ഇടുക്കിയിൽ ടൂറിസ്റ്റുകൾ അധികമാരും സന്ദർശിക്കാത്ത ചില സ്ഥലങ്ങൾ..

കേരളത്തില്‍ ഏറ്റവും കൂടുതല്‍ ടൂറിസ്റ്റ് കേന്ദ്രങ്ങളുള്ള ജില്ലയേതെന്ന് ചോദിച്ചാല്‍ ഒരു പക്ഷെ ഇടുക്കി എന്നായിരിക്കും ഉത്തരം. പ്രകൃതിയുടെ സൗന്ദര്യത്തിന് ഇത്രയും വശ്യതയുണ്ടോ എന്നു തോന്നുന്ന സുന്ദരക്കാഴ്‌ചകളാണ് ഇടുക്കിയിൽ. അണക്കെട്ടുകളും തേയിലത്തോട്ടങ്ങളും മഞ്ഞുപെയ്യുന്ന മലനിരകളും റിസർവോയറുകളും ഒന്നാന്തരം തേയിലയിട്ട കട്ടൻ ചായയുമെല്ലാമാണ് ഇടുക്കിയെ മറ്റുള്ള ടൂറിസ്റ്റു കേന്ദ്രങ്ങളിൽ നിന്നും വ്യത്യസ്തമാക്കുന്നത്. മൂന്നാർ ആണ് ഇടുക്കി ജില്ലയിലെ പ്രധാനപ്പെട്ട ടൂറിസ്റ്റു കേന്ദ്രം. മൂന്നാറിനെ കൂടാതെ തേക്കടി, വാഗമൺ, ഇടുക്കി – ചെറുതോണി ഡാമുകൾ എന്നിവയും വിനോദസഞ്ചാരികളുടെ പറുദീസയാണ്. എന്നാൽ മൂന്നാറും തേക്കടിയുമെല്ലാം കണ്ടു രസിച്ചു മടങ്ങുന്ന സഞ്ചാരികൾ കാണാതെ പോകുന്ന ചില സ്ഥലങ്ങൾ കൂടിയുണ്ട് ഇടുക്കിയെന്ന ഈ മിടുമിടുക്കിയിൽ. അങ്ങനെയുള്ള അഞ്ചു സ്ഥലങ്ങളെ നമുക്കൊന്ന് പരിചയപ്പെടാം.

പാല്‍കുളമേട് : സമുദ്രനിരപ്പില്‍ നിന്ന് 3200 റോളം അടി ഉയരത്തില്‍ നിലകൊള്ളുന്ന ഗിരിശൃംഗമായ പാല്‍കുളമേടിനെക്കുറിച്ച് കേട്ടിട്ടുണ്ടോ? മൂവാറ്റുപുഴയിൽ നിന്നും 60 കിലോമീറ്റർ ദൂരം മാത്രമുള്ള ഇവിടേയ്ക്ക് വണ്ണപ്പുറം, ചേലച്ചുവട് കൂടിയുള്ള കട്ടപ്പന റൂട്ടിലെ ചുരളി കവലയിലെ പാലത്തിന് വലതു വശത്തുള്ള വഴിയിലൂടെയാണ് പോകുന്നത്. എറണാകുളം ഭാഗത്തു നിന്നും വരുന്നവരാണ് പ്രധാനമായും ഈ വഴി തിരഞ്ഞെടുക്കുന്നത്. ചുരളിയിൽ നിന്നും ആൽപ്പാറ കൂടി രണ്ട് കിലോമീറ്റർ കഴിഞ്ഞ് വഴി രണ്ടായി തിരിയുന്നു. ഒന്ന് പാൽകുളമേട് വെള്ളച്ചാട്ടത്തിന് താഴെക്കുള്ളതും, വലതു വശം മുകളിലേയ്ക്ക് കാണുന്ന വഴി പാൽകുളമേട് വെള്ളച്ചാട്ടത്തിനു മുകൾ ഭാഗത്തേയ്ക്കും ഉള്ളതാണ്. മുകളിലേക്ക് ഉള്ള വഴി കഷ്ടിച്ച് ഒരു ജീപ്പ് പോകാൻ മാത്രം വീതിയുള്ളതാണ്. കല്ലും മണ്ണും നിറഞ്ഞ ഈ വഴിയുടെ ഒരു വശത്ത് അഗാധമായ കൊക്കയാണ്. ഈ വഴിയിലെ 21 കൊടുംവളവുകൾ താണ്ടിവേണം മുകളിലെത്തുവാൻ. ഏകദേശം മൂന്നു കിലോമീറ്റർ ദൂരമുണ്ട് മുകളിലേക്കുള്ള ഈ വഴിക്ക്. മുകളിലെത്തിയപ്പോളുള്ള ഇടുക്കിയുടെ ആകാശകാഴ്ച വര്‍ണനാതീതമാണ്. കുറവന്‍,കുറത്തി മലകളും ദൂരെയായി അഭിമാനത്തോടെ തലയുയർത്തി നിൽക്കുന്ന ആനമുടിയും ഇവിടെ നിന്നും നോക്കിയാൽ കാണാം. ഹൈക്കിംങിനും ട്രെക്കിംങിനും സൌകര്യമുള്ള ഈ കൊടുമുടിയില്‍ വര്‍ഷത്തില്‍ എപ്പോള്‍ വേണമെങ്കിലും സന്ദര്‍ശിക്കാം.

പാഞ്ചാലിമേട് : ഐതിഹ്യങ്ങളൊളിപ്പിച്ചു വെച്ചിരിക്കുന്ന ഒരു കൊച്ചു സുന്ദരി, അതാണ്‌ പാഞ്ചാലിമേട്. കുട്ടിക്കാനത്തിനു സമീപമാണ് അധികമാരും സന്ദർശിക്കാത്ത ഈ സ്ഥലം. സമുദ്രനിരപ്പിൽ നിന്നും 2500 അടി ഉയരത്തിലാണ് പാഞ്ചാലിമേടിന്റെ സ്ഥാനം. കോട്ടയം – കുമളി പാതയിലെ മുറിഞ്ഞപുഴയിൽ നിന്നും ഏകദേശം നാലു കിലോമീറ്റർ ദൂരെ മുകൾ ഭാഗത്തായാണ് പാഞ്ചാലിമേട് സ്ഥിതി ചെയ്യുന്നത്. അത്യാവശ്യം നല്ലൊരു കയറ്റം തന്നെ ഇവിടേക്ക് കയറേണ്ടി വരും. കോട്ടയത്ത് നിന്നും വരുമ്പോൾ, മുണ്ടക്കയം-തെക്കേമല വഴിയും ഇവിടെ എത്തിച്ചേരാം. വനവാസക്കാലത്ത് പാണ്ഡവർ ഇവിടെ താമസിച്ചിരുന്നു എന്നാണ് ഐതിഹ്യം. പാഞ്ചാലിക്കുളവും, ക്ഷേത്രവും, പാണ്ഡവർ ഭക്ഷണം പാകം ചെയ്യാനുപയോഗിച്ച അടുപ്പുകല്ലുകൾ എന്ന് വിശ്വസിക്കുന്നവയുമെല്ലാം ഇവിടെ കാണാം. മലനിരകളും, സാഹസികമായ ഗുഹാകവാടവും കണ്ണെത്താദൂരത്തു പരന്നു കിടക്കുന്ന താഴ്‌വാരഭംഗിയും കോടമഞ്ഞും കാറ്റും സൂര്യോദയവും സൂര്യാസ്തമയവുമെല്ലാം തുടങ്ങി നിരവധി കാഴ്ചകളുടെ ഒരു സ്വർഗം തന്നെയാണ് പാഞ്ചാലിമേട്. ഇവിടെ ഉള്ള രണ്ടു കുന്നുകളിൽ ഒന്ന് ഒരു കുരുശുമലയും മറ്റേതിൽ ശ്രീഭുവനേശ്വരിയുടെ ക്ഷേത്രവും തകർന്ന ശിവലിംഗവും ഉണ്ട്. ചില സിനിമകളിൽ ഈ മനോഹരമായ സ്ഥലം മുഖം കാണിച്ചിട്ടുണ്ട്.

തൂവാനം – ഇടുക്കി ജില്ലയിലെ മൂന്നാറിൽ സ്ഥിതി ചെയ്യുന്ന ഒരു വെള്ളച്ചാട്ടമാണ് തൂവാനം വെള്ളച്ചാട്ടം. ചിന്നാർ വന്യജീവി സങ്കേതത്തിനുള്ളിൽ പാമ്പാറിലാണ് വെള്ളച്ചാട്ടത്തിന്റെ സ്ഥാനം. മറയൂർ – ഉടുമലൈ സംസ്ഥാന പാതയിൽ നിന്ന് എട്ട് കിലോമീറ്റർ അകലെയായാണ് വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്. 84 അടി ഉയരത്തിൽനിന്നാണ് ഇവിടെ വെള്ളച്ചാട്ടം താഴേക്ക് പതിക്കുന്നത്. മറയൂർ – ചിന്നാർ റൂട്ടിൽ നിന്നാൽ താഴെ ദൂരെയായി ഈ വെള്ളച്ചാട്ടം കാണാനാകും. റോഡിൽ നിന്ന് വെള്ളച്ചാട്ടം വീക്ഷിക്കുന്നതിന് പുറമേ വന ത്തിലൂടെ സഞ്ചരിച്ച് സുരക്ഷിതമായി വെള്ളച്ചാട്ടം കാണുവാനായി പരിചയ സമ്പന്നരായ ഗൈഡുകളുടെ സഹായത്തോടെയുള്ള ട്രെക്കിംഗുകൾ ഇവിടെ ലഭ്യമാണ്. ഇതിനു സമീപത്തായി കാടിനുള്ളിൽ താമസിക്കുന്നതിനുള്ള സൗകര്യങ്ങളും ഉണ്ട്. തൂവെള്ള നിറത്തിൽ പതഞ്ഞ് പാലുപോലെ കുത്തിയൊഴുകുന്നതു കൊണ്ടാണ് ഈ വെള്ളച്ചാട്ടത്തിനു തൂവാനം എന്ന പേര് വന്നത്.

അമ്മച്ചിക്കൊട്ടാരം – പീരുമേടിനു സമീപം കുട്ടിക്കാനത്താണ് തിരുവിതാംകൂർ രാജ്ഞിയുടെ വേനൽക്കാല വസതിയായിരുന്ന കൊട്ടാരം സ്ഥിതി ചെയ്യുന്നത്. തിരുവിതാംകൂറില്‍ തായ് വഴി ഭരണകാലത്ത് റാണി പദവി രാജാവിന്‍റെ സഹോദരിക്കായിരുന്നു. രാജാവിന്‍റെ പത്നിക്ക്‌ അമ്മച്ചി പദവിയും. ആയതിനാലാണ് ഇതിനു അമ്മച്ചിക്കൊട്ടാരം എന്ന വിളിപ്പേര് വന്നത്. ഇന്നിത് സ്വകാര്യ വ്യക്തികളുടെ ഉടമസ്ഥതയിലാണ്. ഒരു കാര്യസ്ഥൻ മാത്രമാണ് ഇവിടെ ഇപ്പോൾ താമസം. ചില സിനിമകളിൽ മുഖം കാണിച്ചതോടെയാണ് അമ്മച്ചിക്കൊട്ടാരത്തെക്കുറിച്ച് ആളുകൾ അറിഞ്ഞു തുടങ്ങുന്നത്. ഹാസ്യം, താവളം, ഇന്ദ്രിയം, പൈലറ്റ്‌സ്, കൂടാതെ ഈയിടെ ഇറങ്ങിയ ഫഹദ് ഫാസിലിന്റെ ‘കാർബൺ’ എന്നീ ചിത്രങ്ങളിലും ദുരൂഹത പടർത്തുന്ന ബംഗ്‌ളാവായി തകർത്തഭിനയിച്ചിരിക്കുന്നത് ഈ കൊട്ടാരമാണ്. കെ.കെ റോഡില്‍ കുട്ടിക്കാനത്തിന് സമീപത്താണ് കൊട്ടാരം. കുട്ടിക്കാനത്തു നിന്ന് വാഹനത്തിലോ കെ.എ.പി. ബറ്റാലിയന് സമീപത്തുനിന്ന് കാട്ടിലൂടെ കാല്‍നടയായോ ഇവിടെത്താം. ബൈക്ക്, കാർ, ജീപ്പ് തുടങ്ങി മിനി ബസ്സുകൾ വരെ കൊട്ടാരമുറ്റത്ത് ചെല്ലും.

ആനയിറങ്ങൽ ഡാം – സഞ്ചാരികളുടെ പറുദീസയായ മൂന്നാറിൽ നിന്നും 22 കിലോമീറ്റർ ദൂരെയായാണ് ആനയിറങ്ങൽ ഡാം സ്ഥിതി ചെയ്യുന്നത്‌. ചിന്നക്കനാലിൽ നിന്നും ഏഴു കിലോമീറ്റർ പോയാൽ ഇവിടെയെത്തിച്ചേരാം. ഡാമിലെ റിസർവ്വോയറിൽ ബോട്ടിംഗ് സൗകര്യങ്ങൾ ലഭ്യമാണ്. ഒപ്പം കുട്ടവഞ്ചി യാത്രയും അവിടെ ഒരുക്കിയിട്ടുണ്ട്. തടാകത്തില്‍ വെള്ളംകുടിയ്ക്കാനെത്തുന്ന കാട്ടാനക്കൂട്ടങ്ങളെയും ഇടക്കിടെ കാണാം. ഡാമിൽ കയറുവാൻ എൻട്രി ഫീസ് ഉണ്ട്. ഒപ്പം നല്ല പാർക്കിങ് ഏരിയയും ലഭ്യമാണ്. വളരെ ദൂരത്തോളം നീളുന്ന കാടുകളും, തേയിലത്തോട്ടങ്ങളും നമുക്ക് ഇവിടെ കാണാം. മൂന്നാർ സന്ദർശിക്കുന്നവർ തീർച്ചയായും വരേണ്ട സ്ഥലങ്ങളിൽ ഒന്നാണ് ആനയിറങ്ങൽ ഡാം.

ഈ അഞ്ചു സ്ഥലങ്ങൾ ചുമ്മാ ഒരു ലിസ്റ്റ് ഇട്ടെന്നേയുള്ളൂ. ഇതിലധികം സ്ഥലങ്ങൾ ഇടുക്കിയിൽ ലിസ്റ്റ് ചെയ്യപ്പെടാൻ ഇനിയും ബാക്കിയുണ്ട്. “ചിരി തൂകും പെണ്ണല്ലോ ഇടുക്കി… മിടുമിടുക്കി..” മഹേഷിന്റെ പ്രതികാരം സിനിമയിലെ ഈ പാട്ടു പോലെത്തന്നെ സുന്ദരിയാണ് നമ്മുടെ ഇടുക്കിയും.