ഹിച്ച്ഹൈക്കിംഗ് മൂന്നാം ദിവസം കോഴിക്കോട് നിന്നും മംഗലാപുരം ഭാഗത്തേക്ക് ആയിരുന്നു ഞാന്‍ ആദ്യം പോകുവാന്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ സമയപരിമിതികള്‍ മൂലം ഞാന്‍ എന്‍റെ യാത്ര വയനാട്ടിലേക്ക് മാറ്റി. ആദ്യ രണ്ടു ദിവസങ്ങളില്‍ നിന്നും വ്യത്യസ്തമായി ഹിച്ച്ഹൈക്കിംഗ് മാറി മൂന്നാം ദിവസം ആനവണ്ടി ഹൈക്കിംഗ് ആയിമാറി. കെഎസ്ആർടിസി ബസ്സിൽ ലിഫ്റ്റ് അടി നടക്കില്ല, ടിക്കറ്റ് എടുക്കണം കെട്ടോ…

കോഴിക്കോട് ബസ് സ്റ്റാന്‍ഡില്‍ നിന്നും സീറ്റ് ലഭ്യമായ ഒരു KSRTC ബസ്സില്‍ ഞാന്‍ കയറി. അതില്‍ കുന്ദമംഗലം വരെ ഞാന്‍ യാത്രചെയ്തു. ഇന്ന് എന്താണെന്ന് അറിയില്ല മിക്ക ബസ്സുകളും അധികം യാത്രക്കാരില്ലാതെ കാലിയടിച്ചാണ് പോകുന്നത്. കുന്ദമംഗലത്തു നിന്നും താമരശ്ശേരി വരെ ആ ഒരു ബസ്സിലാണ് ഞാന്‍ യാത്ര ചെയ്തത്. താമരശ്ശേരി കെഎസ്ആര്‍ടിസി ഡിപ്പോയില്‍ ഒക്കെ കയറി ഒന്നു ചുറ്റിയടിച്ചശേഷം അടുത്ത ബസ് പിടിക്കാനായി ഞാന്‍ ബസ് സ്റ്റോപ്പിലേക്ക് വന്നു.

താമരശ്ശേരിയില്‍ നിന്നും അടിവാരം വരെയാണ് എന്‍റെ അടുത്തയാത്ര. അതാ വരുന്നു ഒരു നോണ്‍ എസി ലോഫ്ലോര്‍ ബസ്. ബസ്സില്‍ കയറിയപാടെ ഞാന്‍ അടിവാരത്തേക്ക് ടിക്കറ്റ് എടുത്തു. വളരെ സങ്കടകരമെന്നു പറയട്ടെ. ആ ബസ് പുറത്തിറക്കിയിട്ട് ഇന്നെക്കിതുവരെ വെള്ളം കണ്ടിട്ടില്ലെന്നു തോന്നിപ്പിക്കുന്ന രീതിയില്‍ വളരെ വൃത്തികേട് ആയി കിടക്കുകയായിരുന്നു. ഡിപ്പോ അധികാരികള്‍ ഇതൊന്നും ശ്രദ്ധിക്കുന്നില്ലേ ആവോ? അങ്ങനെ കഷ്ടതകള്‍ സഹിച്ച് ഞാന്‍ ഒരുവിധത്തില്‍ അടിവാരം എത്തി.

അടിവാരത്തു നിന്നും എനിക്ക് ലഭിച്ചത് മാനന്തവാടിയിലേക്കുള്ള ഒരു ലിമിറ്റഡ് സ്റ്റോപ്പ്‌ ബസ്സായിരുന്നു. ചുരത്തില്‍ എവിടെയും നിര്‍ത്തുന്നതല്ലായെന്നു കണ്ടക്ടര്‍ ഇടയ്ക്കിടെ വിളിച്ചു പറയുന്നുണ്ടായിരുന്നു. അങ്ങനെ ഞമ്മടെ താമരശ്ശേരി ചുരമൊക്കെ ചുറ്റിവളഞ്ഞുകൊണ്ട് ഞാന്‍ ചുരത്തിനു മുകളില്‍ ലക്കടിയില്‍ എത്തിച്ചേര്‍ന്നു. ഇനി അവിടുന്നു ചുരത്തിലെ വ്യൂ പോയിന്റിലേക്ക് നടക്കണം. അല്ലെങ്കില്‍ ലിഫ്റ്റ്‌ അടിക്കണം. ഭാഗ്യമെന്നു പറയട്ടെ.. നമ്മുടെ ഫോളോവേഴ്സില്‍ ഒരാളായ സോനു വഴിയില്‍വെച്ച് എന്നെക്കണ്ട് നിര്‍ത്തി അവസാനം എനിക്ക് ലിഫ്റ്റ്‌ തന്നു. അങ്ങനെ ഞാന്‍ ലക്കിടി വ്യൂ പോയിന്റില്‍ എത്തിച്ചേര്‍ന്നു. നിരവധി കുരങ്ങന്മാരായിരുന്നു എന്നെ അവിടെ വരവേറ്റത്. പിന്നീട് വീണ്ടും ലക്കിടി ബസ് സ്റ്റോപ്പിലേക്ക് നടന്ന് വൈത്തിരിയിലെക്ക് ബസ് കയറി.

വൈത്തിരി ബസ് സ്റ്റാന്‍ഡില്‍ എത്തിയപ്പോള്‍ സമയം ഉച്ചയ്ക്ക് രണ്ടു മണിയായി. ബസ് സ്റ്റാന്‍ഡിനു മുന്നിലുള്ള ഒരു ഹോട്ടലില്‍ നിന്നും 70 രൂപയുടെ ചിക്കന്‍ ബിരിയാണി കഴിച്ചു. രണ്ട് ചിക്കന്‍ പീസും റൈസും ഒക്കെയായി നല്ല ഒന്നാന്തരം ബിരിയാണി. നല്ലൊരു മലബാറി രുചിയും തോന്നി ആ ബിരിയാണിയ്ക്ക്. ബിരിയാണിയും കഴിച്ചശേഷം വൈത്തിരിയില്‍ നിന്നും കല്‍പ്പറ്റയിലേക്ക് അടുത്ത ബസ്സില്‍ ഞാന്‍ വീണ്ടും യാത്രയാരംഭിച്ചു.

പിന്നെ കല്‍പ്പറ്റയില്‍ നിന്നും ബത്തേരിയിലേക്ക് വേറെ ബസ്സില്‍. അങ്ങനെ അവസാനം ഞാന്‍ ബത്തേരി കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍ എത്തി. ബത്തേരി ഡിപ്പോയില്‍ ചെന്നപ്പോഴാണ് പെരിക്കല്ലൂരിലേക്കുള്ള ബസ് ഞാന്‍ കണ്ടത്. ഒട്ടും വൈകിച്ചില്ല നേരെ കയറി ആ ബസ്സില്‍. ആ ബസില്‍ കയറി പെരിക്കല്ലൂര്‍ വരെ ചെന്ന് അവിടെയൊക്കെ കുറച്ച് ചുറ്റിക്കറങ്ങി. പിന്നെ അതെ ബസ്സില്‍ത്തന്നെ തിരിച്ച് ബത്തേരിയിലേക്ക്..

ബത്തേരിയിലൊക്കെ കറങ്ങിയശേഷം രാത്രി 8.30 ന്‍റെ മൈസൂര്‍ – പത്തനംതിട്ട ഡീലക്സ് ബസ്സില്‍ ഞാന്‍ വയനാട്ടില്‍ നിന്നും കോഴഞ്ചേരിയിലേക്ക് തിരികെയുള്ള യാത്ര ആരംഭിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here