എഴുത്ത് – കിരൺ ജി.കെ.

യമഹയുടെ RXZ 4 Speed ഇറങ്ങിയ കാലം. വ്യത്യസ്തായ ഒരു ലുക്ക്.. എന്നെ പോലുള്ള ബൈക്ക് പ്രാന്തന്മാരുടെ മനസ്സിൽ പെട്ടെന്ന് കയറി പറ്റി പിടിച്ചിരിക്കും. പിന്നീട് യമഹ അത് നിർത്തി. വീട്ടുകാരെ കൊണ്ട് ബൈക്ക് എടുക്കാൻ ഒരു വിധത്തിൽ സമ്മതിപ്പിച്ച സമയത്ത് യമഹ അന്നിറക്കിയിരുന്നത് 4 ബൈക്കുകൾ. 2 Strokes ആയ Rx 135 4 Speed, RX 135 tiger and 4 stroke YBX, YD 125.

അങ്ങനെ ഞാൻ അതിൽ നിന്നും 135 4ട സ്വന്തമാക്കി. കുറച്ചു കഴിഞ്ഞപ്പോൾ ദാ യമഹക്കാർ വീണ്ടും Rxz ഇറക്കി. കുറച്ചു കൂടി വന്യമായ ഗ്രാഫിക്സ്, ഡിസ്ക് ബ്രേക്ക്, 5 ഗിയർ, ആരും മോഹിക്കുന്ന ശരീര വടിവ് അങ്ങനെ വ്യത്യസ്ത സവിശേഷതകളുമായി അന്നത്തെ മോസ്റ്റ് എക്പെൻസീവ് പീസുകളിലൊന്ന്. 100 രൂപ വില വ്യത്യാസത്തിന് വരെ നല്ല മൂല്യം ഉള്ള കാലമാണ്. മൈലേജ് ബൈക്കുകളുടെ സുവർണ്ണ കാലവും.

HH (CBZ ഒഴികെ), Tvs സുസുക്കി, ബജാജ് തുടങ്ങിയവരുടെ വണ്ടികളുടെ വില on road 46000 രൂപയ്ക്ക് താഴെ നിൽക്കുന്ന സമയം. 135 4ട on road 49000 ആയിരുന്നു. RXZ ആകട്ടെ Disc ഉള്ള വണ്ടിക്ക് 58000 ത്തിനടുത്ത് വരും. അന്നിറങ്ങിയ വണ്ടികളിൽ ഏറ്റവും കുറവ് മൈലേജും. വണ്ടി ഇറങ്ങി എന്ന വാർത്ത വന്നതോടെ മാവേലിക്കര, കായംകുളം ഷോറൂമുകളിൽ വണ്ടി കാണാൻ ചെന്നു.

അവിടെ ചെന്നപ്പോൾ വണ്ടി എവിടെ? വില കൂടിയ വണ്ടിയത്രേ.. ബുക്കിംഗ് കിട്ടാതെ എടുത്തു വയ്ക്കില്ലന്ന്. ആലപ്പുഴ ജയശ്രീ ഷോറൂമിലുണ്ടെന്ന് പറഞ്ഞു. ഫ്ലയിംഗ് മഡ്ഗാർഡ്‌ ഒക്കെ വച്ച 135 ആയി നേരെ ആലപ്പുഴ ഷോറൂമിലേക്ക്. ദാ ഇരിക്കുന്നു അവിടെയൊരു നീലക്കുതിര. മൊബൈൽ ഇറങ്ങാത്ത സമയമായതിനാൽ ഫോട്ടോ ക്ലിക്കാൻ പറ്റിയില്ല. തിരികെ നാട്ടിലെത്തി മാവേലിക്കര ഷോറൂം ചേട്ടനെയും ആവേശം കയറ്റി അദ്ദേഹവും ഒരു വണ്ടി ഇറക്കി വച്ചു. ഒന്നരാടം ദിവസങ്ങളിൽ ഞാൻ അവിടെ പോയി വണ്ടി കാണും.

135 കൊടുത്തിട്ട് ഇതെടുക്കണം എന്ന മോഹം മനസ്സിലുണ്ടായിരുന്നെങ്കിലും അച്ഛൻ ഓട്രടാ എന്ന് പറയുമെന്ന് നൂറു ശതമാനം ഉറപ്പായതിനാൽ കടിഞ്ഞാണിട്ടു. ദിവസങ്ങൾ കഴിഞ്ഞു പോയി. ഷോറൂം ചേട്ടന്റെ മുഖത്ത് നിരാശയും. വണ്ടി കാണാൻ പലരും വരുന്നുണ്ട്. പക്ഷേ വിറ്റു പോകുന്നില്ല. പൈസയ്ക്ക് നല്ല വിലയുള്ള കാലം. ഒരു ഗ്രാമത്തിൽ പത്തോ ഇരുപതോ മാത്രം ബൈക്കുകളുള്ള കാലം. അവസാനം രണ്ടര ആഴ്ച കഴിഞ്ഞപ്പോൾ ആരോ അത് കൊണ്ടു പോയി.

RDയെ പോലെ ഇന്നിവനും ഇന്ത്യയിലെ താരം. പ്രായം തളർത്താത്ത പെർഫോർമൻസും യമഹയുടെ ബിൾഡ് ക്വാളിറ്റിയും തന്നെ അതിന് പ്രധാന കാരണം. ഒരു പാട് RXZ ഓടിച്ചിട്ടുണ്ട്. ഏറ്റവും കൂടുതൽ ഓടിച്ചത് കോളേജിൽ കൂടെ പഠിച്ചിരുന്നതും റൂം മേറ്റുമായിരുന്ന തിരുവനന്തപുരംകാരൻ അഭിലാഷിന്റെ വണ്ടി. അവൻ ബൈക്ക് ഓടിക്കാൻ പഠിച്ചത് എന്റെ RX ലാണേ. ഒരിക്കൽപ്പോലും സ്വന്തമാക്കാൻ സാധിച്ചിട്ടില്ലെങ്കിലും RXZ ഉയിർ.

കവർ ചിത്രം – കടപ്പാട്.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.