കെഎസ്ആർടിസി എന്നു കേട്ടാൽ മിക്കവരും മുഖം തിരിക്കുന്ന ഒരു കാലമുണ്ടായിരുന്നു. എന്നാൽ ഇന്ന് അങ്ങനെയല്ല. ഒരു രക്ഷകൻ എന്ന നിലയിലാണ് എല്ലാവരും തങ്ങളുടെ സ്വന്തം ആനവണ്ടിയെ കാണുന്നത്. ഈയിടെ നമ്മുടെ അമ്മപെങ്ങന്മാർക്ക് രാത്രിയിൽ താങ്ങാകുമെന്നും ആനവണ്ടി തെളിയിക്കുകയുണ്ടായി. ഇപ്പോഴിതാ കെഎസ്ആർടിസി രക്ഷകന്റെ വേഷമണിഞ്ഞുള്ള ഒരു മലയാളം ഷോർട്ട് ഫിലിം റിലീസായിരിക്കുകയാണ്. രാത്രിയിൽ ഒറ്റയ്ക്കായി പോകുന്ന പെൺകുട്ടിയെ സാമൂഹ്യദ്രോഹികളിൽ നിന്നും കെഎസ്ആർടിസി ബസ് വന്നു രക്ഷിക്കുന്നതാണ് ഈ ഷോർട്ട് ഫിലിമിന്റെ കഥ. ആ വീഡിയോ ഒന്നു കണ്ടു നോക്കാം…
Video -Millennium Videos.
മാസങ്ങൾക്ക് മുൻപ് ആതിര ജയൻ എന്ന പെൺകുട്ടിയെ പാതിരാത്രി ബസ് സ്റ്റോപ്പിൽ ഇറക്കിവിട്ടു പോകാതെ കാവലായി കെഎസ്ആർടിസി ബസ്സും ജീവനക്കാരും നിന്ന സംഭവത്തെ അടിസ്ഥാനമാക്കിയാണ് ഇത്തരമൊരു ഷോർട്ട് ഫിലിം ഉടലെടുത്തത്. ജൂൺ രണ്ടിന് കൊല്ലം ചവറയ്ക്കടുത്ത ശങ്കരമംഗലം ബസ് സ്റ്റോപ്പിലായിരുന്നു ആ സംഭവം. അന്ന് രാത്രി ജീവനക്കാരോടും യാത്രക്കാരോടും നന്ദി പറയാൻ കഴിയാതിരുന്ന പെൺകുട്ടി പിന്നീട് ഫേസ്ബുക്ക് കുറിപ്പിലൂടെ നന്ദി അറിയിക്കുകയായിരുന്നു. ഈ കുറിപ്പാണ് ഫേസ്ബുക്കിൽ വൈറലായത്.
സ്ഥിരമായി കെഎസ്ആർടിസി ബസിൽ യാത്ര ചെയ്യുന്ന യുവതി ജൂൺ രണ്ടിന് രാത്രിയിലാണ് അങ്കമാലിയിൽ നിന്ന് കൊല്ലത്തേക്ക് യാത്രതിരിച്ചത്. കോയമ്പത്തൂരിൽ നിന്നും തിരുവനന്തപുരത്തേക്കുള്ള കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റിലായിരുന്നു യാത്ര. ബസ് കൊല്ലത്ത് എത്തിയപ്പോൾ ഏകദേശം രാത്രി ഒന്നര മണിയായിരുന്നു. ചവറയ്ക്ക് അടുത്ത ശങ്കരമംഗലം ബസ് സ്റ്റോപ്പിലാണ് യുവതി ഇറങ്ങിയത്. വീട്ടിലേക്ക് കൊണ്ടുപോകാൻ സഹോദരൻ വരുമെന്നായിരുന്നു യുവതിയുടെ പ്രതീക്ഷ. എന്നാൽ മഴ കാരണം സഹോദരൻ ബസ് സ്റ്റോപ്പിലെത്താൻ അൽപം വൈകി. ഈ സമയം യുവതി മാത്രമേ ബസ് സ്റ്റോപ്പിൽ ഉണ്ടായിരുന്നുള്ളു.
പക്ഷേ, പാതിരാത്രിയിൽ ബസ് സ്റ്റോപ്പിലിറങ്ങിയ യുവതിയെ തനിച്ചാക്കി പോകാൻ കെഎസ്ആർടിസി ജീവനക്കാർ തയ്യാറായിരുന്നില്ല. യുവതിയുടെ സഹോദരൻ വരുന്നതുവരെ ആ ബസും അതിലെ ജീവനക്കാരും യാത്രക്കാരും അവിടെ കാത്തുകിടന്നു. ഏഴ് മിനിറ്റോളം ബസ് ശങ്കരമംഗലം ബസ് സ്റ്റോപ്പിൽ നിർത്തിയിട്ടു. ബസ് ജീവനക്കാരോട് കാത്തുനിൽക്കേണ്ടെന്ന് പറഞ്ഞെങ്കിലും സഹോദരൻ എത്തിയതിന് ശേഷം മാത്രമാണ് അവർ യാത്ര തുടർന്നത്. അന്നത്തെ രാത്രിയിൽ നന്ദി പറയാൻ പോലും കഴിയാതിരുന്ന യുവതി പിന്നീട് ഈ സംഭവം വിവരിച്ച് ഫേസ്ബുക്കിലൂടെ കെഎസ്ആർടിസി ജീവനക്കാരോടും യാത്രക്കാരോടും നന്ദി അറിയിക്കുകയും ചെയ്തു.
ആനവണ്ടി ഗ്രൂപ്പിലായിരുന്നു യുവതി തന്റെ നന്ദി അറിയിച്ചുകൊണ്ടുള്ള പോസ്റ്റ് ഇട്ടിരുന്നത്. ഈ സംഭവം മുഖ്യധാരാ മാധ്യമങ്ങളെല്ലാം വാർത്തയാക്കിയതോടെ കെഎസ്ആർടിസി പെൺകുട്ടികൾക്ക് പൊന്നാങ്ങളയായി മാറുകയാണുണ്ടായത്. യാത്ര ചെയ്ത ബസിലെ ടിക്കറ്റിന്റെ ചിത്രം യുവതി ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിരുന്നതിനാൽ ജീവനക്കാരെ കണ്ടെത്താനായിരുന്നു ഏവരുടെയും ശ്രമം. ഒടുവിൽ ആ നന്മ വറ്റാത്ത കെഎസ്ആർടിസി ജീവനക്കാരെ കണ്ടെത്തി. തിരുവനന്തപുരം സെൻട്രൽ ഡിപ്പോയിലെ കണ്ടക്ടർ പിബി ഷൈജുവും ഡ്രൈവർ കെ ഗോപകുമാറുമായിരുന്നു അന്ന് ബസിലുണ്ടായിരുന്നത്. ജീവനക്കാരെ തിരിച്ചറിഞ്ഞതോടെ അഭിനന്ദനങ്ങളുടെ പ്രവാഹമാണ് ഇവരുവരെയും തേടിയെത്തിയത്.
1 comment
Ath njan anu