ലോക്ക്ഡൗൺ; 20 ദിവസത്തോളം കാറിൽ താമസിച്ച് രണ്ടുപേർ

കൊറോണ വൈറസ് വ്യാപനം തടയുന്നതിനായി രാജ്യത്ത് മാർച്ച് 24 മുതൽ ലോക്ക്ഡൗൺ പ്രഖ്യാപിച്ചതോടെ പലരും പല സ്ഥലങ്ങളിലും പെട്ടുപോയ അവസ്ഥയിലാണ്. എങ്കിലും ഒരു വലിയ പ്രശ്നത്തിൽ നിന്നും ലോകം കരകയറുന്നതിനായി എല്ലാം സഹിച്ചു കഴിയുകയാണ് സ്വന്തം വീട്ടിലും നാട്ടിലും വരാനാകാതെ പെട്ടുപോയവരെല്ലാം. ഇത്തരത്തിൽ പെട്ടുപോയ രണ്ടു കർണാടക സ്വദേശികളുടെ കഥയാണ് ഇനി പറയുവാൻ പോകുന്നത്.

ബിസിനസ്സുകാരായ കർണാടക സ്വദേശികളായ ആഷിഖ് ഹുസൈൻ, മുഹമ്മദ് തഖീൻ എന്നിവർ ഒരു ബിസിനസ്സ് മീറ്റിങ്ങിനായി ഗുജറാത്തിലേക്ക് തിരിക്കുന്ന സമയത്ത് ഒരിക്കലും വിചാരിച്ചിരുന്നില്ല തങ്ങൾ പെട്ടുപോകാനുള്ള പോക്കാണെന്ന്. മാർച്ച് 23 നു ഗുജറാത്തിൽ നിന്നും കാറിൽ നാട്ടിലേക്ക് തിരിച്ചെങ്കിലും അവർ ഗുജറാത്ത് സംസ്ഥാനത്തു തന്നെ ഒരിടത്ത് പോലീസുകാരാൽ തടയപ്പെടുകയായിരുന്നു.

തങ്ങളുടെ നിസ്സഹായാവസ്ഥ പോലീസിനോട് പറഞ്ഞെങ്കിലും വിട്ടയയ്ക്കുവാൻ യാതൊരുവിധ നടപടികളും പോലീസിന്റെ പക്കൽ നിന്നും ഉണ്ടായില്ല. ഒടുവിൽ ഗത്യന്തരമില്ലാതെ സമാനഗതിയിൽ തടയപ്പെട്ട ട്രാക്കുകളുടെയൊപ്പം വഴിയരികിൽ അവർ തങ്ങളുടെ നിസ്സാൻ മൈക്ര കാർ പാർക്ക് ചെയ്തു. അന്നുമുതൽ ഇന്നുവരെ അവരുടെ ജീവിതം ആ കാറിനുള്ളിലാണ്. അടുത്തുള്ള ഒരു ഹോട്ടലുടമ ടോയ്‌ലറ്റ് സൗകര്യങ്ങൾ ഉപയോഗിക്കുവാൻ ഇവരെ അനുവദിച്ചു. നാട്ടുകാരും പൊതുപ്രവർത്തകരുമെല്ലാം ഭക്ഷണവും മരുന്നുമെല്ലാം ഇവർക്ക് നൽകി.

ഇതിനിടയിൽ റഷീദ് വിറ്റാല എന്നൊരു പൊതുപ്രവർത്തകൻ ഇവരുടെ പ്രശ്നം ജില്ലാ കളക്ടറുടെ ശ്രദ്ധയിൽപ്പെടുത്തുകയും ചെയ്തു. അതുപോലെ ഇവരുടെ കുടുംബങ്ങൾ ഈ പ്രശ്‌നം കർണാടകയിലെ ഉന്നത പോലീസ് അധികാരികളുടെ ശ്രദ്ധയിൽപ്പെടുത്തുകയും ചെയ്തു. ഇതിനെത്തുടർന്ന് ദക്ഷിണ കന്നഡ ഡെപ്യൂട്ടി കമ്മീഷണർ ഗുജറാത്ത് പൊലീസിന് ഇരുവരെയും സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റുന്നതിനായുള്ള നടപടിയെടുക്കണം എന്നാവശ്യപ്പെട്ടുകൊണ്ട് കത്തയയ്ക്കുകയും ചെയ്തു. ഗുജറാത്ത് പോലീസ് വേണ്ട നടപടിക്രമങ്ങൾ കൈക്കൊള്ളും എന്ന പ്രതീക്ഷയിലാണ് ആഷിഖും തഖീനും അവരുടെ കുടുംബാംഗങ്ങളും.

നിസ്സാൻ മൈക്ര പോലുള്ള ചെറിയ കാറിൽ രണ്ടുപേർക്ക് കിടന്നുറങ്ങുവാനുള്ള ബുദ്ധിമുട്ട് ഒന്നാലോചിച്ചാൽ ഏവർക്കും മനസ്സിലാകും. ഇവരെപ്പോലെ ധാരാളമാളുകൾ രാജ്യത്തിൻറെ പലയിടങ്ങളിലായി വാഹനങ്ങളിലും മറ്റും കഴിഞ്ഞുകൂടുന്നുണ്ട്. ഒരുകാര്യത്തിൽ നമുക്ക് അഭിമാനിക്കാം, കേരളത്തിലാണ് ഇങ്ങനെയൊരു സംഭവമെങ്കിൽ തീർച്ചയായും നമ്മുടെ പോലീസും സർക്കാരുമെല്ലാം അവരെ അതിഥികളെപ്പോലെ കണ്ട് വേണ്ടവിധത്തിലുള്ള സൗകര്യങ്ങൾ നൽകിയേനെ.