വിവരണം – Mihraj UK.

നമുക്ക് അല്‍പം വര്‍ഷം പിറകോട്ട് പോകാം എങ്കില്‍ മാത്രമേ എന്‍റെ സഞ്ചാരം പൂര്‍ണ്ണമാകുകയുള്ളു. 1498 മെയ് 20, കോഴിക്കോട്ടെ ”കപ്പക്കടവില്‍”ആരെയും അത്ഭുതപെടുത്തുന്ന വെത്യസ്ഥമായ ഒരു പായക്കപ്പല്‍ അടുത്തിരിക്കുന്നു. ആരാണ് ആ സഞ്ചാരി എന്നറിയുവാനായി ഇരുപതോളം മുക്കുവന്‍മാര്‍ ചെറുതോണിയില്‍ പായക്കപ്പലിനടുത്തെത്തി സാകുതം വീക്ഷിച്ചു. ഇളകിയാടുന്ന പായക്കപ്പലിന് മുകളില്‍ ഗാംഭീര്യത്തോടെ ഒരാള്‍ ഏവരേയും വീക്ഷിക്കുന്നുണ്ടായിരുന്ന. അദ്ദേഹമാണ് ഇന്ത്യന്‍ മഹാസമുദ്രത്തിന്‍റെ അധിപന്‍ എന്ന് പിന്നീട് വിളിപ്പേര്കിട്ടിയ ‘വാസ്ക്കോഡ ഗാമ’.

വളരെ ധനികരായ നാട്ടുകാരെ പ്രതീക്ഷിച്ച ഗാമക്ക് ഇവരെ കണ്ടപ്പോൾ നിരാശ തോന്നി. കറുത്ത നിറമുള്ളതും കുറുവുമാത്രം വസ്ത്രം ധരിക്കുന്നവരെ അദ്ദേഹം അല്പം ഭയത്തോടു കൂടിയാണ് കണ്ടത്. എങ്കിലും അതൊന്നും ജന്മനാല്‍ സഞ്ചാരിയും വ്യാപാരിയുമായ ഗാമയെ പിന്തിരിപ്പിച്ചില്ല. കോഴിക്കോട് അദ്ദേഹം ആദ്യമായി ചരിത്രത്തിലേക്കുള്ള കാല്‍വെയ്പ്പ് നടത്തി. ഇന്ത്യ എന്ന മഹാരാജ്യത്തെ നൂറ്റാണ്ടുകളോളം കാല്‍കീഴിലാക്കാന്‍ ഉതകുന്ന കാല്‍വെയ്പ്പ്.

സാമൂതിരിയുമായുള്ള കൂടിക്കാഴ്ച പ്രതീക്ഷീച്ചത്ര വിജയകരമായിരുന്നില്ല ഗാമയ്ക്ക്. ഗാമ സ്വർണ്ണവും വെള്ളിയും കാഴ്ചയായി കൊടുക്കാതെ വസ്ത്രങ്ങളും ചില പാത്രങ്ങളും കുറച്ച് പഞ്ചസാരയും മറ്റുമാണ്‌ കൊടുത്തത്. എന്നാല്‍ സാമൂതിരി വ്യാപരം നടത്തുവാന്‍ ആഗ്രഹിച്ചത് അറബികളുമായിട്ടായിരുന്നു. എങ്കിലും മഹാമനസ്കനായ രാജാവ് ഗാമയ്ക്ക് കരയിൽ ഒരു പാണ്ടികശാല പണിയാൻ അനുവാദം നൽകി. എങ്കിലും സാമൂതിരിരാജാവുമായി ചില അസ്വാരസ്യങ്ങള്‍ കാരണം ഗാമ കോലത്തിരിയുമായി സൗഹൃദത്തിലായി. പിന്നീട് അദ്ദേഹം വിവിധ സ്ഥലങ്ങൾ സന്ദർശിച്ചു. കോലത്തിരിയുമായി വ്യാപാര ബന്ധത്തിൽ ഏർപ്പെട്ട ഗാമ 1498 ഒക്ടോബർ 5 നു സ്വന്തം നാട്ടിലേയ്ക്ക് തിരിച്ചു പോയി.

1499 സെപ്തംബറിൽ സ്വന്തം നാട്ടിൽ എത്തിയ ഗാമയ്ക്ക് വിരോചിതമായ വർവേല്പാണ് പോർട്ടുഗലിലെ നാട്ടുകാർ നൽകിയത്. 170 പേരുമായി യാത്ര പുറപ്പെട്ട സംഘത്തിലെ ഗാമയടക്കം 54 പേർ മാത്രമാണ്‌ തിരിച്ചെത്തിയത്. വ്യാപാരത്തിന്റെ അടിസ്ഥാനത്തിൽ യാത്ര വൻ വിജയമായിരുന്നു. യാത്രക്ക് ചെലവായതിന്റെ 60 ഇരട്ടിയോളം വിലവരുന്ന ചരക്കുകളായിരുന്നു ഗാമ കൊണ്ടുവന്നത്. ചരക്കുകൾക്ക് പുറമേ 16 കേരളീയരുമുണ്ടായിരുന്നു. അതീവ സന്തുഷ്ടനായ മാനുവൽ രാജാവ് അദ്ദേഹത്തിന് അളവറ്റ പ്രതിഫലം നൽകി. അദ്ദേഹത്തെ ഇന്ത്യൻ മഹാസമുദ്രത്തിന്റെ ”അധിപന്‍”എന്ന ബഹുമതി നൽകി ആദരിച്ചു. പിന്നീടുണ്ടായത് ഏവര്‍ക്കും പരിചിതമായ ചരിത്രമാണ്.

ഇന്നത്തെ എന്‍റെ സൈക്കിള്‍ യാത്ര ചരിത്രപ്രധാനമായ ‘കാപ്പാട്’ എന്ന സ്ഥലത്തേക്കായിരുന്നു. ഈ ചരിത്രം ഓര്‍മ്മിപ്പിക്കാതെ നിങ്ങളെ കാപ്പാട് കാണിക്കുന്നതില്‍ അര്‍ഥമില്ലാത്തത് കൊണ്ടുമാത്രമാണ് മുകളില്‍ ചെറിയരീതിയില്‍ ചരിത്രം ചികഞ്ഞത് ക്ഷമിക്കുക. കോഴിക്കോട് നിന്നും 16 കിലോമീറ്ററാണ് കാപ്പാട് എന്ന സ്ഥലത്തേയ്ക്കുള്ളത്.’കപ്പകടവ്’ എന്നും ഈ സ്ഥലത്തിന് പേരുണ്ട്.

ഞാനും കൂട്ടുകാരന്‍ ഇര്‍ഷാദും രാവിലെതന്നെ സൈക്കിളുമെടുത്ത് കാപ്പാട് ബീച്ചിലെത്തി. സിമന്‍റ് കട്ടകളാല്‍ നിലം പാകിയ ഒരു പാര്‍ക്കാണ് ആദ്യം കണ്ടത്.കാപ്പാട് ബീച്ചിൽ വിനോദസഞ്ചാരം വികസിക്കുന്നതിനോടു നാട്ടുകാർക്ക് വലിയ താത്പര്യമില്ല എന്ന് ആരോപണം കൂടി ചിലർ ഉന്നയിക്കാറുണ്ട്.അത് ശെരിയാണെന്ന് എനിക്കും തോന്നി. കാരണം വടക്ക് ഭാഗത്തായി കോടികള്‍ മുടക്കി നിര്‍മിച്ച ഒരു പാര്‍ക്ക് ഇപ്പോള്‍ ആകെ വ്യത്തികേടായി കിടുക്കുന്നുണ്ടായിരുന്നു. എങ്കിലും ഏതൊരു സഞ്ചാരികളെയും ആകർഷിക്കാൻ തക്ക സുന്ദരവും വിസ്തൃതവുമായ കടൽത്തീരം കൊണ്ട് അനുഗൃഹീതമാണ്‌ കാപ്പാട് ബീച്ച്. എനിക്ക് കാണേണ്ടിയിരുന്നത് ‘ഗാമ’ കാലുകുത്തി എന്ന് പറയപെടുന്ന സ്ഥലമായിരുന്നു.

റോഡരികിലായി ചിലര്‍ മത്സ്യബന്ധനത്തിനായുള്ള വല കെട്ടുന്ന തിരക്കിലായിരുന്നു.അവരോടായി ഞാന്‍ ചോദിച്ചു. “ചേട്ടാ എവിടെയാ ഈ വാസ്ഗോഡ ഗാമ കാല് കുത്തിയ സ്ഥലം”? ഇതെന്ത് ചോദ്യം എന്നമട്ടില്‍ അവര്‍ എന്നെനോക്കി ഒരു നൂറ് ചോദ്യം ഇങ്ങോട്ട്. “എവിടാ, ആരാ, എന്ത്ചെയ്യുന്നു” അങ്ങനെ സംശയകണ്ണോടെ എല്ലാവരുടെയും നോട്ടവും. എന്‍റെ ജോലിയും കൂടെയുള്ള ഇര്‍ഷാദ് പോലീസാണ് എന്ന് പറഞ്ഞതോടെ അവന്മാരുടെ ചോദ്യം നിന്നു. കൂടെ വഴി ക്യത്യമായി പറഞ്ഞുതരുകയും ചെയ്തു.

ഗാമ കാല് കുത്തി എന്ന് എഴുതിയ ഒരു സ്തൂപം കണ്ട് ഞാനാകെ സംശയത്തിലായി. കാരണം ബീച്ചില്‍ നിന്നും ഒരു അഞ്ചൂറ് മീറ്റര്‍ വെത്യാസമെങ്കിലും കാണും ഈ സ്തൂപത്തിലേക്ക്. അങ്ങനെയെങ്കില്‍ ഗാമയെങ്ങനെ കപ്പലില്‍വന്ന് ഇവിടെ കാല് കുത്തും. അടുത്തുള്ള ആള്‍ പറഞ്ഞത് കടല്‍ താഴേക്ക് ഇറങ്ങിയതാണ് എന്നാണ്. അത് എനിക്കെന്തോ വിശ്വാസം വന്നില്ല. അവിടെനിന്നും നേരെ കാപ്പാട് ബീച്ചിലെ സൗന്ദര്യമുഖമായ പാറകെട്ടുകള്‍ക്ക് മുകളിലേക്ക് സൈക്കിളും കൊണ്ട് വലിഞ്ഞ്കയറി. അതിന് തൊട്ട് താഴെയായി ചില ചെറുപ്പക്കാര്‍ കടലില്‍ താഴ്ന്നിറങ്ങി കല്ലുമ്മകായ പറിച്ചെടുക്കുന്നതും കാണാമായിരുന്നു.

 

പാറക്കെട്ടുകള്‍ക്ക് ചുറ്റിലും സംരക്ഷണവേലി നിര്‍മിച്ചിരുന്നു. മുംമ്പ് അത് വഴി വന്നപ്പോള്‍ അത്തരമൊരു വേലി ഉണ്ടായിരുന്നില്ല. നയനസുന്ദരമായ കാഴ്ചയാണ് ആ പാറക്കെട്ടുകള്‍ക്ക് മുകളില്‍നിന്നും നോക്കിയാല്‍ ഇരുവശത്തും കാണാനാവുക. നമ്മള്‍ ഗോവയില്‍ എത്തിയ ഒരു പ്രതീതി. കാപ്പാട് ബീച്ചിന്റെ വടക്ക് ഭാഗത്ത് പാറക്കെട്ടുകളും അതിനോട് ചേർന്നുള്ള ശ്രീകുറുംബ ക്ഷേത്രവും സന്ദർശകർക്ക് അതീവ ഹൃദ്യമായ കാഴ്ചയാണ്‌. ഒറുപൊട്ടും കാവ്‌ എന്നറിയപ്പെടുന്ന ഈ പുരാതന ക്ഷേത്രം തദ്ദേശീയരായ അരയന്മാരുടെ പ്രധാന ആരാധനാ കേന്ദ്രമാണ്‌. അതിന് തെക്കുഭാഗത്ത് കാറ്റാടി മരങ്ങൾ നിറഞ്ഞ കടൽത്തീരം വിനോദ സഞ്ചാരികൾക്ക് കടൽക്കാറ്റേറ്റ് വിശ്രമിക്കാനുള്ള സൗകര്യം നൽകുന്നു.

കേരള ടൂറിസം ഡെവലപ്മെന്റ് കോർപ്പറേഷൻ പണികഴിപ്പിച്ച ഒരു റിസോർട്ട് ബീച്ചിന്റെ തെക്കുവശത്ത് പ്രവർത്തിക്കുന്നുണ്ട്. അവിടെ പോയി ചിത്രങ്ങള്‍ പകര്‍ത്തുവാനായി അനുവാദം ചോദിച്ചപ്പോള്‍ “നോ” എന്ന് പറഞ്ഞു. അവര്‍ക്ക് വേണ്ടെങ്കില്‍ നമുക്കെന്ത്…ഹല്ല പിന്നെ. അവിടെനിന്നും അല്‍പം ദൂരെക്കാണുന്ന ഒരു കടല്‍ഭിത്തി എന്‍റെ കണ്ണിലുടഞ്ഞു. ഈ സൈക്കിളും കൊണ്ട് അത് വരെ പോകാമെന്ന് കൂടെയുള്ള ആളും സമ്മതിച്ചു. എന്നാല്‍ അല്‍പംകൂടെ മുന്നോട്ട് പോയതും ഞങ്ങളെ കാത്തിരുന്നത് പൊട്ടിപൊളിഞ്ഞ റോഡായിരുന്നു. ഒരു മൂന്ന് കിലോമീറ്ററോളം റോഡ് പൊളിഞ്ഞിരുന്നു.

വളരെ സാവധാനം മുന്നോട്ട് പോയിരിക്കെയാണ് ഞങ്ങള്‍ ആ കാഴ്ചകണ്ടത്. ഒരു കുഞ്ഞ് മുതലയുടെ വലിപ്പമുള്ള ‘ഉടുമ്പ്’. മാന്യനായ ഉടുമ്പായത് കാരണം എന്നെനോക്കി അല്‍പനേരം നാവ് പുറത്തേക്ക് നീട്ടി ഫോട്ടോയ്ക്ക് പോസ്ചെയ്തു. ഞാനതിനെ ആദ്യമായാണ് നേരില്‍കാണുന്നത്. അധികം ശബ്ദമുണ്ടാക്കാതെ അല്‍പം ചിത്രമെടുത്ത് തിരികെ പോന്നു. അവരുടെ ജീവിതത്തില്‍ നമ്മളെന്തിന് ശല്യാവുന്നു.

ആ പ്രദേശത്തെ ഏറ്റവും പുരാതനമായ വിദ്യാലയമാണ് തിരുവങ്ങൂരിൽ സ്ഥിതി ചെയ്യുന്ന തിരുവങ്ങൂർ ഹയർ സെക്കന്ററി വിദ്യാലയം. ദിനംപ്രതി നൂറുകണക്കിന്‌ ആളുകൾ സന്ദർശിക്കുന്ന ഒരു പ്രധാന ടൂറിസ്റ്റ് കേന്ദ്രമാണ്‌ കാപ്പാട്. മലബാറിലെ പ്രദേശങ്ങൾ സന്ദർശിക്കുന്ന സ്വദേശികളും വിദേശികളുമായ ടൂറിസ്റ്റുകൾ അവരുടെ സന്ദർശന പട്ടികയിലെ ഒരു പ്രധാന വിനോദസഞ്ചാര കേന്ദ്രമായി കാപ്പാടിനെ പരിഗണിക്കുന്നു.വൈകുന്നേരങ്ങളിൽ പ്രത്യേകിച്ച് വാരന്ത്യങ്ങളിൽ ഈ ബീച്ചിൽ നല്ല തിരക്കനുഭവപ്പെടാറുണ്ട്.

കോഴിക്കോട് എത്തുന്നവര്‍ തീര്‍ച്ചായും കണ്ടിരിക്കേണ്ട സ്ഥലങ്ങളില്‍ ഒന്ന്തന്നെയാണ് കാപ്പാട് ബീച്ച്. വെയിലിന് ശക്തിപ്രാപിക്കുന്നതിന് മുമ്പ് ഞങ്ങള്‍ അവിടെ നിന്നും തിരികെ യാത്രയായി. ഒരുപാട് ചരിത്രമുറങ്ങുന്ന മണ്ണിലാണ് ഞാന്‍ ജനിച്ചത് എന്നതില്‍ തെല്ലൊരു അഭിമാനത്തൊടെ ഞാന്‍ വീട്ടിലേക്ക് തിരിച്ചു. വീണ്ടും എത്താം എന്ന് സ്വയം മന്ത്രിച്ച്കൊണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.