ഡൽഹിയിലുള്ളവർക്ക് വീക്കെൻഡ് ചെലവഴിക്കുവാൻ പറ്റിയ 4 സ്ഥലങ്ങൾ

ധാരാളം മലയാളികൾ ജീവിക്കുന്ന ഒരു സ്ഥലമാണ് ഇന്ത്യയുടെ തലസ്ഥാനമായ ഡൽഹി. നമ്മുടെ നാട്ടിൽ നിന്നും നോർത്ത് ഇന്ത്യൻ ടൂർ പോകുന്നവർ ഡൽഹിയിൽ തങ്ങുകയും അവിടത്തെ സ്ഥലങ്ങൾ സന്ദർശിക്കുകയും ചെയ്യാറുണ്ട്. എന്നാൽ ഡൽഹിയിൽ താമസിക്കുന്നവർക്ക് ഒരു ലോംഗ് വീക്കെൻഡ്, അല്ലെങ്കിൽ അവധിക്കാലം ചെലവഴിക്കുവാൻ തിരഞ്ഞെടുക്കാവുന്ന, മികച്ച ബഡ്‌ജറ്റ്‌ ടൂറിസ്റ്റ് പ്രദേശങ്ങളെയാണ് ഇനി പരിചയപ്പെടുത്തുവാൻ പോകുന്നത്. ഒരാൾക്ക് ഏകദേശം 5000 രൂപയിൽ താഴെ മാത്രം ചെലവു വരുന്ന ആ ലൊക്കേഷനുകൾ ഇവയാണ്.

1 ബിൻസാർ : ഉത്തരാഖണ്ഡ് സംസ്ഥാനത്തെ കുമായൂൺ മലനിരകളിലാണ് ഈ സ്ഥലം സ്ഥിതി ചെയ്യുന്നത്. വൈൽഡ് ലൈഫ് സഫാരി മുതലായ ആക്ടിവിറ്റികൾ ഇവിടെ ലഭ്യമാണ്. ഡൽഹിയിൽ നിന്നും 420 കിലോമീറ്ററോളം ദൂരമുണ്ട് ഇവിടേക്ക്. ഇവിടേക്ക് കുറഞ്ഞ ചെലവിൽ എങ്ങനെ എത്തിച്ചേരാം? ബസ് മാർഗ്ഗമാണ് ബിൻസറിൽ എത്തിച്ചേരുവാനുള്ള ഏറ്റവും ചെലവ് കുറഞ്ഞ മാർഗ്ഗം. പക്ഷേ ഡൽഹിയിൽ നിന്നും ഇവിടേക്ക് നേരിട്ട് ബസ് ലഭിക്കുവാൻ സാധ്യതയില്ല. നൈനിറ്റാൾ, അൽമോറ എന്നിവിടങ്ങളിൽ നിന്നും ബിൻസാറിലേക്ക് ബസ്സുകൾ ലഭ്യമാണ്. ഏകദേശം 1000 രൂപയോളം വരും ബസ് ചാർജ്ജ്.

അവിടെ താമസത്തിനാണെങ്കിൽ 500 രൂപ മുതലുള്ള ബഡ്‌ജറ്റ്‌ റൂമുകൾ ലഭ്യമാണ്. ഭക്ഷണത്തിനും മറ്റ് ആക്ടിവിറ്റികൾക്കും കൂടി ചിലപ്പോൾ 1000 രൂപ വന്നേക്കാം. ഇവയെല്ലാം ഒരു ഏകദേശ കണക്കാണ്. സീസൺ അനുസരിച്ചു ചിലപ്പോൾ ചാർജ്ജുകൾ കുറയുവാനും കൂടുവാനും സാധ്യതയുണ്ട്. ഒക്ടോബർ മുതൽ ഡിസംബർ വരെയുള്ള മാസങ്ങളിലാണ് ഇവിടം സന്ദർശിക്കുവാൻ ഏറ്റവും അനുയോജ്യം.

2 വാരണാസി : ഉത്തർ പ്രദേശ് സംസ്ഥാനത്ത് ഗംഗ നദിയുടെ പടിഞ്ഞാറൻ തീരത്ത് ഏതാണ്ട് 6 കിലോമീറ്ററിലധികം നീളത്തിൽ സ്ഥിതി ചെയ്യുന്ന ഒരു പട്ടണമാണ് വാരാണസി. ഹിന്ദുക്കളുടെയും, ബുദ്ധമതക്കാരുടേയും, ജൈനമതക്കാരുടേയും പുണ്യ നഗരമായ ഇത് ലോകത്തിലെ ഏറ്റവും പഴയ നഗരങ്ങളിൽ ഒന്നായി കണക്കാക്കപ്പെടുന്നു. ശിവക്ഷേത്രമായ കാശി വിശ്വനാഥക്ഷേത്രമാണ്‌ ഇവിടത്തെ ഏറ്റവും പ്രധാനപ്പെട്ട ക്ഷേത്രവും തീർത്ഥാടനകേന്ദ്രവും. വരാണസിയിലെ തദ്ദേശീയർ നെയ്യുന്ന സാരികൾ വളരെ പ്രശസ്തമാണ്. ഇവിടത്തെ പ്രാദേശികരീതിയിലുള്ള ഗുസ്തിയും മറ്റൊരു ആകർഷണമാണ്‌.

ഡൽഹിയിൽ നിന്നും ഏതാണ്ട് 800 കിലോമീറ്ററോളം ദൂരമുണ്ട് വരാണസിയിലേക്ക്. ട്രെയിൻ മാർഗ്ഗമാണ് ഇവിടേക്കുള്ള ഏറ്റവും ചെലവ് കുറഞ്ഞ യാത്രാമാർഗ്ഗം. ഫാമിലി യാത്രികരേക്കാൾ കൂടുതലായി സോളോ യാത്രികരാണ് ഇവിടെ വരാറുള്ളത്. അതുകൊണ്ടു തന്നെ വളരെ ചെലവ് കുറഞ്ഞ താമസസൗകര്യങ്ങൾ (150 രൂപ മുതൽ) വാരണാസിയിൽ ലഭ്യമാണ്. ഒക്ടോബർ മുതൽ മാർച്ച് വരെയുള്ള മാസങ്ങളാണ് വാരാണസി സന്ദർശിക്കുവാൻ ഏറ്റവും അനുയോജ്യം.

3. മുക്തേശ്വർ: ഉത്തരഖണ്ഡിലെ നൈനിറ്റാള്‍ ജില്ലയിൽ സ്ഥിതി ചെയ്യുന്ന ഒരു സ്ഥലമാണ് മുക്തേശ്വർ. അഡ്വഞ്ചർ യാത്രകൾ ഇഷ്ടപ്പെടുന്നവർക്ക് തിരഞ്ഞെടുക്കാവുന്ന ഒരു ലൊക്കേഷനാണ് ഇത്. റോക്ക് ക്ലൈംബിങ്, പാരാ ഗ്ലൈഡിംഗ്, ക്യമ്പിങ് തുടങ്ങിയ സാഹസിക ആക്ടിവിറ്റികൾ ഇവിടെ ലഭ്യമാണ്. ഡൽഹിയിൽ നിന്നും 380 ഓളം കിലോമീറ്റർ ദൂരമുണ്ട് മുക്തേശ്വറിലേക്ക്. ബസ് മാർഗ്ഗമോ ട്രെയിൻ മാർഗ്ഗമോ മാറിക്കയറി ആളുകൾക്ക് ഇവിടെ എത്താവുന്നതാണ്. 500 രൂപ മുതൽ താമസ സൗകര്യങ്ങൾ ലഭിക്കും. ഒക്ടോബറിനും ഡിസംബറിനും ഇടയിലും, മാർച്ച് – ജൂലൈ മാസങ്ങൾക്ക് ഇടയിലുമാണ് ഇവിടം സന്ദർശിക്കുവാൻ ഏറ്റവും അനുയോജ്യം.

4. അമൃത്സർ : പഞ്ചാബ് സംസ്ഥാനത്തിന്റെ പടിഞ്ഞാറ് ഭാഗത്തായി ഇന്ത്യയുടെ അതിർത്തിയോട് ചേർന്ന് കിടക്കുന്ന ഒരു പട്ടണമാണ് അമൃതസർ. ഇന്ത്യ പാകിസ്താൻ അതിർത്തിയോട് വളരെയടുത്താണ് ഇത് സ്ഥിതി ചെയ്യുന്നത്. സിഖ് മത വിശ്വാസികളുടെ പുണ്യസ്ഥലമാണ് അമൃസർ. ഇതിനെ സുവർണ നഗരമെന്നും അറിയപ്പെടുന്നു. സിഖ് മതക്കാരുടെ വിശുദ്ധ ഗ്രന്ഥമായ ഗുരുഗ്രന്ഥ സാഹിബ് സൂക്ഷിച്ചിരിക്കുന്ന സുവർണ ക്ഷേത്രം ഇവിടെയാണ് സ്ഥിതിചെയ്യുന്നത്. ജാലിയാൻ വാലാബാഗ് സ്ഥതിചെയ്യുന്നത് ഇതിനടുത്താണ്. ഇവിടം സന്ദർശിക്കുന്നവർക്ക് വാഗാ ബോർഡറിൽ പോകുവാനും സാധിക്കും.

ഡൽഹിയിൽ നിന്നും 450 കിലോമീറ്റർ അകലെയായി സ്ഥിതി ചെയ്യുന്ന അമൃത്സറിലേക്ക് ബസ് മാർഗ്ഗത്തിലാണ് ചെലവ് കുറച്ച് എത്തിച്ചേരാനാകുന്നത്. എട്ടു മണിക്കൂറോളം നീളുന്ന ബസ് യാത്രയ്ക്ക് അഞ്ഞൂറോളം രൂപ ചെലവ് വരും. ട്രെയിൻ മാർഗ്ഗമാണ് പോകുന്നതെങ്കിൽ 600 രൂപ ചാർജ്ജിൽ 6 മണിക്കൂർ കൊണ്ട് എത്തിച്ചേരാം. ഒക്ടോബർ മുതൽ ഏപ്രിൽ വരെയുള്ള മാസങ്ങളിലാണ് ഇവിടം സന്ദർശിക്കുവാൻ ഏറ്റവും അനുയോജ്യം.