വിവരണം – തുഷാര പ്രമോദ്.

മേഘങ്ങളിൽ രൂപങ്ങൾ തേടിയ ഒരു ബാല്യം ഉണ്ടാകും നമ്മൾ ഓരോരുത്തർക്കും.. ആനയായും മുയലായും മാലാഖയായുമൊക്കെ നമുക്ക് മുന്നിൽ വെൺമേഘങ്ങൾ പ്രത്യക്ഷപ്പെടാറുണ്ട് . ആ മേഘങ്ങൾ ഒരു കയ്യകലത്തിൽ എത്തുന്നത് സ്വപ്നം കാണാറുണ്ടാകില്ലേ കുട്ടികാലങ്ങളിൽ .. അതുപോലൊരു സ്വപനം തേടി,കയ്യെത്തും ദൂരത്തെ മേഘങ്ങളെ കാണാൻ ടോപ്‌സ്റ്റേഷനിലേക്ക്.

കേരള തമിഴ്‌നാട് ബോർഡറിൽ, തമിഴ്‌നാട്ടിലെ തേനി ജില്ലയിൽ ആണ് ടോപ്‌സ്റ്റേഷൻ സ്ഥിതിചെയ്യുന്നത്. ടോപ്‌സ്റ്റേഷൻ മുന്നാറിലാണെന്നു പറയുമെങ്കിലും അത് തമിഴ്‌നാടിന്റെ ഭാഗമാണെന്നുള്ളതാണ് യാഥാർഥ്യം. മുന്നാർ ടൗണിൽനിന്ന് ഏകദേശം 35 കിലോമീറ്റർ ദൂരം കാണും. സമുദ്ര നിരപ്പിൽ നിന്ന് 1700 മീറ്റർ ഉയരം.

ബ്രിട്ടീഷുകാരുടെ കാലത്തു തേയില ട്രാൻപോർട്ട് ചെയ്യാനായി മുന്നാറിൽ നിന്നും ടോപ്‌സ്റ്റേഷൻ വരെ ഒരു റെയിൽവേ ലൈൻ ഉണ്ടായിരുന്നു.കുണ്ടല വാലി റെയിൽവേ ലൈൻ എന്നാണ് അത് അറിയപ്പെട്ടത്. കുണ്ടല വാലിയിലെ ഏറ്റവും ഉയരം കൂടിയ റെയിൽവേ സ്റ്റേഷൻ ടോപ്‌സ്റ്റേഷനിൽ ആയതിനാലാണ് അങ്ങനെ ഒരു സ്ഥലപേര് വന്നത്.

ടോപ്‌സ്റ്റേഷനിൽ നിന്നും ഒരു റോപ്‌വേ വഴി താഴ്വാരത്തുള്ള കോട്ടഗുഡിയിലേക്ക് തേയില എത്തിക്കുകയും അവിടെ നിന്ന് റോഡ് മാർഗം ബോഡിനായ്ക്കന്നൂർ,പിന്നീട് റെയിൽവേ വഴി ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലുള്ള തുറമുഖങ്ങളിൽ എത്തിക്കുകയും അവിടെ നിന്ന് ഇംഗ്ലണ്ടിലേക്ക് കൊണ്ടുപോകുകയുമായിരുന്നു ചെയ്‌തിരുന്നത്‌. ആ കാലത്തിന്റെ ബാക്കിപത്രമെന്നോണം റയിൽവേ സ്റ്റേഷന്റെയും റോപ്‌വേയുടെയും പൊളിച്ചു നീക്കിയതിലെ ചില ഭാഗങ്ങൾ അവിടെ ഇപ്പോഴും അവശേഷിക്കുന്നു.

ഈ യാത്ര തുടങ്ങും മുൻപ് മറയൂരിലെ ഒരു മധുരം കൂടി ബാക്കി ഉണ്ട്. മറയൂർ ശർക്കര ഉണ്ടാക്കുന്നത് കാണാമെന്നു പറഞ്ഞ ദിവസം ഇന്നാണ്. കാന്തല്ലൂരിൽ നിന്ന് മറയൂരിലേക്കുള്ള റോഡിലാണ് ഞങ്ങൾ ഇങ്ങോട്ട് വരുന്ന വഴി കയറി അന്വേഷിച്ച ശർക്കര ഫാക്ടറി ഉള്ളത്. കാന്തല്ലൂരിൽ നിന്ന് നേരെ പോകുന്നത് അവിടേക്കാണ്. ശർക്കര ഫാക്ടറിയിലെ പുക കുഴലിൽ നിന്നും ഉയർന്നു പൊങ്ങുന്ന പുക ദൂരെ നിന്ന് തന്നെ കാണമായിരുന്നു. ഞങ്ങൾ അവിടെ എത്തിയപ്പോഴേക്കും ശർക്കര പാനി തയ്യാറായിട്ടുണ്ട്.

പാകമായ കരിമ്പ്, ജ്യൂസ് ഉണ്ടാക്കുന്ന യന്ത്രത്തിലൂടെ കടത്തി വിട്ട് അതിൽ നിന്ന് ജ്യൂസ് ശേഖരിക്കുകയാണ് ആദ്യത്തെ ഘട്ടം. അതിനു ശേഷം ഈ കരിമ്പിൻ ജ്യൂസ് നാഗത്തകിടുകൊണ്ട് ഉണ്ടാക്കിയ കൊപ്ര എന്ന് പറയുന്ന വൃത്താകൃതിയിൽ ഉള്ള വലിയൊരു പാത്രത്തിലേക്ക് ഒഴിക്കുന്നു. കിണറിന്റെ മാതൃകയിൽ പ്രത്യേകരീതിയിൽ നിർമ്മിച്ച അടുപ്പിലാണ് ഈ പാത്രം വയ്ക്കുന്നത്.

ഉണങ്ങിയ കരിമ്പിൻ ഓലകളാണ് അടുപ്പിൽ കത്തിക്കാൻ ഉപയോഗിക്കുന്നത്. ഈ അടുപ്പ് നിർമ്മിച്ചിരിക്കുന്നത് പാത്രത്തിന്റെ എല്ലാഭാഗത്തും ഒരേപോലെ ചൂട് കിട്ടുന്ന രീതിയിലാണ്. ചൂടായി വരുന്ന ശർക്കര പാനിയിൽ നിന്നും അഴുക്കുകളെല്ലാം നീക്കുകയും മൂന്നു നാല് മണിക്കൂർ ഇളക്കികൊടുക്കുകയും ചെയുന്നു. ഒടുവിൽ പാകമായ ശർക്കര പാനി മാവിൻ തടികൊണ്ട് നിർമ്മിച്ച ചതുരാകൃതിയിൽ ഉള്ള മറ്റൊരു പാത്രത്തിലേക്ക് ഒഴിക്കുന്നു.

ശർക്കര പാനി ഉണ്ടായിരുന്ന പാത്രം മൂന്നു നാലുപേർ ചേർന്ന് ഉയർത്തി പരത്താനുള്ള പാത്രത്തിലേക്ക് ഒഴിക്കുകയാണ് ചെയ്യുന്നത്. ശേഷം ഇത് നല്ലപോലെ പരത്തി എടുക്കുകയും,പൊടി ആയി വരുന്ന പരുവം ആകുമ്പോൾ ചൂടോടെ തന്നെ ഉരുട്ടി എടുക്കുന്നു. ഉരുട്ടി എടുക്കുന്ന ശർക്കര പന ഓല കൊണ്ടുള്ള പായയിൽ നിരത്തി വയ്ക്കുകയാണ് ചെയ്യുന്നത്.

ആവി പറക്കുന്ന ശർക്കര ചൂടോടെ ഒരു പനയോല തുമ്പിൽ രുചി നോക്കാൻ തന്നിരുന്നു. ഒരു രക്ഷയുമില്ല, ചൂട് ശർക്കര വായിലേക്ക് അങ്ങനെ വയ്ക്കുമ്പോൾ ആ മധുരത്തിൽ അങ്ങ് അലിഞ്ഞുപോകും നമ്മൾ, അസാധ്യ രുചി ആണ്. അപ്പോഴുള്ള അത്ര രുചി പിന്നീട് ശർക്കര കഴിക്കുമ്പോൾ കിട്ടില്ല. ഉപ്പില്ലാതെ മധുരം മാത്രം ഉള്ള ശർക്കരയാണിത്. മായമില്ലാതെ പരമ്പരാഗത രീതിയിൽ ഉണ്ടാക്കുന്ന മറയൂർ ശർക്കര വളരെ പ്രസിദ്ധമാണ്. ഒന്നര കിലോ ശർക്കരക്ക് 110 രൂപയാണ് അന്ന് വാങ്ങുമ്പോൾ ഉണ്ടായിരുന്നത്.

അങ്ങനെ പാർസൽ വാങ്ങിയ ശർക്കരയുമായി ഞങ്ങൾ അവിടെ നിന്നും ഇറങ്ങി. ഉച്ച കഴിഞ്ഞു,നല്ല വിശപ്പ് തുടങ്ങി. സംരക്ഷിത ചന്ദന വന പ്രദേശമായ നാച്ചിവയലിൽ കൂടിയാണ് ഇനിയുള്ള യാത്ര. അതുകൊണ്ട് കാട്ടിലേക്ക് കയറും മുൻപ് ഭക്ഷണം കഴിക്കേണ്ടതുണ്ട്. അടുത്ത് കണ്ട ജംഗ്ഷനിൽ വണ്ടി നിർത്തി. ഒന്ന് രണ്ട് ഹോട്ടൽസ് ഉണ്ട്. പക്ഷെ എല്ലായിടത്തും തിരക്കാണ്.ഇരിന്നു കഴിക്കാനുള്ള സൗകര്യ കുറവും. അതുകൊണ്ട് നല്ല നാടൻ ഊണ് കിട്ടുന്ന അവിടത്തെ രാധാസ് ഹോട്ടലിൽ നിന്ന് 2 പൊതിച്ചോറും വാങ്ങി യാത്ര തുടർന്നു.

രാമൻ ക്ഷേത്രം കാണിച്ചു തരാൻ കൂടെ വന്ന ചേട്ടനാണ് രാധാസ് ഹോട്ടലിനെ പറ്റി പറഞ്ഞു തന്നത്. വാഴയിലയിൽ പൊതിഞ്ഞിരിക്കുന്ന നല്ല ചൂട് ചോറിന്റെ മണം കാറിനുള്ളിലാകെ നിറഞ്ഞു കിടക്കുന്നുണ്ട് അധിക സമയം നോക്കിയിരിക്കാൻ പറ്റില്ല, പെട്ടെന്ന് തന്നെ കാർ സൈഡ് ആക്കി കഴിക്കാൻ നോക്കണം. അതിനായി പറ്റിയ സ്ഥലം നോക്കി മുന്നോട്ട് പോയി. തീരെ വീതി കുറഞ്ഞ റോഡ് ആണ്. അങ്ങനെ പോയികൊണ്ടിരിക്കുമ്പോഴാണ് വഴിയരികിൽ മാൻകൂട്ടങ്ങൾ പുല്ലു മേയുന്നത് കണ്ടത്. അവർ ഒട്ടും ഭയമില്ലാതെ ഞങ്ങളെ നോക്കി നിന്നു.ഒരു ഫോട്ടോയ്ക്കും പോസ് ചെയ്‌തു തന്നു.

മാനിനെ കണ്ടപ്പോൾ മറന്നുപോയ വിശപ്പിനെ പൊതിച്ചോറിന്റെ മണം മൂക്കിലേക്ക് എത്തി നോക്കി ഓർമിപ്പിച്ചു. പക്ഷെ കാര്യമൊന്നും ഉണ്ടായില്ല. കാട് കഴിയും വരെ കാത്തിരുപ്പ് തന്നെ..ഒടുവിൽ കാട് കഴിഞ്ഞു കുറച്ചു മുന്നോട്ട് പോയപ്പോൾ വലിയൊരു ഹോട്ടലിനു സമീപമുള്ള ചിൽഡ്രൻസ് പാർക്ക് കണ്ടു..അതിനടുത്തായി കാർ പാർക്ക് ചെയ്ത്, പൊതിച്ചോർ അങ്ങ് തുറന്നു.. ആഹ..തുറക്കുമ്പോൾ തന്നെ ചോറിന്റേം ചൂടുകൊണ്ട് വാടിയ ഇലയുടെയും ചമ്മന്തിയുടെയും ഒക്കെ കൂടിച്ചേർന്ന ഒരു മണം മൂക്കിലേക്ക് അടിച്ചുകേറി. കിടിലൻ സാമ്പാറും രസമുള്ള ഒരു രസവും പപ്പടവും പയറുതോരനും നാടൻ ചമ്മന്തിയും ഒക്കെ കൂട്ടി വഴിയരികിൽ ഇരിന്നുകൊണ്ട് വിശാലമായൊരു ഊണ്. അൽപ്പം വൈകിയാണെങ്കിലും കുശാലായൊരു സദ്യ ഉണ്ട സംതൃപ്തിയോടെ യാത്ര തുടർന്നു.

പാട്ടൊക്കെ കേട്ടു ആസ്വദിച്ചു പിന്നെയും കുറെ ദൂരം മുന്നോട്ട് പോയി. ‘മഹേഷിന്റെ പ്രതികാരത്തിലെ’, മലമേലെ തിരിവച്ചു..പെരിയാറിൻ തളയിട്ടു ..ചിരിതൂകും പെണ്ണല്ലേ ഇടുക്കി.. എന്ന പാട്ട് കേട്ടുതുടങ്ങിയപ്പോൾ തന്നെ തേയില തോട്ടങ്ങൾ കാറ്റിൽ ചിരിതൂകികൊണ്ട് പ്രത്യക്ഷപെട്ടു തുടങ്ങി. വിശാലമായ ആ പച്ചപ്പിനിടയിൽ ഇലകൾപോലും കാണാതെ മുഴുവനായും വയലറ്റ് പൂക്കൾ വിരിഞ്ഞ മരങ്ങൾ കാണാമായിരുന്നു. ആ നിറങ്ങൾ കൂടിച്ചേരുമ്പോൾ തേയിലത്തോട്ടങ്ങളുടെ ഭംഗി വല്ലാതെ കൂടുന്നപോലെ.

കുറച്ചു ദൂരം പിന്നിട്ടപ്പോഴാണ് രാജമല എന്ന സൈൻ ബോർഡ് കണ്ടത്.വരയാടുകളും കുറിഞ്ഞിപ്പൂക്കളും ഉള്ള ഇരവികുളം നാഷണൽ പാർക്ക് സ്ഥിതിചെയ്യുന്ന രാജമല. അവിടേക്കു കയറാൻ മനസ്സ് വല്ലാതെ പ്രലോഭിപ്പിച്ചെങ്കിലും ഇരുട്ടുമുൻപ് ടോപ്‌സ്റ്റേഷൻ എത്തേണ്ടതുണ്ട്, ആന ഇറങ്ങുന്ന വഴിയിലൂടെ ആണ് പോവുകയും വേണ്ടത് എന്നത് ഓർത്തപ്പോ തൽക്കാലത്തേക്ക് ആ ആഗ്രഹം വേണ്ടെന്നു വച്ചു യാത്ര തുടർന്നു.

മൂന്നാർ ടൗൺ എത്തി.ടോപ്‌സ്റ്റേഷൻ റൂട്ടിൽ പെട്രോൾ പമ്പുകൾ ഒന്നും ഇല്ലാത്തതിനാൽ മുന്നാറിൽ നിന്ന് തന്നെ പെട്രോൾ അടിക്കണം.അവിടെനിന്നു പെട്രോൾ അടിച്ചശേഷം പമ്പിലെ ചേട്ടനോട് ടോപ്‌സ്റ്റേഷൻ പോകേണ്ട വഴി ചോദിച്ചു മനസിലാക്കി മുന്നോട്ട് പോയി. മുന്നാറിൽ നിന്ന് ടോപ്‌സ്റ്റേഷനിലേക്കുള്ള റൂട്ട് കാഴ്ച്ചകളുടെ ഒരു പൂരം തന്നെ ആണ് തരിക. ഫോട്ടോപോയിന്റ്,മാട്ടുപ്പെട്ടി ഡാം, എക്കോ പോയിന്റ്, ടി ഫാക്ടറി,കുണ്ടള ലെയ്ക്ക്, അങ്ങനെ അങ്ങനെ നിരവധി അനവധി കാഴ്ച്ചകൾ. ഫോട്ടോ പോയിന്റിൽ ഒക്കെ നല്ല തിരക്കാണ്..സമയം കുറവായതിനാൽ ആ കാഴ്ചകൾ ഒക്കെ വണ്ടിയിൽ ഇരുന്നു തന്നെ ആസ്വദിച്ചു തൃപ്തിപ്പെട്ടു.

കുറച്ചു ദൂരം കഴിഞ്ഞപ്പോൾ മാട്ടുപ്പെട്ടി ഡാം എത്തി..അവിടേം ആൾക്കാരുടെയും വാഹങ്ങളുടേം നല്ല തിരക്കാണ്. ഡാമിന് മുകളിൽ നിന്നുള്ള കാഴ്ച്ച തന്നെ വളരെ മനോഹരം ആയിരുന്നു. സുന്ദരമായൊരു പെയിന്റിംഗ് പോലെ, രണ്ടു മലകൾക്കിടയിലൂടെ ഒഴുകുന്ന പുഴ. ആ തിരക്കിലൂടെ പതുക്കെ മുന്നോട്ട് നീങ്ങി. മുന്നോട്ടുള്ള റോഡിൻറെ ഒരു വശം പുഴ കാണാമായിരുന്നു. നേരം സന്ധ്യയോട് അടുക്കുന്നു. റോഡിൽ ടോപ്‌സ്റ്റേഷനിൽ നിന്ന് തിരിച്ചു വരുന്ന വാഹങ്ങളാണ് കൂടുതൽ. ഇനി അങ്ങോട്ട് ആന ഇറങ്ങുന്ന വഴികളാണ്.അതിന്റെ ബോർഡുകൾ പലയിടത്തായി കാണാം. പുല്ലുമേട് എലിഫന്റ് വ്യൂ പോയിന്റ് ഇവിടെ ആണ്.മിക്കപ്പോഴും ആനകളെ കാണാൻ സാധ്യത ഉള്ള പുൽമേടാണ് അവിടെ. നിർഭാഗ്യവശാൽ ഒരൊറ്റ ആനപോലും ഉണ്ടായില്ല അപ്പോൾ.

മുന്നോട്ടുള്ള യാത്രയിൽ എല്ലപെട്ടി എത്തിയപ്പോഴാണ് ഒന്ന് റസ്റ്റ് ചെയ്യാനായി കാർ നിർത്തിയത്. തേയിലത്തോട്ടങ്ങളുടെ മനോഹരമായ ലാൻഡ്‌സ്‌കേപ്പ് വ്യൂ സമ്മാനിക്കുന്ന ഇടമാണ് എല്ലപെട്ടി.നീലകുറിഞ്ഞിക്കും ടെന്റ് ക്യാമ്പിങ്ങിനുമൊക്കെ അറിയപ്പെടുന്ന ഒരു സ്ഥലം കൂടിയാണ് ഇത്. തൊട്ടടുത്ത് ഒരു ചായക്കട ഉണ്ട്. വൈകുന്നേരങ്ങളിൽ കണ്ണൻദേവൻ മലനിരകളിൽ നിന്നും വീശുന്ന ആ തണുത്ത കാറ്റിനൊപ്പം നല്ല ചൂട് മസാല ചായ കുടിച്ചേക്കാമെന്നു വിചാരിച്ചു.

ഉയരം കൂടും തോറും ചായയുടെ രുചിയും കൂടുമെന്നല്ലേ ലാലേട്ടൻ പറഞ്ഞത്.. ശരിയാണുകേട്ടോ..കിടിലൻ മസാല ചായ. കൂടെ നല്ല ചൂട് മുളക് ബജിയും.തിളയ്ക്കുന്ന എണ്ണയിൽ നിന്നും കോരിയെടുത്തു നേരെ തരുവാണ്. നല്ലവണ്ണം മൊരിഞ്ഞു കറുമുറെന്ന് ഇരിക്കുന്ന മുളക് ബജിയും ആവി പറക്കുന്ന മസാല ചായയും അടിപൊളി കോമ്പിനേഷൻ ആണ്. അങ്ങനെ ചായയൊക്കെ കുടിച്ചു നിക്കുമ്പോഴാണ് തൊട്ടപ്പുറത്ത് ഒരു സുന്ദരകുട്ടപ്പൻ ഇരിക്കുന്നത് കണ്ടത്.ലാബ്രഡോർ ഇനത്തിൽ പെട്ട നായ ആണെന്ന് തോന്നുന്നു. അവൻ രാജകീയമായി അങ്ങനെ ഇരിക്കുകയാണ്. അവന്റെ ഒരു ഫോട്ടോയും എടുത്തു വീണ്ടും യാത്ര തുടർന്നു.

ടോപ്‌സ്റ്റേഷൻ എത്തിയപ്പോഴേക്കും സന്ധ്യ ആയി. അതുകൊണ്ട് ആൾക്കാർ കുറവാണു. ഇന്ന് ഇവിടെ ഈ മലമുകളിൽ ടെന്റ് സ്റ്റേ ആണ് ലക്ഷ്യം എന്ന് അവിടെ എത്തിയപ്പോഴാണ് സർപ്രൈസിങ് ആയിട്ട് ലാൽജിത്ത് പറഞ്ഞത്. എന്നും ഉള്ളിൽ കൊണ്ടുനടക്കുന്ന ഒരു ആഗ്രഹം അപ്രതീക്ഷിതമായി സാധ്യമാകാൻ പോകുന്നതിന്റെ സന്തോഷം പറഞ്ഞറിയിക്കാൻ പറ്റില്ല. ടൂർ ഓപ്പറേറ്റർ സച്ചുവിനെ വിളിച്ചു അവരുടെ പാക്കേജ് പ്രകാരം ടെന്റ് ബുക്ക് ചെയ്‌തിട്ടുണ്ടായിരുന്നു. ടെന്റ് സ്റ്റേ, ഡിന്നർ,ബാർബിക്യു,ട്രെക്കിങ്ങ് ,ബ്രേക്‌ഫാസ്റ് ഒക്കെ അടങ്ങുന്ന പാക്കേജ് ആണ്.പക്ഷെ കാട്ടുതീ ഉണ്ടായ സമയം ആയതിനാൽ ട്രെക്കിങ്ങും ക്യാമ്പ് ഫയറും ഒന്നും അനുവദനീയം ആയിരുന്നില്ല.

 

അവിടെ പെരിയാർ റെസിഡെൻസിയിൽ ആണ് ഫ്രഷ് ആവാൻ ആയിട്ട് റൂം റെഡി ആക്കിയിട്ടുള്ളത്. പെട്ടെന്ന് തന്നെ ഫ്രഷ് ആയി ടെന്റിലേക്ക് പോകാൻ റെഡി ആയി നിന്നു. ഞങ്ങളെ പോലെ മറ്റു ചിലരും അവിടെ കാത്തു നിക്കുന്നുണ്ട്. കുറച്ചു കഴിഞ്ഞപ്പോൾ ഒരു പയ്യൻ സ്ലീപ്പിങ് ബാഗും ലൈറ്റും ഫുഡുമൊക്കെ എടുത്ത് ഞങ്ങളെയും കൂട്ടി ടോപ്സ്റ്റേഷൻ വ്യൂ പോയിന്റിലേക്ക് നടന്നു. നല്ല തണുപ്പുണ്ട്. പുറത്തിറങ്ങിയപ്പോൾ നല്ല തണുത്ത കാറ്റും. ജാക്കറ്റ് ഇടാതെ വയ്യ.. നല്ല ഇരുട്ടാണ്, ടോർച്ചിന്റെ വെളിച്ചത്തിൽ ഇങ്ങനെ നടക്കുകയാണ് ആ പയ്യന്റെ പുറകെ.

അടച്ച കുറച്ചു കടകളുടെ ഒക്കെ മുന്നിലൂടെ കുറച്ച നടന്നപ്പോഴേക്കും ടോസ്റ്റേഷന്റെ എൻട്രൻസ് എത്തി. ഇരുട്ടായത് കാരണം ചുറ്റുമെങ്ങനെ ആണെന്നതിനെപ്പറ്റി വല്യ രൂപമില്ല. ഇനി അങ്ങോട്ട് താഴേക്ക് ഇറങ്ങി പോകാനുള്ള സ്റെപ്സ് ആണ്. ആ ഇരുട്ടിൽ വളരെ സൂക്ഷിച്ചു സ്റെപ്സ് ഇറങ്ങി. താഴേക്ക് ഇറങ്ങുന്ന വഴിയിൽ അവിടെ അവിടെ ആയി ചില ടെന്റുകൾ കാണുന്നുണ്ടായിരുന്നു.അങ്ങനെ ഏറ്റവും താഴെ എത്തി,വ്യൂ പോയിന്റിന് തൊട്ടുമുകളിലായി ഞങ്ങളുടെ ടെന്റ് ആയിരുന്നു. ഞങ്ങളെ അവിടെ എത്തിച്ച ശേഷം ഫോൺ നമ്പറും തന്നു ആ പയ്യൻ മടങ്ങി പോയി.

ആലിസ് ഇൻ വണ്ടർലാൻഡ് എന്നൊക്കെ പറയുംപോലെ ഒരു വണ്ടർലാണ്ടിൽ ചെന്ന് പെട്ടപോലെ ആയിരുന്നു തോന്നിയത്. ടെന്റിനു അരികിൽ നിന്ന് താഴേക്ക് നോക്കിയാൽ അഗാധമായ താഴ്വര.. ഇരുൾ മൂടി കിടക്കുന്ന ആ താഴ്‌വരയിൽ അപ്പോൾ നിലാവെളിച്ചം പെയിതിറങ്ങുണ്ടായിരുന്നു. ശാരീരീരമാകെ വിറയ്ക്കുംപോലെ വീശിയടിക്കുന്ന തണുത്ത കാറ്റ്. ആ കാറ്റിൽ നിലാവിനെ നോക്കി പുഞ്ചിരി തൂക്കികൊണ്ട് കുഞ്ഞു കുഞ്ഞു പൂക്കൾ വിരിഞ്ഞു നിൽക്കുന്നു. ടെന്റിനരികിൽ ഉറപ്പിച്ചിട്ടുള്ള മരത്തിന്റെ ഇരിപ്പിടത്തിൽ ഇരിക്കുമ്പോൾ താഴെ മണ്ണിൽ വീണുകിടക്കുന്ന മഞ്ഞ പൂക്കൾ കാണാമായിരുന്നു.

അവിടെ നിന്നും തിരിഞ്ഞു ഇരുന്നാൽ അഗാധമായ താഴ്‌വരയിൽ കാൽനീട്ടി ഇരിക്കുംപോലെ. നിലാവും മഞ്ഞും കാറ്റും പൂക്കളും ഇരുട്ടും എല്ലാം കൂടെ ചേർന്ന് പ്രകൃതിക്ക് അവർണ്ണനീയമായൊരു സൗന്ദര്യമാണപ്പോൾ..അത് നമ്മളെ മറ്റൊരു ലോകത്ത് എത്തിച്ചതുപോലെ തോന്നും. നേരം ഒത്തിരി ഇരുട്ടുംവരെ പ്രകൃതിയുടെ ഈ മായാലോകത്ത് ചിലവഴിച്ചു. ഫുഡ് കഴിച്ചതിനു ശേഷം ടെന്റിലേക്ക് കയറി.സ്ലീപ്പിങ് ബാഗിൽ ചുരുണ്ടുകൂടി ഉറങ്ങാനുള്ള പുറപ്പാടായിരുന്നു. അപ്പോഴാണ് പുറത്തു ഒരു ബഹളം കേട്ടത്. മുകളിലത്തെ തട്ടിൽ ടെന്റ് സ്റ്റേയിൽ ഉള്ളവരാണ്. അവർ പാട്ടും ബഹളവുമൊക്കെ ആയി ആ രാത്രിയെ ആഘോഷിക്കുകയായിരുന്നു. അവരുടെ പാട്ടും കളികളുമൊക്കെ കേട്ട് എപ്പോഴോ ഉറങ്ങിപ്പോയി.. ഇരുൾ നീങ്ങി വെളിച്ചം വിരിയുന്ന ഈ താഴ്‌വാരം മനസ്സിൽ കണ്ടുകൊണ്ട് നാളത്തെ പ്രഭാതത്തിനായി കാത്തിരിക്കുന്നു..

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.