21 വയസ്സിൽ ഈ പെൺകുട്ടി കണ്ടുതീർത്തത് 196 രാജ്യങ്ങൾ; ഇത് ലോകറെക്കോർഡ്…

യാത്ര പോകുവാൻ ഇഷ്ടമില്ലാത്തവർ കുറവായിരിക്കും. മിക്കവാറും നമ്മുടെ യാത്രകളൊക്കെ കേരളത്തിനുള്ളിലോ മറ്റു അയൽ സംസ്ഥാനങ്ങളിലേക്കോ ഒക്കെയായിരിക്കും. എന്നാൽ ലോകം മുഴുവനും ചുറ്റുവാൻ ഭാഗ്യം ലഭിച്ചാലോ? അതും ഒറ്റയ്ക്ക്… ഇത്തരത്തിൽ ലോകം ചുറ്റിയവരും ഇപ്പോൾ ചുറ്റിക്കൊണ്ടിരിക്കുന്നവരും ധാരാളമുണ്ട്. എന്നാൽ അവരിൽ നിന്നും വ്യത്യസ്തയാകുകയാണ് ലെക്സി അൽഫോർഡ് എന്ന ഇരുപത്തിയൊന്നുകാരി പെൺകുട്ടി. ഈ ചുരുങ്ങിയ പ്രായത്തിനുള്ളിൽ ലെക്സി ലോകം മുഴുവനും ചുറ്റിവന്നിരിക്കുകയാണ്. ഒപ്പം ലോകം ചുറ്റിയ ഏറ്റവും പ്രായം കുറഞ്ഞ പെൺകുട്ടി എന്ന നിലയിൽ ഗിന്നസ് വേൾഡ് റെക്കോർഡിലും സ്ഥാനം പിടിച്ചു.

കാലിഫോർണിയ സ്വദേശിനിയായ ലക്സിയുടെ യാത്രാമോഹങ്ങൾക്ക് ചിറകു വിരിച്ചതിൽ പ്രധാന പങ്ക് ട്രാവൽ ഏജൻസി നടത്തിപ്പുകാരായ മാതാപിതാക്കൾ തന്നെയാണ്. കൂട്ടിലടയ്ക്കപ്പെടാതെ ഒരു ഫ്രീ ബേർഡ് ആയി ലോകം ചുറ്റുവാൻ ലെക്സി ആഗ്രഹിച്ചപ്പോൾ എല്ലാ സപ്പോർട്ടും കൊടുത്ത് ആ മാതാപിതാക്കൾ മാതൃകയാവുകയാണുണ്ടായത്. 12th സ്റ്റാൻഡേർഡ് പാസ്സായ ശേഷമായിരുന്നു ലെക്സി തൻ്റെ ലോക പര്യടനത്തെക്കുറിച്ച് ചിന്തിക്കുവാൻ ആരംഭിച്ചത്. ഒരു ലോക റെക്കോർഡ് തന്നെയായിരുന്നു അവളുടെ ലക്ഷ്യവും.

പിന്നീട് ബിരുദം നേടുകയും ചെയ്ത ശേഷമാണ് ലെക്സി തൻ്റെ യാത്രയ്ക്ക് തുടക്കം കുറിക്കുന്നത്. 2016 ല്‍ തന്റെ സ്വപ്നദൗത്യത്തിലേക്ക് കടക്കുമ്പോള്‍ 72 രാജ്യങ്ങള്‍ സഞ്ചരിച്ചുകഴിഞ്ഞിരുന്നു. യാത്രയ്ക്കായി ചെലവഴിക്കേണ്ടി വരുന്ന വലിയ തുക സംഘടിപ്പിക്കുക എന്നതായിരുന്നു അവളുടെ മുന്നിലെ വലിയ കടമ്പ. എന്നാൽ സ്വന്തമായി ബ്ലോഗിങ് നടത്തിയും, ജോലി ചെയ്തും, അതോടൊപ്പം തന്നെ ബ്രാൻഡുകളുടെ സ്പോണ്സർഷിപ്പുകൾ വഴിയും യാത്രയ്ക്കായുള്ള ഫണ്ട് രൂപീകരിച്ചു. അങ്ങനെ കാത്തിരിപ്പുകൾക്കൊടുവിൽ ലെക്സി തൻ്റെ പ്രയാണം ആരംഭിച്ചു.

ചെലവ് കുറഞ്ഞ യാത്രാമാർഗ്ഗങ്ങളായിരുന്നു ലെക്സി സ്വീകരിച്ചത്. താമസിക്കുവാൻ ആണെങ്കിൽ വളരെ ചെലവ് കുറച്ചുകൊണ്ട് ഹോസ്റ്റലുകളിലും. പിന്നെ ഹോട്ടലുകളിൽ ഫ്രീയായി താമസിച്ചുകൊണ്ട് അവയ്ക്ക് പ്രൊമോഷൻ നൽകി. 196 ഓളം രാജ്യങ്ങളാണ് ലെക്സി തൻ്റെ ഈ യാത്രയിലൂടെ സന്ദർശിച്ചത്. 2019 മെയ് 31 നു ലെക്സി നോർത്ത് കൊറിയയിൽ പ്രവേശിച്ചതോടെയാണ് ഗിന്നസ് റെക്കോർഡിൽ ഇടം നേടിയത്. ഇതിനു മുൻപ് ഈ റെക്കോർഡ് കൈവരിച്ചിരുന്നത് 2013 ൽ 24 വയസ്സുള്ള ബ്രിട്ടീഷുകാരനായ ജെയിംസ് അക്വിത് ആയിരുന്നു. ഗിന്നസ് റെക്കോർഡ് കൈവരിച്ചതോടെ തൻ്റെ യാത്രകൾക്ക് കടിഞ്ഞാണിടുവാൻ ലെക്സി ഒരുക്കമല്ല. ഇതൊരു അവസാനമല്ല, തുടക്കം മാത്രമാണെന്നാണ് അവർ പറയുന്നത്.

നമ്മുടെ നാട്ടിലെ പെൺകുട്ടികൾ പഠനമൊക്കെ കഴിഞ്ഞ്, ഒരു ജോലിക്കായി ശ്രമിച്ചു തുടങ്ങേണ്ടതോ, വിവാഹം ആലോചിച്ചു തുടങ്ങേണ്ടതോ ആയ പ്രായത്തിലാണ് ലെക്സി ഈ അപൂർവ നേട്ടം സ്വന്തമാക്കിയത്. തന്റെ യാത്രകളെല്ലാം ലെക്സി ലിമിറ്റ്ലെസ് എന്ന പേരില്‍ ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്യുന്നുമുണ്ട് ലെക്സി. തൻ്റെ യാത്രാനുഭവങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ട് ഒരു പുസ്തകമെഴുതുന്നതിന്റെ തിരക്കിലാണ് ലെക്സി ഇപ്പോൾ.