ചരിത്രം മാറ്റിയെഴുതിയ ഒരു ഇന്ത്യൻ എയർലൈൻസ് വിമാനറാഞ്ചൽ

എഴുത്ത് – Sankaran Vijaykumar.

ഡിസംബർ 29,2000 ഇന്ദിരാഗാന്ധി ഇന്റർനാഷണൽ എയർപോർട്ട്, ഡൽഹി :  ഡെന്മാർക്കിന്റെ തലസ്ഥാനമായ കോപെൻഹെഗെനിൽ നിന്നും പുറപെട്ട “സ്കാണ്ടിനെവിയാൻ എയർലൈൻസ്‌” വിമാനം ഡൽഹി ഇന്ദിരാഗാന്ധി ഇന്റർനാഷണൽ എയർപോർട്ടിൽ ലാൻഡ് ചെയ്തു. യാത്രക്കാർ ഓരോരുത്തരായി സെക്യൂരിറ്റി ക്ലിയറൻസും കഴിഞ്ഞു പുറത്തേക്കു ഇറങ്ങികൊണ്ടിരിക്കുന്നു. എയർപോർട്ടിന്റെ അറൈവൽ ലൗഞ്ചിൽ ആണെങ്കിൽ പതിവിൽ കവിഞ്ഞ തിരക്കാണ്. കുറെ കഴിഞ്ഞപ്പോൾ ഏതാണ്ട് 45 വയസ്സിനോടടുത്തു പ്രായം തോന്നിക്കുന്ന സുമുഖനും അതികായനുമായ ഒരാൾ യാത്രക്കാരുടെ കൂട്ടത്തിൽ നിന്നും പുറത്തേക്കു ഇറങ്ങി വന്നു. അദ്ദേഹം പുറത്തു ഇറങ്ങേണ്ട താമസം പെട്ടെന്നാണ് അത് സംഭവിച്ചത്….!! എവിടെനിന്നോ കുറെ പോലീസ്സുകാർ ചാടിവീണു ഇയ്യാളെ തൂക്കിയെടുത്തു. പുറത്തുകിടന്ന പോലീസ് ജീപ്പിലിട്ട് എവിടേക്കോ കൂട്ടികൊണ്ടുപൊയി.

എന്നാൽ ഡൽഹി പോലീസുകാർ അയാളെ പോയത് വേറെ എവിടേക്കുമായിരുന്നില്ല, അവിടെ നിന്നും 20 കിലോമീറ്റർ അകലെ ഇന്ത്യഗേറ്റിന് അടുത്തുള്ള ജില്ലാ കോടതിയിലേക്ക് (പാട്യാല ഹൌസ് കോടതി). ജില്ലാ മജിസ്ട്രേട്ട് ഗുൽഷൻ കുമാർ ആ മനുഷ്യനെ 14 ദിവസത്തേക്ക് ജുഡിഷ്യൽ കസ്ടടിയിൽ വയ്ക്കാൻ ഉത്തരവിട്ടു. അങ്ങനെ പൊലീസിനൊപ്പം കോടതിക്ക് പുറത്തു വന്ന അയാൾ പുറത്തു കൂടിനിന്ന മാധ്യമപടയോട് ഇങ്ങനെ വിളിച്ചു പറഞ്ഞു “ഞാൻ പ്രാധാനമന്ത്രിയുടെ സമാധാന ശ്രമങ്ങളെ സപ്പോർട്ട് ചെയ്യാനാണ് വന്നത്. ഒരു സ്വതന്ത്ര കാശ്മീർ ആണ് ഞങ്ങളുടെ ലക്ഷ്യം” ആരാണ് ഇയാൾ? എന്താണ് ഇവിടെ സംഭവിച്ചത് ?

1960 കളുടെ അവസാനഭാഗം. ഇന്ത്യയും പാകിസ്ഥാനും തങ്ങളുടെ യുദ്ധങ്ങൾ താഷ്കന്റു കരാർ(1965) പ്രകാരം അവസാനിപ്പിച്ചു അടങ്ങി ഒതുങ്ങി കഴിയുന്ന സമയം .ഈ കാലഘട്ടത്തിൽ പാകിസ്ഥാന്റെ ഭാഗമായിരുന്ന ഇന്നത്തെ ബംഗ്ലാദേശിൽ (കിഴക്കൻ പാകിസ്ഥാൻ) ഷേക്ക്‌ മുജിബുർ റഹ്മാന്റെ നേതൃത്വത്തിൽ സ്വാതന്ത്ര്യ സമരപ്രക്ഷോഭങ്ങൾ അരങ്ങുതകർക്കുകയായിരുന്നു. വ്യത്യസ്ത ഭാഷയും സംസ്കാരവുമുള്ള ബംഗ്ലാദേശി സഹോദരങ്ങൾക്ക് പടിഞ്ഞാറൻ പാകിസ്ഥാനുമായി ഒരു തരത്തിലും യോജിക്കാനായില്ല. അവർ പാകിസ്ഥാനിൽ നിന്നുള്ള സ്വാന്ത്ര്യത്തിനായി മുറവിളി കൂട്ടിക്കൊണ്ടിരുന്നു. അങ്ങനെയിരിക്കെ ചരിത്രത്തിൽ ആദ്യമായി അഭിവിക്ത പാകിസ്ഥാനിൽ ചരിത്രത്തിൽ ആദ്യമായി ഇലക്ഷൻ നടന്നു (1970 ഡിസംബറിൽ). ഈ ഇലക്ഷനിൽ കിഴക്കൻ പാകിസ്ഥാനിലെ മുജിബുർ റഹ്മാന്റെ അവാമിലീഗ് പാർടി വന്പിച്ച ഭൂരിപക്ഷം നേടി. പക്ഷെ പടിഞ്ഞാറൻ പാകിസ്ഥാനിൽ ഉള്ളവർ അത് അന്ഗീകരിച്ചില്ല. പാകിസ്ഥാൻ പ്രസിഡണ്ട്‌ ആയിരുന്ന യാഹ്യഖാൻ, മുജിബുർ റഹ്മാന്റെ സർക്കാർ രൂപീകരിക്കാൻ അനുവദിച്ചില്ല. ഇതിന്റെ പേരിൽ ബംഗാളിൽ വലിയ ലഹള നടന്നു. പാകിസ്ഥാൻ പട്ടാളം ലഹള അടിച്ചൊതുക്കാൻ ബംഗ്ലാദേശിലേക്ക് വന്നുകൊണ്ടിരുന്നു.

ഇതേ സമയം പാകിസ്ഥാൻ, ഇന്ത്യയുടെ ഭാഗമായ കാശ്മീർ സ്വന്തമാക്കാനും ശ്രമിച്ചുകൊണ്ടും ഇരുന്നു. കാശ്മീർ കിട്ടിയാൽ ബംഗ്ലാദേശ് ഉപേക്ഷിക്കാൻ അവർ തയ്യാറായിരുന്നു. അതിനുവേണ്ടി അവർ പല തീവ്രവാദി സംഘടനകൾ ഉണ്ടാക്കാനുള്ള ഒത്താശകൾ ചെയ്തുകൊണ്ടിരുന്നു. അങ്ങനെ അവർ പാകിസ്ഥാൻ അധീനതയിൽ ഉള്ള കാശ്മീരിൽ (POK)രൂപികരിച്ച ഒരു സംഘടന ആയിരുന്നു “അൽ ഫത്ത”(Al-Fatah). ഇവരെ ഇന്ത്യയുടെ അധീനതയിൽ ഉള്ള കശ്മീർ ഭാഗത്തേക്ക് വിട്ടു വിധ്വംസക പ്രവർത്തങ്ങൾ ഉണ്ടാക്കികൊണ്ടിരുന്നു. ഇതു കാരണം ഈ സംഘടനയിൽ ഉള്ള ഏകദേശം 36 പേരെ ഇന്ത്യയുടെ ഇന്ത്യയുടെ രഹസ്യാന്വേഷണ വിഭാഗമായ RAW യുടെ മുന്നറിയിപ്പു പ്രകാരം കാശ്മീർ ജയിലിൽ തടവിലാക്കി. എന്നാൽ ഒരു ഘട്ടത്തിൽ “അൽ ഫത്ത” എന്ന തീവ്രവാദി സംഘടനയെ കുറിച്ച് കൂടുതൽ മനസ്സിലാക്കേണ്ടത് വളരെ അത്യാവശ്യമായി വന്നു. അതിനു വേണ്ടി RAW തിരെഞ്ഞെടുത്ത വ്യക്തിയായിരുന്നു ഹാഷിം ഖുറേഷി.

കശ്മീരിലെ ശ്രീനഗർ നിവാസിയും വെറും 17 വയസ്സ് പ്രായവുമുള്ള ഈ യുവാവിനെ തിരഞ്ഞെടുത്തതിനു കാരണം ഉണ്ട്. പാകിസ്ഥാൻ നിയന്ത്രണത്തിലുള്ള(POK ) കാശ്മീരിനെ കുറിച്ചും അവിടുത്തെ സമൂഹത്തെ കുറിച്ചും നല്ല തിട്ടമുണ്ട് യുവാവിന് .POK യിൽ എത്തിയ ഹാഷിം ഖുറേഷിയുടെ ജോലി ആയിരുന്നു “അൽ ഫത്ത” എന്ന തീവ്രവാദ സംഘടനയിൽ നുഴഞ്ഞു കയറുക എന്നത്. ആ ദൌത്യം അയാൾ ഭംഗിയായി ചെയ്യുകയും ചെയ്തു. പക്ഷെ ഒരു കുഴപ്പം. അവിടെ ചെന്ന ഹാഷിം ഖുറേഷി”അൽ ഫത്ത”എന്ന സംഘടനയുടെ അനുബന്ധ സംഘടനയായ JKLF എന്ന സംഘടനയുടെ തലവനായ തലവനായ മക്ബുൽ ഭട്ടിനെ (Maqbool Bhat) പരിചയപ്പെടുകയും അയാളുടെ വലയിൽ പെട്ട് ഇന്ത്യക്കെതിരെ തിരിയുകയും ചെയ്തു.

മക്ബുൽ ഭട്ട് ഹാഷിം ഖുറേഷിയോട് ആദ്യമായി ആവശ്യപ്പെട്ടത് ഒരു ഇന്ത്യൻ വിമാനം തട്ടിയെടുത്ത് കാശ്മീർ പ്രശ്നം ലോകത്തിനു മുന്പിൽ അവതരിപ്പിക്കാനാണ്. അതിനുവേണ്ടി പാകിസ്താനിലെ റാവൽപിണ്ടിയിൽ വച്ച് ഖുറേഷിക്ക് വിമാനം റാഞ്ചലിനുള്ള ഉള്ള പരിശീലനങ്ങൾ നല്കി. ഇന്ത്യയിൽ പോയി ഈ കൃത്യം ചെയ്യുന്നതിനായി ഒരു 22 പിസ്റ്റലും കുടാതെ ഒരു ഹാൻഡ്‌ ഗ്രനേഡും ഖുറേഷിയുടെ കൈയിൽ കൊടുത്തു വിട്ടു. എന്നാൽ ഇന്ത്യ- പാകിസ്താൻ ബോർഡർ ആയ സിയാൽകോട്ടു ഭേദിച്ച് കടന്ന ഇയ്യാളെ BSF പിടികൂടി ചോദ്യം ചെയ്തു. ഖുറേഷി പുറത്ത് വിട്ട വിവരങ്ങൾ കേട്ട് അവർ ഞെട്ടിപ്പോയി. പ്രാധാനമന്ത്രിയായ ഇന്ദിരാഗാന്ധിയുടെ മകനും ഇന്ത്യൻ എയർലൈൻസ്‌ പൈലറ്റുമായ രാജീവ് ഗാന്ധി പറത്തുന്ന ഒരു വിമാനമാണ് തീവ്രവാദികൾ ഖുറേഷിയോട് തട്ടിയെടുക്കാൻ ആവശ്യപ്പെട്ടത്.

ഈ വിവരം ഉടനെ തന്നെ BSF ഡയറക്ടർ ആയ K .F രുസ്തോമ്ജിയെ (Rustomji) അറിയിച്ചു….രുസ്തോമ്ജി , എല്ലാ കാര്യങ്ങളും RAW ഡയറക്ടർ R.N കെവു (R.N .Kao)വിന്റെ കാതുകളിൽ എത്തിച്ചു. RAW യുടെ ഹെഡ് ക്വാട്ടെര്സിൽ അന്ന് അടിയന്തിരായി ഒരു മീറ്റിംഗ് നടന്നു. കൂടിയാലോചനകൾ നടന്നു. അങ്ങനെയോയൊരു ഹൈജാക്കിങ്ങ് നടന്നാൽ ആർക്കാണ് കൂടുതൽ നഷ്ടം? തീർച്ചയായും തീവ്രവാദത്തിനു സഹായം നല്കുന്ന പാകിസ്ഥാനെ ലോകരാജ്യങ്ങൾ ഒറ്റപ്പെടുത്തും. പക്ഷെ ഇന്ത്യക്ക് ഉണ്ടാവുന്ന പ്രധാന നേട്ടം? ഈ കാരണം പറഞ്ഞ് ബംഗ്ലാദേശിലേക്കുള്ള പാകിസ്ഥാന്റെ വിമാനങ്ങൾ നിരോധിക്കാൻ കഴിയും. ഇപ്പോൾ പാകിസ്ഥാൻ പട്ടാളം ഇന്ത്യക്ക് മുകളിലൂടെ പറന്ന് ബംഗ്ലാദേശിൽ എത്തിയാണ് ലഹളക്കാരെ അടിച്ചമർത്തുന്നത്. എന്നാൽ ഇന്ത്യക്ക് മുകളിലൂടെയുള്ള ഈ സഞ്ചാരം നിരോധിച്ചാൽ അവർക്ക് ബംഗ്ലാദേശിൽ എത്തണമെങ്കിൽ മൂന്നിരട്ടി(3500km) സഞ്ചരിക്കേണ്ടി വരും. അതിനു ഒരുപാട് ഇന്ധനം ചെലവാക്കിയും വരും. ഇത് അവിടുത്തെ സ്വാതന്ത്ര്യ പോരാളികളികൾക്ക് വലിയ ഗുണം ചെയ്യും. അങ്ങനെ ബംഗ്ലാദേശ് എന്ന ഇന്ത്യക്കായി ഒരു സൌഹൃദരാജ്യം പിറവിയെടുക്കും. ഇതെല്ലാം സംഭിവിക്കണമെങ്കിൽ ഈ വിമാനറാഞ്ചൽ നാടകം നടന്നേ മതിയാകൂ. അങ്ങനെ പാകിസ്ഥാന്റെ ഹൈജാക്കിംഗ് നാടകത്തിനു അതേ നാണയത്തിൽ മറുപടി കൊടുക്കാൻ തീരുമാനത്തിൽ എത്തി. എന്നാൽ എങ്ങനെ?….

ജനുവരി 30,1971 – ഇന്ത്യൻ എയർലൈൻസിന്റെ ഡച്ച് നിർമ്മിത, Fokker F27 Friendship വിഭാഗത്തിൽ പെട്ട വിമാനം 30 യാത്രക്കാരുമായി ശ്രീനഗറിൽ നിന്നും ജമ്മുവിലേക്ക് യാത്രതിരിച്ചു. വിമാനം ജമ്മുവിനു മുകളിൽ വിമാനം എത്തിയപ്പോൾ 17-18 വയസ്സ് മാത്രം പ്രായം തോന്നിക്കുന്ന ഒരു യുവാവും കു‌ടെ സമപ്രായക്കാരനായ മറ്റൊരു യുവാവും പൈലറ്റിന്റെ ക്യാബിനുള്ളിൽ കയറി. ആദ്യത്തെ യുവാവ് പൈലറ്റിന്റെ കഴുത്തിലേക്കു പിസ്ടൽ ചൂണ്ടി വിമാനം ലാഹോറിലേക്ക് വിടാൻ ആജ്ഞാപിക്കുന്നു. മറ്റേ യുവാവ് തന്റെ കൈയ്യിലുള്ള പെട്ടിയിൽ ഗ്രനേഡ് ആണെന്ന് പറഞ്ഞു. പൈലറ്റിന് വേറൊന്നും ചെയ്യുവാൻ ഉണ്ടായിരുന്നില്ല. വിമാനം ലാഹോറിനെ ലക്ഷ്യമാക്കി നീങ്ങി. വിമാനം തട്ടിയെടുത്ത യുവാക്കൾ മറ്റാരുമായിരുന്നില്ല.റാഞ്ചൽ നാടകം നടത്താൻ ഇന്ത്യയുടെ രഹസ്യാന്വേഷണവിഭാഗമായ RAW തിരെഞ്ഞെടുത്ത ഹാഷിം ഖുറേഷിയും അദ്ദേഹത്തിന്റെ ബന്ധു അഷ്‌റഫ്‌ ഭട്ടും ആയിരുന്നു അവർ. വിമാനത്തിനുള്ളിൽ വച്ചു തന്നെ തട്ടിയെടുത്ത വിമാനം ലാഹോറിൽ ഇറക്കാൻ അനുമതി വെണമെന്ന് അറിയിക്കയും അവർക്ക് അത് ലഭിക്കുകയും ചെയ്തു.

വിമാനം ലാഹോറിൽ ഇറക്കിയ ഉടനെ തന്നെ റാഞ്ചികൾ ഇന്ത്യൻ ജയിലിലുള്ള 36 കാശ്മീർ തീവ്രവാദികളെ വിട്ടുകിട്ടിയില്ലെങ്കിൽ വിമാനം ബോംബുവെച്ച് തകർക്കും എന്ന് ഭീഷണിപ്പെടുത്തി. ഈ വിവരം കാട്ടു തീ പോലെ പടർന്നു. ഒരു വലിയ മാധ്യമപട അവിടേക്ക് വന്നിറങ്ങി. കുടാതെ അനേകം ജനങ്ങളും. ഓൾ ഇന്ത്യ റേഡിയോ ഈ വിവരം വല്യ വാർത്താബുള്ളറ്റിൻ ആയി കൊടുത്തു.(പാകിസ്ഥാനികൾക്ക് സംശയം തോന്നരുതല്ലോ). അപ്പോൾ റാഞ്ചികളെ സ്വീകരിക്കുവാൻ അവിടെ എത്തിച്ചേർന്നിട്ടുള്ളത്, അതിലെ ഒരാളായ ഹാഷിം ഖുറേഷിക്ക്‌ നേരത്തെ വിമാനം റാഞ്ചാൻ ഐഡിയ ഉപദേശിച്ച JKLF ന്റെ തീവ്രവാദി നേതാവ് മക്ബുൽ ഭട്ട്, പാകിസ്ഥാൻ രഹസ്യന്വേഷണ സംഘടനയായ ISI യുടെ തലവന്മാർ,കുടാതെ വിദേശകാര്യമന്ത്രി സുൾഫിക്കർ അലി ഭൂട്ടൊ (മുൻ പ്രാധാനമന്ത്രി) തുടങ്ങിയവർ.

ഫെബ്രുവരി 1, 1971 – വിമാനം തട്ടിയെടുക്കപ്പെട്ടിട്ടു ഇപ്പോൾ 80 മണിക്കൂർ കഴിഞ്ഞിരിക്കുന്നു. ഇന്ത്യ ഗവർമെന്റു ഈ നിമിഷം വരെ റാഞ്ചികളുടെ ആവശ്യങ്ങൾ ഒന്നും അങ്ങീകരിച്ചിട്ടില്ല. എന്തായാലും വിമാനത്തിലുള്ള 34 പേരെയും മോചിപ്പിച്ചിട്ടുണ്ട്. ഇനി ഒരു നിമിഷം വെയിറ്റ് ചെയ്യാതെ വിമാനം കത്തിച്ചു കളയാൻ പാകിസ്ഥാൻ ISI മേധാവി റാഞ്ചികളോട് ആവശ്യപ്പെട്ടു. കാരണം വിമാനം കത്തിക്കുന്നതിലുടെ കാശ്മീർ പ്രശ്നം ആളികത്തിക്കുവാൻ കഴിയും എന്നവർ അഭിപ്രായപ്പെട്ടു. അങ്ങനെ ഇന്ത്യൻ എയർലൈൻസിന്റെ ആ വിമാനം അന്ഗ്നിക്ക് ഇരയായി. അപ്പോൾ തന്നെ ഇന്ത്യ ഗവർമെന്റ് ഇതിൽ പ്രതിക്ഷേധിച്ചു, ഇന്ത്യയിലൂടെ ബംഗ്ലാദേശിലേക്കുള്ള ആകാശപാത അടച്ചു. അത് പാകിസ്ഥാനികൾക്ക് വലിയ അടിയായി. അവർ യുദ്ധത്തിൽ തോറ്റു. ബംഗ്ലാദേശ് പാകിസ്ഥാന്റെ കൈയ്യിൽ നിന്നും പോയി.

റാഞ്ചികൾക്ക് പാകിസ്ഥാനിൽ രാജകീയ സ്വീകരണം ആയിരുന്നു.മുന്ന് മാസത്തോളം അവർക്ക് ഹീറോ പരിവേഷം ലഭിച്ചു. പക്ഷെ അതുകഴിഞ്ഞ് പാകിസ്ഥാനികൾക്ക് എവിടെയെക്കെയോ ചീഞ്ഞു നാറുന്നതായി തോന്നി. അവർ റാഞ്ചികളായ ഹാഷിം ഖുറേഷിയെയും, അഷ്റഫ് ഭട്ടിനെയും കുടാതെ അവിടെയുള്ള എല്ലാ JKLF പ്രവർത്തകരെയും പിടിച്ചു തടവിൽ ആക്കി. എന്തായിരിക്കും കാരണം? കുറെ കാരണങ്ങൾ ഉണ്ട്. ഒന്നാമത്തെ കാര്യം, അന്ന് റാഞ്ചികൾ വിമാനത്തിൽ ഉപയോഗിച്ച പിസ്റ്റൽ നേരത്തെ അവർ കൊടുത്തയച്ചതല്ല, അത് കുട്ടികളുടെ കളിത്തോക്ക്‌ ആയിരുന്നു. അതേപോലെ ഗ്രനേഡ് ഒറിജിനൽ അല്ല, ഡ്യൂപ്ലിക്കേറ്റ്‌ ആയിരുന്നു. ഇതിനേക്കാൾ എല്ലാം ഉപരി,കത്തിപോയ ഇന്ത്യൻ എയർലൈൻസിന്റെ വിമാനം, അതിന്റെ പഴക്കം കാരണം സർവീസിൽ നിന്നും നേരെത്തെ എടുത്തു കളഞ്ഞതായിരുന്നു. ഇതിന്റെ ആവശ്യത്തിനായി മൂന്നു ദിവസങ്ങൾക്കു മുന്നേ മാത്രമാണ് ഇന്ത്യക്കാർ അത് സർവീസിൽ കൊണ്ട് വന്നത്. ഇങ്ങനെ എല്ലാം കൊണ്ടും ഇതെല്ലാം ഇന്ത്യയുടെ RAW ഡയറക്റ്റ് ചെയ്ത ഒരു നാടകം ആയിരുന്നു എന്നവർക്ക് ബോധ്യപ്പെട്ടു.

പാകിസ്ഥാൻ തടവിൽ വച്ച ഹാഷിം ഖുറേഷി ഒഴിച്ച് എല്ലാവരെയും വിട്ടയച്ചു. ഖുറേഷിക്ക് 13 കൊല്ലം തടവ്‌ ശിക്ഷ പാകിസ്ഥാൻ കോടതി വിധിച്ചു. എന്നാൽ അദ്ദേഹം 9 കൊല്ലത്തോളം ജയിലിൽ കിടന്ന് വളരെ പ്രയാസപ്പെട്ടു മോചനം തരപ്പെടുത്തി നെതെർലാണ്ടിലേക്ക് പോയി. അതുകഴിഞ്ഞ് 2000 ൽ ആണ് ഇന്ത്യയിൽ എത്തുന്നത്‌. ഏതാണ്ട് 30 കൊല്ലത്തോളം ഇന്ത്യ വിട്ടു നിന്നു. ആ വരവിനെക്കുറിച്ചാണ് ലേഖനത്തിന്റെ തുടക്കത്തിൽ നാം കണ്ടത്. ഇന്ത്യൻ ജയിലിൽ പാകിസ്ഥാനികളെ കാണിക്കാനായി അദ്ദേഹത്തിന് ഒരു കൊല്ലത്തോളം കിടക്കേണ്ടി വന്നെങ്കിലും ഇപ്പോൾ അദ്ദേഹം സ്വതന്ത്രൻ ആണ്. Jammu Kashmir Democratic Liberation Party (JKDLP) എന്ന പാർടിയുടെ ചെയർമാനാണ്. എഴുത്തുകാരൻ, കോളമിസ്റ്റ്‌, ഗോൾഫ് കളിക്കാരൻ മുതലായവയാണ്. ഇടക്ക് കാശ്മീരിലെ ദാൽ തടാകകരയിലെ കൊട്ടാരസദൃശമായ വീടിനുമുകളിൽ നിന്ന് താഴെ തടാകത്തിലെ ഓളങ്ങളെ നോക്കികാണുമ്പോൾ അദ്ദേഹത്തിന്റെ ഓർമ്മകൾ പിറകോട്ടു പായാറുണ്ട്.