ആൺകുട്ടികൾ ആഗ്രഹിക്കുന്നതൊക്കെ ചെയ്യുന്നതും യാത്രകൾ പോകുന്നതുമൊക്കെ കാണുമ്പോൾ ഒരു കാര്യം കൂടി ഓർക്കണം, ഇതേപോലെയൊക്കെ നമ്മുടെ സമൂഹത്തിലെ പെൺകുട്ടികൾക്കും ഉണ്ടാകും ആഗ്രഹം. പക്ഷേ അവരിൽ ഭൂരിഭാഗം പേരും വീട്ടുകാരെയും നാട്ടുകാരെയും പേടിച്ച് സ്വപ്നങ്ങളെല്ലാം നാല് ചുവരുകൾക്കുള്ളിൽ തളച്ചിടാറാണ് പതിവ്.

എന്നാൽ “ഇത് എൻ്റെ ജീവിതമാണ്, അവസാനിക്കുന്നതിനു മുൻപേ ആഗ്രഹങ്ങൾ തീർക്കണം” എന്ന വാശിയുള്ള ചില പെൺകുട്ടികൾ തങ്ങൾ സ്വപ്നം കണ്ടതെല്ലാം യാഥാർഥ്യമാക്കുവാൻ മുന്നിട്ടിറങ്ങും. സിനിമ കാണുവാനും, യാത്രകൾ പോകുവാനും, ബൈക്ക് ഓടിക്കുവാനും ഒക്കെ… ഇത്തരത്തിലുള്ള അനുഭവം പങ്കുവെയ്ക്കുകയാണ് കോഴിക്കോട് സ്വദേശിനിയും ഫറോക്ക് താലൂക്ക് ആശുപത്രിയിലെ ഡയറ്റീഷ്യനുമായ ആഷിമ മുസ്തഫ എന്ന മിടുക്കി. എല്ലാവർക്കും പോസിറ്റീവ് എനർജ്ജി പകരുന്ന അഷിമയുടെ ഫേസ്‌ബുക്ക് കുറിപ്പ് താഴെ കൊടുത്തിരിക്കുന്നു. അതൊന്നു വായിക്കാം.

“ചെറിയൊരു അഡ്വെഞ്ചർ ട്രിപ്പ്, 30 മിനിറ്റ് സ്‌ക്യൂബാ ഡൈവിങ്ങും കയാക്കിങ്ങും, 150 km പെണ്ണുങ്ങളുടെ സ്കൂട്ടർ റൈഡ്  ഇതൊക്കെ ഇത്ര വല്യ സംഭവമാണോ, ഇങ്ങനെ പോസ്റ്റിട്ട് തള്ളിമാറിക്കണോ എന്ന് എന്നോട് ചോദിച്ചവരോടും മനസ്സിൽ പുച്ഛിച്ചവരോടും എനിക്ക് പറയാൻ ഉള്ളത്…..

കോഴിക്കോട്ടെ ഒരു സാധാരണ മുസ്ലിം കുടുംബത്തിൽ നിന്നും വരുന്ന, കുഞ്ഞു നാളിലെ ഒരു അപകടത്തിൽ ഒരു കണ്ണിന് കാഴ്ച നഷ്ടപെട്ട, ലോകത്തിലെ എല്ലാ കാര്യങ്ങളും പേടിയോടു കൂടെ മാത്രം കണ്ട സ്വന്തമായി ഉണ്ടാക്കിയ ഒരു ഷെല്ലിന്റെ ഉള്ളിൽ ജീവിച്ചു ശീലിച്ച എന്നെ പോലെ ഒരു പെൺകുട്ടിക്ക് ഇതൊക്കെ വല്യ സംഭവം തന്നെ ആണ് ഭായ്. കുട്ടി ആയിരിക്കുമ്പോഴേ എനിക്ക് എല്ലാത്തിനും പേടിയായിരുന്നു, എന്റെ പ്രായത്തിലുള്ള കുട്ടികൾ കളിയ്ക്കാൻ പോവുമ്പോ സർജറി ചെയ്ത കണ്ണിന് എന്തെങ്കിലും പറ്റും പേടിച്ചിട്ട് ഞാൻ ഒരു സൈഡിൽ മാറി നിൽക്കും.

5 കൊല്ലം കോളേജിൽ പഠിച്ചിട്ട് ഒരിക്കൽ മാത്രം ആണ് സിനിമക്ക് പോയത് എന്ന് പറഞ്ഞാൽ ആരെങ്കിലും വിശ്വസിക്കുമോ? കോളേജ് ഹോസ്റ്റലിൽ നിന്നും വീട്ടിൽ പോവാനും പ്രോജക്ടിന്റെ ആവശ്യത്തിനുമല്ലാതെ പുറത്തു പോയത് 2 തവണ മാത്രം, അതും ഹോസ്റ്റലിന്റെ അടുത്തു വളരെ ചരിത്രപ്രാധാന്യം ഉള്ള 2 സ്ഥലങ്ങൾ ഉണ്ടായിട്ട് അത് കണ്ടില്ലെങ്കിൽ മോശം ആണെന്ന് കുട്ടുകാർ പറഞ്ഞപ്പോ അവിടെ പോയി..

കറങ്ങി നടക്കാൻ പോയിട്ട് എന്തെങ്കിലും അപകടം സംഭവിച്ചാൽ പുറത്തു പഠിക്കാൻ വിട്ടതിന് ഉമ്മാക്ക് ആവും കുടുംബക്കാരുടേം നാട്ടുകാരുടേം പഴി.. പഠിക്കുന്ന കാലത്തെ പേടി അതായിരുന്നു.. കോളേജിൽ എല്ലാരും അന്നത്തെ ട്രെൻഡ് അനുസരിച്ച മുടി ലയർ കട്ട് ചെയ്തപ്പോ എനിക്ക് അതിനുള്ള ധൈര്യം ഉണ്ടായത് തിരിച്ച നാട്ടിലെത്തി ജോലിക്ക് കേറിയപ്പോൾ മാത്രമാണ്..

അന്നൊക്കെ പുറമെ ഞാൻ ഭയങ്കര ധൈര്യവതിയായിരുന്നു.. എല്ലാ കാര്യത്തിനും ഓടിച്ചാടി നടക്കും. പക്ഷെ സ്വപ്‌നങ്ങൾ കാണാനും അതിന് പിറകെ പോവാനും ധൈര്യമില്ലായിരുന്നു.. മനസ്സിൽ എപ്പോഴും ഓരോ കാര്യം ചെയ്യുമ്പോഴും പേടി ആയിരുന്നു. ജോലി ഒക്കെ കിട്ടിയപ്പോഴാണ് ഫ്രണ്ട്സിന്റെ കൂടെ സിനിമക്ക് പോയത്. ഈ അടുത്ത കാലം വരെ പ്രധാനം ആയും ഉണ്ടായിരുന്ന ഒരു എന്റർടൈൻമെന്റ് റെസ്റ്റോറന്റിൽ പോയി ഭക്ഷണം കഴിക്കുക എന്നതായിരുന്നു..

കുടുംബത്തിന്റെ കൂടെ അല്ലാതെ ഒരു യാത്ര പോവാൻ പിന്നേം എടുത്തു വർഷങ്ങൾ. തനിച്ച ആദ്യമായി ഒരു സിനിമക്ക് പോയത് പ്രിത്വിരാജിന്റെ ‘9’ കാണാൻ ആണ്. ആ വ്യക്തിയോടുള്ള ഇഷ്ടം കാരണം ആരെങ്കിലും കൂടെ വരാൻ കാത്തിരുന്നാൽ ചെലപ്പോ ആ ഫിലിം തിയേറ്ററിന്ന് കാണാൻ പറ്റില്ല തോന്നിയപ്പോഴാണ് അതിനുള്ള ധൈര്യം കിട്ടിയത്. ആരെങ്കിലും കണ്ടാൽ എന്ത് പറയും? വളർത്തി ദോഷം പറഞ്ഞ ഉമ്മയെ കുറ്റം പറയുമോ? കല്യാണം കഴിക്കുന്ന ചെക്കൻ എന്ത് പറയും?നീ പണ്ട് കറങ്ങി നടന്നതൊക്കെ അല്ലെ പറഞ്ഞ ഭാവി ഭർത്താവും വീട്ടുകാരും സമാധാനം കളയുമോ? ഇങ്ങനെ നൂറു നൂറു പേടികൾ എല്ലാത്തിനും..

വീണാൽ വേദനിക്കും പേടിച്ചിട് സൈക്കിൾ ഓടിക്കാൻ പോലും പഠിക്കാൻ പറ്റിയില്ല.. ജോലിക്ക് പോയപ്പോ സ്കൂട്ടർ അത്യാവശ്യം ആണ് തോന്നിയപ്പോ കൂട്ടുകാരിയുടെ നിർബന്ധത്തിന് വഴങ്ങി ഒരു ഇന്സ്ടിട്യൂട്ടിൽ പഠിക്കാൻ പോയി. സത്യസന്ധത കൂടുതൽ ആയത് കൊണ്ട് ഒരു കണ്ണ് കാണില്ലാന്ന് ആദ്യമേ പറഞ്ഞു. അന്നത്തെ ആ മാഷിന്റെ പരിഹാസം ഇപ്പോഴും എന്റെ മനസ്സിൽ ഉണ്ട്. പിന്നെ എത്രയോ വർഷങ്ങൾ കഴിഞ്ഞു പുതിയ നിയമം വന്നപ്പോഴാണ് ഞാൻ സ്കൂട്ടർ ഓടിക്കാൻ പഠിച്ചത്.

രണ്ടാമതും പഠിക്കാൻ ചെന്നപ്പോ 2 തവണ ഞാൻ വീണു. അപ്പോ തന്നെ ആ മാഷും പറഞ്ഞു എനിക്ക് ഈ ജന്മത്തിൽ സ്കൂട്ടർ ഓടിക്കാൻ കഴിയില്ലെന്ന്.. അന്ന് ഞാൻ മനസ്സിൽ ഉറപ്പിച്ചതാണ് ഞാൻ ഓടിച്ചു കാണിക്കുമെന്ന്. 5 തവണ ടെസ്റ്റ് എടുത്തിട്ടാണ് എനിക്ക് ലൈസൻസ് കിട്ടിയത്.

താമരശ്ശേരി ചുരം ബൈക്കിൽ കയറുക എന്നുള്ളത് എന്റെ വല്യ സ്വപ്നം ആയിരുന്നു. 6 വര്ഷം കാത്തിരുന്നിട്ടാണ് അപ്പൂപ്പന്താടിയുടെ ട്രിപ്പിൽ അതിന് ഒരു അവസരം കിട്ടിയത്. ഓടിക്കാനറിയാതെ ബൈക്കിൽ കേറി ഫോട്ടോ എടുക്കുന്നതിനെ പറ്റി എല്ലാരും കളിയാക്കാറുണ്ട്. എന്റെ കുഞ്ഞു സ്വപ്നങ്ങളിൽ ഒന്നാണ് ശെരിക്കും ബുള്ളറ്റ് ഓടിക്കാൻ പഠിക്കാനുള്ളതും. ആ ആഗ്രഹം കൊണ്ടാണ് ഇങ്ങനെ പിക് എടുക്കുന്നെ..

ആദ്യമായിട്ട് തനിച്ചു യാത്ര ചെയ്തത് ഒരു സെർട്ടിഫിക്കറ് ശരിയാക്കാൻ ആയിരുന്നു. കുറെ കാലം സുഹൃത്തുക്കളുടെ ഒരുമിച്ച് പോവാം പറഞ്ഞ കാത്തിരുന്ന്. അവസാനം അത്യാവശ്യം വന്നപ്പോ ഞാൻ തനിച്ചു പോയി. എത്രയോ കഷ്ടപ്പെട്ടാണ് എനിക്ക് ഈ ധൈര്യം വന്നത്. അപ്പൊ പിറകിൽ ഫെമിനിച്ചി എന്ന പേരും, നിനക്കൊക്കെ എവ്ടെന്ന ചെക്കനെ കിട്ടാനാണെന്നുള്ള കളിയാക്കലും.. പിന്നെ വീട്ടീന്നാണെകിൽ ആന്റിയെ കണ്ട് പടിക്കണ്ടെന്ന് കുട്ടികളോട് ഉള്ള ഉപദേശവും.

ചെക്കനെ കിട്ടില്ലെന്ന് പറഞ്ഞ കളിയാകുന്നവരോട് എനിക്ക് ഒന്നേ പറയാനുള്ളു. ഞാൻ ജീവിക്കുന്നത് കെട്ടാൻ വേണ്ടി മാത്രം അല്ല. എനിക്ക് കുറെ യാത്ര ചെയ്യണം. ചിറകരിയാൻ വേണ്ടി ഒരാളെ കൂടെ കൂട്ടുന്നതിനേക്കാൾ നല്ലത്. കഴിയുന്ന അത്രയും ദൂരം സ്വയം ചിറകുകൾ ഉണ്ടാക്കി തനിച്ചു പറക്കുന്നതാണ്. ഒരിക്കൽ എന്റെ സ്വപ്നങ്ങളെ കുറിച്ചു കേട്ടപ്പോ എന്റെ ഇത്താത്ത ചോദിച്ചു “ഇതൊക്കെ എന്ത് സ്വപ്നങ്ങൾ ആണ്, മനുഷ്യന്മാർ കാണുന്ന പോലെത്തെ സ്വപ്‌നങ്ങൾ കണ്ടുടെ” എന്ന്..

ഇങ്ങനെയുള്ള എനിക്ക് യാഥാർഥ്യമാവുന്ന ഓരോ സ്വപ്നവും വൻ സംഭവമാണ്. അത്കൊണ്ട് ഞാൻ ഇനിയും പോസ്റ്റിടും. കാരണം 2018 ജനുവരിയിൽ മനോരമ പത്രത്തിൽ യാദൃശ്ചികമായി Sajna Ali യെ (സഞ്ചാരി പെൺകുട്ടി) കുറിച്ചുള്ള വാർത്ത കാണുന്ന വരെ എനിക്കും സ്വപ്നങ്ങൾക്ക് പിറകെ പോവാൻ ഉള്ള ധൈര്യം ഇല്ലായിരുന്നു. എന്നെ പോലെ ഒരുപാട് പെണ്ണുങ്ങൾ ഇപ്പോഴും ഈ നാട്ടിലുണ്ട്.. അവർക്ക് വേണ്ടി ഞാൻ ഇനിയും തള്ളി മറിക്കും..”

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.