ഇലക്കറികളിൽ ഏറ്റവും കൂടുതൽ ജനപ്രിയമാണ് ചീര. ചീരയിൽ അന്നജം, പ്രോട്ടീൻ, കൊഴുപ്പ്, വിറ്റാമിൻ എ, തയാമിൻ, റൈബോഫ്ളോവിൻ, അമിനോ ആസിഡുകൾ എന്നിവ അടങ്ങിയിരിക്കുന്നു. വേനൽക്കാലമാണ് ചീര കൃഷിക്ക് ഏറ്റവും യോജിച്ചത്. നല്ല സൂര്യപ്രകാശം ലഭിക്കുന്നതും, വെള്ളം കെട്ടിനിൽക്കാത്തതും ആയ സ്ഥലമാണ് ചീര കൃഷിക്ക് വേണ്ടി തെരഞ്ഞെടുക്കേണ്ടത്. ചീര നടുന്നതിന് 15 ദിവസം മുൻപ് കുമ്മായം തടത്തിൽ വിതറണം. അതിന് ശേഷം 10 ദിവസം കഴിഞ്ഞ് ചാണകപ്പൊടി, എല്ലുപൊടി, വേപ്പിൻ പിണ്ണാക്ക് എന്നിവ വിതറുക. ഇതിനു മുകളിൽ രണ്ട് ഇഞ്ചു കനത്തിൽ മണ്ണിട്ടു തടമെടുക്കുക.
തടത്തിൽ വെള്ളമൊഴിച്ച് നാലഞ്ചു ദിവസം ഇടുക. അതിനുശേഷം ഉണങ്ങിയ മണ്ണും ചീരവിത്തുംനന്നായി ചേർത്ത് യോജിപ്പിച്ചതിനു ശേഷം തടത്തിൽ തൂവി കൊടുക്കുക. തുടർന്ന് ഇതിനു മുകളിൽ വളരെ കുറഞ്ഞ അളവിൽ പൊടിമണ്ണു വിതറുക.ഇതിന്റെ മുകളിലായി പ്ലാസ്റ്റിക് ഷീറ്റ് വിരിക്കാം. പ്ലാസ്റ്റിക്ക് ഷീറ്റ് തടത്തിൽ മൂടുന്നതിന്റെ ഫലമായി ഹ്യുമിഡിറ്റി കൂടുകയും, അതിന്റെ ഫലമായി വിത്ത് വേഗത്തിൽ മുളയ്ക്കുകയും , പ്രതിരോധശേഷി കൂടുകയും, ചെടിയ്ക്ക് കരുത്ത് ഉണ്ടാകുകയും ചെയ്യുന്നു.
രണ്ടു രീതിയിൽ ചീര കൃഷി ചെയ്യാം. ഒന്ന് വാരത്തിൽ ചിരവിത്ത് വിതറി അവിടെ തന്നെ നിന്ന് ഉണ്ടാവുന്നത് . രണ്ടാമത്തേത് മുളച്ചു വന്ന ചീരതൈപറിച്ച് മാറ്റി നടുന്നത്. ചിരക്കൃഷിയിലേക്ക് ആദ്യമായി ഇറങ്ങുന്നവർ വിത്ത് മുളപ്പിച്ച് പറിച്ചുനടുന്നതാണ് നല്ലത്. പറിച്ചു നടും മുൻപ് തൈകളുടെ വേര് 20 ഗ്രാം സ്യൂഡോമോണാസ് ,ഒരു ലിറ്റർ വെള്ളത്തിൽ കലക്കിയുണ്ടാക്കിയ ലായനിയിൽ 20 മിനിട്ട് മുക്കി വയ്ക്കുന്നത് നല്ലതാണ്. രണ്ടാഴ്ച പ്രായമായ ചെടിക്ക് ഫിഷ് അമിനോ സ്പ്രേ ചെയ്യുകയും, ചുവട്ടിൽ നനയ്ക്കുകയും ചെയ്യണം. ഫിഷ് അമിനോ 10 മില്ലി ഒരു ലിറ്റർ ജലത്തിൽ ലയിപ്പിച്ച് ചെടികളിൽ സ്പ്രേ ചെയ്യുക. 20 മില്ലി ഒരു ലിറ്റർ ജലത്തിൽ കലർത്തി തടത്തിൽ നനച്ചുകൊടുക്കണം. ഫിഷ് അമിനോ രാവിലെതന്നെ സ്പ്രേ ചെയ്യുന്ന കാര്യം ശ്രദ്ധിക്കുക.
2 ആഴ്ച കൂടുമ്പോൾ പച്ചില വളമോ, കുളത്തിലെ പായലോ വാരത്തിൽ വിതറുന്നത് ചീരയുടെ വളർച്ചയെ സഹായിക്കും. ദിവസവും ജലസേചനം നടത്തണം. ചീരയുടെ വാരത്തിൽ അമിതമായ കളകൾ പിടിച്ചാൽ ചീരയുടെ വളർച്ച കുറയുകയും, രോഗ കീടബാധകൾ ഉണ്ടാവുകയും ചെയ്യും. അതു കൊണ്ട് കൃത്യസമയത്ത് കളകൾ നീക്കം ചെയ്യുന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കണം. ചെടികൾ തമ്മിൽ തിങ്ങി വളരുന്നത് ഫംഗൽ രോഗങ്ങൾക്ക് കാരണമാകും. ചുവപ്പു ചീരയും, പച്ച ചീരയും ഇടകലർത്തി കൃഷി ചെയ്താൽ കീടരോഗബാധകൾ കുറയും. ചീര നന്നായി വളരുന്നതിന് 1 ലിറ്റർ ഗോമൂത്രം, 5 ലിറ്റർ വെള്ളവുമായി കലർത്തി സ്പ്രേ ചെയ്തു കൊടുക്കുക. ജീവാമൃതം നേർപ്പിച്ച് ഒഴിച്ചു കൊടുക്കുന്നത് ചീര നന്നായി കരുത്തിൽ വളരുന്നതിന് സഹായിക്കും.
ഇലചുരുട്ടിപ്പുഴു, കൂടുകെട്ടി പുഴു എന്നിവയെ നശിപ്പിക്കാൻ 10 ശതമാനം വീര്യമുള്ള കൊങ്ങിണിയില, നാറ്റപ്പൂച്ചെടിയില, കമ്മ്യൂണിസ്റ്റ് പച്ചയില എന്നിവയുടെ സത്ത് തളിക്കുക. ചീരയ്ക്ക് സാധാരണ കണ്ടുവരുന്ന രോഗമാണ് ഇലപ്പുള്ളി രോഗം. 10ഗ്രാം സോഡാകാരം 10 ഗ്രാം മഞ്ഞൾപ്പൊടി എന്നിവ ഒന്നര ലിറ്റർ വെള്ളത്തിൽ കലർത്തി സ്പ്രേ ചെയ്തു കൊടുക്കുകയാണ് ഇലപ്പുള്ളി രോഗത്തിനുള്ള പ്രതിവിധി. ചെടിയിൽ പൂ വിടുന്നത് വരെ ചീര നിർത്തരുത്. ചീര വിളവെടുപ്പ് താമസിക്കുന്തോറും അസുഖങ്ങൾ ഉണ്ടാകുവാനുള്ള സാധ്യതയും കൂടുതലാണ്. മണ്ണിൽ നല്ല ജൈവാംശവും, ശരിയായ ജലസേചനവും ഉണ്ടെങ്കിൽ 25 ദിവസമാകുമ്പോൾ ചീരവിളവെടുക്കാം.
നല്ല ചീര വിത്തുകൾ വാങ്ങുവാൻ : https://goo.gl/dq8BRx.