ഇന്ത്യൻ റെയിൽവേയിൽ ചരിത്ര പ്രധാനമായ ഒട്ടേറെ മാറ്റങ്ങൾക്ക് സാക്ഷിയായിക്കൊണ്ടിരിക്കുകയാണ് നാമിപ്പോൾ. ഗതിമാൻ എക്സ്‌പ്രസും, തേജസ് എക്സ്പ്രസ്സുമൊക്കെ ഇടംപിടിച്ചിരിക്കുന്ന അതിവേഗ ട്രെയിനുകളുടെ ലിസ്റ്റിൽ ഇപ്പോഴിതാ പുതിയൊരു താരോദയം കൂടി. ‘ട്രെയിൻ 18’ എന്നു പേരുള്ള ആ പുതിയ ഹീറോയുടെ സവിശേഷതകൾ ഏറെയാണ്.

ശതാബ്ദി എക്പ്രസ്സുകൾക്ക് പകരക്കാരനായിട്ടാണ് ട്രെയിൻ 18 രംഗപ്രവേശനം ചെയ്യുന്നത്. സാധാരണ ട്രെയിനുകളെ അപേക്ഷിച്ച് എഞ്ചിനുകൾ ഇല്ലാത്ത തീവണ്ടിയാണ് ട്രെയിൻ 18. ചെ​ന്നൈ​യി​ലെ ഇ​ൻ​റ​ഗ്ര​ൽ കോ​ച്ച്​ ഫാ​ക്​​ട​റിയിലാണ് ട്രെയിൻ 18 നിർമ്മിച്ചിരിക്കുന്നത്. ഇതിന്റെ നിർമാണച്ചെലവ് 100 കോ​ടി രൂ​പ​യാ​ണ്. വലിക്കുവാനായി പ്രത്യേകം എഞ്ചിനുകൾ ഇല്ലാത്തതിനാൽ ബോഗികളിൽ ഘടിപ്പിച്ചിരിക്കുന്ന മോട്ടോറുകളാണ് ഈ ട്രെയിനിനെ ചലിപ്പിക്കുന്നത്.

ട്രെയിൻ 18 ന്റെ കന്നിയാത്ര ഡൽഹി – വാരണാസി റൂട്ടിലായിരിക്കും. ‘വന്ദേഭാരത് എക്സ്പ്രസ്സ്’ എന്നു പേരിട്ടിരിക്കുന്ന ഈ ന്യൂജനറേഷൻ തീവണ്ടി പ്രധാനമന്ത്രി നരേന്ദ്രമോദിയായിരിക്കും ഉത്ഘാടനം ചെയ്യുക. തീയതി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ഈയടുത്തു തന്നെ ഉത്ഘാടനം നടക്കുകയും ചെയ്യും.

ഡൽഹിയിൽ നിന്നും വാരണാസി വരെയുള്ള 755 കിലോമീറ്റർ ദൂരം ഓടിയെത്തുവാൻ വന്ദേഭാരത് എക്സ്പ്രസിന് എട്ടു മണിക്കൂറോളം സമയമേ എടുക്കുകയുള്ളൂ. ഇതിനിടയിൽ കാൺപൂർ, പ്രയാഗ് രാജ് എന്നിവിടങ്ങളിൽ മാത്രമേ ഈ ട്രെയിനിന് സ്റ്റോപ്പുകൾ ഉള്ളൂ.

നിശ്ചയിക്കപ്പെട്ടതു പ്രകാരം ഡൽഹിയിൽ നിന്നും രാവിലെ 6 മണിക്ക് പുറപ്പെടുന്ന വന്ദേഭാരത് എക്സ്പ്രസ്സ് ഉച്ചയ്ക്ക് 2 മണിയോടെ വാരണാസിയിൽ എത്തിച്ചേരും. തിരിച്ച് വാരണാസിയിൽ നിന്നും വൈകീട്ട് 3 മണിയോടെ യാത്ര തിരിക്കുകയും രാത്രി 11 മണിയോടെ ഡൽഹിയിൽ എത്തിച്ചേരുകയും ചെയ്യും. ചൊവ്വ, ബുധൻ, വെള്ളി, ശനി, ഞായർ എന്നിങ്ങനെ ആഴ്ചയിൽ അഞ്ചു ദിവസമായിരിക്കും വന്ദേഭാരത് എക്സ്പ്രസ്സ് സർവ്വീസ് നടത്തുന്നത്.

വൈ​ഫൈ, ജി.​പി.​എ​സ്​ കേ​ന്ദ്രീ​കൃ​ത യാ​ത്ര​ വി​വ​ര സം​വി​ധാ​നം, ടച്ച്​ ഫ്രീ ​ബ​യോ വാ​ക്വം ടോ​യ്​​ല​റ്റ്, എ​ൽ.​ഇ.​ഡി ലൈ​റ്റി​ങ്, കാലാവസ്ഥ നി​യ​ന്ത്ര​ണ സം​വി​ധാ​നം എന്നീ സൗകര്യങ്ങൾ ഈ ട്രെയിനിലുണ്ട്. 52 സീ​റ്റു​ക​ൾ വീ​ത​മു​ള്ള ര​ണ്ട്​ എ​ക്​​സി​ക്യൂ​ട്ടീ​വ്​ കമ്പാ​ർ​ട്ട്​​മെന്റു​ക​ളും 78 സീ​റ്റു​ക​ൾ വീ​ത​മു​ള്ള ട്രെ​യ്​​ല​ർ കോ​ച്ചു​കളു​മു​ണ്ടാ​വും. ട്രെ​യി​​നി​ന്റെ ഗ​തി​ക്ക​നു​സ​രി​ച്ച്​ തി​രി​യു​ന്ന സീറ്റുകളാ​ണ്​ എ​ക്​​സി​ക്യൂ​ട്ടീ​വ്​ ക​മ്പാ​ർ​ട്ട്​​മന്റു​ക​ളു​ടെ പ്ര​ത്യേ​ക​ത.

ശതാബ്‌ദി എക്സ്പ്രസുകളേക്കാൾ ചാർജ്ജ് കൂടുതലായിരിക്കും ഈ ട്രെയിനിൽ. പുറത്തുവന്ന വിവരപ്രകാരം എക്സിക്യൂട്ടീവ് ക്ലാസുകളുടെ ചാർജ്ജ് 2800 – 2900 രൂപയോളവും ചെയർ കാർ ക്ലാസിന്റെ ചാർജ്ജ് 1600 -1700 രൂപയോളവും ആകും. ട്രയൽ റൺ സമയത്ത് 180 കി.മീ. വേഗത കൈവരിച്ച ഈ ട്രെയിനിന് 200 കി.മീ. വേഗത്തിൽ വരെ അനായാസം ഓടാനാകും. ആദ്യ സർവ്വീസ് ആരംഭിക്കുന്ന ഡൽഹി – വാരണാസി റൂട്ടിൽ വിജയിച്ചാല്‍ ഇത്തരത്തിലുള്ള കൂടുതല്‍ വണ്ടികള്‍ പുറത്തിറക്കാനാണ് റെയില്‍വേ ആലോചിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.