സ്മാർട്ട് ഡ്രൈവ് ചീഫ് എഡിറ്ററും സുഹൃത്തുമായ ബൈജു ചേട്ടന് (ബൈജു എൻ. നായർ) കേരള സാഹിത്യ അക്കാദമിയുടെ 2018-ലെ മികച്ച യാത്രാവിവരണ ഗ്രന്ഥത്തിനുള്ള പുരസ്‌കാരം ലഭിച്ചിരിക്കുന്നു എന്ന വാർത്ത അതീവ സന്തോഷകരവും അഭിമാനകാരവുമായ ഒന്നാണ്. മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച ‘ലണ്ടനിലേക്കൊരു റോഡ് യാത്ര’ എന്ന കൃതിയ്ക്കാണ് പുരസ്‌കാരം ലഭിച്ചിരിക്കുന്നത്. 25,000 രൂപയും സാക്ഷ്യപത്രവും ഫലകവുമാണ് പുരസ്‌കാരം.

2014 ൽ സംവിധായകൻ ലാൽ ജോസ്, സുരേഷ് ജോസഫ് എന്നിവരോടൊപ്പമാണ് ബൈജു ചേട്ടൻ ലണ്ടനിലേക്ക് റോഡ് മാർഗ്ഗം യാത്രയാരംഭിച്ചത്. ഈ യാത്രയുടെ വിശേഷങ്ങളാണ് പിന്നീട് അദ്ദേഹം ‘ലണ്ടനിലേക്കൊരു റോഡ് യാത്ര’ എന്ന പേരിൽ പുസ്തകമായി പ്രസിദ്ധീകരിച്ചത്. അധികമാരും പങ്കുവെയ്ക്കാത്ത, വ്യത്യസ്തമായ യാത്രാനുഭവങ്ങൾ ഒരു കഥയെന്നപോലെയാണ് ഈ പുസ്തകത്തിൽ ബൈജു ചേട്ടൻ എഴുതിയിരിക്കുന്നത്.

ബൈജു ചേട്ടനുമായുള്ള ബന്ധം : ബൈജു ചേട്ടനെ ഞാൻ നാളുകൾക്കു മുന്നേ പല പരിപാടികൾക്കിടയിൽ നേരിട്ട് കണ്ടിട്ടുണ്ട്. അന്നൊക്കെ സാധാരണ രീതിയിൽ പരിചയപ്പെട്ടു എന്നല്ലാതെ അടുത്തറിയാൻ തക്കവിധത്തിലുള്ള ബന്ധമൊന്നും വളർന്നിരുന്നില്ല. അങ്ങനെയിരിക്കെയാണ് ഞാനും എമിലും സലീഷേട്ടനും ഹാരിസ് ഇക്കയും കൂടി 60 ദിവസങ്ങളോളം നീണ്ട INB ട്രിപ്പ് വിജയകരമായി പൂർത്തിയാക്കിയത്.

INB ട്രിപ്പിനു ശേഷം വിശ്രമത്തിനിടെ ഞാൻ ബൈജു ചേട്ടന്റെ നമ്പർ തപ്പിപ്പിടിച്ച് അദ്ദേഹത്തെ നേരിട്ട് വിളിക്കുകയും, ചേട്ടൻ INB ട്രിപ്പ് പൂർത്തിയാക്കിയതിൽ ഞങ്ങളെ അഭിനന്ദിക്കുകയും ചെയ്തു. അങ്ങനെയാണ് കൊച്ചിയിൽ നിന്നും സിംഗപ്പൂരിലേക്ക് ഒരു റോഡ് ട്രിപ്പ് എന്ന ആശയം ഞാൻ ബൈജു ചേട്ടനുമായി പങ്കുവെയ്ക്കുന്നത്. പ്ലാൻ കേട്ട ബൈജു ചേട്ടൻ ഒട്ടും ആലോചിക്കാതെ “ട്രിപ്പ് പോകാൻ റെഡി” എന്നു പറഞ്ഞു.

അതിനുശേഷം ഞാനും എമിലും കൂടി ബൈജു ചേട്ടനെ എറണാകുളത്തു വെച്ച് നേരിട്ട് മീറ്റ് ചെയ്യുകയും യാത്രയെക്കുറിച്ച് വിശദമായി സംസാരിക്കുകയും ചെയ്തു. വലിയൊരു യാത്ര പോകുന്നതിനു മുൻപ് യാത്രികർ തമ്മിലുള്ള ആ മനപ്പൊരുത്തം ക്ലിയർ ആയി മനസ്സിലാക്കുവാൻ ഞങ്ങൾ ചെറിയ ചെറിയ യാത്രകൾ ഒപ്പം നടത്തി. അങ്ങനെയിരിക്കെയാണ് ചൈനയിൽ നിന്നും സഹീർ ഭായിയുടെ ക്ഷണം ഞങ്ങൾക്ക് ലഭിക്കുന്നത്. അങ്ങനെ ഞാനും ബൈജു ചേട്ടനും ഒന്നിച്ച് ചൈനയിലേക്ക് യാത്ര തിരിച്ചു. ആ യാത്രയിൽ ഞങ്ങൾ പരസ്പരം വിശേഷങ്ങൾ പങ്കുവെച്ചു, ഓരോരുത്തരുടെയും മൈൻഡ് പരസ്പ്പരം മനസ്സിലാക്കി, മാനസികമായി കൂടുതൽ അടുത്തു.

ചൈന യാത്രയിൽ വെച്ചാണ് ബൈജു ചേട്ടൻ വന്ന വഴികളെക്കുറിച്ചും, നേരിടേണ്ടി വന്ന, തരണം ചെയ്ത പ്രശ്‍നങ്ങളെക്കുറിച്ചുമൊക്കെ എന്നോട് പങ്കുവെയ്ക്കുന്നത്. മലയാള സാഹിത്യത്തിൽ എം.എ ഡിഗ്രിയും, ജേർണലിസം ഡിപ്ലോമയും കരസ്ഥമാക്കിയ ബൈജു ചേട്ടൻ മാതൃഭൂമിയിൽ ആണ് ആദ്യമായി പത്രപ്രവർത്തകനായി ജോലിയ്ക്ക് കേറുന്നത്. മാതൃഭൂമിയിൽ ‘ടോപ് ഗിയർ’ എന്ന കോളം എഴുതി ബൈജു ചേട്ടൻ മലയാളത്തിലെ ആദ്യകാല ഓട്ടോമോട്ടീവ് ജേർണലിസ്റ്റ് എന്ന പേര് നേടി.

പിന്നീട് അദ്ദേഹം മാതൃഭൂമിയിൽ നിന്നും ജോലി രാജിവെച്ച് ഇറങ്ങുകയും സുഹൃത്തുക്കളുമായി ചേർന്ന് ടോപ് ഗിയർ എന്ന പേരിൽ ഒരു ഓട്ടോമോട്ടീവ് മാസിക പുറത്തിറക്കുകയും ചെയ്തു. ടോപ് ഗിയർ മാസിക വൻ ഹിറ്റായി മാറി. പാർട്ണർമാരുടെ ചതിയിൽപ്പെട്ട് ടോപ് ഗിയർ കൈവിട്ടു പോകുകയും, പിന്നീട് അദ്ദേഹം സ്വന്തം ഉടമസ്ഥതയിൽ ‘സ്മാർട്ട് ഡ്രൈവ്’ എന്ന പേരിൽ മാസിക തുടങ്ങുകയും ചെയ്തു. ബിജു ചേട്ടന്റെ സ്വപ്നങ്ങൾക്ക് അങ്ങനെ ചിറകു വിരിച്ചുകൊണ്ട് സ്മാർട്ട് ഡ്രൈവ് മാസിക പ്രസിദ്ധിയാർജ്ജിച്ചു.

ഓട്ടോമൊബൈൽ ജേർണലിസ്റ്റ് എന്ന നിലയിൽ വിവിധ രാജ്യങ്ങളിൽ സന്ദർശനം നടത്തുവാനും ആറായിരത്തിലേറെ വാഹനങ്ങൾ ടെസ്റ്റ് ഡ്രൈവ് നടത്തുവാനും ബൈജു ചേട്ടന് സാധിച്ചു. ഒരുപക്ഷെ ഇതൊരു റെക്കോർഡ് തന്നെയാകാം. സ്മാർട്ട് ഡ്രൈവ് മാസികയുടെ ചീഫ് എഡിറ്ററായി പ്രവർത്തിക്കവേ, ഏഷ്യാനെറ്റ് ന്യൂസിൽ ‘സ്മാർട്ട് ഡ്രൈവ്’ എന്ന പരിപാടിയുടെ അവതാരകൻ കൂടിയായി മാറി ബൈജു ചേട്ടൻ. ഇതിനു പുറമെ മറ്റ് മുഖ്യധാരാ മാധ്യമങ്ങളിൽ യാത്രാ വിവരണങ്ങളും ഓട്ടോമൊബൈൽ സംബന്ധിച്ച ലക്ഷണങ്ങളും അദ്ദേഹം എഴുതി വരുന്നു. ഒപ്പം ബൈജു എൻ നായർ എന്ന പേരിൽ ഒരു യൂട്യൂബ് ചാനലും അദ്ദേഹത്തിന് സ്വന്തമായുണ്ട്.

ഇന്ന് ബൈജു ചേട്ടൻ എൻ്റെ ഏറ്റവും അടുത്ത സുഹൃത്തുക്കളിൽ ഒരാളാണ്. ഇനി ഞങ്ങളുടെ മുന്നിലുള്ളത് കൊച്ചിയിൽ നിന്നും സിംഗപ്പൂരിലേക്കുള്ള റോഡ് ട്രിപ്പ് ആണ്. അത് ഞങ്ങൾ വിജയകരമായി പൂർത്തിയാക്കുക തന്നെ ചെയ്യും. കേരള സാഹിത്യ അക്കാദമിയുടെ അവാർഡിന് അർഹനായതിൽ ബൈജു ചേട്ടന് ഒരിക്കൽക്കൂടി ആശംസകൾ നേരുന്നു. യാത്രകളും സൗഹൃദങ്ങളും ഒരിക്കലും അവസാനിക്കില്ല…

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.