വിവരണം – തുഷാര പ്രമോദ്.

തൃശ്ശൂർ നഗരത്തിലെ ഈ ദിവസം തുടങ്ങേണ്ടത് തൃശ്ശൂർകാരുടെ ആത്മാവ് കുടിയിരിക്കുന്ന, പൂരത്തിന്റെ അലയൊലികൾ അലിഞ്ഞു ചേർന്ന വടക്കുംനാഥന്റെ തിരുമുൻപിൽ നിന്ന് അല്ലാതെ മറ്റെവിടെ നിന്നാണ്..ക്ഷേത്ര സംസ്കാരത്തിൽ നിന്നും പൈതൃകം ഉടലെടുത്ത ഈ നാട്ടിൽ ഇന്നത്തെ ദിവസം വടക്കുംനാഥനെ തൊഴുതുകൊണ്ട് തന്നെ തുടങ്ങി.

പൂരത്തിനായി ഒരുക്കങ്ങൾ തുടങ്ങിയ തേക്കിൻകാട് മൈതാനത്തെയാണ് അവിടെ കാണാൻ കഴിഞ്ഞത്. പൂരം എക്സിബിഷൻറെ തിരക്കിട്ട പണി നടക്കുകയാണ്..ഇന്ന് വൈകുന്നേരം ഉത്‌ഘാടനമാണത്രെ. വൈകുന്നേരം വരികയാണേൽ എക്സിബിഷൻ കണ്ടിട്ട് പോകാമെന്നു അവിടെ പണി എടുത്ത് കൊണ്ടിരിക്കുന്ന ചേട്ടന്മാർ പറഞ്ഞു.വൈകുന്നേരം വരെ നിൽക്കാൻ എന്തായാലും പ്ലാൻ ഇല്ലാത്തതുകൊണ്ട് തേക്കിൻകാട് മൈതാനത്തിൽ ഒന്ന് കറങ്ങിയശേഷം മടങ്ങാമെന്നു കരുതി..

അങ്ങനെ എത്രയോ സിനിമകളിൽ കണ്ടു ഓർമയിൽ പതിഞ്ഞ ഇവിടം, എപ്പഴോ കണ്ടു മറന്ന ഒരു സ്ഥലംപോലെ പരിചയത്തോടെ നടന്നു കാണാൻ തുടങ്ങി. വേനൽകാലത്തിന്റെ വിരുന്നുകാരെന്നോണം മാവുകൾ നിറയെ മാമ്പഴങ്ങൾ ചിരിതൂകി നിൽപ്പുണ്ടായിരുന്നു. അപ്പോഴാണ് ഒരു മാവിൻചോട്ടിൽ ഒരു ചേട്ടനും ചേച്ചിയും ഉപ്പിലിട്ട മാങ്ങയും നാരങ്ങാ സോഡയുമൊക്കെ വിൽക്കുന്നത് കണ്ടത്.. ഉപ്പിലിട്ട മാങ്ങ കണ്ടാൽ പിന്നെ കഴിക്കാതിരിക്കുന്നത് എങ്ങനെ.. പറയാതിരിക്കാൻ വയ്യ..നല്ല എരിവും ഉപ്പുമൊക്കെയുള്ള കിടിലം ഉപ്പിലിട്ടത്..

അപ്പോഴാണ് ആ ചേട്ടൻ പറഞ്ഞത്, ഉപ്പിലിട്ട മാങ്ങ മാത്രമല്ല പച്ചമാങ്ങയും ഉണ്ട് വാങ്ങിക്കാൻ.. അവിടെ ഉണ്ടായ മാവിലെ മാങ്ങകൾ തന്നെയാണത്രെ അത്.. ഉപ്പിലിട്ട മാങ്ങ അത്രയ്ക്കങ്ങു പിടിച്ചുപോയതുകൊണ്ട് കുറച്ചു വീട്ടിൽ കൊണ്ടുപോകാൻ വാങ്ങിക്കുകയും ചെയ്തു.. അത് പഴുപ്പിക്കാൻ വയ്‌ക്കേണ്ട രീതി ഒകെ അവർ തന്നെ പറഞ്ഞു തന്നു , പഴുത്താൽ കൽക്കണ്ടം പോലെ മധുരം ഉള്ള മാങ്ങയാണത്രെ.. പക്ഷെ കാര്യം പറയാലോ വീട്ടിൽ കൊണ്ടുപോയിട്ട് 2 – 3 മാങ്ങ മാത്രണ് പഴുത്തു കിട്ടിയത് ബാക്കി ഒക്കെ കേടായിപോയി. എന്തുതന്നെ ആയാലും പഴുത്ത മാങ്ങക്ക് നല്ല രുചി ഉണ്ടായിരുന്നു.

തൃശ്ശൂർകാർക്ക് എന്നും പോസിറ്റീവ് എനർജി നൽകുന്ന ഈ തേക്കിൻകാട് മൈതാനത്തിൽ അൽപ്പനേരം ചിലവഴിച്ച ശേഷം ഇനി ഒരു പൂര നാളിൽ വീണ്ടും വരണമെന്ന ആഗ്രഹത്തോടെ അവിടെ നിന്നും ഇറങ്ങി. നല്ല വിശപ്പുണ്ട് , ബ്രേക്‌ഫാസ്റ് കഴിക്കാനുള്ള സമയം ഒത്തിരി വൈകി. വടക്കേനടയുടെ ഭാഗത്തുതന്നെ പത്തൻസ് വെജിറ്റേറിയൻ റെസ്‌റ്റോറന്റ് ഉണ്ട്. രുചികരമായ വെജിറ്റേറിയൻ ഭക്ഷണം കിട്ടുന്ന ഹോട്ടലുകളിൽ ഒന്നാണ് പത്താൻസ്.

വ്യത്യസ്തമായ ദോശകളുടെ രുചി അറിയാം ഇവിടെ വന്നാൽ. അവിടെ എത്തിയപ്പോഴാണ് കണ്ടത് ലോഡിജിങ് സൗകര്യവും ഉണ്ട്. റെസ്റ്റോറന്റിലേക് കയറി ഇരുന്നു..നല്ല വൃത്തിയുണ്ട്..നേരം വൈകിയതുകൊണ്ടാണെന്നു തോനുന്നു അധികം തിരക്കുമില്ല. ഒരു പേപ്പർ ദോശയ്ക്കും ഒരു മസാല ദോശക്കും ഓർഡർ കൊടുത്തു. പിന്നെ 2 കോഫിയും.

ഓർഡർ കാത്തിരിക്കുമ്പോഴാണ് ഒരു അച്ഛനും അമ്മയും അവരുടെ ഒരു കുഞ്ഞു കാന്താരി മോളെയും കൂട്ടീട് അവിടേക്ക് വന്നത്.. ബേബി ശാലിനിയെപോലെ ഹെയർ കട്ട് എല്ലാം ചെയ്‌തിട്ടുള്ള ഒരു സുന്ദരിമോൾ.. അവൾ അവളുടെ നക്ഷത്ര കണ്ണുകൾ മിന്നിച്ചുകൊണ്ട് എന്നോട് പുഞ്ചിരിതൂകി. നേരെ എതിർവശത്തുള്ള ടേബിളിൽ അവർ വന്നിരുന്നു. അവൾ ഇടക്കിടെ എന്നെ നോക്കുന്നുണ്ട്..കണ്ണുകൾ കൊണ്ട് കഥ പറഞ്ഞും പുഞ്ചിരി തൂകിയും ഞങ്ങൾ ചങ്ങായിമാരായി..അപ്പോഴേക്കും ഞങ്ങളുടെ മസാല ദോശയും പേപ്പർ ദോശയും ഒക്കെ എത്തി.

ആ വല്യ പേപ്പർ ദോശയെ അവളുടെ കുഞ്ഞി കണ്ണുകൾ അത്ഭുതത്തോടെ നോക്കി.. അതുകണ്ടപ്പോൾ അത് അവൾക്കും വേണമെന്ന് വാശിയായി. ഒടുവിൽ അവളുടെ അച്ഛൻ അതുതന്നെ വാങ്ങി കൊടുത്തു. നല്ല രുചിയുള്ള സൂപ്പർ ദോശ.. ഗാർലിക് ചട്ണി കൂട്ടി കഴിക്കാൻ അതിലേറെ രുചികരം. എല്ലാത്തിനുമൊടുവിൽ ഗംഭീരമായൊരു കോഫിയും.

ഞങ്ങൾ കഴിച്ചു എഴുനേല്ക്കുമ്പോഴും ആ കാന്താരിയുടെ ദോശ കാൽഭാഗം പോലും ആയില്ല.. അവൾ ശരിക്കും പെട്ടിരിക്കുകയാണെന്നു കണ്ടപ്പോൾ തന്നെ മനസിലായി..വാശിപിടിച്ചു വാങ്ങിപ്പിച്ചതായോണ്ട് ബാക്കിവയ്ക്കാനും വയ്യേ.. ദൈവമേ.. അവളുടെ അച്ഛനും അമ്മയും മനസ്സിൽ എന്നെ പഞ്ഞിക്കിടുന്നുണ്ടാകും.. എഴുന്നേറ്റുപോകുമ്പോൾ ഞാൻ ഒന്നും അറിഞ്ഞില്ലേ രാമനാരായണ എന്ന ഭാവത്തിൽ ഒറ്റപോക്കായിരുന്നു.. അവർ എന്ന് കഴിച്ചു ഇറങ്ങുമോ എന്തോ..

ഇനി എങ്ങോട്ട് പോകണമെന്നു ആലോചിച്ചപോഴാണ് ഓർത്തത്, ഈ സാംസ്‌കാരിക നഗരത്തിന്റെ ശിൽപിയായ ശക്തൻ തമ്പുരാനെ അറിയാതെ പോകുന്നതെങ്ങനെ. ശക്തൻ തമ്പുരാന്റെ കൊട്ടാരം ഇന്ന് ചരിത്രം പറയുന്ന ഒരു മ്യുസ്സിയം ആണ്. അവിടേക്കാണ് ഇനി പോവുന്നത്.

പൊന്മുട്ടയിടുന്ന തറവായിരുന്ന അന്നത്തെ കൊച്ചിയെ പിടിച്ചടക്കുവാൻ വേണ്ടി നാനാ ദിക്കിൽ നിന്നും ശ്രമങ്ങൾ നടന്നു കൊണ്ടിരുന്നപ്പോൾ അന്നത്തെ കൊച്ചി രാജാവായിരുന്ന ശക്തൻ തമ്പുരാൻ ശാന്തിയും സമാധാനവുമുള്ള ഒരിടം തേടി ഒടുവിൽ എത്തിയത് കാടും കാവുമൊക്കെയുള്ള തൃശ്ശൂർ ആയിരുന്നു. തൃശ്ശൂരിനെ കൊച്ചിയുടെ തലസ്ഥാനമാക്കുക എന്നുള്ളത് അദ്ദേഹത്തിന്റെ സ്വപ്നമായിരുന്നു.

ആ യാത്രയിൽ തൃശ്ശൂർ സാമ്പത്തിക ചലനങ്ങളുടെ പൊൻകിരീടം ചൂടി. കടൽ കടന്നെത്തിയ ബന്ധങ്ങളിലൂടെ മഞ്ഞലോഹത്തിന്റെ ഒരു മായാ വലയം തന്നെ അവിടെ സൃഷ്ടിക്കപ്പെട്ടു. ഇതെല്ലം തൃശ്ശൂരിനെ സാംസ്കാരികമായും സാമ്പത്തികമായുമൊക്കെ ഉന്നതിയിൽ എത്തിച്ചു.മേള പൊലിമയിലും ദൃശ്യ പൊലിമയിലും ഗജവീരന്മാരുടെ തലയെടുപ്പിലുമൊന്നും പകരംവയ്ക്കാനില്ലാത്ത പൂരങ്ങളുടെ പൂരമായ തൃശ്ശൂർ പൂരത്തെ സമ്മാനിച്ചതും ശക്തൻ തന്നെ.

ഇങ്ങനെ ഒരു നാടിന്റെ മുഴുവൻ ചരിത്രം ഉറങ്ങുന്ന കൊട്ടാരമാണ് ശക്തന്റെത്. ഞങ്ങൾ അവിടെ എത്തിയത് 12 :30 നു ശേഷമാണു. 1 മണിക്ക് അവിടെ ലഞ്ച് ബ്രേക്ക് ആണ്.അതുകൊണ്ട് പെട്ടന്നു തന്നെ കണ്ടിറങ്ങേണ്ടി വന്നു. അവിടെ ഫോട്ടോഗ്രാഫി അനുവദനീയം അല്ലാത്തതുണ്ട് ഫോട്ടോസ് ഒന്നും എടുക്കാൻ കഴിഞ്ഞില്ല. ശക്തൻ തമ്പുരാൻ ഉപയോഗിച്ചിരുന്ന രഥവും, ആയുധങ്ങളും,പഴയകാല നാണയങ്ങളും, വിഗ്രഹങ്ങളും അങ്ങനെ ഒട്ടനവധി കാര്യങ്ങൾ കാണാനുണ്ട്.

കൊട്ടാരത്തിനോട് ചേർന്ന് തന്നെ ഒരു ഔഷധോദ്യാനം ഉണ്ട്. കാവുകളെയൊക്കെ ഓർമിപ്പിക്കും വിധമാണ് അവിടം ഒരുക്കിയിരിക്കുന്നത്. നല്ല തണലും ശുദ്ധമായ വായുവും ഒക്കെ ലഭിക്കുന്ന ഒരിടം. ഇവിടെ തന്നെ ആണ് 1790 മുതൽ 1805 വരെ കൊച്ചിരാജ്യം ഭരിച്ച രാജരാമവർമ്മ എന്ന ശക്തനായ രാജാവ് അന്ത്യവിശ്രമം കൊള്ളുന്നത്. ഉദ്യാനത്തോട് ചേർന്നുതന്നെ വടക്കേചിറയും നിലകൊള്ളുന്നു. ഈ തണലിൽ അൽപ്പനേരം വിശ്രമിച്ച ശേഷം അവിടെ നിന്നും ഇറങ്ങി. കുറച്ചു ദിവസങ്ങളായുള്ള ഒരു ചെറിയ യാത്രയുടെ അവസാനത്തെ ദിനമാണ് ഇന്ന്. ഇരുട്ടും മുൻപ് തലശ്ശേരി എത്തുക എന്ന ലക്ഷ്യത്തോടെ ഞങ്ങൾ യാത്ര തിരിച്ചു.

ഉച്ചയൂണ് കഴിച്ചത് തൃശ്ശൂർ – കാലിക്കറ്റ് ഹൈവേയിൽ മലപ്പുറത്തുള്ള റൈസ് ആൻ ഫിഷ് എന്ന റെസ്റ്റോറന്റിൽ നിന്നുമാണ്. ഒരു കപ്പലിനെ സ്മരിപ്പിക്കും വിധമാണ് അതിന്റെ ഇന്റീരിയർ ചെയ്യതിരിക്കുന്നത്. വ്യത്യസ്തമായ മൽസ്യ വിഭവങ്ങൾ ഉണ്ട്. ഞങ്ങൾ ഗീ റൈസും ഫിഷ് മോളിയും കൊഞ്ചു ഫ്രയും ആണ് കഴിച്ചത്. എല്ലാം നല്ല രുചിയുണ്ട്.പ്രത്യേകിച്ച് കൊഞ്ചു ഫ്രൈ.. പക്ഷെ വില ഒരൽപ്പം കൂടുതലാണെന്നു തോനുന്നു.. ഇവിടത്തെ അറേബ്യൻ സ്റ്റൈലിലുള്ള ഗ്രിൽഡ് ഫിഷ് വളരെ സ്‌പെഷ്യൽ ആണത്രേ. ഭക്ഷണവും കഴിച്ചു വീണ്ടും യാത്ര തുടർന്നു.

 

ഒരുപാട് നാളായി ഭാരതപുഴയുടെ തീരത്തൊന്നു ഇറങ്ങാൻ കൊതിക്കുന്നു.കുറ്റിപ്പുറം പാലം എത്തിയപ്പോൾ പിന്നെ കൂടുതൽ ഒന്നും ആലോചിച്ചില്ല പാലത്തിന്റെ സൈഡിലെ വഴിയിലൂടെ താഴേക്കുപോയി പാലത്തിനു അടിയിൽ കാർ പാർക്ക് ചെയ്‌ത്‌ പൂഴിമണലിലേക് ഇറങ്ങിച്ചെന്നു. ഒരു കാലത്തു എല്ലാ പ്രതാപത്തോടെയും ഒഴുകിയിരുന്ന ഭാരതപ്പുഴ മെലിഞ്ഞൊഴുകുകയായിരുന്നു അപ്പോൾ.. മിക്ക ഭാഗങ്ങളും മണൽത്തിട്ടകളും പുൽക്കൂട്ടങ്ങളും ആയിമാറിരിക്കുന്നു..

അവശേഷിപ്പുകൾ പോലെ പൂഴിമണൽ പരന്നു കിടക്കുന്നു.. പൂഴിയിൽ ആണ്ടുപോകുന്ന കാലുകൾ വലച്ചു നടന്നു,വെള്ളം ഉള്ളിടംവരെ എത്തി. വെള്ളം കുറവായതിനാൽ ആളുകൾ പുഴയിലൂടെ നടന്നു അക്കരേക്ക് പോകുന്നത് കാണാമായിരുന്നു. വൈകുന്നേരമായതിനാൽ കുളിച്ചുകൊണ്ടിരിക്കുന്ന ആളുകളും കളിക്കാനായെത്തിയ കുട്ടികളും ഫുട്ബോൾ കളിക്കുന്ന ചെറുപ്പകാരുമൊക്കെയുണ്ട് നിളയുടെ തീരത്ത്.

പെട്ടെന്ന് കാലാവസ്ഥ മാറാൻ തുടങ്ങി, മഴയുടെ ലക്ഷണമെന്നോണം തണുത്ത കാറ്റുവീശാൻ തുടങ്ങി.. ആ കാറ്റിൽ പൂഴിമണൽ പാറി കണ്ണിലൊക്കെ വീഴുന്നുണ്ടായിരുന്നു.. കാർമേഘങ്ങൾ ഉരുണ്ടുകൂടി ഇരുൾ വീഴ്ത്തി. നിമിഷങ്ങൾക്കകം മഴ പെയ്യുമെന്നുറപ്പായി. ആളുകളൊക്കെ ഓടാൻ തുടങ്ങി..കൂടെ ഞങ്ങളും .. എന്നാൽ കാലുകൾ ആണ്ടു പോവുന്ന ഈ പൂഴിയിൽ വേഗത്തിൽ ഓടാൻ വയ്യ.. അപ്പോഴേക്കും മഴത്തുള്ളികൾ നിളയുടെ മടിത്തട്ടിലേക്ക് വീണു തുടങ്ങി..ഞങ്ങൾ ഓടി കാറിലും കയറി..

പ്രത്യേക ഭംഗിയായിരുന്നു മഴയെ സ്വീകരിക്കാൻ നിൽക്കുന്ന നിളയെ കാണാൻ. പിന്നീട് അങ്ങോട്ട് മഴ തന്നെ ആയിരുന്നു. കോഴിക്കോട് എത്തുംവരെ മഴ കിട്ടി.. മഴ ആയതിനാൽ കട്ട ബ്ലോക്കും.. സമയം വിചാരിച്ചതിലും വൈകി. തലശ്ശേരി എത്തിയപ്പോഴേക്കും സമയം 11 മണിയോട് അടുത്തു.. നല്ല വിശപ്പുണ്ട് , പക്ഷെ ഒരു വിധം ഹോട്ടൽസ് എല്ലാം അടച്ചുകഴിഞ്ഞു..

പഴയ ബസ്റ്റാന്റിൽ എത്തിയപ്പോഴാണ് ടെലിസ്‌റ്റോറി റെസ്റ്റോറന്റ് തുറന്നിരിക്കുന്നത് കണ്ടത്..നേരെ അങ്ങോട്ടേക്ക് പോയി. അധികം എവിടെയും കണ്ടിട്ടില്ലാത്ത മെനു ആണ് ടെലിസ്‌റ്റോറിയിലേത്.. വ്യത്യസ്‌തമായൊരു വെജ് . സൂപ്പും പാസ്തയുമാണ് കഴിച്ചത്.. കോംപ്ലിമെന്ററി ആയിട്ട് ഒരു ജ്യൂസും ഉണ്ട്. പിന്നെ അവിടത്തെ ആംബിയൻസ് വളരെ ഭംഗിയുള്ളതും വ്യത്യസ്തമായതുമാണ്. അങ്ങനെ മൊത്തത്തിൽ  1009 കിലോമീറ്ററുകൾ താണ്ടി അർദ്ധരാത്രി 12 മണിയോടുകൂടി ഞങ്ങൾ വീട്ടിൽ തിരിച്ചെത്തി.

രാമശ്ശേരി ഇഡ്ഡലി പൊടിയും,പഴനിയിലെ പ്രസാദവും മറയൂർ ശർക്കരയും കാന്തല്ലൂരിലെ പാഷൻ ഫ്രൂട്ടും നെല്ലിക്കയും വട്ടവടയിലെ കാട്ടുതേനും വെളുത്തുള്ളിയും തേക്കിൻകാട് മൈതാനത്തെ മാമ്പഴവും കൂടാതെ കുറെയേറെ അനുഭവങ്ങളും ഒത്തിരി ഓർമകളും പ്രീയപ്പെട്ട ചില മനുഷ്യരെയും സമ്മാനിച്ചുകൊണ്ട് ഈ ഒരു ചെറിയ യാത്ര ഇന്ന് അവസാനിച്ചു..

ഓരോ യാത്രകളും പുതിയ നമ്മളെയാണ് സൃഷ്ട്ടിക്കുന്നത്.. യാത്രകൾ നമ്മെ ഭ്രമിപ്പിക്കുകയും വിസ്മയിപ്പിക്കുകയും ആനന്ദിപ്പിക്കുകയും ചെയ്യുന്നു.. എല്ലാത്തിലുമുപരി ഹൃദയത്തോട് ചേർത്തുവയ്ക്കാൻ മനുഷ്യരെന്നു തീർത്തും വിളിക്കാവുന്ന ചില മനുഷ്യരെ ലോകത്തിന്റെ ഏതോ കോണിൽനിന്നു നമ്മളിലേക്ക് എത്തിക്കുന്നു.. യാത്രകൾ അവസാനിക്കുന്നില്ല, പുതിയ ലക്ഷ്യങ്ങളും പുതിയ അനുഭവങ്ങളെയും എവിടെയോ ഇനിയും പരിചയപ്പെടാനിരിക്കുന്ന സുഹൃത്തുക്കളെയോമൊക്കെ തേടി പോകാനിരിക്കുന്ന അടുത്ത യാത്രക്കായുള്ള ചെറിയ ഒരു ഇടവേള..

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.