വിശാഖപട്ടണത്തെ താജ് ഹോട്ടലിലെ താമസത്തിനു ശേഷം പിറ്റേദിവസം ഞങ്ങൾ അവിടെ നിന്നും തന്നെ ബ്രേക്ക് ഫാസ്റ്റും കഴിച്ചു യാത്ര ആരംഭിച്ചു. താജ് ഹോട്ടലിലെ താമസത്തിനു ഭരത് നെ വിളിക്കേണ്ടവർക്ക് വിളിക്കാം: 94955 92975. ഇനി ഞങ്ങളുടെ യാത്ര ഒഡിഷയിലേക്ക് ആണ്. നല്ല ചൂടുള്ള കാലാവസ്ഥയായിരുന്നതിനാൽ ഞങ്ങൾ ദേഹത്ത് സൺ ക്രീം ഒക്കെ പുരട്ടിയായിരുന്നു യാത്ര ചെയ്തിരുന്നത്. വിശാഖപട്ടണത്തെ ബീച്ചുകൾ അതിമനോഹരം തന്നെയായിരുന്നു. പോകുന്ന വഴിയിൽ ഞങ്ങൾ ഒരു എയർക്രാഫ്റ്റ് മ്യൂസിയം കണ്ടു. ഞങ്ങൾ അവിടെ വണ്ടി നിർത്തി ഇറങ്ങി നോക്കി. മ്യൂസിയത്തിന് തൊട്ടടുത്തായി ഒരു മുങ്ങിക്കപ്പൽ കരയിൽ വെച്ചിരിക്കുന്നത് കണ്ടു. അതും ഒരു മ്യൂസിയം തന്നെയായിരുന്നു. സമയക്കുറവുകൾ മൂലം ഞങ്ങൾ മ്യൂസിയത്തിനകത്ത് കയറുവാൻ നിന്നില്ല. പുറത്തു നിന്നുള്ള കാഴ്ചകൾ കണ്ടും വീഡിയോ പകർത്തിയും ഞങ്ങൾ യാത്ര തുടർന്നു.

വിശാഖപട്ടണം എന്ന സ്ഥലത്തിന് ഇത്രയും ഭംഗി ഉണ്ടെന്നു എനിക്ക് മനസ്സിലായത് ഈ യാത്രയിലായിരുന്നു. ഒരുവശത്ത് ബീച്ചും മറുവശത്ത് മലകളും ഇവ രണ്ടിനും ഇടയിലൂടെ മനോഹരമായ റോഡും. നല്ല കിടിലൻ വ്യൂ ഉള്ള ഭാഗത്തൊക്കെ ഞങ്ങൾ കാർ നിർത്തി ഭംഗി ആസ്വദിച്ചു കൊണ്ടിരുന്നു. കൂടാതെ വിശാഖപട്ടണം ക്രിക്കറ്റ് സ്റ്റേഡിയവും ഞങ്ങൾ പോകുന്ന വഴിയിൽ കണ്ടു. സമയക്കുറവ് മൂലം ഞങ്ങൾ ഇവയെല്ലാം പുറമെ നിന്നും കണ്ടു യാത്ര തുടർന്നു.

ഹൈവേ ആണെങ്കിലും റോഡിൽ അത്യാവശ്യം തിരക്കുകളായിരുന്നു അനുഭവപ്പെട്ടത്. ലോറിക്കാരും ഓട്ടോറിക്ഷക്കാരുമൊക്കെ വളരെ അശ്രദ്ധയോടെയായിരുന്നു വാഹനമോടിച്ചിരുന്നത്. ഇതുകാരണം ഞങ്ങൾ വളരെ ശ്രദ്ധിച്ചായിരുന്നു ഡ്രൈവ് ചെയ്തിരുന്നത്. ആ സമയത്ത് പുറത്തെ ചൂട് 40 ഡിഗ്രി ആയിരുന്നു. കാറിൽ എസി ഉണ്ടായിരുന്നതുകൊണ്ട് ഞങ്ങൾ രക്ഷപ്പെട്ടു. കഴിഞ്ഞ ദിവസങ്ങളിലെ യാത്രയെ അപേക്ഷിച്ച് ഈ യാത്ര ഞങ്ങൾക്ക് അൽപ്പം ബുദ്ധിമുട്ടുള്ളതായിട്ടായിരുന്നു അനുഭവപ്പെട്ടത്. അങ്ങനെയെങ്കിലും നല്ല വീതിയുള്ള ഹൈവേയിൽ എത്തിക്കിട്ടിയാൽ മതിയെന്നായി ഞങ്ങൾക്ക്. ആന്ധ്രാപ്രദേശ് ആണെങ്കിൽ തീരുന്നുമില്ല.

അങ്ങനെ കുറേസമയത്തെ യാത്രയ്ക്കു ശേഷം റോഡിൽ തിരക്ക് കുറഞ്ഞു. ഞങ്ങൾക്ക് വിശപ്പും ദാഹവുമൊക്കെ അനുഭവപ്പെട്ടിരുന്നെങ്കിലും ഹൈവേയ്ക്ക് ഇരുവശത്തും വിജനമായ പ്രദേശമായിരുന്നു. ഒരു ഹോട്ടലോ കടയോ ഒക്കെ കാണുവാൻ വേണ്ടി ഞങ്ങൾ കൊതിച്ചു. ഒടുവിൽ ഗത്യന്തരമില്ലാതെ ഞങ്ങൾ ഹൈവേയുടെ ഓരത്ത് വണ്ടി നിർത്തി കൈയിൽ കരുതിയിരുന്ന അവലോസുണ്ട കഴിച്ചു വിശപ്പടക്കി. റോഡിൽ വാഹനങ്ങൾ വല്ലപ്പോഴുമൊക്കെയേ കണ്ടിരുന്നുള്ളൂ. രാത്രികാലങ്ങളിൽ ഇതുവഴിയുള്ള യാത്ര വളരെ അപകടം പിടിച്ചതാണെന്നു ഞങ്ങൾ ഓർത്തു. എന്തായാലും രാവിലെ തിരക്കിൽപ്പെട്ടു കളഞ്ഞ സമയം ഞങ്ങൾ പിന്നീടുള്ള സമയത്തു പിടിച്ചു.

പിന്നെയും കുറേദൂരം പോയതിനു ശേഷം ഒടുവിൽ ഞങ്ങൾ ആന്ധ്രാ – ഒഡിഷ ബോർഡറിൽ എത്തിച്ചേർന്നു. ബോർഡറിൽ ഞങ്ങൾ ഇറങ്ങി ഫോട്ടോകളൊക്കെ എടുത്തശേഷം തെലുങ്ക് നാടിനോട് വിടപറഞ്ഞുകൊണ്ട് ഒഡിഷയിലേക്ക് പ്രവേശിച്ചു. നല്ല മികച്ച ഹൈവേ തന്നെയായിരുന്നു ഒഡിഷയിലും. അങ്ങനെ ഞങ്ങൾ പൊയ്‌ക്കൊണ്ടിരിക്കുന്നതിനിടയിൽ ഒരു സായിപ്പ് റോയൽ എൻഫീൽഡ് ബുള്ളറ്റിൽ ട്രിപ്പ് പോകുന്നതു കണ്ടു. ഞങ്ങളുടെ വാഹനത്തിൽ ട്രിപ്പിന്റെ വിവരങ്ങൾ പതിച്ചിരുന്നതിനാൽ സായിപ്പ് ഞങ്ങളെ കൈകാണിച്ചു നിർത്തിച്ചു. അങ്ങനെ ഞങ്ങൾ പുറത്തിറങ്ങി അദ്ദേഹത്തെ പരിചയപ്പെട്ടു. കാനഡക്കാരനാണ് സായിപ്പ്. പുള്ളിക്കാരൻ പേര് പറഞ്ഞെങ്കിലും ഞങ്ങൾക്ക് അത് മനസ്സിലായില്ല. സായിപ്പ് ബുള്ളറ്റിൽ വടക്കു കിഴക്കൻ സംസ്ഥാനങ്ങളെല്ലാം കറങ്ങുവാനുള്ള പോക്കാണ്. ഹോട്ടലുകളിൽ താമസിക്കാതെ ടെന്റ് അടിച്ചായിരുന്നു സായിപ്പ് രാത്രികാലങ്ങളിൽ താമസിച്ചിരുന്നത്. വിശേഷങ്ങളൊക്കെ പങ്കുവെച്ചതിനു ശേഷം ഞങ്ങൾ സായിപ്പിനോട് ബൈ പറഞ്ഞുകൊണ്ട് വീണ്ടും യാത്ര തുടർന്നു.

ഇതിനിടയിൽ ഞങ്ങൾക്ക് നന്നായി വിശക്കുവാൻ തുടങ്ങിയിരുന്നു. അങ്ങനെ ഞങ്ങൾ ഭക്ഷണം കഴിക്കുവാനായി വഴിയരികിൽ കണ്ട ഒരു ധാബയിൽ കയറി. ധാബയിൽ കയറി ഞങ്ങൾ പച്ചരിച്ചോറും, പരിപ്പ് കറിയും, മുട്ട ബുർജ്ജിയും, അമരപ്പയറും ഉരുളക്കിഴങ്ങും കൂടി തയ്യാറാക്കിയ മെഴുക്കുപുരട്ടിയും ഒക്കെക്കൂടി ഒരു പിടിയങ്ങു പിടിച്ചു. ഭക്ഷണത്തിനു ശേഷം ഞങ്ങൾ വീണ്ടും ഭുവനേശ്വർ ലക്ഷ്യമാക്കി യാത്ര തുടർന്നു. ഒടുവിൽ രാത്രിയോടെ ഞങ്ങൾ ഭുവനേശ്വറിൽ എത്തിച്ചേർന്നു. ഞങ്ങൾ അവിടെയെത്തിയ സമയത്ത് ഭയങ്കരമായ ഇടിവെട്ടും മിന്നലുമൊക്കെ ഉണ്ടായി. അതുകാരണം അവിടമാകെ വൈദ്യുതി വിഛേദിക്കപ്പെട്ടു. പണിപാളുമെന്നു മനസിലാക്കിയ ഞങ്ങൾ Goibibo വഴി ഒരു നല്ല ഹോട്ടലിൽ റൂം ബുക്ക് ചെയ്തു. ഭാഗ്യത്തിന് അവിടെ കറണ്ട് ഉണ്ടായിരുന്നു. ഞങ്ങൾ ഹോട്ടലിൽ വണ്ടി പാർക്ക് ചെയ്ത്, ചെക്ക് ഇൻ നടപടിക്രമങ്ങളെല്ലാം പൂർത്തിയാക്കി ബുക്ക് ചെയ്ത റൂമിലേക്ക് പോയി. കുറച്ചു വീഡിയോകൾ എഡിറ്റ് ചെയ്തതിനു ശേഷം ഞങ്ങൾ ഉറങ്ങുവാൻ കിടന്നു. ബാക്കി കറക്കമെല്ലാം ഇനി അടുത്ത ദിവസം…

Our Sponsors: 1) Dream Catcher Resort, Munnar: 9745637111. 2) SR Jungle Resort, Anaikatty: 89739 50555. 3) Goosebery Mens Apparel: http://goosebery.co.in (TECHTRAVELEAT എന്ന കൂപ്പൺ കോഡ് ഉപയോഗിച്ചാൽ 25% ഡിസ്‌കൗണ്ട് ലഭിക്കും). 4) Rotary Club Kochi United. 5) DBS Automotive: 97452 22566. 6) Kairali Ford: 81380 14455. Special Thanks to 1) Le Meridien, Kochi. 2) Redband Racing, Thrissur. 3) Nexus Communication, Penta Menaka, Kochi.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.