അട്ടമലയെന്നു കേട്ടിട്ടുണ്ടോ? വയനാട്ടിലാണ് ഈ മനോഹരമായ സ്ഥലം. കൽപ്പറ്റയിൽ നിന്നും കെഎസ്ആർടിസി ബസ്സുകൾ സർവ്വീസ് നടത്തുന്നുണ്ട്. കഴിഞ്ഞതവണ ഞങ്ങൾ വയനാട് പോയപ്പോൾ ഒരു ദിവസം അട്ടമലയിൽ താമസിക്കുവാൻ അവസരം വന്നു. വയനാട്ടിലെ അബാഫ്ട് വില്ലയുടെ ഉടമയും സുഹൃത്തുമായ ഹൈനാസ്‌ ഇക്ക വഴിയാണ് ഇങ്ങനെയൊരു താമസം തരപ്പെട്ടത്. വല്ല റിസോർട്ടും ആണെന്നാണ് ഞാൻ ആദ്യം കരുതിയത്. എന്നാൽ ടെന്റിൽ ആണ് താമസം എന്ന് ഇക്ക പറഞ്ഞപ്പോൾ ശരിക്കും ത്രില്ലടിച്ചുപോയി. വയനാട്ടിൽ ഒരു ടെന്റ് താമസം ഇത് ആദ്യമായാണ്.

വൈകുന്നേരത്തോടെയാണ് ഞങ്ങൾ അട്ടമലയിലേക്ക് യാത്രയായത്. ഹൈനാസ്‌ ഇക്കയും സുഹൃത്തുക്കളും ഇക്കയുടെ ഥാർ ജീപ്പിലും ഞങ്ങൾ എൻ്റെ ഇക്കോ സ്പോർട്ടിലും ആണ് യാത്രയായത്. ഒപ്പം കാവാസാക്കിയുടെ കിടിലൻ സ്പോർട്സ് ബൈക്കിൽ ഗിരാസോൾ റിസോർട്ട് ഉടമയായ അൻവർ ഇക്കയും ഞങ്ങളോടൊപ്പം ഉണ്ടായിരുന്നു. അട്ടമലയുടെ മുകളിൽ എത്തിയപ്പോൾ രാത്രിയായിരുന്നു. അത്യാവശ്യം നല്ല ഓഫ് റോഡ്. കാറുകൾ കയറിപ്പോകുവാൻ വലിയ ബുദ്ധിമുട്ട് ഒന്നും തന്നെയില്ല. പക്ഷെ ഇവിടെയൊക്കെ രാത്രിയായാൽ ആനയിറങ്ങും എന്ന് കൂടെയുള്ളവർ പറഞ്ഞു. വഴിയിൽ ആനപ്പിണ്ടങ്ങളും കണ്ടതോടെ ഇച്ചിരി സമാധാനമായി.

ഹാരിസൺ മലയാളത്തിന്റെ എസ്റ്റേറ്റ് പരിസരത്താണ് ഈ ടെന്റ്. ഒരാൾക്ക് ഭക്ഷണവും എല്ലാ സൗകര്യങ്ങളും അടക്കം 2500 രൂപയാണ് ചാർജ്ജ് ഈടാക്കുന്നത്. ഞങ്ങൾ അവിടെ ചെന്നപ്പോൾ നന്നായി ഇരുട്ടിയിരുന്നു. പുതിയ സംരംഭം ആയതിനാൽ വൈദ്യുതി സംവിധാനം അവിടെ ഉണ്ടായിരുന്നില്ല. വെളിച്ചത്തിനായി അവർ നമുക്ക് സോളാർ ലൈറ്റുകൾ തരും. സാധാരണ ഞാൻ കണ്ടത്തിൽ വെച്ച വ്യത്യസ്തമായിരുന്നു ഇവിടത്തെ ടെന്റുകൾ. ഒരാൾക്ക് എഴുന്നേറ്റു നിൽക്കാവുന്ന ഈ ടെന്റുകളിൽ ഏകദേശം ആരോ ഏഴോ പേർക്ക് സുന്ദരമായി കിടക്കുവാൻ സാധിക്കും. ഒരു കുന്നിന്റെ ചെരിവില് തട്ടുകളായിട്ടാണ് ടെന്റുകളും റെസ്റ്റോറന്റും ഒക്കെ സെറ്റ് ചെയ്തിരിക്കുന്നത്. ആനകൾ കടക്കുവാതിരിക്കുവാനായി ക്യാമ്പ് ഏരിയയ്ക്ക് ചുറ്റും വൈദ്യുത വേലി നാട്ടിയിട്ടുണ്ട്.

ലഗേജുകൾ ടെന്റിനുള്ളിൽ വെച്ച ശേഷം ഞങ്ങൾ മുകളിലേക്ക് കയറി. മുകളിലാണ് റെസ്റ്റോറന്റ്. ഭക്ഷണം കഴിക്കുന്നതിനു മുൻപായി ക്യാമ്പ് ഫയർ ആരംഭിച്ചു. മൂന്നാറിലെ പോലെ തണുപ്പ് ഉണ്ടായിരുന്നില്ലെങ്കിലും അവിടെ അങ്ങനെയൊരു അന്തരീക്ഷത്തിൽ ക്യാംപ് ഫയർ കിടിലൻ അനുഭവമായിരുന്നു. ക്യാമ്പ് ഫയർ സമയത്ത് എല്ലാവരും വിശേഷങ്ങൾ പറയുകയും പരസ്പരം പരിചയപ്പെടുകയും ഒക്കെ ചെയ്യുകയായിരുന്നു. ക്യാമ്പ് ഫയർ അവസാനിക്കാറായപ്പോൾ എല്ലാവര്ക്കും വിശപ്പിന്റെ വിളി വന്നു തുടങ്ങി. ഭക്ഷണം അപ്പോഴേക്കും തയ്യാറായിരുന്നു. നെയ്‌ച്ചോറും ആവി പറക്കുന്ന ചിക്കൻ കറിയും. എല്ലാവര്ക്കും നാലാൾ വിശപ്പ് ഉണ്ടായിരുന്നതിനാൽ നല്ല അന്തസ്സായി ഫുഡ് അടിച്ചു. അൻവർ ഇക്ക അന്ന് രാത്രിതന്നെ വൈത്തിരിയിലേക്ക് തിരിച്ചു. പുള്ളിക്ക് റിസോർട്ടിൽ തിരക്കുള്ള സമയമായിരുന്നു.

ഭക്ഷണത്തിനു ശേഷം കുറച്ചു സമയമൊക്കെ അവിടെ നടന്നു. ഏകദേശം ഒരു മണിക്കൂർ കഴിഞ്ഞപ്പോൾ ഉറക്കം വന്നുതുടങ്ങിയിരുന്നു. അതോടെ എല്ലാവരോടും ഗുഡ് നൈറ്റ് പറഞ്ഞു ടെന്റുകളിലേക്ക് പിരിഞ്ഞു. ടെന്റിൽ സ്ലീപ്പിങ് ബാഗ് ഉണ്ടായിരുന്നു. രാത്രി വൈകുന്തോറും അവിടെ തണുപ്പ് കൂടിക്കൂടി വരികയായിരുന്നു. സ്ലീപ്പിംഗ് ബാഗിനുള്ളിൽ കയറി ഞാൻ ഉറക്കത്തിലേക്ക് വഴുതി.

പിറ്റേദിവസം രാവിലെ തന്നെ ഉറക്കമെഴുന്നേറ്റു. കാഴ്ചകൾ കാണുവാനായി ടെന്റിനു പുറത്തേക്ക് ആകാംക്ഷയോടെ ചാടിയിറങ്ങി. ഹോ… ചുറ്റും മലനിരകൾ..അതും മഞ്ഞുമൂടി കിടക്കുന്നു. ചിലയിടങ്ങളിൽ മലകൾ തെളിഞ്ഞു വരുന്നുണ്ട്. ക്യാമറയും എടുത്തുകൊണ്ട് ഞങ്ങൾ മല ചെത്തി ഉണ്ടാക്കിയ ചെമ്മൺ പാതയിലൂടെ നടക്കുവാൻ തുടങ്ങി. സൂര്യോദയം കാണണമെങ്കിൽഏകദേശം ഇരുപത് മിനിറ്റ് ദൂരം നടക്കേണ്ടതായുണ്ട്. സമയക്കുറവ് മൂലം ഞങ്ങൾ അത് ഉപേക്ഷിക്കുകയാണ് ഉണ്ടായത്. തൽക്കാലം കുറച്ചു ദൂരം മാത്രം ഒരു പ്രഭാത നടത്തം. താഴെ തേയിലത്തോട്ടങ്ങളിൽ സ്ത്രീകൾ തേയില നുള്ളുന്നു. ഞങ്ങൾ മുകളിലെ നിരയിലാണ് നിന്നിരുന്നത്. താഴേക്ക് വേണമെങ്കിൽ തേയിലത്തോട്ടത്തിനുള്ളിലൂടെ പോകാം. പക്ഷെ കുത്തനെ കിടക്കുന്ന ഒരാൾക്ക് മാത്രം പോകാവുന്ന ആ വഴി കണ്ടപ്പോൾ അത് ഞങ്ങൾ വേണ്ടെന്നു വെച്ചു. വേണ്ടാത്തൊണ്ടല്ല വീഴാൻ മടിയായത് കൊണ്ടാ.. നടത്തവും കാഴ്ച കാണലും വീഡിയോ പിടിക്കലും ഒക്കെ കഴിഞ്ഞു ഞങ്ങൾ തിരികെ ടെന്റിൽ എത്തി.

ഇനി കുളിച്ചു റെഡിയാകണം. കുളിക്കാനും മറ്റുമുള്ള തോർത്തും സോപ്പും ഒക്കെ വരുന്നവർ തന്നെ കൊണ്ടുവരണം. ഞങ്ങൾക്കായുള്ള ഇവയൊക്കെ ഹൈനാസ്‌ ഇക്ക കൊണ്ടുവന്നിട്ടുണ്ടായിരുന്നു. പാവം ഇക്ക അതിരാവിലെ തൊട്ടടുത്ത ടൌൺ ഷിപ്പായ ചൂരൽ മലയിൽ പോയി വാങ്ങിക്കൊണ്ടു വന്നു. കുളിമുറിയും കക്കൂസും ഒക്കെ നല്ല വൃത്തിയുള്ളതായിരുന്നു. കൈ കഴുകുന്ന വാഷ് ബേസിൻ ആകട്ടെ മണ്ണുകൊണ്ട് ഉണ്ടാക്കിയതും. എല്ലാത്തിലും ഒരു വ്യത്യസ്തത പുലർത്തുന്നുണ്ട്. ഭക്ഷണത്തിനു ശേഷം ഞങ്ങൾക്ക് ബന്ദിപ്പൂർ വന്യജീവി സങ്കേതത്തിലേക്ക് പോകേണ്ടതുള്ളതിനാൽ ട്രെക്കിംങ് ഒക്കെ ഞങ്ങൾവേണ്ടെന്നു വെച്ചു. റെഡിയായ ശേഷം ഭക്ഷണം കഴിക്കുവാനായി ഞങ്ങൾ റെസ്റ്റോറന്റിലെത്തി. ചപ്പാത്തിയും ചിക്കൻ കറിയും മുട്ട പുഴുങ്ങിയതും പിന്നെ ചൂട് ചായയും. കൂടാതെ നല്ല പഴുത്ത മാമ്പഴവും ആപ്പിളും ഒക്കെ മുറിച്ചു വെച്ചിട്ടുണ്ട്. ബ്രെക്ക്ഫാസ്റ്റ് ഞങ്ങൾ ആസ്വദിച്ചു കഴിച്ചു.

ഭക്ഷണശേഷം ഞങ്ങൾ അട്ടമലയിലെ ആ ടെന്റ് ക്യാമ്പിൽ നിന്നും യാത്രയായി. വളരെ മനോഹരമായ ഒരു സ്ഥലമാണ് ഇത്. ബാച്ചിലേഴ്‌സിനു പറ്റിയ ഒരു കിടിലൻ പാക്കേജ്ഉം കൂടിയാണ്. വയനാട്ടിലെ കിടിലൻ പാക്കേജുകൾക്കായി ഹൈനസ് ഇക്കയെ നിങ്ങൾക്ക് നേരിട്ട് വിളിക്കാം – 9072299665.

LEAVE A REPLY

Please enter your comment!
Please enter your name here