വിവരണം – തുഷാര പ്രമോദ്.

ആനവണ്ടിയും കാടും ..ഇവ രണ്ടും പലർക്കും ഒരു വികാരമാണ്. ഓരോ തവണയും കാട് തന്റെ വന്യതയിൽ ഓരോ ഭാവങ്ങൾ തീർത്ത് വിസ്മയിപ്പിക്കുമ്പോൾ , ആനവണ്ടി ഓരോ യാത്രയും ഓരോ അനുഭൂതിയിലൂടെ പ്രീയപ്പെട്ടതാക്കുന്നു..അപ്പോൾ ഇവ രണ്ടും ചേർന്നാലോ ..അതൊരു അഡാര് യാത്ര തന്നെ ആയിരിക്കും. കാടിനോടും ആനവണ്ടിയോടുമുള്ള പ്രണയം അങ്ങനെ ഒരു യാത്രയിലാണ് കൊണ്ടെത്തിച്ചത് .. ആനവണ്ടിയിൽ കാടുകാണാൻ പോകണം..പക്ഷെ എങ്ങോട്ടു പോകണം എപ്പോൾ പോകണം ഒരു ഐഡിയയും ഇല്ല..അതിനെക്കുറിച്ചു അറിയാൻ വേണ്ടി തലശ്ശേരി കെ സ് ആർ ടി സി ഡിപ്പോയിൽ ഒന്ന് ചെന്ന് നോക്കി..

അവിടത്തെ ചേട്ടന്മാർ ആവശ്യമായ ഡീറ്റെയിൽസ് ഒക്കെ തന്നു. കുറച്ചു യാത്ര വിശേഷങ്ങളും പങ്കുവച്ചു..വളരെ മുൻപ് നടത്തിയ ഒരു ബന്ദിപ്പൂർ യാത്രയിൽ പുലിയെക്കണ്ട കഥ ഒക്കെ ചേട്ടൻ പറഞ്ഞു. ചേട്ടന്മാർ പറഞ്ഞതനുസരിച്ചു വിരാജ്പേട്ട വഴി മൈസൂർ പോകാനും പിറ്റേദിവസം ഉച്ചയെക്കുള്ള അതേ ബസിനു മൈസൂരിൽ നിന്ന് തിരിച്ചു പോകാമെന്നുമാണു ആദ്യം കരുതിയത്. പക്ഷെ അപ്രതീക്ഷിതമായി യാത്രയിൽ ബന്ദിപ്പൂരും ബത്തേരിയുമൊക്കെ കടന്നുവന്നു..ആ കഥ വഴിയേ പറയാം.. തലശ്ശേരിയിൽ നിന്നും വിരാജ്പേട്ട വഴി മൈസൂരിലേക്ക്. അവിടെ നിന്നും ഗുണ്ടൽപേട്ട് വഴി ബന്ദിപൂർ വനവും മുത്തങ്ങ വനവും കടന്ന് ബത്തേരിക്ക് ആനവണ്ടിയിൽ ഒരു കാട് യാത്ര ..

ഡിപ്പോയിലെ ചേട്ടന്മാർ പറഞ്ഞതനുസരിച്ചു തലശ്ശേരിയിൽ നിന്നും രാവിലെ 8:15 പുറപ്പെടുന്ന ആനവണ്ടിക്കായി നേരത്തെ തന്നെ ഞങ്ങൾ ബസ് സ്റ്റാൻഡിലെ കെ സ് ആർ ടി സി നിർത്തുന്ന റോക്കരികെ കാത്തു നിന്നു.കുറച്ചു കഴിഞ്ഞപ്പോഴതാ ഞങ്ങളുടെ ആന പതിയെ അരികിലേക്ക് കടന്നുവരുന്നു. ബസ് സ്റ്റാന്റിംഗ് റോയിലെ സ്റ്റോപ്പിങ് സ്റ്റോണിൽ പിന്കാലുകള് ചേർത്തുവച്ചു ചിന്നംവിളിച്ചുകൊണ്ട് അവൻ ഒരു നിത്തം നിന്നു .. പെട്ടെന്ന് തന്നെ കയറി സീറ്റ് പിടിച്ചു.ഹോട്ട് സീറ്റിനു തൊട്ടു പുറകിലത്തെ വിന്ഡോസീറ് തന്നെ കിട്ടി.വളരെ കുറച്ചു യാത്രക്കാരുമായി ആനവണ്ടി യാത്ര തുടങ്ങി..മുന്നോട്ട് പോകുംതോറും യാത്രക്കാരെകൊണ്ട് ബസ് നിറഞ്ഞു.. കൂട്ടുപുഴ പാലത്തിനപ്പുറം കർണാടക ഞങളെ കാത്തിരിക്കുകയാണ്.. ബസുകളും ലോറികളുമൊക്കെ വളക്കാൻ കുറച്ചു കഷ്ട്ടപ്പെടുന്ന സ്ഥലമാണ് പാലത്തിന്റെ രണ്ടറ്റവും.. ഞങ്ങളുടെ ആനവണ്ടിയുടെ സാരഥി വളരെ വിദഗ്ധമായി അത് കൈകാര്യം ചെയ്തു. പാലം കടന്നു കഴിയുമ്പോഴേക്കും നഗരത്തിന്റെ തിരക്കുകൾ മാഞ്ഞുപോകും .. കാടിന്റെ കുളിർമയും തളിർമയും നമ്മെ വരവേറ്റു തുടങ്ങും..

മാക്കൂട്ടം എത്തുമ്പോഴേക്കും കാടിന്റെ വന്യതയിലേക്കാണ് കടന്നു ചെല്ലുന്നത്. വളഞ്ഞു പുളഞ്ഞു പോയികൊണ്ടിരിക്കുന്ന റോഡിൽ കാടിന്റെ നിഴൽ വീണു ഇരുൾമൂടുമ്പോൾ ഇലകൾക്കിടയിലൂടെ സൂര്യപ്രകാശം ഊർന്നിറങ്ങുന്നുണ്ടാകും..ഈ വഴികൾ യാത്രയിൽ ഞങ്ങൾക്ക് ഏറ്റവും പ്രീയപ്പെട്ട ഒന്നാണ്.. പെട്ടെന്ന് എങ്ങോട്ടെങ്കിലും ഒന്ന് പോകണമെന്ന് തോന്നുമ്പോഴും ഓടിവരാറുള്ളത് ഈ കാട് കാണാൻ തന്നെ. വെയിലുള്ളപ്പോൾ ഇലകൾക്കിടയിലൂടെ വെളിച്ചം പെയിതിറങ്ങി മഴയുള്ളപ്പോൾ ഇരുൾവീഴ്‌ത്തി ഭയപ്പെടുത്തി. മറ്റുചിലപ്പോൾ തണുത്ത കാറ്റായി വന്ന് എന്നും വിസ്മയിപ്പിക്കാറുണ്ട് ഈ കാട്.. ഇന്ന് ആനവണ്ടി ഈ കാടുതാണ്ടുമ്പോൾ പതിവിലും കൂടുതൽ എന്തോ ഒരു മാസ്മരികത ഈ കാടിനില്ലേയെന്നു തോന്നി. വഴിയിലൊരു ചായക്കടക്കരികിൽ വണ്ടി നിർത്തി. എല്ലാവരും ചായകുടിയും ഫ്രഷ് ആകലും കഴിഞ്ഞു യാത്ര തുടർന്നു.

കുറച്ചു ദൂരം പിന്നിട്ടപ്പോഴേക്കും നിറയെ കാപ്പി തോട്ടങ്ങൾ കാണുവാൻ തുടങ്ങി..പൂത്തുലഞ്ഞു നിൽക്കുന്ന കാപ്പി പൂക്കൾ പിന്നിട്ട വഴികളെല്ലാം സുഗന്ധപൂരിതമാക്കി.പച്ച നിറത്തിൽ ഇടതൂർന്ന ചെടികൾക്കുമേൽ മഞ്ഞു പെയിതതുപോലെ കാപ്പിപ്പൂക്കൾ കാണാൻ എന്ത് ചന്തമാണ്‌. യാത്രയുടെ ആവേശത്തിൽ ഉറക്കം തെല്ലും അലോസരപ്പെടുത്താൻ എത്തിയതേയില്ല.. കാടിന്റെ തണുപ്പിൽ നിന്നും കത്തുന്ന വെയിലിലേക്ക് ആനവണ്ടി യാത്ര തുടർന്നു.. തിരക്കുള്ള മാർക്കറ്റുകളും വിശാലമായി നീണ്ടുകിടക്കുന്ന നാഷണൽ ഹൈവേകളും കടന്ന് ഉച്ചയോടുകൂടി മൈസൂരെത്തി. പാലസിനടുത്തുള്ള ഒരു ഹോട്ടലിൽ GOIBIBO വഴി റൂം നേരത്തെ ബുക്ക് ചെയ്‌തിരുന്നു. ഒരു ഓട്ടോയും പിടിച്ചു നേരെ അവിടേക്ക് പോയി. റെസ്റ്റോറന്റ് ഒക്കെ ഉള്ള ഹോട്ടലായതിനാൽ അവിടെ നിന്നു തന്നെ ഫുഡ് കഴിച്ചു. പക്ഷെ ഫുഡ് തീരെ കൊള്ളില്ലായിരുന്നു. അതുകൊണ്ട് ഇനി അവിടുന്ന് കഴിക്കണ്ട എന്ന് തീരുമാനിച്ചു. യാത്രയുടെ ക്ഷീണമുള്ളതിനാൽ ചെറിയൊരു ഉറക്കം പാസ്സാക്കി.

വൈകുന്നേരം കുളിച്ചു റെഡിയായി മൈസൂരിന്റെ വൈകുന്നേരത്തെ കാഴ്ചകളിലേക്ക് നടന്നിറങ്ങി. അപ്പോഴാണ് ഒരു ഓട്ടോ ചേട്ടനെ പരിചയപ്പെട്ടത്. മഹാദേവൻ എന്നാണ് ചേട്ടന്റെ പേര്. പുള്ളിക്കാരൻ തമിഴും മലയാളവുമൊക്കെ മിക്സ് ആക്കി കഷ്ടപ്പെട്ട് ഞങ്ങളോട് സംസാരിച്ചു. അങ്ങനെ ആ ചേട്ടന്റെ ഓട്ടോയിലായി കുറച്ചു നേരത്തെ യാത്ര. അപ്പോഴേക്കും നേരം സന്ധ്യയാവാൻ തുടങ്ങി. ലൈറ്റുകളുടെ വെളിച്ചത്തിൽ തിളങ്ങിക്കൊണ്ട് മൈസൂർ നഗരം. ആദ്യം പോയത് സെന്റ് ഫിലോമിനാസ് റോമൻ കത്തോലിക് ചർച്ചിലേക്കായിരുന്നു. ഏഷ്യയിലെ ഉയരംകൂടിയ പള്ളികളിൽ ഒന്നാണിത്. നൂറ്റാണ്ടുകൾ പഴക്കമുള്ള ആ പള്ളിയുടെ പുതുക്കി പണിയൽ നടന്നുകൊണ്ടിരിക്കുകയായിരുന്നു. ആകാശം തൊട്ടു നിൽക്കുന്ന ആ പള്ളിക്കും ഇരുണ്ട ആകാശത്തിനും ഒരേ നിറമാണെന്നു തോന്നി.

മഹാദേവൻചേട്ടൻ ഞങ്ങൾക്ക് കുറച്ചു ഫോട്ടോസ് ഒക്കെ എടുത്തുതന്നു. വെയിറ്റ് ചെയുന്നതിനൊന്നും ചേട്ടന് ഒരു ബുദ്ധിമുട്ടും ഉണ്ടായില്ല. അവിടെ നിന്നും നേരെ പോയത് മൈസൂർ സാരികളും, മൈസൂർ സാൻഡൽ പ്രോഡക്ടസുമൊക്കെ കിട്ടുന്ന ഒരു ഷോപ്പിലേക്കാണ്. ഗവർമെന്റിന്റെ അൻഡറിൽ വരുന്ന ഷോപ് ആയതിനാൽ GST ഒന്നും ഇല്ലാതെ സാധനങ്ങൾ കിട്ടുമത്രെ. അങ്ങനെ അവിടെ നിന്നും മൈസൂർ സാരിയും സാന്ഡൽ പെർഫ്യൂം ഒക്കെ വാങ്ങി ഞങ്ങൾ ഇറങ്ങി. തിരിച്ചു റൂമിലേക്ക് പോകുന്ന വഴി, ലൈറ്റുകളുടെ മഞ്ഞ പ്രഭയിൽ ജ്വലിച്ചു നിൽക്കുന്ന മൈസൂർ കൊട്ടാരത്തെകൂടി ദൂരെ നിന്നും മഹാദേവൻചേട്ടൻ കാട്ടി തന്നു. അതിനുശേഷം ഹോട്ടലിനു മുന്നിൽ ഞങളെ കൊണ്ടിറക്കി.

ഈ സ്ഥലങ്ങളിലൊക്കെ പോയി ഇത്ര നേരം വെയിറ്റ് ചെയ്തിട്ടും ചേട്ടൻ ആകെ വാങ്ങിയത് 60 രൂപയാണ്.ഒരു പക്ഷെ ആ ഷോപ്പിൽ നിന്നും ചേട്ടന് കമ്മീഷൻ കിട്ടുമായിരുന്നിരിക്കണം. ഭക്ഷണം കഴിക്കാൻ തൊട്ടടുത്തുള്ള നല്ലൊരു ഹോട്ടലും ചേട്ടൻ തന്നെ പറഞ്ഞു തന്നു. പിന്നെ മറ്റൊരു കാര്യം കൂടെ ചേട്ടൻ പറഞ്ഞു..മൈസുരുനിന്നും ഊട്ടിയിലേക്ക് അവിടെനിന്നും ചില ടൂറിസ്റ്റ് ബസുകൾ ഉണ്ടത്രെ..രാവിലെ മൈസൂരിൽ നിന്നും യാത്ര തിരിച്ചു ഊട്ടിയിലെ സ്ഥലങ്ങളെല്ലാം കാണിച്ചു അവർ മൈസൂരിൽ തന്നെ തിരിച്ചെത്തിക്കുമെന്ന്.ആവശ്യമുണ്ടെങ്കിൽ ചേട്ടനെ വിളിച്ചാൽ ഏർപ്പാടാക്കിത്തരാമെന്നു പറഞ്ഞു നമ്പറും തന്നു. അടുത്തതവണ വരുമ്പോൾ തീർച്ചയായും വിളിക്കാമെന്ന് പറഞ്ഞു ചേട്ടനോട് യാത്ര പറഞ്ഞു.

റൂമിലേക്ക് പോയി സാധനങ്ങളെല്ലാം വച്ച ശേഷം ഭക്ഷണം കഴിക്കാനായി വീണ്ടും പുറത്തേക്കിറങ്ങി. മഹാദേവൻചേട്ടൻ പറഞ്ഞ ഹോട്ടൽ എവിടെ ആണെന് ഒരു പിടിയും ഇല്ല. ചോദിച്ചു ചോദിച്ചു കണ്ടുപിടിക്കാമെന്നുകരുതി ഇങ്ങനെനടന്നു..ഒടുവിൽ ഏതോ ഒരു ഹോട്ടലിൽ കയറി. താലി മീൽസ് ഉണ്ട്. അതുതന്നെ ഓർഡർ ചെയ്തു. ഉച്ചയ്കത്തെ വച്ചു നോക്കുമ്പോൾ ഇത് മനോഹരം. ഭക്ഷണവും കഴിച്ചു തിരക്കൊഴിഞ്ഞ റോഡിലൂടെ സ്ട്രീറ്റ് ലൈറ്റിന്റെ വെളിച്ചത്തിൽ ഹോട്ടൽ ലക്ഷ്യമാക്കി ഞങൾ നടന്നു. അപ്പോഴാണ് കള്ളനെപ്പോലെ ഒരാൾ പുറകെ കൂടിയത് ശ്രദ്ധിച്ചത്. ഒരു ജംഗ്ഷനിൽ എത്തി ഒരു ഷോപ്പിൽ കയറിയപ്പോൾ പുറത്തു അയാൾ ഞങ്ങളെ ശ്രദ്ധിച്ചുകൊണ്ട് തന്നെ നില്പുണ്ടായിരുന്നു. പുറത്തിറങ്ങിയപ്പോഴും അയാൾ പുറകെകൂടി. പോലീസിൽ വിളിക്കണോ എന്ന് സംശയിച്ചു നിൽക്കുമ്പോഴാണ് മറ്റൊരു ഓട്ടോച്ചേട്ടൻ വന്നു അയാളെ വഴക്കുപറഞ്ഞു ഓടിച്ചത്. ഇവിടത്തെ ഓട്ടോക്കാരെല്ലാം ഇത്ര നല്ലവരാണോ. എന്തായാലും മഹാദേവൻ ചേട്ടൻ വേണ്ടപെട്ടവരിൽ ഒരാളായി കഴിഞ്ഞു.ഇനി മൈസൂരിൽ ചെല്ലുമ്പോൾ ഉറപ്പായും ചേട്ടനെ വിളിക്കും.

നാളെ ഉച്ചയെക്കാണു തിരിച്ചു പോകാനുള്ള കെ സ് ആർ ടി സി. അതുവരെ എന്ത് ചെയ്യണം എവിടെ പോകണം എന്നൊന്നും ഒരു പ്ലാനും ഉണ്ടാക്കാൻ നിൽക്കാതെ വേഗം തന്നെ കിടന്നുറങ്ങി. പിറ്റേദിവസം രാവിലെ ഫ്രഷ് ആയതിനുശേഷം പ്രാതൽ പോലും കഴിക്കാൻ നിൽക്കാതെ കാഴ്ചകൾ കാണാൻ നേരെ ഇറങ്ങി. ബാക്കി ഉള്ള കുറച്ചു സമയംകൊണ്ട് പറ്റാവുന്നത്ര സ്ഥലങ്ങൾ പോകാമെന്നു തീരുമാനിച്ചു. മൈസൂർ പാലസ് അടുത്തായതുകൊണ്ട് നേരെ അവിടേക്ക് നടന്നു, വെയിൽ വന്നുതുടങ്ങി. വെയിലത്തുള്ള ആ നടത്തം വിശപ്പിന്റെ ആക്കം കൂട്ടി. പാലസിന് മുന്നിൽ എത്തിയപ്പോഴാണ് ഉന്തുവണ്ടിയിൽ ചെറിയ പ്ലേറ്ററുകളിലാക്കി പലതരം പഴങ്ങൾ മുറിച്ചു വിൽക്കുന്നതു കണ്ടത്. അന്നത്തെ പ്രാതൽ അതിലൊതുക്കി. പാലസിലേക് കയറിചെന്നപ്പോൾ തന്നെ കണ്ടത് ഓരോ ചെറിയ ഗ്രൂപ്പുകളായി ആളുകൾ അവിടെ ഉള്ള ചെറിയ വണ്ടികളിൽ പാലസ് കാണാൻ തുടങ്ങുന്നതാണ്. ഞങ്ങളുടെ കുറഞ്ഞ സമയത്തിന് ഏറ്റവും പറ്റിയ ഓപ്‌ഷൻ ഇതായിരിക്കുമെന്നു തോന്നി ഞങ്ങളും അവരുടെ കൂടെ കൂടി.

ഏക്കറുകണക്കിന് പരന്നുകിടക്കുന്ന ആ കൊട്ടാരത്തിനു ചുറ്റും ഒരു ഓട്ടപ്രദിക്ഷണം നടത്തിയെന്നു പറയാം. സമയം ഒട്ടും പാഴാക്കാനില്ലാത്തതിൽ പെട്ടന്ന് തന്നെ ഉള്ളിലേക്കും കയറി. കൊത്തുപണികളും ചിത്രപ്പണികളിലുമൊക്കെ ഉള്ള കരവിരുത് ഏറെ ഉണ്ട് അവിടെ ആസ്വദിക്കാൻ.. ഏതോ കഥയിലെ കേട്ടുമറന്ന കൊട്ടാരത്തിന്റെ വർണ്ണനകൾ കൺമുന്നിൽ എത്തിയപോലെ. രാജഭരണകാലത്തു ഇവിടം എങ്ങനെ ആയിരിക്കുമെന്ന് വെറുതെ സങ്കല്പിച്ചുകൊണ്ട് ഓരോ ഇടവും നടന്നുകണ്ടു. കൊട്ടാരത്തിൽ നിന്ന് ഇറങ്ങിയപ്പോൾ ഇനിയും കുറച്ചുകൂടെ സമയം ഉണ്ട്. എന്നാൽ പിന്നെ മൃഗശാല കൂടെ കണ്ടേക്കാമെന്നു കരുതി. അത് മുഴുവൻ കണ്ടുതീർക്കാനുള്ള സമയം ഉണ്ടാകുമൊ എന്നറിയില്ല എന്നാലും പോകാൻ തന്നെ തീരുമാനിച്ചു. അപ്പോഴേക്കും രാവിലത്തെ ഫ്രൂട്സ് ഒന്നും ഒന്നുമല്ലാതായി..

നല്ല കത്തുന്ന വിശപ്പുണ്ടെങ്കിലും അല്പനേരംകൂടെ ക്ഷമിക്കാൻ സ്വയം സമാധാനിപ്പിച്ചുകൊണ്ട് മൃഗങ്ങളെ കാണാൻ നടന്നുതുടങ്ങി. സിംഹവും,പുലിയും കടുവയും കാട്ടുപോത്തും, വെള്ളമയിലും അങ്ങനെ പറഞ്ഞാൽ തീരാത്ത ഒത്തിരി മൃഗങ്ങളെ കാണാൻ ഉണ്ട് അവിടെ. പോയാൽ എന്തായാലും വെറുതെ ആവില്ലെന്ന് ഉറപ്പാണ്. പക്ഷെ ഇത് മുഴുവൻ നടന്നു കാണുമ്പോഴേക്കും അവശനിലയിലാകുമെന്നു മാത്രം. പ്രത്യേകിച്ച് ഇതുപോലെ വിശന്നു വലഞ്ഞിരിക്കുമ്പോൾ. അകത്തൊരു ഫുഡ് കോർട്ട് ഉണ്ടെങ്കിലും വായിൽവെക്കാൻ കൊള്ളാവുന്ന ഒരു ഫുഡും അവിടെ ഉണ്ടായില്ല. ഒടുവിൽ എങ്ങനെയൊക്കെയോ നടന്നും ഇരുന്നും ഒക്കെ അവിടെ മുഴുവൻ കണ്ടു തീർത്തു. വിശന്നു തളർന്നു കണ്ണിൽ ഇരുട്ടു കയറി തുടങ്ങി. ഇനിയിപ്പോൾ ഹോട്ടലുകൾ മാത്രമേ കണ്ണിൽ കാണുകയുള്ളു. അപ്പോഴാണ് മൃഗശാലക്ക് തൊട്ടടുത്ത്തന്നെ ഒരു കേരള ഹോട്ടൽ കണ്ടത്..പിന്നെ ഒന്നും നോക്കിയില്ല. നേരെ അവിടെ കയറി ഇരുന്നു..വിശന്നിട്ടാണെന്നു തോനുന്നു എല്ലാത്തിനും ഒടുക്കത്തെ രുചി ആയിരുന്നു.. ഫുഡ് ഒക്കെ കഴിച്ചു സമാധാനമായി. ഇനിയിപ്പോ ബസ് കിട്ടുമോ എന്തോ..

അവിട നിന്നും ഒരു ഓട്ടോ പിടിച്ചു വേഗം തന്നെ കെ സ് ആർ ടി സി ബസ് സ്റ്റാൻഡിൽ എത്തി. ഇത്ര ഒക്കെ ഓടി വന്നിട്ടും കഷ്ടമെന്നു പറയട്ടെ വിരാജ്പേട്ട വഴി നാട്ടിലേക്കുള്ള ബസ് പോയി കഴിഞ്ഞിരുന്നു. ഇനി എന്തുവേണമെന്നു ആലോചിച്ചു നിൽക്കുമ്പോഴാണ് ഗുണ്ടൽപേട്ട് – ബന്ദിപ്പൂർ വഴി ബത്തേരി പോകുന്ന ആനവണ്ടിയെ കണ്ടത്. അപ്പോഴാണ് തലശ്ശേരി ഡിപ്പോയിലെ ചേട്ടന്മാർ പറഞ്ഞുതന്ന ബന്ദിപ്പൂർ വിശേഷങ്ങൾ ഓർമ്മ വന്നത്. പിന്നെ കൂടുതൽ ഒന്നും ആലോചിക്കാൻ നിന്നില്ല. ബത്തേരി എങ്കിൽ ബത്തേരി. കാടുകാണമല്ലോ.. വേറെന്തു വേണം.. ഉച്ചയ്ക്ക്ശേഷം ഒരു 3:30 ആയപ്പോഴേക്കും മൈസൂരിൽ നിന്നും യാത്ര തിരിച്ചു.

ഗുണ്ടൽപേട്ട് എത്തിയപ്പോഴേക്കും ബസിൽ യാതക്കാർ ഒരുപാടായി. ഗുണ്ടൽപേട്ടിലെ വിശാലമായ കൃഷിയിടങ്ങൾക്കരികിലൂടെ ആനവണ്ടി തന്റെ മുന്നോട്ടുള്ള യാത്ര തുടർന്നു. ബന്ദിപ്പൂർ കാടുകളെ സ്വപ്നംകണ്ട് ചെറുതായൊന്നു മയങ്ങി. നേരം സന്ധ്യയോടു അടുക്കുമ്പോഴേക്കും ഞങ്ങളെയും കൊണ്ട് ആനവണ്ടി കാട് കയറി. അതൊരു നിബിഢ വനമാണെങ്കിലും റോഡുകളെ കാട് കവർന്നിരുന്നില്ല. റോഡുകൾ തുറസായി തന്നെ കിടന്നതിനാൽ നന്നായി വെളിച്ചം കടന്നു വന്നിരുന്നു.. എല്ലാവരും പുറത്തേക്ക് കണ്ണുംനട്ട് ഇരിപ്പായി. എപ്പോഴാണ് മൃഗങ്ങളെ കാണാൻ പറ്റുക എന്ന് പറയാൻ പറ്റില്ലല്ലോ. ആ കാട് ഞങ്ങളെ നിരാശപ്പെടുത്തിയില്ല..കുരങ്ങന്മാരും മയിലുകളും മാൻകൂട്ടങ്ങളും ഇടക്കിടെ പ്രത്യക്ഷപ്പെട്ടു കൊണ്ടിരുന്നു. ഏറ്റവുമൊടുവിൽ ഞങളുടെ ആനവണ്ടിക്ക് മുന്നിലൂടെ ഒരു ആനകുടുംബം തന്നെ നടന്നുപോയി. ഫോട്ടൊ എടുക്കാനുള്ള ശ്രമം പാളിപ്പോയെങ്കിലും ഒരു കുഞ്ഞു വീഡിയോ കിട്ടിയതിൽ ഞങൾ സമാധാനിച്ചു.

കിലോമീറ്ററുകളോളം ബന്ദിപ്പൂർ കാടുകളുടെ മടിത്തട്ടിലൂടെ ഞങ്ങളെയും വഹിച്ചുകൊണ്ട് ആനവണ്ടി കുതിച്ചു കൊണ്ടിരുന്നു. ഒരിക്കലും മറക്കാൻ പറ്റാത്ത യാത്രകളിൽ ഒന്നാണിത്. പറഞ്ഞറിയിക്കാൻ പറ്റാത്ത ആനന്ദമാണ് ഈ യാത്രയിൽ ആനവണ്ടിയും കാടും സമ്മാനിച്ചത്. ആനയും കടലും പോലെ എത്രകണ്ടാലും മതിവരാത്ത ഒരു വിസ്മയം തന്നെ ആണ് കാട്.. ആനയെപ്പോലെ ആനവണ്ടിയും എന്നും കൗതുകമാണ്.. ഒരു ആഡംബരവാഹനത്തിനും തരാൻ കഴിയാത്ത പ്രീയപ്പെട്ട യാത്രകളാണ് ആനവണ്ടി സമ്മാനിക്കാറ്.. കാടിന്റെ സൗന്ദര്യം നുകരാനുള്ള വഴികൾ തീർന്നിട്ടില്ല ,തുടർന്നുള്ള യാത്ര മുത്തങ്ങ കാടുകൾ വഴിയാണ്. എന്തിനേറെ പറയുന്നു,ബത്തേരി വരെയും കുളിർമയുള്ള പച്ചപ്പിന്റെ വഴികൾ തന്നെ..

സന്ധ്യയോടു കൂടി ബത്തേരി കെ സ് ആർ ടി സി ബസ് സ്റ്റാൻഡിൽ എത്തി. അവിടെ നിന്നും മറ്റൊരു ആനവണ്ടിയിൽ കൽപറ്റ വഴി താമരശ്ശേരി ചുരവും ഇറങ്ങി കോഴിക്കോട്ടേക്ക്. കോഴിക്കോട്ട് എത്തുമ്പോഴേക്കും രാത്രി ഏറെ വൈകി. ബസ് സ്റ്റാൻഡിനു അടുത്തുള്ള ഹോട്ടലിൽ നിന്ന് ഫുഡും കഴിച്ചു നേരെ റെയിൽവേ സ്റ്റേഷനിലേക്ക്. തലശ്ശേരിക്കുള്ള തീവണ്ടിയും കാത്തു പ്ലാറ്റുഫോമിലിരുന്നു കുറേ കൊതുകുകടി കൊണ്ടു. ഏറെ നേരത്തെ കാത്തിരിപ്പിനൊടുവിൽ തീവണ്ടിയും എത്തി. ഇഷ്ടംപോലെ സീറ്റ് ഉണ്ടായതിനാൽ തലശ്ശേരി വരെ നന്നായി ഉറങ്ങി. പുലർച്ചയോടുകൂടി തലശ്ശേരി എത്തി. അങ്ങനെ തലശ്ശേരിയിൽ നിന്നും ആനവണ്ടിയിൽ തുടങ്ങിയ യാത്ര തലശ്ശേരിയിൽ തന്നെ തീവണ്ടിയിൽ അവസാനിച്ചു. കാട് തേടി കുന്നു തേടി യാത്രയുടെ ലഹരി തേടി ആനവണ്ടിയിലും തീവണ്ടിയിലുമൊക്കെയായി യാത്രകൾ ഇനിയും തുടർന്നു കൊണ്ടേയിരിക്കുന്നു..

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.