‘ത്രീ ഇഡിയറ്റ്സ്’ സിനിമയിലെ ക്ളൈമാക്സ് സീനിൽ നമ്മൾ കണ്ട കിടിലൻ ലൊക്കേഷൻ..

‘ത്രീ ഇഡിയറ്റ്സ്’ എന്ന സിനിമയിലെ ക്ളൈമാക്സ് സീനിൽ നമ്മൾ കണ്ട കിടിലൻ ലൊക്കേഷനായ പാങ്കോങ് തടാകത്തിലായിരുന്നു ഞങ്ങൾ. അവിടെ വണ്ടി പാർക്ക് ചെയ്തിട്ട് ഞങ്ങൾ തടാകക്കരയിലേക്ക് നടന്നു. ഒട്ടും തിരക്കുണ്ടായിരുന്നില്ല അവിടെ. ശരിക്കും നമ്മൾ ജീവിതത്തിൽ കണ്ടിരിക്കേണ്ട ഒരു സ്ഥലമാണ് അതെന്നു ഞങ്ങൾക്ക് നിസ്സംശയം പറയുവാൻ സാധിക്കും. കാരണം ഒരു ക്യാൻവാസിൽ ചിത്രം വരച്ചത് പോലെ വളരെ മനോഹരമായിരുന്നു അവിടം. ആകാശത്തിനും തടാകത്തിലെ വെള്ളത്തിനും ഒരേ നീലനിറം. ചിലയിടങ്ങളിൽ വെള്ളത്തിന് ഇളം നീല നിറവും ചിലയിടങ്ങളിൽ കടുംനീല നിറവുമായിരുന്നു. പശ്ചാത്തലത്തിൽ സ്വർണ്ണവർണ്ണത്തിലുള്ള മലനിരകളും കൂടിയായപ്പോൾ പറയുകയേ വേണ്ട.

പാംഗോംഗ് തടാകത്തിന്റെ ഒരു ഭാഗം മാത്രമേ നമുക്ക് ഇവിടെ ദൃശ്യമാകുന്നുള്ളൂ. 134 കിലോമീറ്റർ നീളമുള്ള ഈ തടാകം ഇന്ത്യ,ടിബറ്റ്, ചൈന എന്നീ രാജ്യങ്ങളിലായാണ് വ്യാപിച്ചു കിടക്കുന്നത്. മലകളാൽ ചുറ്റപ്പെട്ടു കിടക്കുന്ന ഈ തടാകത്തിന്റെ പരമാവധി വീതി 5 കിലോമീറ്റർ ആണ്.

ഞങ്ങൾ ആദ്യം കണ്ടത് തടാകത്തിന്റെ ഒരു വശം മാത്രമായിരുന്നു. ടൂറിസ്റ്റുകൾ വരുന്നയിടം കുറച്ചുകൂടി അപ്പുറത്തേക്ക് പോയാലാണ് എത്തിച്ചേരുന്നത്. അങ്ങനെ ഞങ്ങൾ അവിടെ വണ്ടിയോടിച്ചുകൊണ്ട് നീങ്ങി. അങ്ങനെ ഞങ്ങൾ ആ സ്പോട്ടിൽ എത്തിച്ചേർന്നു. അവിടെ എത്തിയപാടെ ആലുവയിൽ നിന്നും വന്ന കുറച്ചു മലയാളി സുഹൃത്തുക്കളെ പരിചയപ്പെട്ടു. അവരുടെ യാത്ര ചുമ്മാ നാടുകൾ കാണുവാൻ മാത്രമായിരുന്നില്ല. നമ്മുടെ നാട് കാക്കുന്ന പട്ടാളക്കാർക്കു വേണ്ടിയുള്ള bharatkeveer.gov.in എന്ന വെബ്‌സൈറ്റിന്റെ പ്രൊമോഷനും കൂടിയായിട്ടായിരുന്നു അവർ കന്യാകുമാരി മുതൽ കശ്മീർ വരെ യാത്ര ചെയ്തു വന്നിരിക്കുന്നത് എന്നറിഞ്ഞപ്പോൾ വളരെ ആദരവ് തോന്നി. ഇത് വായിക്കുന്ന നിങ്ങളോരോരുത്തരും ഉറപ്പായും ഈ സൈറ്റിൽ ഒന്നു കയറി നോക്കണം, നമ്മളാൽ കഴിയുന്ന contribution അതിലേക്ക് നൽകണം. പ്ലീസ്, ഇത് മറക്കല്ലേ…

അങ്ങനെ അവരെയും പരിചയപ്പെട്ടു സംസാരിച്ചു കൊണ്ടിരിക്കുമ്പോൾ ആയിരുന്നു പാട്ടുംപാടി ഡാൻസൊക്കെ കളിച്ചുകൊണ്ട് ഒരു പ്രായമുള്ള ചേച്ചി ഞങ്ങളുടെയടുത്തു വന്നത്. അവർ നന്നായി പാടുന്നുണ്ടായിരുന്നു. പാട്ടു പടിക്കഴിഞ്ഞപ്പോൾ ഞങ്ങൾ 100 രൂപ അവർക്ക് നൽകി. അതോടെ അവർ സന്തോഷത്തോടെ അടുത്തയാളുകളുടെ അടുത്തേക്ക് നീങ്ങി. അങ്ങനെ ഞങ്ങൾ തടാകക്കരയിലേക്ക് നടന്നു.

ത്രീ ഇഡിയറ്റ്സ് ഹിറ്റായതോടെ ആ സിനിമയിൽ കണ്ടതു പോലത്തെ ഇരിപ്പിടങ്ങളും സ്‌കൂട്ടറുകളുമൊക്കെ അവിടെ ധാരാളമുണ്ടായിരുന്നു. കൂടാതെ യാക്കിന്റെ പുറത്തുള്ള റൈഡും ലഭ്യമാണ്. വരുന്നവരെല്ലാം ഈ പറഞ്ഞ സംഭവങ്ങളിൽ ഇരുന്നുകൊണ്ട് ഫോട്ടോയെടുക്കാതെ ഇവിടെ നിന്നും മടങ്ങില്ല. ഞങ്ങളും അതെല്ലാം ചെയ്തു. അവിടെ അടുത്തായി ആളുകൾക്ക് താമസിക്കുവാനുള്ള ടെന്റുകൾ ലഭ്യമായിരുന്നു. നല്ല റേറ്റ് ആയിരിക്കും അവിടെയെല്ലാം, കൂടാതെ അത്രയും ഉയരത്തിലുള്ള സ്ഥലത്ത് താമസിക്കുന്നത് അൽപ്പം റിസ്ക്ക് ആണെന്നതും ഞങ്ങളെ അവിടെ താമസിക്കുന്നതിൽ നിന്നും പിന്തിരിപ്പിച്ചു.

അങ്ങനെ കുറേസമയം അവിടെ ചെലവഴിച്ച ശേഷം ഞങ്ങൾ അവിടെ നിന്നും തിരികെ ലേയിലേക്ക് മടങ്ങി. ഇനി അവിടെ നിന്നും റോത്താങ് പാസ്സ് വഴി മണാലിയിലേക്ക് ആണ് ഞങ്ങൾ പോകുന്നത്. ആ വിശേഷങ്ങളെല്ലാം ഇനി അടുത്ത എപ്പിസോഡിൽ…