വിവരണം – തുഷാര പ്രമോദ്.

പഴനിയാണ് ഞങ്ങളുടെ ലക്ഷ്യ സ്ഥാനം ..ഗോപാലപുരം ചെക്‌പോസ്റ് കടന്നു വേണം പോകാൻ.അവിടെ എത്തിയപ്പോൾ ചെക്കിങ്ങിനായി വണ്ടി നിർത്തി .ഏതോ ഒരു തമിഴ് ഫിലിമിൽ കണ്ടുമറന്ന പോലെ മുഖമുള്ള ഒരു പോലീസുകാരൻ വന്നു ഞങ്ങളോട് കാര്യങ്ങളൊക്കെ തിരക്കി. പഴനിക്ക് പോവുകയാണെന്ന് പറഞ്ഞപ്പോൾ “സേഫ് ആയി പോയി വരു” എന്ന് പലതവണ ഉപദേശം തന്നു. വൈൻ ബോട്ടിലിൽ വെള്ളം എടുത്തത് ചെറിയ ഒരു പണിയായി. വാട്ടർ ആണെന്ന് പറഞ്ഞത് വിശ്വാസം വരാതെ അവർ അത് ഓപ്പൺ ചെയ്യ്ത് മണത്തു നോക്കുകയൊക്കെ ചെയ്തു .പിന്നീട് ബാഗ്‌സ് ഒക്കെ ചെക്കിങ് ആയി.ഇനി വണ്ടിയുടെ പേപ്പേഴ്‌സ് നോക്കി. കഷ്ടകാലത്തിനു ഞങ്ങളുടെ പൊല്യൂഷൻ സർട്ടിഫിക്കറ്റ് എടുക്കാൻ മറന്നു. 500 രൂപ ഫൈൻ വകയിൽ പോയിക്കിട്ടി. പക്ഷെ ഫൈൻ അടച്ചതിന്റെ റെസിപ്റ് ഒന്നും ഞങ്ങൾക്കു കിട്ടിയില്ല കെട്ടോ. ഇനിയും ചെക്കിങ് ഉണ്ടായാൽ എന്ത് ചെയ്യണമെന്ന് ചോദിച്ചപ്പോൾ അതിവിടെ അടച്ചു എന്ന് പറഞ്ഞാൽ മതിയെന്ന് പറഞ്ഞു. എന്തരോ എന്തോ …ഞങ്ങൾ യാത്ര തുടർന്നു.

തമിഴ്‌നാട് ഭാഗങ്ങളിലൊക്കെ കേരള രെജിസ്‌ട്രേഷൻ വണ്ടികൾക്ക് നേരെ ഉണ്ടാവാറുള്ള ആക്രമണങ്ങളെ കുറിച്ചു കേട്ടതുകൊണ്ട് വളരെ സൂക്ഷിച്ചാണ് പോയിക്കൊണ്ടിരുന്നത്. ഓരോ ടിപ്പർ ലോറികൾ കാണുമ്പോഴും ഇടിവണ്ടികൾ ആണോ എന്ന സംശയത്തോടുകൂടി സ്ലോ ആയിട്ടാണ് ഡ്രൈവ് ചെയ്തത്. അതുകൊണ്ടുതന്നെയാണ് പകൽ സമയം യാത്രക്കായി തിരഞ്ഞെടുത്തത് .
പിന്നീടുള്ള വഴികളിൽ ഒത്തിരി വിൻഡ് മിൽ പാടങ്ങളാണ് കാണാൻ കഴിഞ്ഞത്. സംഭവം കൊള്ളാം, നല്ല കാഴ്ച്ചയും തരും വൈദ്യുതിയും തരും .കാഴ്ചകളൊക്കെ കണ്ട് ഉച്ചയ്ക്ക് ഒരു 3 മണിയോടികൂടി പഴനി എത്തി.രാവിലെ 5 മണിക്കു വീട്ടിൽനിന്നു പുറപ്പെട്ട ഞങ്ങൾ രാമശ്ശേരി പോവാൻ എടുത്ത സമയമടക്കം ഏകദേശം 9.30 മണിക്കൂറിൽ കൂടുതൽ എടുത്തു അവിടെ എത്താൻ.

GOIBIBO യിൽ ഹോട്ടൽ റിയ പാർക്കിൽ റൂം ബുക്ക് ചെയ്‌തിട്ടുണ്ടായിരുന്നു. വൃത്തിയൊക്കെയുള്ള നല്ല റൂം.തൊട്ടടുത്തുള്ള ആര്യ വെജ്. ഹോട്ടലിൽ പോയി മീൽസ് കഴിച്ചു. എല്ലാം സൂപ്പർ കറികൾ. രസത്തിന്റെ ഒക്കെ ടേസ്റ്റ് വ്യത്യാസമാണെങ്കിലും നന്നായിട്ടുണ്ട് .ഊണ് കഴിക്കുന്നതിനിടയിൽ പഴനിയെപ്പറ്റിയൊക്കെ അവിടത്തെ സ്റ്റാഫിനോട് ചോദിച്ചു മനസ്സിലാക്കി. അപ്പോഴേ അവർ സൂചന തന്നു നിങ്ങളെപ്പോലെ ആദ്യമായി വരുന്നവരൊക്കെ ഒത്തിരി പറ്റിക്കപെടുമെന്ന്. പലതും ചെയ്തുതരാമെന്നു പറഞ്ഞു ചില ആളുകൾ വരുമെന്നും അതിനൊക്കെ ഇരട്ടിക്കാശ് വാങ്ങുമെന്നും പറഞ്ഞു. ഇൻഫർമേഷൻ ഒക്കെ തന്ന ചേട്ടന് നമ്മുടെ കുമ്മനം ജിയുടെ ഒരു ഛായ കാച്ചിയ ലുക്ക്.. അദ്ദേഹത്തിന് നന്ദി പറഞ്ഞു ഞങ്ങൾ ഇറങ്ങി .

റൂമിൽ പോയി ഫ്രഷ് ആയതിനുശേഷം പഴനി മല കയറാൻ പുറപ്പെട്ടു. കോവിലിൽ ഉത്സവം നടക്കുകയാണ്, മുരുകന്റെ കല്യാണം കഴിഞ്ഞ ദിവസമാണ് അന്ന്. ഹോട്ടലിനു അടുത്തുതന്നെ ആയിരുന്നു കോവിൽ. ഗൂഗിൾ മാപ് നോക്കി ഇറങ്ങി. കോവിലിലേക്കുള്ള റോഡിലേക്ക് കയറേണ്ടത് ചെറുതായൊന്ന് തെറ്റി അൽപ്പം മുന്നോട്ട് പോയി. മാപ്പിൽ നോക്കി കാര്യം മനസിലായപ്പോൾ കാർ തിരിക്കാനുള്ള ശ്രമമായി. വളരെ തിരക്കേറിയ ഇരുവശവും കച്ചവടക്കാരൊക്കെയുള്ള റോഡ് ആയതിനാൽ കാർ തിരിക്കാൻ കുറച്ചു താമസമെടുത്തു. അപ്പോഴേക്കും ഒരു സ്കൂട്ടർ ഞങ്ങളെ ബ്ലോക്ക് ചെയ്യ്ത് മുന്നിൽ നിൽക്കുന്നുണ്ടായിരുന്നു. അയാൾ വഴി മാറി തരാതെ അവിടെ തന്നെ നിന്നു. അപ്പോൾ മറ്റൊരാൾ വന്നു അയാളോട് എന്തൊക്കെയോ സംസാരിക്കുന്നു.

ശ്ശെടാ.. ഇതെന്തു കഥ.. വഴി തരാതെ ഇവന്മാർ എന്തോന്ന് ചെയ്യുകയാ..കുറച്ചു കഴിഞ്ഞപ്പോൾ വേറെ ഒരാൾകൂടെ വന്നു. അയാൾ തമിഴിൽ എന്തൊക്കെയോ ഞങ്ങളോട് പറഞ്ഞു. സ്വാമി..കോവിലിൽ ഉത്സവം നടക്കുകയാണെന്നും കാർ അവിടെ വരെ പോകില്ലെന്നും പറഞ്ഞു . പകരം അവർ തന്നെ ഒരു കാർ പാർക്കിംഗ് കാണിച്ചു തന്നു .പൈസ ഒന്നും കൊടുക്കേണ്ടി വന്നില്ല. അതിലൂടെ അവർ ഞങ്ങളുടെ വിശ്വാസം നേടി എടുത്തു. കോവിലിലേക്കുള്ള വഴി കാട്ടിത്തരാം എന്ന് പറഞ്ഞു അയാൾ മുന്നെ നടന്നു. ഞങ്ങളും പുറകെ പോയി. ചെന്നെത്തിയത് ഒരു പൂജ സ്റ്റോറിൽ. അപ്പോഴാണ് മനസിലായത് അത് അവരുടെ സ്വന്തം കട ആണെന്ന്. എന്ത് വഴിപാട് ആണ് ചെയേണ്ടതെന്ന് അവർ ചോദിച്ചു . പാലഭിഷേകം ചെയ്യാനാണെന്നു പറഞ്ഞപ്പോൾ ഒരു വലിയ പാത്രത്തിൽ പാൽ കൊണ്ടുവന്നു വച്ചു. പിന്നെ കുറെ പൂജാ സാധനങ്ങളും എടുത്ത് വച്ചിട്ട് 1500 രൂപ ബിൽ തന്നു.

ഞങ്ങൾ ആകെ കിളി പോയപോലെ പരസ്പരം നോക്കി. നല്ല കെണിയിലാണ് വന്നു പെട്ടതെന്നു മനസിലായി . അറിയാത്ത നാട് പരിചയമില്ലാത്ത ആൾക്കാർ.. ആകെ പെട്ടൂന്ന് പറഞ്ഞാമതിയല്ലോ. ഞങ്ങൾക്കു ഇതൊന്നും ആവശ്യം ഇല്ല പാൽ മാത്രം മതിയെന്ന് പറഞ്ഞു. അപ്പോൾ അവർ ഒരു തരത്തിലും സമ്മതിച്ചു തരുന്നില്ല. ഇതൊന്നും ഇല്ലാതെ ആരും മുരുകനെ കാണാൻ പോകില്ലാന്നൊക്കെ പറഞ്ഞു ഞങ്ങളെ കളിയാക്കി കാര്യം നടത്താൻ ഒന്നു ശ്രമിച്ചു. ഒരു തരത്തിലും സമ്മതിക്കില്ലെന്നായപ്പോൾ 400 രൂപക്ക് സാധനം തരാമെന്നും കൂടെ എല്ലാം ചെയ്യാൻ ആളെ അയക്കാമെന്നും പറഞ്ഞു. എന്തായാലും പെട്ടു ഇനി എങ്ങനെ എങ്കിലും കാര്യം കഴിഞ്ഞ എസ്‌കേപ് ആവാം എന്ന് വിചാരിച്ചു 400 രൂപക്ക് ഞങ്ങൾ സമ്മതിച്ചു.

വഴിപാടുകളൊക്കെ ചെയ്യ്ത് തരാം എന്ന് പറഞ്ഞു അവരുടെ ബന്ധുവായ ഒരു സ്ത്രീയെ ഞങ്ങളുടെ കൂടെ വിട്ടു. ആരെയും പറഞ്ഞു വീഴ്ത്താൻ അറിയാവുന്ന നല്ല വാക്‌സാമർഥ്യം ഉള്ള സ്ത്രീ തന്നെ ആയിരുന്നു അവർ. മുഖസ്തുതി പറഞ്ഞു പുകഴ്‌ത്താൻ തുടങ്ങിയപ്പൊ തന്നെ കാര്യം മനസ്സിലായി. കൈ വേദന ആണെന്നൊക്കെ പറഞ്ഞു സാധങ്ങളൊക്കെ ഞങ്ങളെകൊണ്ട് പിടിപ്പിച്ചു. എന്നിട്ട് തമിഴിൽ എന്തൊക്കെയോ കത്തി വച്ച് അവർ ഞങ്ങളെയും കൂട്ടി നടന്നു.

റോഡിനു ഇരുവശവും നിറയെ കച്ചവടക്കാർ. ഒഴുകി എത്തുന്ന മുല്ലപ്പൂ മണം..ആഹാ. ആരേം വശീകരിച്ചു കളയുന്ന സുഗന്ധം. തിരിച്ചു വരുമ്പോൾ ഒരു മുഴം മുല്ലപ്പൂ എന്തായാലും വാങ്ങണം എന്ന് വിചാരിച്ചു. അപ്പോഴാണ് റോഡ് സൈഡിൽ മറ്റൊരു കോവിൽ കണ്ടത്. ആ സ്ത്രീ ഞങ്ങളെ അങ്ങോട്ട് കൊണ്ടുപോയി. ഇതാണ് താഴേക്കോവിൽ എന്നും ബാലമുരുകനാണ് ഇവിടെ പ്രതിഷ്‌ഠ എന്നും പറഞ്ഞു. മേലെ കോവിലിൽ അഭിഷേകത്തിന്റെ സമയം കഴിഞ്ഞെന്നും അതുകൊണ്ട് താഴെ കോവിലിൽ അഭിഷേകം നടത്തിയിട്ട് മേലെ പോയി പ്രാർത്ഥിച്ചാൽ മതിയെന്നും പറഞ്ഞു.

ആഹാ .. എട്ടിന്റെ പണി പാലും വെള്ളത്തിൽ തന്നെ കിട്ടി. പരസ്പരം നിസ്സഹായമായി നോക്കാനല്ലാതെ ഒന്നും ചെയ്യാനില്ലായിരുന്നു. അങ്ങനെ ഉള്ളിൽ കയറി പ്രാർത്ഥിച്ചു. പാൽ അവിടെ അഭിഷേകം നടത്താനായി വച്ചിരുന്ന വലിയ പാൽ പാത്രത്തിലേക്ക് ഒഴിച്ചു. കൂടെ വന്ന സ്ത്രീ എന്തൊക്കെയോ പറഞ്ഞു തരുന്നുണ്ടായിരുന്നു. പക്ഷെ കോവിലിലെ ആർക്കും അവരെ ഇഷ്ട്ടമല്ല എന്ന് ഞങ്ങൾക്കു മനസിലായി. ഞങ്ങളോട് വളരെ സൗമ്യമായി പെരുമാറിയ പൂജാരിയും സെക്യൂരിറ്റിയുമൊക്കെ അവരോട് മാത്രം ദേഷ്യപെടുന്നതും മാറിനിൽക്കാൻ പറയുന്നതും കണ്ടു. പൂജാ സാധനങ്ങൾ ഏല്പിച്ചതിനു ശേഷം തൊഴുത് കാത്തു നിന്നു.

കുറച്ചു കഴിഞ്ഞപ്പോൾ പൂജാരി വന്നു പ്രസാദം തന്നു. പൂജ സാധനങ്ങളിൽ 2 പൂമാല ഉണ്ടായിരുന്നു. അത് ഞങ്ങളോട് ധരിക്കുവാൻ അദ്ദേഹം നിർദ്ദേശിച്ചു. അർച്ചന ചെയ്‌ത കുങ്കുമവും തൊടുവിപ്പിച്ചു. ബാക്കി പൂജ സാധങ്ങൾ കയ്യിൽ തന്ന ശേഷം ഞങ്ങളോട് ഒരുമിച്ച് തൊഴുത് പ്രദിക്ഷണം വെക്കാൻ പറഞ്ഞു. ഒരു കല്യാണത്തിന്റെ ഒക്കെ പ്രതീതി. അവിടെ നടന്നത് എന്താണെന്നു പോലും അറിയില്ല. എങ്കിലും തൊഴുത് ഇറങ്ങിയപ്പോൾ മനസ്സ് തൃപ്തിയായിരുന്നു.

പുറത്തു ആ സ്ത്രീ ഞങ്ങളെ കാത്തിരിപ്പുണ്ടായിരുന്നു. കൈയിലെ പ്രസാദം ഞങ്ങൾക്ക് തൊട്ടുതന്നു ഒരു അനുഗ്രഹവും തന്നു. ആ സുഖിപ്പിക്കൽ അടുത്ത പണി തരാൻ ഉള്ളതായിരുന്നു എന്ന് അറിഞ്ഞില്ല. മേലെ കോവിലിലേക്കുള്ള വഴി അതാണെന്നും മക്കൾ പോയി തൊഴുതു വന്നോളൂ എന്നും പറഞ്ഞു അവർ നൈസ് ആയി മുങ്ങി. പോരാത്തതിന് 100 രൂപയും വാങ്ങി. കാശ് കൊടുത്തപ്പോൾ വീണ്ടും സ്നേഹം പാൽ പോലെ ഒഴുകി. നാളെ രാവിലെ മേലെ കോവിലിൽ അഭിഷേകം ചെയ്തോ എന്നും അവരെ വിളിച്ചാൽ മതി വേറെ ആരെയും കാണണ്ട എന്നുംപറഞ്ഞു ഫോൺ നമ്പറും തന്നു. ശരി, വിളിക്കാം എന്ന് പറഞ്ഞു നമ്പർ വാങ്ങി വച്ചു, വിളിച്ചത് തന്നെ… പറന്നു പോകുന്ന പണി ഏണി വച്ച് പിടിക്കാനോ… ഞങ്ങൾ ഇല്ലേ…

ഇനി ആരുടേയും ഹെല്പ് ചോദിക്കണ്ട എന്നും തീരുമാനിച്ചു ഞങ്ങൾ മുന്നോട്ട് നടന്നു. സൂര്യൻ അസ്തമിച്ചു കഴിഞ്ഞു. എങ്ങും ഇരുട്ട് പരക്കാൻ തുടങ്ങി. താഴെ നിന്നും നോക്കിയാൽ കാണാം പ്രകാശിച്ചു നിൽക്കുന്ന പഴനി മല. ഞങ്ങളുടെ ലക്ഷ്യം അടുത്ത് എത്തിയതിന്റെ അനുഭൂതി.. ചുറ്റിലും വെളിച്ചം, ആൾക്കാരുടെ ബഹളം,കച്ചവടക്കാരുടെ ക്യാൻവാസിംഗ്, കാവടിയാട്ടങ്ങൾ. അതിന്റെ എല്ലാം ഇടയിൽ അവിടത്തെ ഒന്നിനെ കുറിച്ചും അറിയാതെ അന്താളിച്ചു നിൽക്കുന്ന ഞങ്ങൾ രണ്ടുപേർ. മുകളിൽ പ്രകാശിച്ചു നിൽക്കുന്ന കോവിൽ നോക്കി ആകാംഷയോടെ ഞങ്ങൾ മുന്നോട്ട് നടന്നു. മുന്നോട്ട് നടക്കാൻ ആ പ്രകാശം ഉള്ളിൽ ഒരു ഊർജം തരുന്നതുപോലെ.

അഭിഷേക സമയം കഴിഞ്ഞൊ എന്ന് ആരോടെങ്കിലും ചോദിച്ചു ഉറപ്പിക്കാം എന്ന് കരുതി വഴിയിലെ കച്ചവടക്കാരോട് ഒന്ന് ചോദിച്ചതാ…. എന്റമ്മേ… ദേ എടുക്കുന്നു പേപ്പർ, പേന.. ഉങ്കളോടെ നാളും പേരും സൊല്ലുങ്കോ .. അഡ്വാൻസ് 100 രൂപാ കൊടുങ്കോ.. ജാങ്കോ നമ്മൾ പിന്നെയും മാട്ടിട്ടേ… എസ്‌കേപ്പ്…മുകളിലേക്ക് കയറാനുള്ള എളുപ്പ വഴി ആരോടെങ്കിലും ചോദിക്കാം എന്ന് വച്ചപ്പോൾ ദേ വീണ്ടും തട്ടിപ്പ്. ആരോട് ചോദിച്ചാലും പറയും ഇത്ര ക്യാഷ് തന്നാൽ ഞങ്ങൾ കൊണ്ടുപോയി ഏറ്റവും മുന്നിൽ ദർശന സൗകര്യം ചെയ്തു തരാം എന്ന്. ഒരു തവണ ചൂടുവെള്ളത്തിൽ വീണതുകൊണ്ട് അതൊന്നും മൈൻഡ് ചെയ്‌തില്ല.

ട്രെയിനും റോപ്പ് കാറും അന്വേഷിച്ചു ഞങ്ങൾ നടന്നു. അവിടെയൊക്കെ നല്ല തിരക്കാണ്. മുരുകനെ കാണാൻ ഇത്തിരി കഷ്ടപ്പെടാൻ തന്നെ തീരുമാനിച്ചു. അങ്ങനെ സ്റ്റെപ് ലക്ഷ്യമാക്കി നടന്നു. അപ്പോൾ അതാ ഒരു മലയാളി ഞങ്ങളോട് ഇങ്ങോട്ട് വന്ന് സംസാരിക്കുന്നു, ഇവിടെയൊന്നും ആരെയും വിശ്വസിക്കരുത് എല്ലാം തട്ടിപ്പുകാരാണെന്നും ആദ്യമായി വരുന്നവരൊക്കെ പറ്റിക്കപെടും എന്നും പറഞ്ഞു. ഹോ… ഇവരെ കണ്ടത് നന്നായി എന്ന് വിചാരിച്ചു നിൽക്കുമ്പോഴാണ് അങ്ങേര് പറയുന്നത് ഇത് എന്റെ ഫോൺ നമ്പർ ആണ്, നിങ്ങൾ വിളിച്ചാൽ മതി, രാവിലെ ഹോട്ടലിൽ ഞാൻ വരാം. ഇത്ര ക്യാഷ് തന്നാൽ ഞാൻ നിങ്ങളെ കൊണ്ടുപോകാം എന്നും. ദേ കിടക്കുന്നു വീണ്ടും… തദൈവ… വിളിക്കാം എന്ന് പറഞ്ഞു അയാളുടെ അടുത്ത് നിന്നും സ്കൂട്ട് ആയി.

എന്റെ മുരുകാ നിന്റെ താഴ്വരയിൽ നിറയെ കള്ളന്മാരാണല്ലോ.. നിന്നെ നീ തന്നെ കാത്തോളണേ..അങ്ങനെ മുകളിലേക്കുള്ള വഴി കണ്ടെത്തി ഞങ്ങൾ സ്റ്റെപ്‌സ് കയറാൻ തുടങ്ങി. കയറുന്നതിനിടയിൽ അവശത തോന്നിയാൽ ഇരിക്കാനുള്ള സ്ഥലവും കുടിക്കാനുള്ള വെള്ളവും എല്ലായിടത്തും ഉണ്ട്.കോവിലിൽ ഉത്സവം ആയതുകൊണ്ടാവണം കാവടി ഒക്കെ എടുത്ത് ഒത്തിരിപ്പേർ തിരിച് ഇറങ്ങുന്നത് കാണുന്നുണ്ട്.ഏറ്റവും മുകളിൽ എത്താനുള്ള ആകാംക്ഷ മലകയറ്റത്തെ എളുപ്പമാക്കി. ഏറ്റവും ഒടുവിൽ കിതച്ചുകൊണ്ട് കോവിലിന്റെ മുറ്റത്തുനിന്ന് താഴേക്ക് നോക്കിയപ്പോൾ വല്ലാത്ത ഒരു ആത്മനിർവൃതി തോന്നി.

മുകളിലേക്ക് കയറുംതോറും താഴെയുള്ള കാഴ്ചകൾ അതിമനോഹരമായികൊണ്ടിരുന്നു. ആകാശത്തു നക്ഷത്രങ്ങൾ പോലെ താഴ്വാരങ്ങളിൽ പ്രകാശിക്കുന്ന ലൈറ്റുകൾ. ഇനി എങ്ങോട്ട് പോവണം എങ്ങനെ പോവണം എന്നൊന്നും അറിയില്ല. ആരോടെങ്കിലും ചോദിക്കാനും ഇപ്പോൾ ഭയമാണ്. അപ്പോഴാണ് ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന സെക്യൂരിറ്റി പോലീസ് ഓഫീസറെ കണ്ടത്. അദ്ദേഹത്തോട് ചോദിച്ചു. പൈസ കൊടുത്തു ടിക്കറ്റ് എടുത്താൽ പെട്ടന്ന് എത്താനുള്ള വഴിയും, സൗജന്യ ദർശനത്തിനുള്ള വഴിയും അദ്ദേഹം കാണിച്ചുതന്നു.

മല കയറി ഭഗവാനെ കാണാൻ വന്നെങ്കിൽ പിന്നെന്താണ് അൽപ്പം കൂടി ബുദ്ധിമുട്ടാൻ പ്രയാസം. തൂണിലും തുരുമ്പിലും ഇരിക്കുന്ന ഭഗവാനേ.. അങ്ങയുടെ ദർശനം പോലും പണത്തിന്റെ പേരിൽ തരം തിരിച്ചിരിക്കുന്നു. അവസ്ഥ.. അല്ലാതെ എന്ത് പറയാൻ. അണ്ടർഗ്രൗണ്ട് പോലെയുള്ള ഒരു ഇടനാഴിയിൽകൂടെ കുറച്ചധികം നടന്നു. ഇടക്ക് പ്രസാദ സദ്യ നൽകുന്നതും കണ്ടു, ഒരു കമ്പിവേലിക്ക് അപ്പുറത്ത്. നല്ല തമിഴ് സാമ്പാറിന്റെ മണം അടിക്കുന്നുണ്ടായിരുന്നു. ഞങ്ങളുടെ ക്യൂ പെട്ടന്ന് നീങ്ങി. വേഗത്തിൽ കോവിലിന്റെ ഉള്ളിൽ എത്തി. നേരത്തെ ഓഫീസറിനോട് വഴി ചോദിയ്ക്കാൻ നിന്നിടത്തുനിന്ന് ഒരു വാതിൽ അപ്പുറം കോവിലിനകമാണ്. അവിടെ എത്താൻ ആണ് ഇത്രയും ചുറ്റിവന്നത്. സൗജന്യ ദർശനം അല്ലേ അങ്ങനെ ആവാതെ വയ്യല്ലോ.

അകത്തു ദർശനത്തിന് നല്ല തിരക്കുണ്ടായിരുന്നു. ഓരോരുത്തരും ഏറ്റവും മുന്നിൽനിന്ന് ഭഗവാനെ കാണാൻ തിരക്ക് കൂട്ടുകയാണ്. മൽപ്പിടിത്തത്തിനൊന്നും നിൽക്കാതെ ഭഗവാനെ തൊഴുത് പ്രസാദം വാങ്ങി ഞങ്ങൾ പുറത്തേക്ക് ഇറങ്ങി. അപ്പോഴാണ് ഒരു ചേട്ടനും ചേച്ചിയും ആരെയും കൂസാതെ അടിപൊളി ഡപ്പാംകൂത്ത് ചെയ്യുന്നത് കണ്ടത്. ഭഗവാനെ വിചാരിച്ചതുപോലെ കാണാൻ കഴിഞ്ഞതിന്റെ സന്തോഷപ്രകടനം ആണെന്ന് തോന്നുന്നു. എന്തായാലും സംഭവം കിടു ആയിട്ടുണ്ട്. പിന്നീട് കുറച്ചു നേരം സെൽഫി ടൈം ആയിരുന്നു. അതുകഴിഞ്ഞു മെല്ലെ മല ഇറങ്ങി.

ഭാഗ്യത്തിന് കാർ ആ കള്ളന്മാർ കൊണ്ടുപോയില്ല അവിടെത്തന്നെ ഉണ്ടായിരുന്നു. നല്ല വിശപ്പള്ളതുകൊണ്ട് നേരെ വച്ചുപിടിച്ചു ആര്യ ഹോട്ടലിലേക്ക്. 2 മഷ്‌റൂം ബിരിയാണി ഓർഡർ ചെയ്തു. വിശപ്പ് ബിരിയാണിയുടെ ടേസ്റ്റും കൂട്ടി. ഉച്ചക്ക് ഞങ്ങൾക്ക് അഡ്വൈസ് തന്ന കുമ്മനം ചേട്ടനെ അപ്പോൾ കണ്ടില്ല. പിന്നെ വീണ്ടും റൂമിലേക്ക്. മല കയറിയതിനെ ക്ഷീണം ഉള്ളതിനാൽ ഒറ്റയുറക്കം.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.