ഹണിമൂൺ യാത്രയ്ക്കു ശേഷം ബെംഗളൂരുവിൽ നിന്നും കേരളത്തിലേക്ക് മടങ്ങുകയായിരുന്ന മലയാളി ദമ്പതിമാർ സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ട് നാലുപേർ മരിച്ചു. കർണാടകയിലെ മാണ്ഡ്യക്കടുത്ത് മധൂറിൽ വെച്ചായിരുന്നു അപകടം. കണ്ണൂർ സ്വദേശി ജയദീപ്​ (28), ഭാര്യ പൂക്കോട്​ സ്വദേശിനി വി ആർ ജ്ഞാനതീർഥ (27), സുഹൃത്തായ ഏഴാംമൈലിലെ വീഡിയോഗ്രാഫർ കിരൺ (32) ഭാര്യ ചൊക്ലി യു.പി.സ്കൂൾ സംസ്കൃതം അധ്യാപിക ജിൻസി (27) എന്നിവരാണ്​ മരിച്ചത്​.

വെള്ളിയാഴ്ച പുലർച്ചെ ഇവർ സഞ്ചരിച്ചിരുന്ന മാരുതി ബലെനോ കാർ റോഡരികിൽ നിർത്തിയിട്ടിരിക്കുകയായിരുന്ന ടാങ്കർ ലോറിയുടെ പിന്നിൽ പിടിച്ചായിരുന്നു അപകടമുണ്ടായത്. ഈ സമയത്ത് ജയദീപ് ആയിരുന്നു കാറോടിച്ചിരുന്നത്. ഡ്രൈവിംഗിനിടെ ഉറങ്ങിപ്പോയതാകാം അപകടകാരണമെന്ന് സംശയിക്കുന്നു. തൊട്ടടുത്തുള്ള പെട്രോൾ പമ്പിലെ സിസിടിവിയിൽ അപകട ദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ട്. കാർ പാഞ്ഞു വന്നു ലോറിയുടെ പിന്നിലേക്ക് ഇടിച്ചുകയറുന്നത് ഈ ദൃശ്യങ്ങളിൽ കാണാവുന്നതാണ്.

വാഹനമോടിച്ചിരുന്ന ജയദീപടക്കം മൂന്നു പേർ സംഭവസ്ഥലത്തും ഒരാൾ ആശുപത്രിയിലേക്കുള്ള വഴിമധ്യേയുമാണ്​ മരിച്ചത്​. ഒരാഴ്​ച മുമ്പാണ് മരിച്ച​ കിരണി​ന്റെയും ജിൻസിയുടെയും വിവാഹം നടന്നത്.​ വിവാഹശേഷം ഹണിമൂൺ ആഘോഷിക്കുന്നതിനായാണ് സുഹൃത്തുക്കളായ ഇരു ദമ്പതിമാരും കഴിഞ്ഞ ചൊവ്വാഴ്ച ബെംഗളുരുവിലേക്ക് യാത്ര പുറപ്പെട്ടത്. KL 58 U 751 രജിസ്‌ട്രേഷൻ നമ്പറിലുള്ള കടുംനീല നിറത്തിലുള്ള മാരുതി ബലെനോ കാറിലായിരുന്നു ഇവരുടെ യാത്ര. ട്രിപ്പെല്ലാം കഴിഞ്ഞു നാട്ടിലേക്കു മടങ്ങുന്നതിനിടെയായിരുന്നു നാടിനെ ഞെട്ടിച്ച ദുരന്തം സംഭവിച്ചത്.

ദീർഘദൂര യാത്രകളിൽ കഴിവതും ഒരു പ്രൊഫെഷണൽ ഡ്രൈവറെ കൂടെ കൂട്ടുക. നിങ്ങൾ സ്വന്തം വാഹനത്തിൽ സ്വയം ഡ്രൈവ് ചെയ്ത് രാത്രി യാത്രയാണ് പോകുന്നതെങ്കിൽ ഒന്നോർക്കുക. കഴിവതും 8-9 മണിക്കുള്ളിൽ നിങ്ങളുടെ അത്താഴം കഴിക്കുക. അതും വളരെ ലൈറ്റായി എന്തെങ്കിലും. കഴിവതും അരി ഭക്ഷണം ഒഴിവാക്കുക. ശേഷം വണ്ടി ഓടിക്കുമ്പോൾ ഉറക്കം വരുന്നു എന്ന് തോന്നിയാൽ ഒരു കടുംകാപ്പിയോ ചായയോ കുടിച്ചശേഷം മുഖം തണുത്ത വെള്ളത്തിൽ കഴുകി യാത്ര തുടരുക. വീണ്ടും ഉറക്കം വരുന്നു എന്ന് തോന്നിയാൽ ഒരു ഈഗോയും കാണിക്കാതെ വണ്ടി സൈഡാക്കി കുറച്ച് നേരം ഉറങ്ങുക. ആരും നിങ്ങളെ കളിയാക്കില്ല.

പിന്നെ തമിഴ്നാട്ടിലും കർണാടകയിലും കൊള്ളക്കാർ നിങ്ങളുടെ വണ്ടി നിരീക്ഷിക്കും, മോഷ്ടിക്കാൻ ശ്രമിക്കും, അപകടത്തിൽ പെടുത്തും, എന്നൊക്കെ ഫേസ്ബുക്കിൽ പരന്നു വരുന്നുണ്ട്. 10 ശതമാനം മാത്രം അതിൽ സത്യമുണ്ടാവും. ബാക്കി 90 ശതമാനം അപകടങ്ങളും ശ്രദ്ധക്കുറവും ഉറക്കവും ധാർഷ്ട്യവും മൂലം ഉണ്ടാവുന്നത് തന്നെയാണ്.

ഉറക്കം വരുമ്പോൾ കൂടെ ഉള്ളവർ എന്ത് വിചാരിക്കും എന്ന് കരുതുന്നവരും, ഉറക്കം ഒന്നും എനിക്ക് ഒരു പ്രശ്നമല്ല എന്ന് മറ്റുള്ളവരുടെ മുന്നിൽ വീമ്പ് പറഞ്ഞ് ഞാൻ വല്യ പുള്ളിയാണെന്ന് കാണിക്കുന്നവരും ഒന്ന് ചിന്തിക്കുക നിങ്ങളുടെ ഈഗോയ്ക്കും വീമ്പിനും ബലിയാടാവുന്നത് നിങ്ങൾ മാത്രമല്ല. നിങ്ങളുടെ കൂടെ സഞ്ചരിക്കുന്നവരും എതിരെ വരുന്ന വാഹനത്തിൽ സഞ്ചരിക്കുന്നവരും റോഡിൽ നടക്കുന്നവരും നിൽക്കുന്നവരും ഒക്കെ അതിൽ പെടും. പൊലിയുന്നത് അവരുടെ കൂടെ സ്വപ്നങ്ങളും ജീവിതവുമാണ്.

ഉറക്കം വില്ലനായി വരുന്ന സമയം കൂടുതലും പുലർച്ചെ 2 മണിക്കും 5മണിക്കും ഇടയിൽ ഉള്ള സമയത്താണ്. നടന്നിരുന്ന അപകടങ്ങളുടെ സമയങ്ങൾ പരിശോധിച്ചാൽ മനസ്സിലാവും. കാരണം സാധാരണ ഒരു മനുഷ്യൻ ഗാഢമായി ഉറങ്ങുന്ന സമയമാണ് ഈ നാല് മണിക്കൂറുകൾ. അതുകൊണ്ട് തന്നെ ഈ നാല് മണിക്കൂറുകൾ എത്ര പ്രൊഫഷണൽ ഡ്രൈവർമാരാണെങ്കിലും സൂക്ഷിക്കണം.

കണ്ണടഞ്ഞു പോകുക, കോട്ടുവാ വരുക, കഴിഞ്ഞ ദിവസങ്ങളിലെ കാര്യങ്ങൾ ഒക്കെ മനസ്സിൽ ഓർമ വരുക, AC യിലും കഴുത്തിനു ചുറ്റും വിയർക്കുക ഇതൊക്കെ ഉറക്കം വരുന്നതിന്റെ ലക്ഷണമാണ്. അങ്ങനെ തോന്നൽ ഉണ്ടായാൽ ഒന്ന് സമയം ശ്രദ്ധിക്കുക. ഏതെങ്കിലും ഒരു പെട്രോൾ പമ്പോ, ആളുകൾ ഉള്ള പൊതുസ്ഥലങ്ങളിലോ വണ്ടി സൈഡാക്കി ചുരുങ്ങിയത് ഒരു മണിക്കൂറെങ്കിലും ഉറങ്ങുക. ഇത് നിങ്ങൾ ചെയ്താൽ കൂടെ ഉള്ളവർ ആരും നിങ്ങളെ കളിയാക്കില്ല മറിച്ച് അവർ നിങ്ങളെപ്പറ്റി നല്ലത് മാത്രമേ ചിന്തിക്കൂ.

വിവരങ്ങൾക്ക് കടപ്പാട് – ‎Vishnu Cinematographer Joby‎.

1 COMMENT

  1. + പുതിയ കാർ തിരഞ്ഞെടുക്കുമ്പോൾ വെറും മൈലേജും റീ സൈൽ വാല്യൂ വും മാത്രം നോക്കാതെ സേഫ്റ്റി ക്ക് പ്രാധാന്യം നൽകുക

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.