81380 14455. Special Thanks to 1) Le Meridien, Kochi. 2) Redband Racing, Thrissur. 3) Nexus Communication, Penta Menaka, Kochi.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.