കടപ്പാട് – സിജി ജി കുന്നുപുറം.

ജനറൽ, സീസൺ ടിക്കറ്റുകളും പ്ലാറ്റ്‌ഫോം ടിക്കറ്റും ബുക്ക് ചെയ്യാൻ റെയിൽവേ പുതിയ മൊബൈൽ ആപ്ലിക്കേഷൻ(യു.ടി.എസ്. ആപ്പ്) ആരംഭിച്ചു.നീണ്ട വരിക്കും തിക്കിനും തിരക്കിനും വിട…. തിരുവനന്തപുരം ഡിവിഷനിലെ തിരഞ്ഞെടുത്ത 18 സ്റ്റേഷനുകളിൽ പ്രവർത്തനക്ഷമമാകും.ഗൂഗിൾ പ്ലേ സ്റ്റോർ, വിൻഡോസ്, ആപ്പിൾ സ്റ്റോറുകളിൽ നിന്നു യുടിഎസ് ആപ് ഡൗൺലോഡ് ചെയ്യാം.

ആപിലുള്ള റെയിൽവേ വോലറ്റിലേക്കു (ആർ വോലറ്റ്) ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകൾ ഉപയോഗിച്ചു ആവശ്യമുള്ള തുക നിക്ഷേപിക്കാം. യാത്രക്കാരൻ റെയിൽവേ വാലറ്റിൽ (ആർ വാലറ്റ്) 100 രൂപ മുതൽ 5000 രൂപ വരെ നിക്ഷേപിക്കാം.റിസർവേഷൻ ആവശ്യമില്ലാത്ത ജനറൽ ടിക്കറ്റുകൾ ബുക്ക് ചെയ്യാനും സീസൺ ടിക്കറ്റ് പുതുക്കാനും പ്ലാറ്റ്ഫോം ടിക്കറ്റ് എടുക്കാനും ആപ് ഉപയോഗിക്കാം.

സർവീസ് ചാർജ് ഉണ്ടായിരിക്കില്ല. ആപിലെ പേപ്പർലസ് എന്ന ഓപ്‌ഷൻ വഴി ടിക്കറ്റെടുത്താൽ ടിക്കറ്റിന്റെ ചിത്രം ഫോണിൽ ഡൗൺലോഡാകും. പരിശോധകരെ ഇതു കാണിച്ചാൽ മതിയാകും. ടിക്കറ്റ് മറ്റൊരു മൊബൈലിലേക്കു കൈമാറ്റം ചെയ്യാൻ കഴിയില്ല. സ്റ്റേഷൻ കൗണ്ടറുകളിലെ തിരക്കു കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണു ആപ് അവതരിപ്പിക്കുന്നത്.

 

സ്റ്റേഷനകത്തും ട്രെയിനുകളിലും ആപ് പ്രവർത്തിക്കില്ല. പരിശോധകരെ കാണുമ്പോൾ പെട്ടെന്നു ടിക്കറ്റ് എടുക്കുന്നതു ഒഴിവാക്കാനാണ് ഈ നിയന്ത്രണം. ജിയോ ഫെൻസിങ് എന്ന സാങ്കേതിക വിദ്യ ഉപയോഗിച്ചാണു ദൂരപരിധി നിർണയിച്ചിരിക്കുന്നത്. ഇതു മൂലം സ്റ്റേഷന്റെ 25 മീറ്റർ ചുറ്റളവിൽ ആപ് പ്രവർത്തിക്കില്ല. എന്നാൽ സ്റ്റേഷനു പുറത്തു അഞ്ചു കിലോമീറ്റർ ചുറ്റളവിൽ ടിക്കറ്റ് എടുക്കാൻ സാധിക്കും.

എവിടെയെല്ലാം സൗകര്യം? തിരുവനന്തപുരം സെൻട്രൽ, എറണാകുളം ജംക്‌ഷൻ, എറണാകുളം ടൗൺ, ആലുവ, കന്യാകുമാരി, കോട്ടയം, നാഗർകോവിൽ ജംക്‌ഷൻ, കുഴിത്തുറ, വർക്കല, ആലപ്പുഴ, ചെങ്ങന്നൂർ, കായംകുളം, കൊല്ലം, തിരുവല്ല, തൃശൂർ, ചങ്ങനാശേരി, ഗുരുവായൂർ, കൊച്ചുവേളി എന്നിവിടങ്ങളിലാണു ഏപ്രിൽ 14 മുതൽ യുടിഎസ് ഓൺ മൊബൈൽ പ്രവർത്തിക്കുക.

വൈകാതെ കൂടുതൽ സ്റ്റേഷനുകളിലേക്കു വ്യാപിപ്പിക്കും. യാത്രക്കാരെ സഹായിക്കാൻ ഹെൽപ് ഡെസ്കുകളും സ്റ്റേഷനുകളിൽ ഉണ്ടാകും. തിരുവനന്തപുരം ഡിവിഷനിലെ 11 ലക്ഷം അൺ റിസർവ്ഡ് യാത്രക്കാർക്കു പുതിയ സംവിധാനം സഹായകമാകുമെന്നു റെയിൽവേ അറിയിച്ചു.

എങ്ങനെ യുടിഎസ് ഓൺ മൊബൈൽ ഉപയോഗിക്കാം?

1. യാത്രക്കാർ അവരുടെ മൊബൈൽ നമ്പർ ആദ്യം ആപ് വഴിയോ ഓൺലൈൻ വഴിയോ റജിസ്റ്റർ ചെയ്യണം (www.utsonmobile.indianrail.gov.in). റജിസ്ട്രേഷൻ പൂർത്തിയാക്കുമ്പോൾ നാലക്ക മൊബൈൽ പിൻ നമ്പർ (എം പിൻ) ലഭിക്കും. ഇത് ഉപയോഗിച്ചു ആപിൽ ലോഗ് ഇൻ ചെയ്യാം.

2. റജിസ്ട്രേഷൻ കഴിയുന്നതോടെ സീറോ ബാലൻസുമായി ആർ വോലറ്റ്, ആപിൽ നിലവിൽ വരും. ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകൾ വഴിയോ പേ ടിഎം പോലെയുള്ള വോലറ്റുകളിൽ നിന്നോ ആർ വോലറ്റിൽ പണം നിറയ്ക്കാം. വെബ്സൈറ്റിലെ വോലറ്റ് റീചാർജ് ഓപ്‌ഷൻ വഴിയും പണം നിറയ്ക്കാം. ലോഗിൻ ഐഡിയായി മൊബൈൽ നമ്പറും പാസ്‌വേഡായി എം പിൻ നാലക്ക നമ്പറും നൽകണം.

3. സ്ഥിരം യാത്ര ചെയ്യുന്ന റൂട്ടിൽ പെട്ടെന്നു ടിക്കറ്റ് എടുക്കാനായി ക്വിക്ക് ബുക്ക് എന്ന ഓപ്ഷനും ആപ്പിലുണ്ട്.

4. മൊബൈൽ ഫോണിന്റെ ചാർജ് തീരുകയോ സ്വിച്ച് ഓഫ് ആകുകയോ ചെയ്താൽ മൊബൈൽ നമ്പർ ഉപയോഗിച്ചു യാത്രക്കാരൻ ടിക്കറ്റ് എടുത്തിട്ടുണ്ടോ എന്നു ടിടിഇയ്ക്കു കണ്ടെത്താൻ കഴിയും.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.