വിവരണം – റസാഖ് അത്താണി.

ഒരു വട്ടമെങ്കിലും വായനാട്ടിലേക്ക് യാത്രപോവാത്തവരായി ആരും തന്നെ ഉണ്ടാവില്ല. കൂട്ടുകാരന്റെ നിർബന്ധത്തിനുവഴങ്ങിയാണ് രാത്രി 2 am ന് വയനാട്ടിലെ മാനന്തവാടിയിലേക്ക് അവന്റെ ജോലി ആവശ്യത്തിന് യാത്രതിരിക്കുന്നത്. അതും അവന്റെ പഴയ മാരുതി 800 ൽ. ഞാൻ ആദ്യമായാണ് 800 ൽ ഇത്രയും ലോങ്ങ് യാത്ര പോവുന്നത്. വണ്ടിയുടെ കണ്ടിഷൻ അൽപ്പം ഭയമുള്ളതുകൊണ്ടാണ് ആദ്യം വിളിച്ചപ്പോൾ വരുന്നില്ലായെന്ന് പറഞ്ഞതും പിന്നീട് നിർബന്ധത്തിനു വഴങ്ങി പോയതും.

യാത്ര തുടർന്നു കിലോമീറ്ററുകൾ പിന്നിട്ട് ചുരത്തിലേക്കു പ്രവേശിച്ചു 3 ഹെയർ പിന്നുകൾ കയറിയതും വണ്ടിയുടെ മട്ടും ഭാവവും മാറിത്തുടങ്ങി. പെട്ടെന്നു തന്നെ വണ്ടിയുടെ ഹീറ്റിങ് കൂടിത്തുടങ്ങി. പടച്ചോനെ ഈ നട്ടപാതിരാക്ക്‌ പണി പാലും വെള്ളത്തിലാണല്ലോ വരുന്നതെന്ന് ചിന്തിച്ചുപോയി. ചുരത്തിനോട് ചേർന്നുള്ള വ്യൂ പോയിന്റിന്റെ അടുത്തെത്തിയതും വണ്ടിയുടെ ബോണറ്റിൽനിന്നും പുകയോടുകൂടി സഡൻ ബ്രേക്കിട്ട് വണ്ടി നിന്നു കാറ് കേടുവന്നാൽ ബോണറ്റ് പൊക്കിനോക്കണമെന്ന നാട്ടുനടപ്പ് ഞങ്ങളായി തെറ്റിച്ചില്ല. ബോണറ്റും പൊക്കിനോക്കിയപ്പോൾ പുകയോടുകൂടി റേഡിയേറ്ററിൽ നിന്നു വെള്ളം തിളച്ചുപൊന്തി.

സമയം 5.30 ആവുന്നതേ ഒള്ളു. അടുത്തെങ്ങും ആളുകളോ റോഡിൽ തിരക്കോ ഇല്ല. ഞങ്ങൾ പിന്നെ പോളിടെക്നിക്കൊന്നും പഠിക്കാത്തതുകൊണ്ടു യന്ത്രങ്ങളുടെ പ്രവർത്തനരീതിയൊന്നും വല്ല്യ നിശ്ചയമില്ല. പിന്നീടങ്ങോട്ട് റേഡിയേറ്റർ തണുപ്പിക്കാനുള്ള കാത്തിരിപ്പായിരുന്നു. ആ കാത്തിരിപ്പിനിടയിലാണ് ആ കാഴ്ച ഞങ്ങൾ കണ്ടത്. ചുരത്തിനുമുകളിലെ മലമുകളിൽനിന്നും മഞ്ഞകലർന്ന ചുവപ്പ്‌ നിറം ചുരത്തിൽ പ്രത്യക്ഷപെട്ടു. മെല്ലെ മെല്ലെ പ്രകൃതിയുടെ മാറ്റങ്ങൾ കൺകുളിർക്കെ കണ്ടുതുടങ്ങി. അല്പസമയത്തിനു ശേഷം സൂര്യൻ കത്തിജ്വലിച്ചുകൊണ്ടു ഉയർന്നുവരുന്ന കാഴ്ച വരികളിൽ എങ്ങിനെ എഴുതണമെന്നു എനിക്കറിയില്ല. അത്ര മനോഹരമായിരുന്നു ആ പ്രഭാത കാഴ്ച.

മലകൾക്ക് ഇടയിലൂടെ സൂര്യകിരണങ്ങൾ മുഖത്തിലേക്ക് അടിച്ചുതുടങ്ങിയിരുന്നു. വയനാട് ചുരം പലവട്ടം കയറിയിട്ടുണ്ടെങ്കിലും ഈ കാഴ്ച ഇത് ആദ്യമായായിരുന്നു. അപ്പോഴാണ് തോന്നിത്തുടങ്ങിയത് ഒരുപക്ഷെ കാർ കേടുവന്നില്ലായിരുന്നുവെങ്കിൽ എല്ലാതവണത്തേയും പോലെ ചുരംകയറിപ്പോയെനെ ഞങ്ങൾ. അത് കൊണ്ടാണ് ഞാൻ ആദ്യമെ പറഞ്ഞത് ഈ കാർ ഞങ്ങൾക്കൊരു ജിന്നാണെന്ന്‌. കേടുവന്നത് ഒരു അനുഗ്രഹമായി അപ്പോൾ തോന്നി.

സൂര്യോദയം അവസാനിച്ചു തുടങ്ങിയപ്പോഴേക്കും വണ്ടിയുടെ റേഡിയേറ്റർ മെല്ലെ തണുത്തു തുടങ്ങിയിരുന്നു. പിന്നെ കാറെടുത്തു മെല്ലെ ചുരം കയറിത്തുടങ്ങി. ഇടക്കിടക്ക് ഈ റേഡിയേറ്റർ പൊക്കി കളി തുടർന്നുകൊണ്ടേയിരുന്നു. ചിലരുടെ പരിഹാസപരമായ പല നോട്ടങ്ങൾക്കും അപ്പോൾ സാക്ഷിയാവേണ്ടിവന്നിട്ടുണ്ട്. മെല്ലെ മെല്ലെ ഈ സംഭവത്തോട് ഞങ്ങൾ പൊരുത്തപ്പെട്ടു തുടങ്ങി. ആദ്യമായുള്ള അനുഭവം.. സംഭവം കൊള്ളാട്ടോ, ഇതിലും ഒരു ത്രില്ലൊക്കെ ഉണ്ട്. മണിക്കൂറുകൾക്കു ശേഷം ലക്ഷ്യസ്ഥാനത്ത് എത്തി പോയകാര്യങ്ങൾ തീർത്തപ്പോഴും സമയമിനിയും ബാക്കി.

പിന്നെ നേരെ ഞങ്ങളുടെ ശകടവുമായി വർക്ഷോപ്പിലേക്ക്. വർക്ഷോപ്പിൽ ചെന്നതും എവിടെന്നില്ലാത്തത്ര തിരക്ക്. ആശാനെ വിളിച്ചു കാര്യം അവതരിപ്പിച്ചു. “മക്കളെ എനിക്കിവിടെ പിടിപ്പതു പണിയുണ്ട് നാളെക്കൊണ്ടുപോവാം” എന്ന് ആശാനും. “വീട്ടിലേക്കു ഇന്നു തന്നെ മടങ്ങണം. ഇനി കാർ എടുക്കാനായി ഇതുവഴി വരാൻ പറ്റില്ല” എന്ന് പറഞ്ഞപ്പോൾ ആശാൻ “തൽക്കാലം നാടുപിടിക്കാനുള്ളത് ചെയ്തുതരാം” എന്ന് പറഞ്ഞു. “ഓക്കേ” എന്നു ഞങ്ങളും.

അങ്ങിനെ 2 മണിക്കൂറിനുശേഷം തട്ടിക്കൂട്ട് പണിയും എടുത്ത് കാറുമായി കുറവാദ്വീപ് പിടിച്ചു. പണ്ടെപ്പോഴോ വന്നതാണ് കുറുവായിലേക്ക്. അവിടത്തെ കാഴ്ചകൾ കണ്ട് ഒരു കുളിയും പാസാക്കി നേരെ വീട്ടിലേക്ക്. പല ലക്ഷ്വറി വണ്ടികളിലായി ഇതുവരെ ചുരം കയറിയപ്പോഴും കാണാൻ പറ്റാത്ത കാഴ്ചയാണ് ഇവൻ കാണിച്ചുതന്നത്. അല്ലേലും പോവുന്ന വണ്ടിയുടെ മോഡലോ ഗ്ലാമറോ ഒന്നും ഒരു യാത്രികന് പ്രശ്നമല്ലല്ലോ.


LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.