കന്നഡനാട്ടിലെ ഗുണ്ടൽപ്പേട്ടിലേക്ക് ഒരു ഫാമിലി ട്രിപ്പ്

വിവരണം – രാജീവ് ആർ. പിള്ള.

മുടങ്ങിപ്പോയ ഒരു യാത്രയുടെ തുടർച്ചയായിരുന്നു ഇത്തവണത്തെ ഗുണ്ടൽപേട്ട് യാത്ര. രണ്ടു വര്ഷം മുൻപു ഒരു ഓണക്കാലത്തു സൂര്യകാന്തി പാടം കാണണം എന്ന ആഗ്രഹത്തോടെയാണ് ഞങ്ങൾ കായംകുളത്തു നിന്നും വയനാട് വഴി ഗുണ്ടൽപേട്ടക്ക് പുറപ്പെട്ടത്. പക്ഷെ അവിടെ ചെന്നപ്പോൾ കണ്ട കാഴ്ച തികച്ചും നിരാശാജനകം ആയിരുന്നു.. സൂര്യകാന്തി പാടങ്ങളെല്ലാം പൂത്തു കഴിഞ്ഞു ഉണങ്ങി തുടങ്ങിയിരുന്നു. പക്ഷെ ആശ്വാസം എന്ന പോലെ മലയാളിക്ക് പൂക്കളം ഒരുക്കുന്നതിന് വേണ്ടിയുള്ള ചെണ്ടുമല്ലിയും വാടാമല്ലിയും ഒക്കെ പൂത്തു നിൽക്കുന്ന കാഴ്ചകൾ നയനസുഖം നൽകി ഞങ്ങളെ തിരികെ അയച്ചു. അന്ന് തീരുമാനിച്ചതാണ് ഇനിയുള്ള ഗുണ്ടൽപേട്ട് യാത്ര പ്ലാൻ ചെയ്തു മാത്രം ആയിരിക്കും എന്നുള്ളത്.

അങ്ങനെ കാത്തിരുന്ന അടുത്ത സീസൺ എത്തി. യാത്ര പ്ലാൻ ചെയ്തു വന്നപ്പോ വില്ലനെ പോലെ പ്രളയം യാത്ര മുടക്കി. വീണ്ടും കാത്തിരിക്കേണ്ടി വന്നു ഒരു വര്ഷം കൂടി. ഇത്തവണ എന്ത് സംഭവിച്ചാലും പോകണം എന്ന് മനസ്സിൽ ഉറപ്പിച്ചിരുന്നു. കഴിഞ്ഞ യാത്ര പോലെ അബദ്ധം പറ്റരുതല്ലോ. അതുകൊണ്ടു എല്ലാം നേരത്തെ പ്ലാൻ ചെയ്തിരുന്നു. ജൂലൈ മാസം ആണ് ഗുണ്ടൽപേട്ട് സൂര്യകാന്തി കാണാൻ പോകാൻ പറ്റിയ സമയം. ഓഗസ്‌റ്റോടെ പാടങ്ങൾ ഒക്കെ ഉണങ്ങി തുടങ്ങും.

അങ്ങനെ കാത്തിരുന്ന ജൂലൈ മാസം എത്തി. രണ്ടു ദിവസം ഓഫീസിൽ നിന്നും ലീവ് എടുത്തു, ഒരു ഞായറാഴ്ച കൂടെ ചേർത്ത് മൂന്നു ദിവസം കിട്ടി. ഞങ്ങൾ മൂന്നുപേർ(ഞാനും ഭാര്യയും മോളും) മാത്രം പോകാം എന്നായിരുന്നു ആദ്യം പ്ലാൻ ചെയ്തിരുന്നത്. അങ്ങനെ എല്ലാം പ്ലാൻ ചെയ്തു കഴിഞ്ഞപ്പോഴാണ് പ്ലാൻ ഒന്ന് മാറ്റി പിടിച്ചാലോ എന്ന് ചിന്തിച്ചത്. അച്ഛനെയും അമ്മയെയും ചേട്ടനെയും ചേച്ചിയെയും മോനെയും ഒക്കെ കൂട്ടി ഒരു ഫാമിലി ട്രിപ്പ് ആക്കിയാലോ എന്നൊരു പ്ലാൻ.

കൂടുതൽ ആലോചിക്കാൻ ഉണ്ടായിരുന്നില്ല. അങ്ങനെ തന്നെ ഉറപ്പിച്ചു. രണ്ടു വണ്ടിയിൽ പോകാം എന്ന് കരുതി ഇരുന്നപ്പോഴാണ് വീണ്ടും ട്വിസ്റ്റ്. ചേട്ടന് അത്രയും ദൂരം വണ്ടി ഓടിക്കാൻ മടിയാണത്രെ. കൂടുതലൊന്നും ആലോചിക്കാനുണ്ടായില്ല, കൂട്ടുകാരന്റെ ഏഴ് സീറ്റർ വണ്ടി എടുത്തു മൂന്ന് ദിവസത്തേക്ക്. വായനാട്ടിലുള്ള സുഹൃത്തിനെ വിളിച്ചു താമസം അറേഞ്ച് ചെയ്തു.

അങ്ങനെ കാത്തിരുന്ന വ്യാഴാഴ്ച വൈകുന്നേരം എത്തി. എല്ലാവരും യാത്രയുടെ ത്രില്ലിൽ ആയിരുന്നു. ഏകദേശം രാത്രി പതിനൊന്നു മണിയോടെ ഞങ്ങൾ കായംകുളത്തു നിന്നും പുറപ്പെട്ടു. രാവിലെ കൽപ്പറ്റ എത്തുക എന്നതായിരുന്നു ഉദ്ദേശം. ദൈവാനുഗ്രഹം കൊണ്ട് യാത്ര എല്ലാം ശുഭം, രാവിലെ ആറ് മണിയോട് കൂടി ഞങ്ങൾ സുഹൃത്ത് അജിയുടെ ഹോംസ്‌റ്റേയിൽ എത്തി. അന്ന് അവിടെ റസ്റ്റ് എടുത്ത ശേഷം അടുത്ത ദിവസം ഗുണ്ടൽപേട്ട പോകാം എന്നൊക്കെ ആയിരുന്നു പ്ലാൻ. നല്ല ഉറക്ക ക്ഷീണം ഉണ്ടായിരുന്നെങ്കിലും ഒരു ദിവസം വെറുതെ കളയണ്ടല്ലോ എന്നോർത്ത് അന്ന് തന്നെ ഞങ്ങൾ ഗുണ്ടല്പേട്ടക്ക് പോകാം എന്ന് തീരുമാനിച്ചു.

എല്ലാവരും റെഡി ആയി വന്നപ്പോഴേക്കും അജിയുടെ അമ്മ നല്ല പുട്ടും കടലയും ഉണ്ടാക്കി വെച്ചിട്ടുണ്ടായിരുന്നു. നല്ല ക്ഷീണവും വിശപ്പും ഉണ്ടായിരുന്നതിനാൽ ആരും ഫോര്മാലിറ്റി ഒന്നും നോക്കിയില്ല. കുറ്റം പറയരുതല്ലോ, നല്ല സൂപ്പർ ഫുഡ്. അങ്ങനെ ഏകദേശം ഒൻപതു മണിയോട് കൂടി ഞങ്ങൾ ഗുണ്ടൽപേട്ടക്ക് പുറപ്പെട്ടു. സുൽത്താൻ ബത്തേരി, മുത്തങ്ങ വഴി ഗുണ്ടൽപേട്ട്. ഇതായിരുന്നു പ്ലാൻ. ധാരാളം മാനുകളും കുരങ്ങുകളും മയിലുകളും ഒക്കെ മുത്തങ്ങ വഴിയരുകിൽ ഞങ്ങളെ കാത്തെന്ന പോലെ ഉണ്ടായിരുന്നു.

ഏകദേശം പതിനൊന്നു മണിയോട് കൂടി ഞങ്ങൾ ആദ്യത്തെ സൂര്യകാന്തി പാടത്ത് എത്തി ചേർന്നു. ആദ്യ കാഴ്ച്ചയിൽ തന്നെ യാത്ര മുതലായി എന്ന് ഞങ്ങൾ ഉറപ്പിച്ചു. കഴിഞ്ഞ യാത്രയുടെ വിഷമങ്ങളെല്ലാം തീർന്നു. വീണ്ടും അവിടെ നിന്നും പുറപ്പെട്ടു നാലഞ്ചു പാടങ്ങൾ കണ്ടു. എല്ലാവരും ആവോളം സൂര്യകാന്തി പാടത്തു ചിലവഴിച്ചു. സൂര്യകാന്തി മാത്രമായിരുന്നില്ല. ചെണ്ടുമല്ലിയും വാടാമല്ലിയും ഒക്കെ ഉണ്ടായിരുന്നു. എല്ലാവറും ആവശ്യത്തിന് ഫോട്ടോസ് ഒക്കെ എടുത്തു അവിടെ നിന്നും വീണ്ടും യാത്ര തുടർന്നു.

ഹിമവത് ഗോപാലസ്വാമി പേട്ട ആയിരുന്നു അടുത്ത ലക്‌ഷ്യം. ആരോടൊക്കെയോ അറിയാവുന്ന കന്നടയിൽ വഴി ചോദിച്ചു ചോദിച്ചു അവിടെക്കുള്ള എൻട്രി ഗേറ്റിനടുത്ത് എത്തിപ്പെട്ടു. ഒരു മലയുടെ മുകളിൽ ആണ് ക്ഷേത്രം. അവിടേക്കു നമ്മുടെ വണ്ടി കടത്തി വിടില്ല. പകരം നമ്മുടെ വണ്ടി താഴെ പാർക്ക് ചെയ്ത ശേഷം KSRTC യുടെ സർവീസ് ഉണ്ട്. ആൾ ഒന്നിന് 20 രൂപയാണ് ചാർജ്. ഞങ്ങൾ വണ്ടി പാർക്ക് ചെയ്ത ശേഷം ബസിൽ മുകളിലേക്ക് യാത്ര തിരിച്ചു.

ആടി ഉലഞ്ഞു പതിനഞ്ചു മിനിറ്റ് കൊണ്ട് ബസ് മുകളിൽ എത്തി. നമ്മുടെ പപ്പുച്ചേട്ടൻ പറഞ്ഞ പോലെ രണ്ടു സൈഡിലും അതി ഭയങ്കരമായ കുയിയാണ് മുകളിലേക്കുള്ള വഴിയിൽ. മുകളിൽ എത്തിയ ശേഷം ഉള്ള കാഴ്ച പറഞ്ഞു അറിയിക്കാനാവുന്നതിലും മനോഹരമാണ്. ജീവിതത്തിൽ ഒരിക്കലെങ്കിലും അവിടെ പോയില്ലെങ്കിൽ അർഥം ഇല്ലാത്ത പോലെ തോന്നി. എല്ലാ കാലാവസ്ഥയിലും മഞ്ജു മൂടി കിടക്കുന്ന പ്രതിഷ്ഠ ആണത്രേ അവിടെ ഉള്ളത്. അതിനാലാനാണ് ആ ക്ഷേത്രത്തിനു അങ്ങനെ പേര് വന്നത് എന്ന് ആരോ പറയുന്നത് കേട്ടു. ഒരു മണിക്കൂർ അവിടെ ചിലവിട്ടു അമ്പലത്തിലും കയറിയ ശേഷം ഞങ്ങൾ യാത്ര തിരിച്ചു.

എല്ലാവരും യാത്രയുടെ ക്ഷീണത്തിൽ ആയിരുന്നു. അതിനാൽ അന്ന് വേറെ എവിടെയും പോകുന്നില്ല എന്ന് തീരുമാനിച്ചു. ഭക്ഷണയും കഴിച്ചു നേരെ മടക്കം. ഏകദേശം 7 മണിയോട് കൂടി ഞങ്ങൾ തിരികെ ഹോം സ്റ്റയിൽ എത്തി. ഇന്നത്തെ യാത്രയുടെ വിശേഷങ്ങൾ ഒക്കെ പങ്കുവെച്ച് അത്താഴവും കഴിച്ചു നാളത്തേക്കുള്ള യാത്രയും പ്ലാൻ ചെയ്ത ശേഷം എല്ലാവരും ഉറങ്ങാൻ കിടന്നു.

രണ്ടാം ദിവസം ശനിയാഴ്ച രാവിലെ 8 മണിയോട് കൂടെ എല്ലാവരും ഒരുങ്ങി യാത്ര തുടങ്ങി. ബാണാസുര സാഗർ അണക്കെട്ടു ആയിരുന്നു ആദ്യ ലക്‌ഷ്യം. ഞങ്ങൾ മുൻപ് പോയിട്ടുള്ളതാണെങ്കിലും ആദ്യമായി പോകുന്ന ഒരു പ്രതീതി തന്നെ ആയിരുന്നു. ഏഷ്യയിലെ രണ്ടാമത്തെ വലിയ earth dam ആണത്രേ ബാണാസുരസാഗർ. ഡാമിന് മുകളിൽ നിന്നാൽ വരച്ചു വച്ചിരിക്കുന്നത് പോലെയുള്ള മലകളുടെ കോട്ട കാണാൻ സാധിക്കും. ബോട്ടിങ്ങും കുതിരസവാരിയും കുട്ടികൾക്ക് കളിക്കാനുള്ള പാർക്കും ഒക്കെ ഉണ്ട്. ഉച്ചയോടെ അവിടെ നിന്നും തിരികെ യാത്ര തുടങ്ങി.

കാന്തൻപാറ വെള്ളച്ചാട്ടം ആണ് അടുത്ത ലക്‌ഷ്യം. വിശപ്പിന്റെ വിളി കാന്തന്പാറ വരെ എത്തിച്ചില്ല. വഴിയിൽ എവിടെയോ ഒരു ഹോട്ടലിൽ നിന്നും ഭക്ഷണം കഴിച്ച ശേഷം കാന്തന്പാറ ലക്ഷ്യമാക്കി ഞങ്ങൾ യാത്ര തുടർന്നു. വണ്ടി പാർക്ക് ചെയ്തു പാസ് എടുത്തു ഞങ്ങൾ വെള്ളച്ചാട്ടത്തിലേക്ക് നീങ്ങി. കുറെ സമയം അവിടെ ചിലവഴിച്ച ശേഷം കാരാപ്പുഴ ഡാം ലക്ഷ്യമാക്കി ഞങ്ങൾ പുറപ്പെട്ടു. ധാരാളം സമയം ചിലവഴിക്കാൻ ഉള്ള വലിയൊരു പാർക്കും ഡാമിനോട് ചേർന്ന് സ്ഥിതി ചെയ്യുന്നുണ്ട്. ഏകദേശം ആറര മണിയോടുകൂടി ഞങ്ങൾ അവിടെ നിന്നും തിരികെ ഹോംസ്റ്റേയിലേക്കു പുറപ്പെട്ടു. എട്ടര മണിയോട് കൂടി ഹോംസ്‌റ്റേയിൽ എത്തി ആഹാരവും കഴിച്ചു എല്ലാവരും ഉറങ്ങാൻ കിടന്നു.

മൂന്നാം ദിവസം ഞായറാഴ്ച രാവിലെ എട്ടു മണിയോട് കൂടെ അജിയോടും കുടുംബത്തോടും യാത്ര പറഞ്ഞു ഞങ്ങൾ തിരികെ പോരാൻ ഇറങ്ങി. ഞായറാഴ്‌ച വൈകിട്ട് തിരികെ പോരാം എന്നാണു ആദ്യം തീരുമാനിച്ചിരുന്നത്. തിങ്കളാഴ്ച്ച രാവിലെ എല്ലാവര്ക്കും ജോലിക്കു പോകേണ്ടതിനാലാണ് തിരികെയുള്ള യാത്ര ഞായറാഴ്ച പകലത്തേക്കു മാറ്റിയത്.

വരുന്ന വഴി പൂക്കോട് തടാകത്തിൽ കയറാമെന്നു കരുതി. അവിടെ എത്തി അവിടുത്തെ തിരക്ക് കാരണം പൂക്കോടിനോട് വിട പറഞ്ഞു ഞങ്ങൾ വീണ്ടും യാത്ര തുടർന്നു. കരിന്തണ്ടനെ സ്മരിക്കുന്ന ചങ്ങല മരവും താമരശ്ശേരി ചുരവും കടന്നു തുഷാരഗിരി വെള്ളച്ചാട്ടം ലക്ഷ്യമാക്കി ഞങ്ങളുടെ എർട്ടിഗ നീങ്ങി. ഏകദേശം 12 മണിയോടെ തുഷാര ഗിരിയിലെ വെള്ളച്ചാട്ടങ്ങളോടും താന്നിമുത്തശ്ശിയോടും യാത്ര പറഞ്ഞു കോഴിക്കോടൻ ബിരിയാണിയും കഴിച്ചു ഞങ്ങൾ ഞങ്ങളുടെ മടക്ക യാത്ര തുടർന്നു.

പകൽ യാത്ര ആയതു കൊണ്ട് സമയം ഒരുപാടെടുത്തു. ഏകദേശം രാത്രി 10 മണിയോട് കൂടി ഞങ്ങൾ തിരികെ വീടെത്തി. തിരക്കേറിയ ജീവിതത്തിൽ നിന്നും മൂന്നു ദിവസം മാറി നിന്ന നല്ല സ്മരണകളുമായി എല്ലാവരും ഉറക്കത്തിലേക്ക്. നാളെ രാവിലെ മുതൽ വീണ്ടും തിരക്കും കാര്യങ്ങളും.. വീണ്ടും അടുത്ത ഒരു യാത്രക്കായി.. എല്ലാം ശുഭം…