നുവാറ ഏലിയാ : ശ്രീലങ്കയിലെ മൂന്നാറിലേക്ക് ഒരു കിടിലൻ റോഡ് ട്രിപ്പ്

‘ശ്രീലങ്കയിലെ മൂന്നാർ’ എന്നു വിശേഷിപ്പിക്കപ്പെടാവുന്ന നുവാറ ഏലിയായിലേക്കുള്ള യാത്രയിലായിരുന്നു ഞങ്ങൾ. അവിടത്തെ ആളുകളുടെ റോഡ് മര്യാദകൾ ഞങ്ങളെ ശരിക്കും ആശ്ചര്യപ്പെടുത്തി. പോകുന്ന വഴിയ്ക്ക് കുറുകെ ഒരു റെയിൽവേ ലൈൻ പോകുന്നുണ്ടായിരുന്നു. ശരിക്കുള്ള ഗേറ്റ് ഇല്ലാതിരുന്നിട്ടു കൂടി ട്രെയിനിനു കടന്നു പോകുവാനായി വാഹനങ്ങളെല്ലാം അവിടെ നിർത്തിയിട്ടിരുന്ന കാഴ്ച കണ്ടപ്പോൾ ഞാൻ ഓർത്തത് നമ്മുടെ നാട്ടിലെ ലെവൽക്രോസുകളിൽ കാണപ്പെടുന്ന സ്ഥിരം കാഴ്ചകളാണ്. ഗേറ്റ് അടയ്ക്കുന്നതിന് മുൻപ് അപ്പുറം കടക്കുവാൻ നമ്മുടെയാളുകൾ കുത്തിക്കയറ്റി ബ്ലോക്ക് ആക്കി, ഒടുവിൽ വാഹനങ്ങൾ പോകുന്നതു വരെ ട്രെയിൻ നിർത്തിക്കൊടുക്കുക്കേണ്ടി വരെ വരാറുണ്ട്.

ശ്രീലങ്കയിലെ കാഴ്ചകളെല്ലാം കേരളത്തിനോട് സാദൃശ്യമുള്ളതായിരുന്നു. റോഡുകളുടെ കണ്ടീഷൻ ആണെങ്കിൽ വളരെ മികച്ചതുമായിരുന്നു. റോഡുകളിൽ അടയാളങ്ങൾ കൃത്യമായി അടയാളപ്പെടുത്തിയിട്ടുണ്ട്. ആളുകളെല്ലാം അത് നോക്കിയാണ് യാത്ര ചെയ്യുന്നതും. അങ്ങനെ ഞങ്ങൾ നഗരപരിധി പിന്നിട്ട് ഗ്രാമാന്തരീക്ഷത്തിലൂടെയായി പിന്നീട് ഞങ്ങളുടെ യാത്ര. കുറച്ചു കഴിഞ്ഞപ്പോൾ ഹൈറേഞ്ച് ഏരിയ ആയിത്തുടങ്ങി.

ചുറ്റിനും തേയിലത്തോട്ടങ്ങളും മലനിരകളുമെല്ലാം… ശരിക്കും നമ്മുടെ നാട്ടിലെ മൂന്നാർ തന്നെ. സത്യം പറഞ്ഞാൽ ശ്രീലങ്കയിൽ ഇത്തരത്തിലുള്ള സ്ഥലങ്ങൾ ഉണ്ടെന്നു ഞങ്ങൾ യാത്ര പ്ലാൻ ചെയ്തപ്പോൾ വിചാരിച്ചിരുന്നില്ല. കയറ്റം കയറുന്തോറും അന്തരീക്ഷത്തിലെ തണുപ്പ് കൂടിക്കൂടി വരുന്നുണ്ടായിരുന്നു. നമ്മുടെ മൂന്നാറിലെപ്പോലെ തന്നെ പണ്ടുകാലത്ത് അവിടെയും ബ്രിട്ടീഷുകാരുടെ അധീനതയിലായിരുന്നു. അതിൻ്റെ ചില ഗുണങ്ങളൊക്കെ അവിടെയും കാണുവാൻ സാധിക്കും.

ചുരം പാതയിൽ വശങ്ങളിൽ മലയിടിയാതിരിക്കുവാൻ നല്ല കട്ടിയുള്ള കമ്പികൾ കൊണ്ട് ഒരു ആവരണം തീർത്തിരിക്കുന്നതായി കണ്ടു. അപകടങ്ങൾ ഒരുപരിധി വരെ ഒഴിവാക്കുവാൻ ഇതുമൂലം സാധിക്കും. ഞങ്ങൾ കാഴ്ചകളൊക്കെ ആസ്വദിച്ചു വണ്ടറടിച്ചിരിക്കുമ്പോൾ ഒരു കിടിലൻ വ്യൂ പോയിന്റ് ഉള്ള ഹോട്ടലിൽ ചായ കുടിക്കുവാൻ കയറാമെന്ന് ഡ്രൈവർ ജനക പറഞ്ഞു. പുള്ളി പറഞ്ഞത് വെറുതെയായില്ല, അതിമനോഹരമായ പച്ചപ്പിന്റെ കിടിലൻ ദൃശ്യം തന്നെയായിരുന്നു ഞങ്ങൾക്ക് അവിടെ നിന്നും കാണുവാൻ സാധിച്ചത്. അകലെയായി മനോഹരമായ ഒരു വെള്ളച്ചാട്ടവും കാണുവാൻ സാധിച്ചു.

ഹോട്ടലിൽ നിന്നും ചായയൊക്കെ കുടിച്ചു ഞങ്ങൾ വീണ്ടും യാത്ര തുടർന്നു. കുറേദൂരം മുന്നോട്ടു പോയപ്പോൾ റോഡിന്റെ ഇടതുവശത്തായി തൊട്ടടുത്ത് വെള്ളച്ചാട്ടം കണ്ടു. റാംബോഡാ വെള്ളച്ചാട്ടം എന്നായിരുന്നു അതിന്റെ പേര്. വെള്ളച്ചാട്ടത്തിനടുത്തായി ഒരു തുരങ്കവും ഉണ്ടായിരുന്നു. അതിലൂടെ കടന്നു ഞങ്ങൾ യാത്ര തുടർന്നു. കുറച്ചു കഴിഞ്ഞപ്പോൾ ഞങ്ങൾക്ക് വിശക്കുവാൻ തുടങ്ങി. വെള്ളച്ചാട്ടത്തിന്റെ വ്യൂ ഉള്ള ഒരു ഹോട്ടലിൽ ഞങ്ങൾ ഭക്ഷണം കഴിക്കുവാനായി കയറി. നല്ല അടിപൊളി ലൊക്കേഷനിൽ ആയിരുന്നു ആ ഹോട്ടൽ സ്ഥിതി ചെയ്തിരുന്നത്. അതുകൊണ്ടു തന്നെ അത്യാവശ്യം കത്തിയുമായിരുന്നു അവിടത്തെ റേറ്റ്.

ഭക്ഷണമൊക്കെ ഞങ്ങൾക്ക് കുഴപ്പമില്ല എന്നേ പറയുവാൻ സാധിക്കുകയുള്ളൂ. പറയത്തക്ക വലിയ രുചിയൊന്നും അനുഭവപ്പെട്ടിരുന്നില്ല. ഭക്ഷണശേഷം ഞങ്ങൾ ഹോട്ടലിനരികിലൂടെ നടന്നു വെള്ളച്ചാട്ടത്തിന്റെ അടുത്തെത്തി. താഴേക്ക് ഇറങ്ങിയാൽ അവിടെ വെള്ളച്ചാട്ടത്തിൽ കുളിക്കുവാനുള്ള സൗകര്യങ്ങളൊക്കെ ഉണ്ടായിരുന്നു. ഞങ്ങൾ അവിടേക്ക് ഇറങ്ങി തൊട്ടടുത്ത് നിന്നുകൊണ്ട് ആ വെള്ളച്ചാട്ടത്തിന്റെ മനോഹാരിതയും രൗദ്രഭാവവും ആസ്വദിച്ചു. അതുകഴിഞ്ഞു ഞങ്ങൾ വീണ്ടും യാത്ര തുടർന്നു.

കോടമഞ്ഞു മൂടിയ മൂന്നാറിനോട് സാദൃശ്യമുള്ള ഏരിയകളൊക്കെ പിന്നിട്ടുകൊണ്ട് ഞങ്ങൾക്കായി താമസിക്കുവാൻ തരപ്പെടുത്തിയിരുന്ന ഹോട്ടലിൽ എത്തിച്ചേർന്നു. വ്യത്യസ്തമായ ശ്രീലങ്കൻ ആചാരങ്ങളോടുകൂടി ഹോട്ടലുകാർ ഞങ്ങളെ സ്വീകരിച്ചു. ചെക്ക് ഇൻ പരിപാടികൾ പെട്ടെന്നു തന്നെ ഞങ്ങൾ പൂർത്തിയാക്കി മുറിയിലേക്ക് നീങ്ങി. അടിപൊളി റൂം തന്നെയായിരുന്നു ഞങ്ങൾക്കായി അവർ ഒരുക്കിയിരുന്നത്. തണുപ്പ് ഏരിയയായിരുന്നതിനാൽ ഫാനോ, ഏസിയോ ഒന്നും റൂമിൽ ഉണ്ടായിരുന്നില്ല. പകരം തണുപ്പിനെ ചെറുക്കാനുള്ള ഒരു ഹീറ്റർ ആയിരുന്നു അവിടെയുണ്ടായിരുന്നത്. എന്തായാലും ‘നുവാറ ഏലിയാ’യും ഞങ്ങൾ താമസിച്ച ഹോട്ടലുമെല്ലാം മനോഹരം തന്നെ.

ശ്രീലങ്കൻ വിശേഷങ്ങൾ അവസാനിക്കുന്നില്ല, ബാക്കി വിശേഷങ്ങൾ ഇനി അടുത്ത എപ്പിസോഡിൽ പറയാം. For more details about Srilankan Trip Contact : Sri Lankan Airlines, Opp Maharajas College Ground Ernakulam, 0484 2362042, 43, 44.