കറന്റ് ബിൽ 80 കോടി രൂപ; KSEB യെ കടത്തിവെട്ടി MSEDCL

KSEB യൊക്കെ എന്ത് ‌ MSEB യുടെ മുന്നിൽ? ഒരു മാസത്തെ വൈദ്യുതി ബിൽ 80 കോടി രൂപ. കേരളത്തിൽ ലോക്ക് ഡൗൺ കാലത്ത് ജനങ്ങൾക്ക് ഇരുട്ടടിയായി KSEB വളരെ ഉയർന്ന തുകയുടെ വൈദ്യുതിബിൽ നൽകിയത് വലിയ വിവാദമായിരുന്നല്ലോ. എന്നാൽ KSEB യെ എല്ലാ അർത്ഥത്തിലും കടത്തിവെട്ടി ഞെട്ടിക്കുന്ന വൈദ്യുതിബിൽ നൽകിയിരിക്കു കയാണ് മഹാരാഷ്ട്ര സ്റ്റേറ്റ് ഇലക്ട്രിസിറ്റി ഡിസ്ട്രിബ്യുഷൻ കമ്പനി ലിമിറ്റഡ് (MSEDCL).

പൂണെയിൽ ഒരു ചെറുകിട നിർമ്മാണയൂണിറ്റു നടത്തുന്ന മലയാളിയായ ബാബു ജോണിനാണ് 80 കോടി രൂപയുടെ (79,07,06,190 ) ഒരു മാസത്തെ വൈദ്യുതി ബിൽ നൽകി എല്ലാവരെയും ഞെട്ടിച്ചുകളഞ്ഞത്. പൂണെയിലെ ബോസരി ഇന്ദ്രായനി നഗരാതിർത്തിയിൽ സ്ഥിതിചെയ്യുന്ന ഈ യൂണിറ്റിൽ പ്രതിമാസം സാധാരണ ഒരു ലക്ഷം മുതൽ ഒന്നരലക്ഷം രൂപവരെയായിരുന്നു ബിൽ ലഭിച്ചിരുന്നത്. ജൂൺ 29 നു മുൻപായി ബിൽ അടച്ചില്ലെങ്കില് ഒരു കോടി രൂപ പിഴയും അടക്കേണ്ടി വരുമെന്നായിരുന്നു ബില്ലിൽ പറഞ്ഞിരുന്നത്.

ബിൽ കണ്ടു ഞെട്ടിത്തരിച്ചുപോയ ഫാക്ടറിയുടമ ബാബു ജോൺ ഉടനെ തന്നെ Small Scale Industries Association നുമായി ബന്ധപ്പെടുകയും കാര്യം അവരെ മനസ്സിലാക്കുകയും ചെയ്തു. അസോയിയേഷൻ ഉടൻ തന്നെ MSEDCL മായി ബന്ധപ്പെടുകയും പരാതി ഉന്നയിക്കുകയും ചെയ്തു. അപ്പോഴാണ് 80 കോടിയുടെ ബില്ലിന്റെ പിന്നിലെ യാഥാർഥ്യം മനസ്സിലാകുന്നത്.

കൊറോണക്കാലം ആയതിനാൽ കഴിഞ്ഞ മൂന്നു മാസത്തെ മീറ്റർ റീഡിംഗ് എടുക്കുവാൻ ഇലക്ട്രിസിറ്റി ബോർഡിന് സാധിച്ചിരുന്നില്ല. ഇക്കാരണത്താൽ തങ്ങളുടേതായ ചില കണക്കുകൂട്ടലുകൾ കൊണ്ടാണത്രേ ഇലക്ട്രിസിറ്റി ബോർഡ് ബില്ല് തയ്യാറാക്കിയത്. അങ്ങനെയാണ് ബിൽ 80 കോടിയിലേക്ക് എത്തിച്ചേർന്നത്.

ബാബു ജോണിന്റെ അഭിപ്രായത്തിൽ, കോവിഡ് കാലമായതിനാൽ പ്രൊഡക്ഷൻ വളരെ കുറവായിരുന്നു അപ്പോൾ സ്വാഭാവികമായും വൈദ്യുതി ബില്ലും കുറയേണ്ടതായിരുന്നു.പക്ഷേ 80 കോടിയുടെ ബിൽ കണ്ടു ഞെട്ടിപ്പോയി. ഉടൻ തന്നെ MSEDCL അധികാരികൾക്ക് പരാതി നൽകിയതിനാൽ അന്വേഷണ ഉത്തരവായി. ഇപ്പോൾ അന്വേഷണം പൂർത്തിയാക്കിയശേഷം 85000 രൂപയുടെ പുതിയ ബിൽ നൽകിയിരിക്കുകയാണ് അധികൃതർ.

ധാരാളം സ്ഥാപനങ്ങൾക്കും വീടുകൾക്കുമൊക്കെ ഇത്തരത്തിൽ വൻ തുകയാണ് ഇപ്രാവശ്യം മഹാരാഷ്ട്രയിൽ വൈദ്യുതി ബിൽ വന്നിരിക്കുന്നത്. ഇവരുടെയൊക്കെ പരാതി പരിഹരിക്കലാണ് ഈ കോവിഡ് കാലത്ത് മഹാരാഷ്ട്ര സ്റ്റേറ്റ് ഇലക്ട്രിസിറ്റി ഡിസ്ട്രിബ്യുഷൻ കമ്പനി ലിമിറ്റഡിനു കിട്ടിയ പണി.

കടപ്പാട് – പ്രകാശ് നായർ മേലില.