വിവരണം – തുഷാര പ്രമോദ്.

ജീവിതത്തിലെ ഇന്നുവരെയുള്ളതിലെ ഏറ്റവും സുന്ദരമായ ഒരു പ്രഭാതത്തിലേക്കായിരുന്നു ആ മലനിരകൾ ഞങ്ങളെ സ്വാഗതം ചെയ്‌തത്‌. സ്വാഗതമരുളാൻ കാത്തിരുന്നത് വെള്ളിച്ചിറകുകൾ ഉള്ള മേഘങ്ങളായിരുന്നു. ഉണർന്നത് വീണ്ടുമൊരു സ്വപ്നത്തിലേക്കാണോ എന്ന് പോലും സംശയിച്ചു പോകും. പ്രീയമുള്ള ഒരു സ്വപ്നത്തിൽ നിന്ന് ഉണർന്നപോലെ ആ വെൺമേഘങ്ങൾ ചിറകുകൾ വിടർത്തി മെല്ലെ മെല്ലെ മാഞ്ഞുപോയി. ചില ദിവസങ്ങളിൽ ഈ മല നിരകളിൽ മുഴുവൻ നിറഞ്ഞു നിന്ന് ഒരു ദേവലോകം തന്നെ തീർക്കാറുണ്ടത്രെ തേരിറങ്ങി വരുന്ന ഈ വെൺമേഘങ്ങൾ.മലമുകളിൽ പൊൻകിരണങ്ങൾ വന്നെത്തി തുടങ്ങി..

അങ്ങകലെ മലയിൽ പൊൻകിരീടം തെളിഞ്ഞതും നോക്കി പുഞ്ചിരി തൂകുന്ന പൂക്കളും,മരക്കൊമ്പിൽ ചാടി കളിക്കുന്ന മലയണ്ണാനും,അപ്പോൾ താഴേക്ക് ഉതിർന്നു വീഴുന്ന മഞ്ഞ പൂക്കളും, മരക്കൊമ്പിൽ കൂട്ടമായി വന്നിരുന്നിട്ടുള്ള പ്രാവുകളുമെല്ലാം ചേർന്നപ്പോൾ സ്വർഗം പോലെ സുന്ദരമെന്നല്ലാതെ പറയാൻ വയ്യ. അൽപ്പനേരം സുന്ദരമായ പ്രഭാതവും ആസ്വദിച്ചു ടെന്റിനു മുന്നിലെ ബഞ്ചിൽ ഇരുന്നു.പിന്നീട് ഒന്ന് ഫ്രഷാവാനായി പെരിയാർ റെസിഡൻസിയിലേക്ക് പെട്ടെന്ന് പോയി വരാമെന്നു കരുതി. ഈ തണുപ്പത്തു സ്റ്റെപ്പുകൾ കയറാൻ കുറച്ചു ബുദ്ധിമുട്ടി.ഇന്നലെ രാത്രി ഇറങ്ങി വരുമ്പോൾ വിചാരിച്ചില്ല കയറുമ്പോൾ കഷ്ട്ടപെടുമെന്നു. പെട്ടെന്ന് തന്നെ പോയി തിരിച്ചു വന്നു.

അപ്പോഴേക്കും ഞങ്ങളുടെ ടെന്റിന്റെ മുന്നിലെ ബഞ്ചിൽ ഒരു മദാമ്മ താഴ്വാരത്തിലെ കാഴ്ച്ചകളും കണ്ട് ഒറ്റക് ഇരിക്കുന്നുണ്ടായിരുന്നു. പുറകിൽ ബോഡിഗാർഡിനെ പോലെ ഒരു കറുത്ത പട്ടിയും. ഹോളണ്ടിൽ നിന്നും ദൈവത്തിന്റെ സ്വന്തം നാടുകാണാൻ എത്തിയ ഒരു യാത്രികയാണവർ. ഏറ്റവും താഴെ വ്യൂ പോയിന്റിൽ പോകാനായിട്ട് നിൽക്കുകയായിരുന്നു ഞങ്ങൾ.അപ്പോഴാണ് അവിടെ ഒരു കൂട്ടം ചെറുപ്പക്കാർ ഫോട്ടോസൊക്കെ എടുത്ത് നിൽക്കുന്നത് കണ്ടത്.തലേദിവസം രാത്രി പാട്ടും കളികളുമൊക്കെയായി മുകളിലത്തെ ടെന്റിൽ ഉണ്ടായത് ഇവരായിരുന്നു.അവരുടെ തിരക്കൊന്ന് കഴിയട്ടെ എന്ന് കരുതി ഞങ്ങൾ കാത്തു നിന്നു.

അങ്ങനെ നിൽക്കുമ്പോഴാണ് കണ്ണൂരിൽ നിന്നുള്ള മൂന്നു സുഹൃത്തുക്കളെ പരിചയപ്പെട്ടത്. അവരോട് അൽപ്പനേരം സംസാരിച്ചിരുന്നു. കാന്തല്ലൂർ വിശേഷങ്ങളൊക്കെ പങ്കുവച്ചു. അവർ ഞങ്ങൾക്ക് കുറച്ചു നല്ല ഫോട്ടോസും എടുത്തു തന്നു. അപ്പോഴേക്കും താഴെ തിരക്കൊഴിഞ്ഞു ,ഞങ്ങൾ എല്ലാവരും താഴേക്ക് ചെന്നു.ഇന്നലെ ഇരുട്ടിന്റെ മറവിൽ നിലാവെളിച്ചത്തിൽ മാത്രം കണ്ട താഴ്വാരത്തെ ഈ പ്രഭാതത്തിൽ ആവോളം ആസ്വദിച്ചു. അവിടെ നിന്നും നോക്കിയാൽ കൊളുക്കുമല വ്യക്തമായി കാണാം.

വെയിൽ വന്നു തുടങ്ങി. ഞങ്ങൾ തിരിച്ചു പോകാൻ തീരുമാനിച്ചു. അതിരാവിലെ ആ തണുപ്പത് സ്റെപ്സ് കയറിയപ്പോഴുള്ള അത്ര ബുദ്ധിമുട്ട് ഇപ്പോൾ തോന്നിയില്ല. സഞ്ചാരികൾ ഓരോരുത്തരായി വന്നെത്തി തുടങ്ങി. രാത്രി വരുമ്പോൾ അടച്ചിട്ടിരുന്ന കടകളെല്ലാം തുറക്കുവാനും തുടങ്ങി. കുരങ്ങൻമൊരൊക്കെ മരക്കൊമ്പിലും കടകളുടെ മുകളിലുമൊക്കെ ആയി ഇരിപ്പുണ്ട്. പെരിയാർ റെസിഡൻസിക്ക് തൊട്ടടുത്തുള്ള ഹോട്ടലിലാണ് ബ്രേക്‌ഫാസ്റ് റെഡി ആക്കിയിരിക്കുന്നത്. അങ്ങനെ അവിടെ പോയി നല്ല പൂരി മസാലയും നെയ്യ് റോസ്റ്റും, കടുപ്പത്തിൽ ഒരു ചായയും കുടിച്ചു.

ടോപ്‌സ്‌റ്റേഷനിൽനിന്നും നേരെ പോകാൻ തീരുമാനിച്ചിരിക്കുന്നത് വട്ടവടയിലേക്കാണ്. അടുത്ത തവണ ടോപ്‌സ്റ്റേഷൻ വരുമ്പോൾ താഴ്വാരത്തെ അരുവിയിലേക്കെല്ലാം കൊണ്ടുപോകാമെന്നും ട്രെക്കിങ്ങ് ഒക്കെ ചെയ്യാമെന്നും സച്ചു പറഞ്ഞിട്ടുണ്ട്. പതിനൊന്നു മണിയോടെ വട്ടവടയിലേക്ക് പുറപ്പെട്ടു. ടോപ്‌സ്റ്റേഷനിൽനിന്നും 9.8 കിലോമീറ്റർ ദൂരം ആണ് വട്ടവടയിലേക്ക്.

ആകാശത്തിൽ നിന്നും നോക്കിയാൽ വട്ടത്തിൽ കാണുന്ന ആ ഗ്രാമത്തെ വട്ടവടയെന്ന് അവർ വിളിച്ചു. മൂന്നാറിൽ നിന്നും കുടിയേറിപ്പാർത്ത പതിമൂന്നു കുടുംബങ്ങളാണ് ഇവിടെ മണ്ണിൽ നിന്നും പൊന്നു വിളയിച്ചു ഇതൊരു കാർഷിക ഗ്രാമമായി പടുത്തുയർത്തിയത്. വ്യത്യസ്തമായ സംസ്കാരവും കൃഷിരീതിയും പിന്തുടരുന്ന നിരവധി കഥകൾ പറയാനുള്ള വട്ടവട. ടോപ്സ്റ്റേഷനിൽ നിന്നും പാമ്പാടും ചോല നാഷണൽ ഉദ്യാനം കടന്നാണ് വട്ടവടയിലേക്കു പോകേണ്ടത്.

തെക്ക് പാമ്പാടും ചോലയും വടക്ക് ചിന്നാറും കിഴക്ക് കുറിഞ്ഞി മലയും പടിഞ്ഞാറു ആനമുടിയാലും ചുറ്റപ്പെട്ടു കിടക്കുന്ന മഞ്ഞു പെയ്യുന്ന ഒരു താഴ്വാരമാണ് വട്ടവട. സമുദ്ര നിരപ്പിൽ നിന്നും 6400 മുതൽ 8442 അടി വരെ ഉയരത്തിലാണ് ഈ ഗ്രാമം സ്ഥിതി ചെയ്യുന്നത്. പൊതുവെ ശൈത്യകാലം കൂടുതൽ ഉള്ളതിനാൽ ശൈത്യകാല പച്ചക്കറികളും ഓറഞ്ച്, പീച്ച്, പാഷൻ ഫ്രൂട്ട് തുടങ്ങിയ പഴവര്ഗങ്ങളുമൊക്കെ ഇവിടെ സുലഭമായി വിളയുന്നു.

നാല് കുടിയേറ്റങ്ങളുടെ ചരിത്രം പറയാനുണ്ട് ഈ നാടിന്. ചൂതാട്ടത്തിൽ തോറ്റ് വനവാസം നേരിടേണ്ടി വന്ന പഞ്ചപാണ്ഡവർ അഭയം തേടി ഇവിടെ എത്തിയെന്നു വിശ്വസിക്കപ്പെടുന്നു. അതിന്റെ ശേഷിപ്പുകൾ ഇപ്പോഴും അവിടെ ഉണ്ടത്രേ. അതായിരുന്നു ഒന്നാമത്തെ കുടിയേറ്റം. കണ്ണകിയുടെ ശാപത്താൽ മധുരയിൽ ഉണ്ടായ കലാപത്തിൽ നിന്ന് അഭയം പ്രാപിച്ചു ചിലർ വട്ടവടയിലേക്ക് എത്തി.അത് രണ്ടാമത്തെ കുടിയേറ്റമായി പറയപ്പെടുന്നു. ടിപ്പുസുൽത്താന്റെ പിതാവ് ഹൈദരലി ഡിണ്ടിഗലിൽ നടത്തിയ പടയോട്ടത്തിൽ ഭയന്ന് അവിടെ നിന്നും ആളുകൾ വട്ടവടയിലേക്ക് കുടിയേറി പാർത്ത് മൂന്നാമത്തെതും . അവസാനത്തേത് ആയിരുന്നു മുന്നാറിലെ തേയില തോട്ടത്തിൽ ജോലിക്കെത്തിയ പതിമൂന്നു കുടുംബങ്ങൾ ഇവിടേക്ക് കുടിയേറി പാർത്തത്. അവർ അവിടെ കുടിൽകെട്ടി താമസിച്ചു, കൃഷി ചെയ്യാൻ ആരംഭിച്ചു.

അന്ന് പൂഞ്ഞാർ രാജാവിന്റെ കീഴിലായിരുന്ന ആ പ്രദേശത്തു കപ്പം കൊടുത്തു കൃഷി ചെയ്‌തുകൊള്ളാൻ രാജാവ് അവർക്ക് അനുവാദം കൊടുത്തു. അതായിരുന്നു വട്ടവടയുടെ ഒരു കാർഷിക ഗ്രാമത്തിലേക്കുള്ള ആദ്യത്തെ ചുവടുവെപ്പ്. ഏതാണ്ട് പതിനായിരക്കണക്കിന് ജനസംഖ്യ ഉള്ള തമിഴ് ഭൂരിപക്ഷ ഭാഷയായ ഗ്രാമം. വട്ടവട ഗ്രാമപഞ്ചായത്തിലെ കോവിലൂർ ഗ്രാമത്തിലായിരുന്നു ഞങ്ങൾ ചെന്നെത്തിയത്. അടുത്തടുത്തായി സ്ഥിതിചെയ്യുന്ന വീടുകയും തട്ടുകളായി തിരിച്ചിരിക്കുന്ന കൃഷിയിടങ്ങളുമാണ് ആദ്യ കാഴ്ച്ചയിൽ തന്നെ കാണാൻ കഴിഞ്ഞത്.

അപ്പോഴാണ് ചില ചെറിയ കുട്ടികൾ ഫാമുകൾ കാണാമെന്ന ക്ഷണവുമായി എത്തിയത്.പോയിട്ട് തിരിച്ചു വരാമെന്നു പറഞ്ഞു ഞങ്ങൾ മുന്നോട്ട് പോയി. ഒരൽപ്പം മുന്നോട്ട് പോയപോഴേക്കും റോഡിൽ ആളുകളുടെ തിരക്ക് കണ്ട് കാർ നിർത്തി. അവിടത്തെ കോവിലിൽ ഉത്സവമോ മറ്റോ ആണെന്ന് തോനുന്നു, ഘോഷയാത്രയായി ആളുകൾ കോവിലുനു മുന്നിൽ നിൽക്കുന്നതാണ് കണ്ടത്. ഇവിടത്തെ കോവിലിൽ ‘മാരിവേട്ട’ എന്ന ഒരു ആചാരം നിലനിന്നിരുന്നതായി പറയപ്പെടുന്നു. ശിവരാത്രി കഴിഞ്ഞാൽ ഊരിലെ ആണായി പിറന്ന ഒരാളും ഒരു മാനിനെ എങ്കിലും വേട്ടയാടി കൊണ്ടുവരാതെ ഊരിലേക്ക് പ്രവേശിക്കാൻ പാടില്ലായിരുന്നു. വേട്ടയാടി കൊണ്ടുവന്ന മാനിനെ ഊരിലെ എല്ലാവർക്കും പങ്കിട്ടു നൽകണം, അതിന്റെ ശിരസ്സ് കോവിലിൽ സമർപ്പിക്കണം. 2005 മുതൽ മരിവേട്ട നിർത്തലാക്കപ്പെട്ടു. ഇന്നും അതിന്റെ ഓർമയ്ക്കായി കോവിലിൽ മാനാട്ടം നടത്തിപോരുന്നു.

തൊട്ടടുത്തു ചെറിയ ഒരു ബസ് സ്റ്റാൻഡ് ഉണ്ട്. എറണാകുളത്തു നിന്നുള്ള കെഎസ്ആർടിസി അവിടെ നിർത്തിയിട്ടിട്ടുണ്ടായിരുന്നു. ഘോഷയാത്ര മുന്നോട്ട് നീങ്ങിയതോടുകൂടി ഞങ്ങളും മുന്നോട്ട് പോയി. അപ്പോഴാണ് റോഡ് സൈഡിൽ ഒരു പയ്യൻ കാറിനു കൈ കാണിച്ചത്. അവരുടെ സ്ട്രോബെറി ഫാമിലേക്ക് വിളിക്കാനായാണ് അവൻ അവിടെ നിന്നത്. ഉച്ചവെയിൽ കത്തിനിൽക്കുന്ന സമയമായതിനാൽ ഇറങ്ങണോ എന്ന് സംശയിച്ചു നിൽക്കുമ്പോഴാണ് ഒരു കൊച്ചു പയ്യൻ കയ്യിൽ കുറച്ചു ചോക്ലേറ്റ്സ് ഒക്കെ ആയി നടന്നുവന്നത്. അവന്റെ മുഖത്തു കുട്ടിത്തത്തെക്കാൾ ഒരു പക്വത ഉണ്ടായിരുന്നു. അവന്റെ കയ്യിൽ അവരുടെ ഫാമിന്റെ കുറച്ചു കാർഡ്‌സ് ഉണ്ടായിരുന്നു.

കാറിന്റെ അടുത്ത് വന്നു ഓരോ കാർഡ്‌ ഞങ്ങൾക്ക് തന്നിട്ട് അവൻ ഫാമിനെകുറിച്ചു ഒരു ഉടമസ്ഥനെപ്പോലെ വാചാലനായി.അവന്റെ സംസാരം കേട്ടിട്ട് നേരത്തെ വന്ന പയ്യനും ഞങ്ങളുമൊക്കെ ചിരിച്ചു. ഒരേ സമയം കൗതുകവും വല്ലാത്ത ഇഷ്‌ട്ടവും തോന്നി അവനോട്.അങ്ങനെ ഞങ്ങൾ അവരുടെ കൂടെ ഫാമിലേക്ക് ചെന്നു. ഇപ്പോൾ സ്ട്രോബെറി സീസൺ ആണത്രേ, അതിനാൽ നിറയെ സ്ട്രോബെറി പഴങ്ങൾ വിളഞ്ഞു നിൽപ്പുണ്ട്. ഫാമിന് നടുവിൽ ഒരു ചെറിയ വീടുണ്ട്. അവർ അത് ഫാം സ്റ്റേ ആയി നൽകാറുണ്ടത്രെ.

ഫാമിന്റെ പുറകിലായുള്ള അവരുടെ കടയിൽ നിന്നും നല്ല കാട്ടുതേനും കുറച്ചു വെളുത്തുള്ളിയും സ്ട്രോബെറി ജാമും ഞങ്ങൾ വാങ്ങി. ഹോം മെയിഡ് ജാം ആണ്.ആദിവാസികളിൽ നിന്ന് ശേഖരിച്ച ശുദ്ധമായ കാട്ടുതേനും. അങ്ങനെ അതൊക്കെ വാങ്ങി അവിടെ നിന്നും ഇറങ്ങി. അപ്പോഴാണ് റോഡ് സൈഡിലെ അതിരുകല്ലിൽ ഫാമിലേക്ക് വിളിച്ചോണ്ടുപോയ കുറുമ്പൻ ഇരുന്ന് ചോക്ലേറ്റ് കഴിക്കുന്നത് കണ്ടത്. കയ്യിൽ എന്തൊക്കെയോ കളിപ്പാട്ടങ്ങളൊക്കെ പിടിച്ചാണ് ഇരുപ്പ്. അവനോട് കൈ വീശി യാത്ര പറഞ്ഞതിന് ശേഷം വന്ന വഴിയേ തിരിച്ചു.

രാജഭരണ കാലത്തെ കോടതിയായ പകുതികച്ചേരിയും, തട്ടാൻ പാറയിൽ നിന്നുള്ള അമരാവതിയുടെ കാഴ്ച്ചകളും,കാട്ടരുവി ചുറ്റി ഒഴുകുന്ന ഗണേശൻ കോവിലും, വട്ടവടയെപോലെ തന്നെ കൃഷിയെ മടിത്തട്ടിൽ താലോലിക്കുന്ന കടവരിയും,പഴന്തോട്ടവും ഒക്കെ കാണാൻ ബാക്കി വച്ചിട്ടാണ് ഞങ്ങൾ ഇവിടെ നിന്നും പോകുന്നത്. പാമ്പാടും ചോലയും ടോപ്സ്റ്റേഷനും കടന്ന് കൊച്ചിയിലേക്കുള്ള യാത്രയാണ് ഇനി.

ടോപ്സ്റ്റേഷനിൽ നിന്ന് മുന്നാറിലേക്കുള്ള വഴികളിലെ ചായ കടകളിലെല്ലാം മാഗ്ഗിയുടെ ബോർഡുകൾ കാണാമായിരുന്നു. മാഗ്ഗി ഒരു വീക്‌നെസ് ആയതുകൊണ്ട് തന്നെ ആ പ്രലോഭനത്തിൽ വേഗത്തിൽ വീണു. അങ്ങനെ തേയിലത്തോട്ടങ്ങളുടെ ഭംഗി കൂടി ആസ്വദിക്കാൻ പറ്റിയ ഒരു ചായക്കടയുടെ അരികിൽ കാർ നിർത്തി, 2 എഗ്ഗ് മാഗ്ഗിക്ക് പറഞ്ഞു. കടയിൽ ഒരു ചേച്ചി ഒറ്റയ്ക്കാണ് എല്ലാം ചെയ്യുന്നത്, അടുത്ത് അവരുടെ കുട്ടികൾ ഇരുന്ന് വികൃതി കാണിക്കുകയാണ്, ഇടയ്ക് ഫോൺ കാൾസ് വരുന്നുമുണ്ട്. എല്ലാംകൂടി ചേച്ചി ഒറ്റയ്ക്ക് ചെയ്യാൻ ബുദ്ധിമുട്ടുകയായിരുന്നു. അതുകൊണ്ട് മാഗ്ഗി കിട്ടാൻ കുറച്ചധികം കാത്തിരിക്കേണ്ടി വന്നു. പക്ഷെ ആ തേയിലത്തോട്ടങ്ങളുടെ സൗന്ദര്യം നമ്മളെ എത്ര നേരം വേണമെങ്കിലും അവിടെ പിടിച്ചിരുത്തും. മാഗ്ഗിയും കഴിച്ചു വീണ്ടും അവിടെ നിന്നും യാത്ര തുടർന്നു.

അടിമാലി എത്തിയപ്പോൾ ഒരു ഹോട്ടലിൽ നിന്ന് ഉച്ചഭക്ഷണവും കഴിച്ചു. നേര്യമംഗലം കാടുവഴി ആണ് പോവുന്നത്, പെട്ടെന്ന് കാലാവസ്ഥ മാറുവാൻ തുടങ്ങി, വെയില് മങ്ങി, കാർമേഘങ്ങൾ ഉരുണ്ടുകൂടിത്തുടങ്ങി.. മഴപെയ്യുവാൻ വെമ്പി നിൽക്കുന്ന മാനം.. തണുത്ത കാറ്റിനോടൊപ്പം മഴത്തുള്ളികൾ കഥപറയാനെത്തി. ചെറിയ ഒരു മഴയ്ക്ക് ശേഷം മാനം വീണ്ടും തെളിഞ്ഞു. കേരളത്തിൽ ഏറ്റവും കൂടുതൽ മഴ ലഭിക്കുന്ന മലയോര മേഖലകളിൽ ഒന്നാണ് നേര്യമംഗലം.

തുടർന്നുള്ള യാത്രയിൽ ഒരു സ്‌പൈസസ് ഗാർഡൻ കൂടി കാണാനിടയായി. പക്ഷെ ഈസ്റ്റർ ആയതിനാൽ അവിടെ അടച്ചിട്ടിരിക്കുകയായിരുന്നു. മുന്നോട്ട് പോയ്‌കൊണ്ടിരിക്കുമ്പോഴാണ് റോഡരികിൽ റാണിക്കല്ലു കണ്ടത്.റാണി സേതു ലക്ഷ്‌മി ഭായ് തുറന്നുകൊടുത്ത റോഡ് ആണ് അത്. ഹൈറേഞ്ചിന്റെ കവാടമായ നേര്യമംഗലം പാലവും കടന്ന് എറണാകുളത്തേക്ക് പ്രവേശിച്ചു. ഇടയ്ക്ക് പെയ്യുന്ന ചാറ്റൽ മഴയും ആസ്വദിച്ചു യാത്ര തുടർന്നു.

വല്ലാതെ വിശന്നപ്പോൾ വഴിയിലെവിടെയോ കണ്ട തലശ്ശേരി റെസ്റ്റോറന്റിൽ കയറി ഭക്ഷണവും കഴിച്ചു. നേരം ഇരുട്ടാൻ തുടങ്ങിയിരിക്കുന്നു. ഫോർട്ട് കൊച്ചിയിലെ ഇമ്മാനുവൽ ഹോം സ്റ്റേയിൽ GOIBIBO യിൽ നിന്നും റൂം ബുക്ക് ചെയ്‌തിട്ടുണ്ട്‌. രാത്രി 9 മണിയോടുകൂടി ഞങ്ങൾ ഫോർട്ട് കൊച്ചിയിൽ എത്തി. ഈസ്റ്റർ രാവിൽ മതിമറന്നു ഉല്ലസിക്കുന്ന കൊച്ചിയാണ് ഞങ്ങളെ വരവേറ്റത്. എങ്ങും നക്ഷത്രങ്ങൾ പോലെ മിന്നിത്തിളങ്ങുന്ന വെളിച്ചം. തെരുവോരങ്ങളെല്ലാം തിരക്കേറിയിരിക്കുന്നു. പള്ളികളിൽ ആഘോഷങ്ങളും ബാൻഡ്‌മേളങ്ങളും. വെളുത്ത വസ്ത്രങ്ങൾ അണിഞ്ഞു നന്മയുടെ പ്രതീകം പോലെ ഒത്തിരി ആളുകൾ. ഒരു നഗരം മുഴുവൻ ആഘോഷത്തിന്റെ നിറങ്ങളിൽ മുങ്ങി നിൽക്കുകയാണെന്ന് തോന്നി.

ഇമ്മാനുവൽ സ്റ്റേയിൽ എത്തിയപ്പോൾ ഇമ്മാനുവൽ ചേട്ടനും ആഘോഷ തിരക്കിലായിരുന്നു.വൈകിയെത്തിയ ഞങ്ങളുടെ ബുക്കിംഗ് മെസ്സേജ് കാരണം ചേട്ടന് പെട്ടെന്നു റൂം അറേഞ്ച് ചെയ്യാൻ കഴിഞ്ഞില്ല. തൽകാലം നാട്ടിലേക്ക് ഈസ്റ്റർ ആഘോഷിക്കാൻ പോയ ഒരു മദാമയുടെ റൂം ചേട്ടൻ ഞങ്ങൾക്ക് റെഡി ആക്കി തന്നു.അപ്പോഴാണ് തൊട്ടടുത്ത റൂമിൽ താമസിക്കുന്ന ഒരു ഫാമിലി എത്തിയത്.അവർ ബീച്ചിലെ ആഘോഷങ്ങളിലൊക്കെ പങ്കെടുത്തു വരികയാണ്‌. നീണ്ട യാത്രയുടെ ക്ഷീണമുള്ളതിനാൽ, രാവുറങ്ങാത്ത ആ നഗരത്തിന്റെ ആഘോഷങ്ങളിൽ ചെവികൂർപ്പിച് ഉറക്കത്തിലേക്ക് വഴുതി വീണു.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.