ടെക് ട്രാവൽ ഈറ്റിൻ്റെ ‘Travel with Vloggers’ എന്ന സീരീസിൽ പിന്നീട് ഞാൻ പോയത് എറണാകുളം കുമ്പളങ്ങിയിലേക്കാണ്. അവിടെയാണ് OMKV Fishing and Cooking എന്ന ചാനലിലൂടെ പ്രശസ്തനായ ഉണ്ണിയുടെ വീട്. പേര് പോലെത്തന്നെ മീൻ പിടിക്കുക, അത് പാകം ചെയ്യുക തുടങ്ങിയ കാര്യങ്ങളാണ് ഉണ്ണിയുടെ ചാനലിലെ ഹൈലൈറ്റ്സ്. OMKV എന്നതിന്റെ മുഴുവൻ പേര് ‘ഓട് മീനേ കണ്ടം വഴി’ എന്നാണ്. തനി നാടൻ കാഴ്ചകളുമായി ഉണ്ണിയുടെ ചാനൽ മുന്നേറിക്കൊണ്ടിരിക്കുന്ന അവസരത്തിലാണ് ഞാൻ അവിടേക്ക് ചെല്ലുന്നത്.

യൂട്യൂബ് ചാനൽ തുടങ്ങുവാനുണ്ടായ സാഹചര്യം ഉണ്ണി വിവരിച്ചു തന്നത് ഇങ്ങനെ – ശാരീരികമായ ബുദ്ധിമുട്ടുകൾ കാരണം പുറത്ത് ജോലികൾക്ക് പോകുവാൻ സാധ്യമല്ലാതെ വന്ന സാഹചര്യത്തിലാണ് ഇത്തരത്തിലൊരു യൂട്യൂബ് ചാനൽ തുടങ്ങുന്നതിനെക്കുറിച്ച് ഉണ്ണി കാര്യമായി ചിന്തിച്ചു തുടങ്ങിയത്. എറണാകുളം ജില്ലയിലെ മനോഹരമായ ഒരു ഗ്രാമമാണ് കുമ്പളങ്ങി. കായലുകളുടെയും, ചീനവലകളുടെയും, മീനുകളുടെയും നാട്. അപ്പോൾപ്പിന്നെ കുമ്പളങ്ങിക്കാരനായ ഉണ്ണിയ്ക്ക് തൻ്റെ ചാനലിൽ എന്തു വീഡിയോകൾ ചെയ്യണമെന്ന് ഒട്ടും സംശയമുണ്ടായിരുന്നില്ല. മീൻപിടുത്തം തന്നെ വിഷയമാക്കി.

ചാനൽ തുടങ്ങിയപ്പോൾ ഒപ്പം സുഹൃത്തായ സ്റ്റാലിനും കൂടി ചേർന്നു. ആദ്യമൊക്കെ യൂട്യൂബിൽ നിന്നും വരുമാനം ലഭിക്കുമെന്ന് ഉണ്ണിയ്ക്ക് അറിയാമായിരുന്നില്ല. പിന്നീട് ആരൊക്കെയോ പറഞ്ഞറിഞ്ഞാണ് ഇതൊരു വരുമാന മാർഗ്ഗമാക്കി മാറ്റാമെന്ന് ഉണ്ണി മനസ്സിലാക്കിയത്. വീഡിയോ ഷൂട്ട് ചെയ്ത്, എഡിറ്റ് ചെയ്തതിനു ശേഷം അത് യൂട്യൂബിലേക്ക് അപ്‌ലോഡ് ചെയ്യുവാനായി ഉണ്ണിയുടെ വീടിൻ്റെ പരിസരത്ത് മൊബൈലിനു റേഞ്ച് (ഇന്റർനെറ്റ്) ഇല്ല. അതിനും മാർഗ്ഗം ഉണ്ണി കണ്ടെത്തി. എഡിറ്റ് ചെയ്ത വീഡിയോ മൊബൈലിൽ കയറ്റി ഉണ്ണി റേഞ്ച് ഉള്ള സ്ഥലത്തേക്ക് വിടും. എന്നിട്ട് അവിടെയിരുന്നു വീഡിയോ അപ്‌ലോഡ് ചെയ്ത ശേഷം തിരികെ വരും.

മകളെ ഒരു കോഴി കൊത്തുകയും, ആ കോഴിയെ പിടിച്ചു വറുത്ത് മോൾക്ക് കഴിക്കാൻ കൊടുക്കുകയും ചെയ്ത വീഡിയോ ആണ് ഉണ്ണിയെയും ചാനലിനെയും കൂടുതൽ പ്രശസ്തരാക്കിയത്. ഈ വീഡിയോയ്ക്ക് ധാരാളം നെഗറ്റീവ് കമന്റുകൾ വന്നിരുന്നുവെങ്കിലും ഭൂരിഭാഗമാളുകളും നല്ല കട്ട സപ്പോർട്ട് ആയിരുന്നു ഉണ്ണിയ്ക്ക് നൽകിയത്. വീഡിയോകൾ കൂടുതൽ ഹിറ്റ് ആയതോടെ ഉണ്ണിയ്ക്ക് യൂട്യൂബിൽ നിന്നും വരുമാനം ലഭിച്ചു തുടങ്ങി.

വ്യത്യസ്ത തരത്തിലുള്ള മീൻപിടുത്ത രീതികൾ ഉണ്ണിയുടെ ചാനലിൽ നമുക്ക് കാണാവുന്നതാണ്. ഗ്രാമീണമായ അന്തരീക്ഷത്തിൽ ഷൂട്ട് ചെയ്യുന്നതു കൊണ്ടാണ് വീഡിയോകൾ കൂടുതലായും ആളുകളെ ആകർഷിക്കുന്നത്. പ്രവാസികൾക്കൊക്കെ തങ്ങളുടെ നൊസ്റ്റാൾജിയ അയവിറക്കുവാൻ പറ്റിയ തരത്തിലുള്ളതാണ് OMKV Fishing and Cooking വീഡിയോകൾ. പലതരത്തിലുള്ള മീനുകൾ കായലിൽ നിന്നും പിടിക്കാറുണ്ടെങ്കിലും ഉണ്ണിയ്ക്ക് ഏറെ പ്രിയങ്കരം കടൽ മീനായ ചാളയാണ് (മത്തി).

കേരള വിഷൻ ചാനലിൽ ഉണ്ണിയുടെ ഒരു ഇന്റർവ്യൂവും മീന്പിടുത്തവുമൊക്കെ പ്രക്ഷേപണം ചെയ്തിട്ടുണ്ട്. അന്ന് കായലിൽ നിന്നും 15 കിലോയോളം ഭാരം വരുന്ന വാള എന്ന മീനായിരുന്നു ഉണ്ണിയ്ക്ക് ലഭിച്ചത്. മാതാപിതാക്കളും, ഭാര്യയും രണ്ടു മക്കളും സഹോദരങ്ങളുമടക്കം പത്തോളം ആളുകളടങ്ങിയ വലിയ ഒരു കൂട്ടുകുടുംബമാണ് ഉണ്ണിയുടേത്. കുടുംബാംഗങ്ങളെല്ലാം ഉണ്ണിയുടെ മീൻ പിടുത്തതിനും, വ്‌ളോഗിംഗിനും നല്ല സപ്പോർട്ട് ആണ് നൽകുന്നത്.

ഞാൻ ചെന്നപ്പോൾ നല്ല രുചികരമായ ചെമ്മീൻ അച്ചാർ ആയിരുന്നു ഉണ്ണി തയ്യാറാക്കി തന്നത്. വീടിനടുത്തുള്ള പറമ്പിൽ മൺചട്ടിയിൽ ആണ് ഉണ്ണിയുടെ പാചകം. പെട്ടെന്നു തന്നെ ഉണ്ടാക്കിയ ചെമ്മീൻ അച്ചാർ പാക്ക് ചെയ്ത് എനിക്ക് തന്നു വിടുകയും ചെയ്തു. ഈ പാചകത്തിനിടയിലാണ് ഉണ്ണി തൻ്റെ വിശേഷങ്ങൾ പങ്കുവെച്ചത്. സമയക്കുറവ് മൂലം കുമ്പളങ്ങി ഗ്രാമത്തിന്റെ കാഴ്ചകൾ ഒന്നുംതന്നെ കാണുവാനോ വീഡിയോ പകർത്തുവാനോ സാധിച്ചിരുന്നില്ല. മറ്റൊരിക്കൽ അതിനായി കുമ്പളങ്ങിയിലേക്ക് വരാമെന്ന് ഉണ്ണിയ്ക്ക് ഉറപ്പു നൽകിക്കൊണ്ട് അവിടെ നിന്നും ഞാൻ മടങ്ങി.

സൗകര്യക്കുറവുകൾ ഉണ്ടെങ്കിലും, അവയെല്ലാം തരണം ചെയ്തുകൊണ്ട്, സാധാരണക്കാർക്കും യൂട്യൂബ് ചാനൽ വിജയകരമായി നടത്തിക്കൊണ്ടു പോകാം എന്നതിന് ഒരു ഉത്തമ ഉദാഹരണമാണ് OMKV ഉണ്ണി. എന്തായാലും ഉണ്ണിയുടെ ചാനൽ കാണാത്തവർ അത് ഒന്നു കാണുക, സബ്സ്ക്രൈബ് ചെയ്യുക. OMKV Fishing and Cooking ചാനൽ ലിങ്ക് – https://bit.ly/36wa7Tk.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.