വേമ്പനാട്ടു കായലിൽ ഒരു സുന്ദര സായാഹ്നം; ചെലവ് 18 രൂപ

Travelogue by: Adis Basil.

കോട്ടയത്ത് ജോലി ചെയ്യുന്ന മലബാറുകാരായ ഞങ്ങൾക്ക് ഒറ്റ ദിവസത്തെ ലീവ് നാട്ടിൽ പോവാൻ അപര്യാപ്തമാണ്. അലക്കു കല്ലുമായുള്ള മൽപ്പിടുത്തമാണ് സാധാരണ ഇത്തരം ദിവസങ്ങളിലെ പ്രധാന ജോലി. ഈ ഞായറാഴ്ച്ച ഒരു ബോട്ട് യാത്ര ആവാമെന്ന് ആദ്യമേ തീരുമാനിച്ചതാണ്. കോട്ടയം നിന്നും ആലപ്പുഴ വരെ 2 മണിക്കൂർ ഗവണ്മെന്റ് ബോട്ട് സർവീസ് ആയിരുന്നു ലക്ഷ്യം.

രാവിലെ പോയി വൈകിട്ട് തിരിച്ചെത്തുന്ന പ്ലാൻ ആയിരുന്നു. പക്ഷെ ചില സാങ്കേതിക തടസ്സങ്ങൾ കാരണം (കഴിഞ്ഞ ആഴ്ച്ച നിക്കാഹ് കഴിഞ്ഞ ഒരുത്തനെ, ഫോണുമായുള്ള ബന്ധം വേർപെടുത്തി കൊണ്ടുവരുന്ന ജോലി) വൈകിട്ടത്തെ പരിപാടിയായി മാറി. ബൈക്കെടുത്ത് കാഞ്ഞിരം ബോട്ട് ജെട്ടിയിൽ എത്തി. അവിടെ നിന്നും 4 മണിയുടെ ബോട്ട് കയറി. സീറ്റിങ് അറേഞ്ച്‌മെന്റിന്റെ വിശാലത കണ്ടപ്പോൾ ആനവണ്ടി ഓർമ വന്നു. സമയക്കുറവ് മൂലം കണ്ടക്റ്റർ ചേട്ടന്റെ നിർദേശപ്രകാരം ആലപ്പുഴ വരെ പോവാതെ ‘കമലൻ മൂല’യ്ക്ക് ടിക്കറ്റെടുത്തു.

വേമ്പനാട്ടു കായൽ ആദ്യമായി കാണുന്ന ഞങ്ങൾ മൂന്നു പേർക്കും മനോഹര കാഴ്ചകൾ തന്നുകൊണ്ട്‌ സർക്കാർ ബോട്ട് H ബ്ലോക്കും ചിറ്റപ്പൻ ജെട്ടിയും R ബ്ലോക്കും പിന്നെ പേരറിയാത്ത പല ജെട്ടികളും കടന്നു പോയി.. സ്ഥിരം യാത്ര ചെയ്യുന്ന ബോട്ട് ജോലിക്കാർ പോലും യാത്ര ആസ്വദിക്കുന്നതായി തോന്നി. ഞാൻ ബോട്ടിന്റെ ഉമ്മറപ്പടിയിലായിരുന്നു ഇരുന്നത്. ആഴമറിയാത്തത് കൊണ്ടാവണം, കയ്യകലത്തിലുള്ള വെള്ളം കണ്ട് പേടി തോന്നിയില്ല. കരയുമായുള്ള ബന്ധം വേർപെട്ട് മറ്റേതോ ലോകത്തിൽ എത്തിപ്പെട്ട പോലെ.

കിടിലൻ ക്ലൈമറ്റ് ആയിരുന്നു. മേലെ നീലാകാശവും താഴെ പച്ചക്കായലും മാത്രം. പല തുരുത്തിലും ഒറ്റപ്പെട്ട വീടുകൾ.. യാത്ര പോയ വീട്ടുകാർ തിരിച്ച് വരുന്നത് ദൂരെ നിന്ന് കണ്ട് ജെട്ടിയിൽ അക്ഷമയോടെ വാലാട്ടി നിൽക്കുന്ന നായ്‌ക്കുഞ്ഞുങ്ങൾ… അവർ കരയിലേക്ക് കാലെടുത്തു വെക്കുമ്പോഴേക്ക് നായ്‌ക്കുഞ്ഞുങ്ങൾ ഓടിപ്പൊതിയുന്നത് വല്ലാത്ത കാഴ്ച തന്നെ.

രണ്ടു വാക്കുകൾ പെട്ടെന്ന് മനസ്സിൽ വന്നു: ‘മനുഷ്യത്വം’, ‘മൃഗത്വം’. സ്നേഹത്തിന്റെ കാര്യത്തിൽ ‘മൃഗത്വം’ അല്ലേ ശരിക്കും കാണിക്കേണ്ടത് എന്ന് തോന്നി. കണ്ട കാഴ്ചകൾ പകർത്താൻ ഒരു ക്യാമറ ഇല്ലല്ലോ എന്ന് പരിതപിച്ചു കൊണ്ട് ഫോണിൽ ചറപറാ ക്ലിക്കി. ഏതോ ഒരു തുരുത്തിൽ കണ്ട, ചെടികളും പൂക്കളും കൊണ്ട് മുൻഭാഗം മുഴുവൻ അലങ്കരിച്ച കൊച്ചു വീട്,, നഗരത്തിരക്കുകൾകിടയിൽ നിന്ന് വരുന്നവർക്ക് സ്വസ്ഥതയുടെയും സമാധാനത്തിന്റെയും വില എന്താണെന്ന് ഓർമിപ്പിച്ചു തരും.

6.15 ന് ആലപ്പുഴ നിന്ന് വരുന്ന ബോട്ട് എത്തും എന്ന കണ്ടക്റ്ററുടെ ഉറപ്പിൽ 5.15 ന് R ബ്ലോക്കിനപ്പുറം കമലൻ മൂലയിൽ ഇറങ്ങി. ഒരു ദ്വീപാണ്. അധികം ആൾതാമസമുള്ളതായി തോന്നുന്നില്ല. ഒരു റെസ്റ്റോറന്റ് മാത്രം. കള്ളും ബീഫും മാത്രമേ സ്റ്റോക്ക് ഉണ്ടായിരുന്നുള്ളൂ. ഒരു പാക്ക് ബിസ്കറ്റും വെള്ളവും വാങ്ങി, ചുറ്റും നടന്ന് കുറച്ച് ഫോട്ടോ എടുത്തു.. സൂര്യൻ പത്തി താഴ്ത്തുന്ന കാഴ്ചയും കണ്ട് നിലയ്ക്കാത്ത കാറ്റും കൊണ്ടുള്ള ആ ഇരിപ്പ് തീർന്നില്ലെങ്കിൽ എന്ന് ആഗ്രഹിച്ചു പോയി..

ഓർക്കാൻ ഒരുപാട് ഓർമകൾ ഉള്ളവർക്ക് ഗതകാല സ്മരണ തികട്ടി വരുന്ന യാത്രയായിരിക്കും ഇത്. കപ്പിൾസ് ആണെങ്കിൽ പരസ്പരം സംസാരിക്കാതെ തന്നെ നിങ്ങളുടെ പ്രണയം കൈമാറാം. ഫിലോസഫി ഇഷ്ടമുള്ളവരാണെങ്കിൽ മനസ്സിന്റെ വടക്കു കിഴക്കേ അറ്റത്ത് അടുക്കി വെച്ച ചിന്തകളെ കനലിട്ടു പുകയ്ക്കാം.
ജീവിതത്തിൽ കൊച്ചുകൊച്ചു നിരാശകൾ ബാധിച്ച് മൂഡ്ഓഫ്‌ ആയി ഇരിക്കുന്നവർ ഒന്നിവിടെ വരണം. വേമ്പനാട്ടു കായൽ നിങ്ങൾക്കായി ഒരു പോസിറ്റിവ് എനർജി കാത്തു വെച്ചിട്ടുണ്ട്.

അങ്ങനെ ആഗ്രഹിക്കാത്ത ആ അതിഥി എത്തി. 6.15 ന്റെ ബോട്ട്. (നിന്നോടിപ്പോ ഞാൻ ബോട്ട് കൊണ്ട് വരാൻ പറഞ്ഞോ ബലരാമാ… തിലകൻ.jpg 😂) വീണ്ടും നല്ല കാഴ്ചകളുമായി തിരിച്ച് കാഞ്ഞിരത്തേക്ക്. Up & down ടിക്കറ്റ് ചാർജ് 9+9 = 18/- രൂപ (ഒരാൾക്ക്). കാത്തിരിക്കാൻ അവിടെ ആരോ ഉള്ള പോലെ ഒരു ഫീലിംഗ്,, ഇനിയും പോവണം..