വിവരണം – തുഷാര പ്രമോദ് (https://www.footstepsfoodstuffs.com/).

യാത്രയോടുള്ള പ്രണയം കൊണ്ട് യാത്ര നടത്താറുണ്ട്.. അതുപോലെ തന്നെ രുചികൾ തേടിയും യാത്രകൾ നടത്താറുണ്ട്.. അങ്ങനെയുള്ള രുചി അന്വേഷണങ്ങൾക്കിടയിലാണ് ജോയ് മാത്യു സാറിന്റെ ഫേസ്ബുക് പേജിൽ കൂത്തുപറമ്പിലെ ശ്രീകൃഷ്ണ ഹോട്ടലിനെ പറ്റി വായിച്ചത്.. ചോക്കുമലയിൽ ഇരിക്കുന്നവൻ ചോക്ക് അന്വേഷിച്ചു പോയ കഥയാണ് അപ്പോൾ ഓർമ്മ വന്നത്. രുചികൾ തേടി എത്രയോ ദൂരങ്ങൾ പോയിരിക്കുന്നു..എന്നിട്ടു തൊട്ടടുത്തുള്ള ഈ രുചി വിശേഷം അറിഞ്ഞത് ഇപ്പോഴാണ്. പിന്നെ ഒന്നും നോക്കിയില്ല നേരെ വച്ചുപിടിച്ചു ശ്രീകൃഷ്ണയിലേക്ക്.

രുചിയേറുന്ന നാടൻ വിഭവങ്ങളുടെ ചെറിയൊരിടമാണ് കണ്ണൂർ – കൂത്തുപറമ്പ് ഹൈവേയിൽ പാച്ചപൊയികയിലുള്ള ഹോട്ടൽ ശ്രീകൃഷ്ണ. കണ്ണൂരിൽ നിന്ന് കൂത്തുപറമ്പിലേക്ക് പോകുമ്പോൾ പാച്ചപോയിക പോസ്റ്റോഫീസിനടുത്തുനിന്നും 350 മീറ്റർ സഞ്ചരിച്ചാൽ റോഡ് സൈഡിൽ തന്നെ ഇടതുവശത്തു ശ്രീകൃഷ്ണ ഹോട്ടൽ കാണാം. നാടൻ ഊണും മത്സ്യ വിഭവങ്ങളുമാണ് ഇവിടത്തെ പ്രത്യേകത. മീൻ കറിയും മീൻ വറുത്തതും കക്ക തോരനുമെല്ലാം ഒന്നിനൊന്നു കേമം..പിന്നെ മുളകും ഇഞ്ചിയും കറിവേപ്പിലയുമൊക്കെ ചേർത്ത നല്ല നാടൻ മോരും ഉണ്ട്..

രുചികൊണ്ട് ചോറ് കഴിക്കുന്നത് അധികമായി പോകുന്നതേ കുഴപ്പമുള്ളൂ. എന്നാൽ കാശ് ഒട്ടും അധികമാവുകയുമില്ല. കീശ കാലിയാവാതെ വയറും മനസ്സും നിറയുന്ന ഒരു ഊണ് കഴിക്കാം. ചെറുതാണെങ്കിലും നല്ല വൃത്തിയുള്ള ഹോട്ടൽ. രണ്ടു ചേച്ചിമാരാണ് അവിടെ വിളമ്പുന്നതും ക്ലീൻ ചെയ്യുന്നതും പൈസ വാങ്ങുന്നതുമൊക്കെ. അവരും നല്ല വൃത്തിയുള്ള വസ്ത്രങ്ങൾ ധരിച്ചു വളരെ പ്രസന്നമായി പെരുമാറുന്നു. എത്ര വേഗത്തിലാണ് അവർ ക്ലീൻ ചെയ്യുന്നതും വിളമ്പുന്നതും ക്യാഷ് വാങ്ങുന്നതും. ആരും ഇരുന്ന് മുഷിയേണ്ടി വരുന്നില്ല.. എല്ലാം അവർ വേഗത്തിലും ചിട്ടയോടെയേയും ചെയ്യുന്നത് അത്ഭുതത്തോടെ ഞാൻ നോക്കി നിന്നു.

വിഭവങ്ങളെല്ലാം തീരുന്നതനുസരിച്ചു മറ്റൊരു ചേച്ചി പുറത്തു നിന്നും അവിടെ കൊണ്ട് വയ്ക്കുന്നുണ്ട്. തൊട്ടടുത്തുള്ള അവരുടെ വീട്ടിൽ നിന്നാണെന്നു തോന്നുന്നു. ഹോട്ടൽ കാണാൻ ചെറുതാണെങ്കിലും ആള് നിസ്സാരക്കാരനല്ല. ചില സിനിമക്കാരൊക്കെ രുചിതേടി വന്നിടമാണ്. നമ്മുടെ സുരാജ് വെഞ്ഞാറമൂടും ജോയ് മാത്യുവും ഇവിടെ വന്നു ഊണ് കഴിച്ചിട്ടുണ്ട്. ജോയ് മാത്യു ഈ രുചിവിശേഷം സോഷ്യൽ മീഡിയയിൽ പങ്കുവെക്കുകയും ചെയ്തിരുന്നു. കണ്ണൂർ -കൂത്തുപറമ്പ് റൂട്ടിൽ ഇതുവഴി ഇനി പോകുമ്പോൾ വിശപ്പിന്റെ വിളി വരികയാണെങ്കിൽ ധൈര്യമായി കയറിക്കോളൂ , നിങ്ങളുടെ വയറും മനസ്സും നിറയ്ക്കുന്ന തനിനാടൻ രുചിയനുഭവം ഇവിടെ ഉണ്ടാകും..

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.