ഒരു ലോക്ക്ഡൗൺ വിവാഹം; പ്രവാസിയായ വരൻ്റെ അനുഭവക്കുറിപ്പ്

ക്ഷണിക്കാത്ത അതിഥിയായി, വില്ലനായി നമ്മുടെ നാട്ടിലെത്തിയ കൊറോണയെന്ന മഹാമാരി കാരണം ബുദ്ധിമുട്ടിലായവർ ചില്ലറയൊന്നുമല്ല. ഏറെനാളത്തെ കാത്തിരിപ്പിനും ഒരുക്കങ്ങൾക്കും ശേഷം വിവാഹത്തിനായുള്ള ദിവസം അടുത്തപ്പോൾ കൊറോണ എത്തിയതിനെത്തുടർന്ന് ധാരാളം വിവാഹങ്ങളാണ് മാറ്റിവെച്ചത്. ചിലരാകട്ടെ മാറ്റിവെക്കാൻ സാധ്യമല്ലാത്തതിനാൽ ഗത്യന്തരമില്ലാതെ സർക്കാർ നിബന്ധനകൾ പാലിച്ചുകൊണ്ട് ഒരു ചടങ്ങു മാത്രമായി വിവാഹം നടത്തി. അത്തരത്തിൽ വിവാഹിതനായ മൂവാറ്റുപുഴ സ്വദേശിയും പ്രവാസിയുമായ നിധീഷ് തൻ്റെ അനുഭവക്കുറിപ്പ് പങ്കുവെയ്ക്കുന്നു.

“ഒരുപാട് പ്രതീക്ഷകളോടെ ആണ് മാർച്ച്‌ 10 ആം തിയതി UAE യിൽ നിന്നും നാട്ടിലേക് തിരിച്ചത്. നിശ്ചയിച്ചു ഉറപ്പിച്ച പ്രകാരം മാർച്ച്‌ 15 ആം തിയതി ആയിരുന്നു വിവാഹം. എല്ലാ ഒരുക്കങ്ങളും പൂർത്തി ആയിരുന്നു. പക്ഷെ അപ്പോഴായിരുന്നു കൊറോണ എന്നാ മഹാമാരി മറ്റു രാജ്യങ്ങളിൽ എന്നപോലെ ഇന്ത്യയിലും, നമ്മുടെ കൊച്ചു കേരളത്തിലും ആഞ്ഞടിച്ചത്.

ഗവണ്മെന്റ് ഉത്തരവ് പ്രകാരം വിദേശത്ത് നിന്നും വരുന്ന പ്രവാസികൾ കണിശമായും 14 ദിവസം ഹോം കുറെന്റീനിൽ കഴിയണം എന്നുള്ളതുകൊണ്ട് കാര്യങ്ങളുടെ ഗൗരവം ഉൾക്കൊണ്ടുകൊണ്ട് വീട്ടിൽ തന്നെ ഇരുന്നു. അങ്ങനെ കല്യാണം മാറ്റി വയ്‌ക്കേണ്ടി വന്നു.

14 ദിവസത്തെ കുറന്റിന് വീണ്ടും 28 ദിവസം ആയി നീണ്ടു. അങ്ങനെ ഇരുവീട്ടുകാരുടെയും താല്പര്യപ്രകാരം ആർഭാടങ്ങൾ ഒന്നും ഇല്ലാതെ ഒരു ചെറിയ ചടങ്ങ് മാത്രമായി ഏപ്രിൽ 16 ആം തിയതി നടത്താൻ തീരുമാനിച്ചു. വാഹന നിയന്ത്രണം കര്ഷണമായിരിക്കുന്ന ഈ അവസരത്തിൽ, വധു ഗൃഹം കോട്ടയം ജില്ലയിലെ ഞീഴുർ എന്ന പ്രദേശത്തു ആയതുകൊണ്ട് യാത്ര ചെയ്യണം എങ്കിൽ ജില്ലാ കളക്ടറുടെ സ്പെഷ്യൽ പെർമിഷൻ ആവശ്യമായിരുന്നു. ഒരുപാടുപേരുടെ സഹായം കൊണ്ട് 15 ആം തീയതി വൈകിട്ടോടെ 6 പേർക്ക് മാത്രം പോകാനുള്ള അനുമതി ലഭിച്ചു.

ഏപ്രിൽ 16 ആം തീയതി രാവിലെ 10.30 നും 11.30 ഇടയിലുള്ള ശുഭമുഹൂർത്തത്തിൽ കോട്ടയത്തെ വധു ഗൃഹത്തിൽ വെച്ച് ഞാൻ അവളുടെ കഴുത്തിൽ മിന്നു കെട്ടി. 20 പേര് മാത്രം പങ്കെടുത്തു കൊണ്ട്, പൂർണമായും ഗവൺമെന്റിന്റെയും ഹെൽത്ത്‌ ഔതോറിറ്റിയുടെയും നിർദേശങ്ങൾ പാലിച്ചുകൊണ്ട് ഉള്ള ഒരു കൊച്ചു വിവാഹം.”