എറണാകുളം ജില്ലയിൽ സ്ഥിതി ചെയ്യുന്ന പണ്ടുമുതലേ പേരുകേട്ട സ്ഥലങ്ങളാണ് ഫോർട്ട്കൊച്ചിയും മട്ടാഞ്ചേരിയും. കേരളത്തിൽ എത്തുന്ന സഞ്ചാരികൾക്ക് ഏറ്റവും പ്രിയങ്കരമായ സ്ഥലങ്ങൾ കൂടിയാണ് ഇവ. എന്തുകൊണ്ടാണ് ഈ സ്ഥലങ്ങൾ ഇത്ര പേരുകേൾക്കാൻ കാരണം? ഈ രണ്ടു സ്ഥലങ്ങളുടെ ചരിത്രവും വിശേഷങ്ങളും അറിയാം…
മട്ടാഞ്ചേരി : കൊച്ചി കോർപ്പറേഷന്റെ വടക്കുഭാഗത്തായാണ് മട്ടാഞ്ചേരി സ്ഥിതിചെയ്യുന്നത്. എറണാകുളം പട്ടണത്തിൽ നിന്നും 10 കിലോമീറ്റർ അകലെയാണ് മട്ടാഞ്ചേരി. മട്ടാഞ്ചേരി എന്ന സ്ഥലനാമം ഉണ്ടായതിനെ കുറിച്ച് പഴമക്കാർക്ക് പറയാനുള്ളത് പലതരം കഥകളാണ്. കായലിന്റെ ‘മട്ട്’, അതായത് ചെളി, ധാരാളമായി അടിഞ്ഞുകൂടിയതിന്റെ ഫലമായി ഉടലെടുത്ത പ്രദേശമാണത്രെ ഇത്. അങ്ങനെ ‘മട്ട് അടിഞ്ഞ പ്രദേശം’ എന്ന അർത്ഥത്തിൽ ‘മട്ടാച്ചേരി’ എന്ന് പേരു വീഴുകയും കാലാന്തരത്തിൽ അത് ‘മട്ടാഞ്ചേരി’ ആയി പരിണമിക്കുകയും ചെയ്തു എന്നതാണ് ഒരു കഥ. (ചേരി=പട്ടണം, ഊര്). കുറെക്കൂടി രസകരമായ മറ്റൊരു കഥ കൂടിയുണ്ട്. പണ്ട് കൊടുങ്ങല്ലൂരിൽ ‘മാത്തൻ’ എന്നൊരു വൻകിട കച്ചവടക്കാരൻ ഉണ്ടായിരുന്നു പോലും. കൊച്ചി വലിയ കച്ചവട കേന്ദ്രമായി തീർന്നതോടെ അയാൾ കൊച്ചിയിലേക്ക് വ്യാപാരം പറിച്ചുനട്ടു. കാലം പിന്നിട്ടപ്പോൾ മാത്തൻ അവിടത്തെ ഏറ്റവും പ്രമുഖനായ കച്ചവടക്കാരനായി മാറി. അങ്ങനെ, അവിടം അയാളുടെ പേരിൽ ‘മാത്തൻചേരി’ എന്നറിയപ്പെടാൻ തുടങ്ങി. പിന്നീട് സായിപ്പന്മാരാണ് ഇത് പറഞ്ഞു പറഞ്ഞ് ‘മട്ടാഞ്ചേരി’ എന്നു പരിഷ്കരിച്ചത്.
മട്ടാഞ്ചേരി ഒരുകാലത്ത് കൊച്ചി രാജ്യത്തിന്റെ തലസ്ഥാനവുമായിരുന്നു. കൊച്ചി രാജാവിന് താമസിക്കാൻ വേണ്ടി പോർച്ചുഗീസുകാർ ഇവിടെ ഒരു കൊട്ടാരവും പണിതുണ്ടാക്കി. പിന്നീട് അത് ഡച്ചുകാർ പുതുക്കിപ്പണിതു. അതോടെ അത് ‘ഡച്ച് പാലസ്’ എന്നറിയപ്പെടാൻ തുടങ്ങി. കൊച്ചി രാജാക്കന്മാരുടെ വാസസ്ഥലമായിരുന്നു മട്ടാഞ്ചേരി കൊട്ടാരം. പോർച്ചുഗീസുകാർ നിർമ്മിച്ച് കൊച്ചി രാജാവായിരുന്ന വീര കേരള വർമ്മയ്ക്ക് (1537-1565) 1555-ൽ സമ്മാനിച്ച ഈ കൊട്ടാരം 1663-ൽ ഡച്ചുകാർ പുതുക്കിപ്പണിതതോടെ ‘ഡച്ച് പാലസ്’ എന്ന് അറിയപ്പെട്ടു തുടങ്ങി. ഇന്ന് കൊച്ചിയിലെ രാജാക്കന്മാരുടെ ഛായാചിത്രങ്ങളും ഇന്ത്യയിലെ തന്നെ സവിശേഷമായ പല ചുവർ ചിത്രങ്ങളും ഇവിടെ ഉണ്ട്.
പരദേശി സിനഗോഗ് – കോമൺവെൽത്ത് രാജ്യങ്ങളിൽവെച്ച് ഏറ്റവും പഴയ സിനഗോഗാണ് മട്ടാഞ്ചേരിയിലെ പരദേശി സിനഗോഗ്. 1568-ൽ കൊച്ചിയിലെ മലബാർ യഹൂദൻ ജനങ്ങളാണ് ഈ സിനഗോഗ് നിർമ്മിച്ചത്. കൊച്ചി ജൂത സിനഗോഗ് എന്നും മട്ടാഞ്ചേരി സിനഗോഗ് എന്നും ഇത് അറിയപ്പെടുന്നു. പഴയ കൊച്ചിയിലെ ജൂത തെരുവ് എന്ന് അറിയപ്പെടുന്ന സ്ഥലത്താണ് ഈ സിനഗോഗ്. മട്ടാഞ്ചേരി കൊട്ടാര അമ്പലത്തിന് അടുത്ത് കൊച്ചിയിലെ രാജാവായ രാമ വർമ്മ ജൂത സമുദായത്തിനു ദാനം നൽകിയ സ്ഥലത്താണ് ഈ സിനഗോഗ് പണിഞ്ഞിരിക്കുന്നത്. കൊട്ടാരത്തിലെ അമ്പലത്തിനും ഈ സിനഗോഗിനും ഇടയിൽ ഒരു മതിൽ മാത്രമേ ഉള്ളൂ.
മട്ടാഞ്ചേരിയിലുള്ള ജൂത തെരുവില്‍ ഇന്നും നിരവധി ജൂത കൂടുംബങ്ങള്‍ താമസിക്കുന്നുണ്ട്. ജന്‍മം കൊണ്ടും കര്‍മ്മം കൊണ്ടുമെല്ലാം കൊച്ചിക്കാരണെങ്കിലും തങ്ങളുടെ സാംസ്കാരിക തനിമ നിലനിര്‍ത്തുന്നതില്‍ ഇവര്‍ പ്രത്യേക ശ്രദ്ധ നല്‍ക്കുന്നു. അതിനാല്‍ തന്നെ ജൂത തെരുവിലെ കാഴ്ചകളും ജൂതരുടെ ഉത്സവങ്ങളുമൊക്കെ വലിയ ടൂറിസം ആകര്‍ഷണങ്ങളായി വളരുകയാണ്.
എത്താനുള്ള വഴി : ഏറ്റവും അടുത്തുള്ള വിമാനത്താവളം: നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം – കൊച്ചിയിൽ നിന്നും 22 കിലോമീറ്റർ അകലെ. ഏറ്റവും അടുത്തുള്ള റെയിൽവേ സ്റ്റേഷൻ: എറണാകുളം ജംക്ഷൻ – മട്ടാഞ്ചേരിയിൽ നിന്ന് 10 കിലോമീറ്റർ അകലെ. ഏറ്റവും അടുത്തുള്ള ബസ് സ്റ്റാന്റ്: എറണാകുളം കെ.എസ്.ആർ.ടി.സി. ബസ് സ്റ്റാന്റ്. കൂടാതെ മട്ടാഞ്ചേരിയിൽ നിന്ന് ആലുവ, തൃപ്പൂണിത്തുറ, കാക്കനാട്, ഇടക്കൊച്ചി എന്നിവിടങ്ങളിലേക്കും തിരിച്ചും സിറ്റി സർവ്വീസ് ബസുകൾ സർവ്വീസ് നടത്തുന്നു. എറണാകുളം പട്ടണത്തിൽ നിന്നും മട്ടാഞ്ചേരിയിലേക്ക് എപ്പോഴും ബസ്സും ബോട്ടും ലഭിക്കും. ബോട്ടുകൾ എറണാകുളത്തെ സുഭാഷ് പാർക്കിനടുത്തുള്ള പ്രധാന ബോട്ട് ജട്ടിയിൽ നിന്നും പുറപ്പെടുന്നു.
ഫോർട്ട് കൊച്ചി : കൊച്ചി നഗരത്തിന്റെ പടിഞ്ഞാറ് ഭാഗമാണ് വിനോദസഞ്ചാര കേന്ദ്രമായ ഫോർട്ട് കൊച്ചി. എറണാകുളം നഗരകേന്ദ്രത്തിൽ നിന്നും, റോഡ് മാർഗ്ഗം 12 കി.മീ അകലെയാണിത്. ഒരു കി.മീ മാത്രമാണ് ജലമാർഗ ദൂരം. കേരളചരിത്രത്തിന്റെ സുപ്രധാനമായ പങ്ക് ഫോർട്ട് കൊച്ചിക്കുണ്ട്. സാന്റാക്രൂസ് ബസിലിക്ക, തുടങ്ങിയ പല വിനോദസഞ്ചാര ആകർഷണങ്ങളും ഫോർട്ട് കൊച്ചിയിലുണ്ട്. സെന്റ് ഫ്രാൻസിസ് പള്ളി (വാസ്കോ ഡ ഗാമയെ ആദ്യം അടക്കം ചെയ്ത പള്ളി ), ഡച്ച് സെമിത്തേരി, ചീനവലകൾ, തുടങ്ങിയ പല ചരിത്ര സ്മാരകങ്ങളും ഫോർട്ട് കൊച്ചിയിലുണ്ട്. ഒരുപാട് തദ്ദേശീയരും വിദേശികളുമായ വിനോദസഞ്ചാരികൾ ഫോർട്ട് കൊച്ചി സന്ദർശിക്കുന്നു. ഇന്ത്യൻ നാവികസേനയുടെ ദ്രോണാചാര്യ എന്ന കപ്പൽ ഫോർട്ട് കൊച്ചിയിലാണ് താവളമുറപ്പിച്ചിരിക്കുന്നത്. മട്ടാഞ്ചേരി കൊട്ടാരം അടുത്താണ്. കേരളത്തിലെ ആദ്യത്തെ യൂറോപ്യൻ ടൗൺഷിപ്പ് ആയിരുന്നു ഫോർട്ട് കൊച്ചി.
കൊച്ചി എന്ന പേരിനു കാരണം ഈ ഭാഗത്ത് ചേരുന്ന നദികളും കടലിന്റെ അഴിമുഖവുമാണ്. കൊച്ച് അഴി എന്ന പേരാണ് കൊച്ചി ആയത്. എന്നാൽ ഫോർട്ട് കൊച്ചി എന്ന പേർ വന്നത് പോർത്തുഗീസുകാർ ഈ അഴിമുഖത്തിനഭിമുഖമായി കോട്ട കെട്ടിയതോടെയാണ് (1503). ജനങ്ങൾ അങ്ങനെ കോട്ടക്കൊച്ചി എന്ന് ആദ്യം വിളിച്ചു പോന്നു. കോട്ടയുമായി ബന്ധപ്പെട്ട മിക്കവയേയും ജനങ്ങൾ കോട്ട ചേർത്ത് പറയുക സാധാരണമായി. ഉദാ: കോട്ടക്കാശ് (കോട്ടയിൽ നിന്ന് അടിച്ചിരുന്ന നാണയം), കോട്ടമാങ്ങ (കപ്പൽ വഴി കോട്ടയിൽ എത്തിച്ചേർന്നിരുന്ന വിദേശ മാങ്ങ. കോട്ടക്കൊച്ചി എന്നറിയപ്പെടുന്ന ഭൂപ്രദേശം ബ്രിട്ടീഷുകാരുടെ കാലത്ത് ബ്രിട്ടീഷ് കൊച്ചി എന്നും അറിയപ്പെട്ടു. എന്നാൽ ഫോർട്ട് കൊച്ചി ഇന്ത്യ സ്വതന്ത്രയായശേഷം കേരളസംസ്ഥാനം രൂപീകൃതമായശേഷം രൂപമെടുത്ത പേരാണ്. കോട്ട എന്ന ഗ്രാമീണപദത്തേക്കാളും ഗമ ഫോർട്ട് എന്ന ഇംഗ്ലീഷ് പദത്തിനുണ്ടായിരുന്നതുകൊണ്ടാവാം ഇത് എന്നാണ് ചരിത്രകാരൻ വി.വി.കെ.വാലത്തിന്റെ അഭിപ്രായം.
മഹോദയപുരത്തു നിന്ന് 1405-ൽ പെരുമ്പടപ്പ് സ്വരൂപം അതിന്റെ ആസ്ഥാനം കൊച്ചിയിലേക്ക് മാറ്റിയതോടെയാണ് കൊച്ചി അല്പം പ്രശസ്തിയിലേക്ക് ഉയർന്നത്. ഇന്നത്തെ ഫോർട്ട് കൊച്ചിക്കടുത്താണ് കൽവത്തി. പെരിയാറിലെ പ്രളയത്തോടെ വൻ കപ്പലുകൾക്ക് കൊടുങ്ങല്ലൂർ അടുക്കാൻ പ്രയാസമുണ്ടായി. പിന്നീട് കൂടുതൽ വ്യാപാരവും കോഴിക്കോടിനെ ആശ്രയിച്ചായിരുന്നു. സാമൂതിരിയുമായി പിണങ്ങിയും അറബിക്കച്ചവടക്കാരുമായി ഇടഞ്ഞും ഗതിയില്ലാതെയായ പോർത്തുഗീസുകാർ അക്കാലത്തെ പ്രശസ്ത തുറമുഖമായ കൊച്ചി വിട്ട് അത്രയൊന്നും വലുതല്ലായിരുന്ന കൊച്ചിയിലെത്തിയിരുന്നു (1500 ഡിസംബർ 13).
അന്ന് സമൂതിരിയുടെ സാമന്തനായിരുന്നിട്ടും അദ്ദേഹവുമായി ബദ്ധശത്രുതയിലായിരുന്ന കൊച്ചി രാജാവ് പറങ്കികളുടെ സൗഹൃദത്തെ ശക്തിയാക്കാമെന്ന് കരുതുകയും അവരെ ഹാർദ്ദമായി സ്വീകരിക്കുകയും അവർക്ക് വേണ്ട സൗകര്യങ്ങൾ ചെയ്തു കൊടുക്കുകയും ചെയ്തു. പോർത്തുഗീസുകാർക്ക് വ്യാപാരത്തിനു വേണ്ട എല്ലാ സഹായങ്ങളും അദ്ദേഹം ചെയ്തുകൊടുത്തു. കൊച്ചിയിൽ അവർ ഒരു പണ്ടികശാല പണികഴിപ്പിച്ചു.
എന്നാൽ സാമൂതിരി കൊച്ചീരാജാവിന്റെ അനുസരണക്കേടിൽ ക്ഷുഭിതനായി അറബികളുടെ സഹായത്തോടെ കൊച്ചിയിൽ വമ്പിച്ച കപ്പൽ പടയുമായി വന്ന് യുദ്ധം ചെയ്തു. ആദ്യത്തെ യുദ്ധത്തിൽ കൊച്ചി സൈന്യം പരാജയപ്പെട്ടു, രാജാവ് വൈപ്പിൻകയിൽ അഭയം തേടി. എന്നാൽ താമസിയാതെ പോർട്ടുഗീസ് കപ്പൽപ്പടയുമായി എത്തിയ അൽബുക്കെർക്ക് കൊച്ചിക്ക് തുണയായി. സാമൂതിരിയുമായി ഉഗ്ര പോരാട്ടം നടത്തി അവരെ തിരിച്ചോടിച്ചു. കൊച്ചീരാജാവിനെ വൈപ്പിനിൽ നിന്ന് കൂട്ടിക്കൊണ്ടുവന്ന് തിരികെ സിംഹാസനത്തിലിരുത്തി. പ്രത്യുപകാരമായി പോർത്തുഗീസുകാർക്ക് അവരുടെ പണ്ടികശാലയെ സംരക്ഷിക്കാനും ശത്രുക്കളെ നേരിടാനുമായി ഒരു കോട്ട കെട്ടാനുള്ള അനുമതി രാജാവ് നൽകി. ഇതിനായി ഒരു കുന്നും ആവശ്യമായ മരങ്ങളും അവർക്ക് നൽകി എന്ന് ഗുണ്ടർട്ട് വിവരിക്കുന്നു.
പറങ്കികൾ കോട്ടക്ക് അന്നത്തെ രാജാവിന്റെ പേരായ മാനുവൽ എന്ന് നാമകരണം ചെയ്തു. യൂറോപ്യന്മാർ ഇന്ത്യയിൽ നിർമ്മിച്ച ആദ്യത്തെ കോട്ടയായിരുന്നു അത് (ഇതിനു മുമ്പ്, കണ്ണൂരിൽ സ്ഥാപിച്ചത് കുറ്റിക്കോട്ടയായിരുന്നു). സമചതുരാകൃതിയിലുള്ള നാലുകെട്ടും അനുബന്ധമായി കൊത്തളങ്ങളും നാലുമൂലയിലും കാവൽ ഗോപുരങ്ങളുമടങ്ങിയതുമയിരുന്നു കോട്ടഭിത്തികൾ. പോർത്തുഗീസുകാർ കോട്ടക്കകത്ത് താമസവും വ്യാപാരവും തുടങ്ങി. അടുത്തുതന്നെയായി അവർ ഒരു പള്ളിയും പണിതു. ഇത് സാന്താക്രൂസ് പള്ളി എന്നറിയപ്പെട്ടു. താമസിയാതെ മാനുവൽ കോട്ടയ്ക്കു ചുറ്റും വ്യാപാരം അഭിവൃദ്ധിപ്രാപിച്ചു.
എന്നാൽ, കൊച്ചിയുടെ അഭ്യന്തര കാര്യങ്ങളിൽ ഇടപെടാൻ തുടങ്ങിയ പോർത്തുഗീസുകാർ അവരുടെ ശക്തി വർദ്ധിപ്പിച്ചുകൊണ്ടിരുന്നു. രാജകുടുംബത്തിലെ മൂത്ത താവഴി-ഇളയ താവഴി തർക്കത്തിൽ അവർ പക്ഷം ചേർന്നു. മൂത്ത താവഴിയിലെ രാജകുമാരനെ പുറത്താക്കി ഇളം കൂറിനെ രാജാവാക്കി. മൂത്ത താവഴിയിലെ രാജകുമാരൻ പാലിയത്തച്ചന്റെ സഹായത്തോടെ ഡച്ചുകാരുമായി ബന്ധപ്പെട്ടു സഹായം അഭ്യർത്ഥിച്ചു. ലന്തക്കാർ അന്ന് ശ്രീലങ്ക ആസ്ഥാനമാക്കി വ്യാപാരം നടത്തിവരികയായിരുന്നു. പോർത്തുഗീസുകാരോടുള്ള മത്സരബുദ്ധിയുണ്ടായിരുന്ന ഡച്ചുകാർ സഹായിക്കാമെന്നേറ്റു.
1661-ൽ പോർത്തുഗീസുകാരുടെ പള്ളിപ്പുറം കോട്ടയും, 1662-ൽ കൊടുങ്ങല്ലൂർ കോട്ടയും അവർ പിടിച്ചടക്കിക്കൊണ്ട് കൊച്ചിയോടടുത്തു. ആ വർഷം അവസാനത്തോടെ കൊച്ചിക്കോട്ടയിൽ ഡച്ചുകാർ അവരുടെ സർവ്വ ശക്തിയും ഉപയോഗിച്ച് ആഞ്ഞടിച്ചു. 28 ഡച്ചു പീരങ്കികൾ കോട്ടക്കുനേരെ തീതുപ്പിക്കൊണ്ടിരുന്നു. അവസാനം കോട്ടയുടെ കൽവത്തി ഭാഗത്ത് വിള്ളലുണ്ടാക്കി ഡച്ചു സൈന്യം അകത്ത് കടന്നു. 1663 ജനുവരി 6]]-ന്, ഈ സംഭവത്തോടെ പോർത്തുഗീസുകാരുടെ കൊച്ചിയിലെ വാഴ്ചയ്ക്ക് അന്ത്യം കുറിക്കപ്പെട്ടു. പോർത്തുഗീസ് ഗവർണ്ണറായ ഇഗ്നേഷ്യാ സാർമെന്തോ ഡച്ചു ഗവർണ്ണറായ റിക്ലാഫ്‌വാൻ ഗോയൻസിന് കോട്ട കൈമാറി.
എത്തിച്ചേരാനുള്ള വഴി : കൊച്ചി നഗരത്തിന്റെ എല്ലാ ഭാഗങ്ങളിൽ നിന്നും ഫോർട്ട് കൊച്ചിയിലേക്ക് ബസ്സു ലഭിക്കും. മറൈൻ ഡ്രൈവിൽ നിന്നും ഫോർട്ട് കൊച്ചിയിലേക്ക് ബോട്ടും ഉണ്ട്. ഏറ്റവും അടുത്തുള്ള റെയിൽവേ സ്റ്റേഷൻ – എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷൻ (എറണാകുളം ജങ്ക്ഷൻ) – 12 കി.മീ അകലെ. ഏറ്റവും അടുത്തുള്ള വിമാനത്താവളം – നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം 20 കി.മീ അകലെ.